വര്‍ഷം മുപ്പത് കഴിഞ്ഞു. ഇന്നും ആരെങ്കിലും ആരണ്യകത്തിന്റെ കഥ പറഞ്ഞാല്‍, അതിലെ ഗാനരംഗങ്ങള്‍ ടി.വി സ്ക്രീനില്‍ ഒന്നു മിന്നിമാഞ്ഞാല് ദേവന്റെ മനസ്സില്‍ ഒരു ടെലിഫോണ്‍ മണി മുഴങ്ങും. നെഞ്ചില്‍ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന്റെ വിങ്ങല്‍ വന്നു നിറയും.
അതും മുപ്പത് കൊല്ലം മുൻപത്തെ ഒരു കഥയാണ്. ഒരു ദിവസം കാലത്ത് ദേവന്റെ വീട്ടിലേയ്ക്ക് സംവിധായകന് ഹരിഹരന്റെ ഫോണ്‍. 'എടോ ഞങ്ങള്‍ പ്രസാദ് സ്റ്റുഡിയോയിലുണ്ട്. സിനിമയുടെ ഫസ്റ്റ് പ്രിന്റ് കാണാന്‍ പോവുകയാണ്. ഒന്നു പ്രാര്‍ഥിച്ചോളു'. ഇതും പറഞ്ഞ് ഹരിഹരന് ഫോണ്‍ വെച്ചപ്പോള്‍ ഇടനെഞ്ചില്‍ ഒരു ആളലാണ് ആദ്യമുണ്ടായതെന്ന് ദേവന്. അടുത്ത കോളിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പിനൊടുവില്‍ പന്ത്രണ്ട് മണിക്ക് വീണ്ടും ബെല്ലടിച്ചു. നെഞ്ചില്‍ തീയുമായാണ് പോയെടുത്തത്. ഹരിഹരന് തന്നെ മറുതലയ്ക്കല്‍. 'ഞങ്ങള്‍ പടം കണ്ടു, ഒരു നിമിഷം...' പറയുന്നത് മുഴുമിപ്പിക്കുന്നതിന് മുന്‍പ് ഫോണ്‍ മറ്റാര്‍ക്കോ കൈമാറി. അങ്ങേതലയ്ക്കല്‍ എം.ടി. 'ഞങ്ങള്‍ പടം കണ്ടു കഴിഞ്ഞു. മമ്മൂട്ടിയെ കൊണ്ട് പടം ചെയ്യിക്കാനായിരുന്നു എനിക്ക് പരിപാടി ഉണ്ടായിരുന്നത്. അനുഭവസമ്പത്തുള്ള ഒരു നടന് ചെയ്യണമെന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. നിങ്ങള്‍ അത് ചെയ്യുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ പടം കണ്ടപ്പോള്‍ എനിക്ക് എന്റെ കഥാപാത്രത്തെ സ്ക്രീനില്‍ കാണാന്‍ പറ്റി. നേരെ മറിച്ച് അത് മമ്മൂട്ടി ആയിരുന്നെങ്കില്‍ ഞാന്‍ മമ്മൂട്ടിയെ സ്ക്രീനില്‍ കണ്ടേനെ. എം.ടി പറഞ്ഞുനിര്‍ത്തുമ്പോള്‍ സന്തോഷം അടക്കാനായില്ല നായകനായും നായകനേക്കാള്‍ സുന്ദരനായ വില്ലനുമെല്ലാമായി വിലസിയ ദേവന്. അഭിനയജീവിതത്തിലെ ഏറ്റവും വലിയ അവാര്‍ഡായിരുന്നു ആ വാക്കുകളെന്ന് പറയുമ്പോള്‍ മൂന്ന് പതിറ്റാണ്ടിനിപ്പുറവും സന്തോഷവും അഭിമാനവും അടക്കാനാവുന്നില്ല ദേവന്.
അന്നത്തെ ആ കാത്തിരിപ്പിന് പിന്നില്‍, അടക്കാനാവാത്ത ആ സന്തോഷത്തിന് പിന്നില്‍ സിനിമയെ വെല്ലുന്ന ഉദ്വേഗം നിറഞ്ഞൊരു കഥയുണ്ട്. നായികാപ്രാധാന്യമുള്ള ചിത്രത്തിനായി എം.ടി സൃഷ്ടിച്ച കരുത്തുറ്റ നായകകഥാപാത്രമായി മാറിയതിന് പിന്നിലെ നാടകീയമായ ആ കഥയിലേയ്ക്കുള്ള ഫ്ളാഷ്ബാക്കാണ് 1988ല്‍ പുറത്തിറങ്ങിയ ആരണ്യകത്തെക്കുറിച്ചുള്ള ദേവന്റെ ഓര്‍മപുതുക്കല്‍.
ഓര്‍ക്കാപ്പുറത്തെ വിളി
ഹരിഹരന് സാറിന്റെ ഫോണ്‍വിളി തന്നെയായിരുന്നു അന്നും തുടക്കം. ഒരു ദിവസം എന്നെ വിളിച്ചു പറഞ്ഞു. 'താനൊരു കാര്യം ചെയ്യു. ഒന്ന് താടി വളര്‍ത്തു. ഒരു സിനിമ വരുന്നുണ്ട്. അതിലൊരു നക്സലൈറ്റിന്റെ കഥാപാത്രമാണ്. അതിന് താടി വേണ്ടിവരും. നല്ല കഥാപാത്രമാണ്. എം.ടി.യുടേതാണ് സ്ക്രിപ്റ്റ്.' സിനിമയെക്കുറിച്ചോ കഥാപാത്രത്തെക്കുറിച്ചോ കൂടുതലൊന്നും പറഞ്ഞില്ല ഹരന് സര്.
സ്വപ്നം പോലൊരു റോള്‍
എന്റെ ആരംഭകാലത്തെ സിനിമയാണല്ലോ. അതു കേട്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എം.ടി-ഹരിഹരന് ടീമിന്റെ ഒരു സിനിമയില്‍ നായകനാവുന്ന എന്നത് ഓര്‍ക്കാന്‍ പോലുമാവില്ല അന്ന്. വല്ലാത്ത ത്രില്ലിലായിരുന്നു ഞാന്‍. അങ്ങനെ താടി വളര്‍ത്താന്‍ തുടങ്ങി.

പക്ഷേ, ഞാന്‍ താടി വടിച്ചില്ല
ഒരു ദിവസം വീണ്ടും ഹരിഹരന് സര് വിളിക്കുന്നു. 'എടോ ഒരു ചെറിയ പ്രശ്നമുണ്ട്. എം.ടി നിങ്ങളുടെ കാര്യത്തില്‍ ഒരു താത്പര്യമെടുക്കുന്നില്ല. നിങ്ങള്‍ അനുഭവം ഇല്ലാത്തൊരു നടനാണ്. അനുഭവസമ്പത്തുള്ള ഒരു നടനു മാത്രമേ അത് ചെയ്യാന്‍ പറ്റുള്ളൂ. ഞാന്‍ ഉദ്ദേശിക്കുന്നത് മമ്മൂട്ടിയെയാണ്. മമ്മൂട്ടിയെ മനസ്സില്‍ കണ്ടിട്ടാണ് ഞാന്‍ സിനിമ എഴുതിയതു തന്നെ. എന്നാണ് എം.ടി പറയുന്നത്. എന്താണ് ചെയ്യുക എന്നെനിക്ക് അറിയില്ല. പോരാത്തതിന് ഈ വേഷം ചെയ്യാന്‍ മമ്മൂട്ടി താത്പര്യമെടുക്കുന്നുമുണ്ട്.' സ്വാഭാവികമായും നിര്‍മാതാക്കളെ സംബന്ധിച്ചിടത്തോളം മമ്മൂട്ടിയെ വച്ച് ചെയ്യാനായിരിക്കുമല്ലോ താത്പര്യം. വലിയ ഒരു ഓഫര്‍ തന്നിട്ട് അത് പോയല്ലോ എന്നോര്‍ത്തപ്പോള്‍ എന്റെ ഉള്ളില്‍ വല്ലാത്ത വേദനയായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഹരന് സര് വിളിക്കുന്നു. നീ ഏതായാലും താടി വടിക്കേണ്ട. കുറച്ചു ദിവസം കൂടി നോക്കാം. ഇനി ആ കഥാപാത്രം നിന്റെ തലയില്‍ തന്നെ വന്നു വീഴുമോ എന്ന് നമുക്ക് അറിയില്ലല്ലോ.
ചെന്നൈയില്‍ നിന്നുള്ള രാത്രിയാത്ര
അങ്ങനെ ഞാന്‍ താടി വടിക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കേട്ടു ആരണ്യകത്തിന്റെ ഷൂട്ടിങ് വയനാട്ടില്‍ ആരംഭിച്ചുവെന്ന്. അതോടെ ഞാന്‍ ആകെ നിരാശനായി. ഷൂട്ടിങ് തുടങ്ങിയ സ്ഥിതിക്ക് എനിക്കറുപ്പായി ഇനി ആ വേഷം കിട്ടില്ലെന്ന്. അങ്ങനെയിരിക്കെ ഒരു വൈകുന്നേരം വീണ്ടും ഹരിഹരന് സാറിന്റെ ഫോണ്‍. ഞാന്‍ അന്ന് ചെന്നൈയിലായിരുന്നു. നാളെ കാലത്ത് തന്നെ കല്പറ്റയിലെത്താനാവുമോ എന്നായിരുന്നു ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല എനിക്ക്. ഉടനെ കാറെടുത്ത് പുറപ്പെട്ടു. രാത്രി മുഴുവന്‍ ഒറ്റയ്ക്ക് കാറോടിച്ച് കാലത്ത് ആറു മണിക്ക് തന്നെ കല്പറ്റയില് ഹരന് സര് താമസിക്കുന്ന ഹോട്ടലിലെത്തി. പെട്ടന്ന് റെഡിയാവൂ, നമുക്ക് വേഗം ലൊക്കേഷനിലേയ്ക്ക് പോകാം എന്നു മാത്രമാണ് കണ്ടമാത്രയില്‍ ഹരിഹരന് സര് പറഞ്ഞത്. ഉടനെവേഷം മാറി സംവിധായകന്റെ കാറില്‍ സെറ്റിലേയ്ക്ക് പോയി. വഴിയില്‍ പക്ഷേ ഒന്നും ചോദിച്ചില്ല ഞാന്‍.
അപ്രതീക്ഷിതമായി എം.ടിയുടെ വരവ്
മൂന്ന് നാല് ദിവസം ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് അതില്‍ എന്റെ കഥാപാത്രത്തിന് കാലില്‍ വെടിയേല്‍ക്കുന്ന സീന്‍ എടുക്കുന്നത്. വെടിയേറ്റ് ചോരയൊലിക്കുന്ന കാലില്‍ തുണി കൊണ്ട് കെട്ടി കാട്ടിലിരിക്കുമ്പോള്‍ സലീമയുടെ അമ്മിണി വന്നു കാണുന്ന ഒരു രംഗമുണ്ട്. കാലത്ത് ഒരു പതിനൊന്ന് മണിയായിക്കാണും. ആ സീന്‍ തുടങ്ങിക്കഴിഞ്ഞപ്പോഴുണ്ട് പെട്ടന്ന് ലൊക്കേഷനിലേയ്ക്ക് എം.ടി. വാസദേവന്‍ നായര്‍ വരുന്നു. വന്നപാടെ നേരെ ഒരു കസേരയെടുത്തിട്ട് ഇരുന്നു. എം.ടി.യെ കണ്ടതോടെ വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി ഞാന്‍.
എം.ടി.യുടെ ഉപദേശം
എം.ടിക്ക് ഞാന്‍ ഈ വേഷം ചെയ്യുന്നത് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് അറിയാവുന്നത് കൊണ്ട് വല്ലാത്തൊരു ചങ്കിടിപ്പായിരുന്നു. ഒരു നടനെ സംബന്ധിച്ചിടത്തോളം അത് സ്വാഭാവികമാണല്ലോ. അദ്ദേഹം അവിടിരുന്ന് ഷൂട്ടിങ് കണ്ടുകൊണ്ടിരിന്നു. മൂന്ന്, നാല് ഷോട്ട് കഴിഞ്ഞപ്പോള്‍ പതിയേ എന്റെടുത്തേയ്ക്ക് വന്നു. ഉള്ളിലെ ആശങ്ക മുഖത്ത് മറയ്ക്കാന്‍ ശരിക്കും പാടുപെട്ടു ഞാന്‍. അടുത്ത് വന്ന് പതിഞ്ഞ സ്വരത്തില്‍ സൗമ്യമായി എന്നോട് പറഞ്ഞു: ഞാന്‍ സാധാരണ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സ്ക്രിപ്റ്റുകളാണ് എഴുതാറ്. പുരുഷ കഥാപാത്രങ്ങളെ ഞാന്‍ അങ്ങനെ ശക്തമായി അവതരിപ്പിക്കാറില്ല. ഇതെന്റെ ആദ്യത്തെ ഏറ്റവും ശക്തമായ പുരുഷ കഥാപാത്രമാണ്. അതില്‍ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഈ കഥാപാത്രം ചെയ്യുന്നതെല്ലാം പരിപൂര്‍ണ ബോധ്യത്തോടെ ചെയ്യുന്നതാണ്. അയാള്‍ക്ക് ഉത്തമ ബോധ്യമുണ്ട് അയാളുടെ വഴി ശരിയാണെന്ന്. അപ്പോള്‍ ഡയലോഗ് ഡെലിവറിയില്‍ പ്രത്യേക ശ്രദ്ധ വേണം. സംഭാഷണങ്ങള്‍ പറയുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ ഷാര്‍പ്പായിരിക്കണം. ഇമവെട്ടാതെ വേണം ഡയലോഗുകള്‍ പറയാന്‍. ഏത് നിമിഷവും നിങ്ങള്‍ ആക്രമിക്കപ്പെടാം. പിറകില്‍ ഒരു അപകടം പതിരിക്കുന്നുണ്ട് എന്നൊരു ബോധ്യം നിങ്ങള്‍ക്കുവേണം. ഈയൊരു ജാഗ്രത നിങ്ങളുടെ ചലനങ്ങളിലെല്ലാം വേണം. ഇത് രണ്ടും ഉണ്ടായാല്‍ കൊള്ളാട്ടോ എന്നു പറഞ്ഞ് അദ്ദേഹം തിരിച്ചുപോയി.
വിറച്ചുകൊണ്ടാണ് നിന്നത്
എനിക്ക് അതൊരു പുതിയ ജീവിതം കിട്ടിയതുപോലെയായിരുന്നു. വല്ലാതെ വിഷമിച്ചായിരുന്നു ഞാന്‍ അദ്ദേഹത്തിന്റെ മുന്നില്‍ നിന്നത്. അദ്ദേഹം എന്താണ് പറയാന്‍ പോകുന്നത് എന്നറിയില്ലല്ലോ. എന്തെങ്കിലും മോശമായി പറഞ്ഞാല്‍ തീര്‍ന്നില്ലേ.
ചെന്നൈയില്‍ നിന്നുള്ള വിളി
എല്ലാം കഴിഞ്ഞ് ചിത്രത്തിന്റെ ഫസ്റ്റ് പ്രിന്റായി. പ്രസാദ് ലാബിലായിരുന്നു ആദ്യ ഷോ. അന്നാണ് ഹരിഹരന് സര് എന്നെ വിളിച്ചതും പിന്നീട് എം.ടി. അഭിനന്ദിച്ചതും. എം.ടി.യെ പോലുള്ള ഒരു മഹാനായ എഴുത്തുകാരന് എന്റെ അഭിനയം കണ്ടിട്ട് എന്റെ കഥാപാത്രത്തെ ഞാന്‍ സ്ക്രീനില്‍ കണ്ടു എന്നു പറയുമ്പോള്‍ ഉണ്ടാകുന്ന സുഖവും സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാന്‍ കഴിയില്ല. വലിയൊരു അനുഭവം തന്നെയാണ്. അതിനെല്ലാം കാരണം ഹരന് സര് ആണ്.
അന്നു നടന്ന കളി എന്താണെന്ന് ഇന്നും അജ്ഞാതം
അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇന്നും അറിയില്ല. ഇതുവരെ ഞാന്‍ അക്കാര്യം ചോദിച്ചിട്ടുമില്ല. എന്നെ സംബന്ധിച്ച് അത് എന്തുകൊണ്ടാണ് അങ്ങനെ വന്നതെന്ന് ആലോചിക്കേണ്ട കാര്യമില്ല. അതെന്റെ ഡ്യൂട്ടി അല്ലല്ലോ. എന്റെ ചുമതല അവര്‍ വിളിച്ചപ്പോള്‍ പോയി അഭിനയിക്കുക എന്നത് മാത്രമാണ്. അത് ഞാന്‍ ചെയ്തു. അതിനുള്ള റിള്ട്ട് കിട്ടി. ഇപ്പോഴും ആള്ക്കാര് എന്നെ ഓര്‍ക്കുന്നത് ആ ഒരു കഥാപാത്രത്തിന്റെ പേരിലാണ്.
നീ ഇതെങ്ങനെ ചെയ്തു
ഒരുപാട് പേര് ആ വേഷത്തിന്റെ പേരില്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍, ആ വേഷത്തിന്റെ പേരില്‍ അവാര്‍ഡ് കിട്ടും എന്നൊന്നും എനിക്ക് തോന്നിയിരുന്നില്ല. ഞാന്‍ വന്ന കാലമല്ലെ. അവാര്‍ഡ് കിട്ടാന്‍ മാത്രം അഭിനയിച്ചോ എന്നൊന്നും അന്ന് അറിയുമായിരുന്നില്ല. എന്നാല്‍, ആളുകളില്‍ നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമെല്ലാം ഒപ്പം തിയ്യറ്ററില്‍ പോയാണ് ചിത്രം കണ്ടത്. എല്ലാവര്ക്കും വലിയ സംതൃപ്തിയായിരുന്നു. എടാ നീ ഇത് എങ്ങനെ ചെയ്തു എന്നാണ് കളിയാക്കിക്കൊണ്ട് ചേച്ചിയും അളിയനും ചോദിച്ചത്.
എന്റെ രാഷ്ട്രീയത്തിന് കിട്ടിയ ഭാഷ
ആരണ്യകത്തിലെ വേഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതില്‍ കണ്ടത് എന്റെ രാഷ്ട്രീയമാണ് എന്നതു തന്നെയാണ്. എട്ടാം ക്ലാസ് മുതല്‍ തന്നെ രാഷ്ട്രീയമായി ചിന്തിക്കാന്‍ ഒരാളായിരുന്നു ഞാന്‍. കോളേജ് കാലത്താണ് ആ ചിന്തകള്‍ രാഷ്ട്രീയമാണെന്ന് തിരിച്ചറിയുന്നത്. എന്റെ ഉള്ളിലുള്ള രാഷ്ട്രീയം പ്രതിഫലിക്കുന്ന ഒരു സംഭാഷണം എഴുതിയിട്ടുണ്ട് എം.ടി ആരണ്യകത്തില്‍. അമ്മിണി വന്ന് എന്റെ കഥാപാത്രത്തോട് പറയുന്ന ഒരു രംഗമുണ്ട്. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ അക്രമം നടത്തുന്നത്. നിരപരാധികളായ ആളുകളെ കൊല്ലുന്നത് എന്നൊക്കെ. അപ്പോള്‍ ആ കഥാപാത്രം പറയുന്ന ഒരു ഉത്തരമുണ്ട്. എനിക്ക് വായിക്കാന്‍ നിറയെ പുസ്തകങ്ങളുണ്ട്. കഴിക്കാന്‍ നല്ല ആഹാരമുണ്ട്. നല്ല വിദ്യാഭാസമുണ്ട്. എല്ലാം എനിക്കുണ്ട്. പക്ഷേ, ഇതൊന്നും എനിക്ക് മാത്രം പോരല്ലോ. ഈ കാഴ്ചപ്പാടാണ് എന്റെ രാഷ്ട്രീയത്തിന്റെ ഒരു അടിത്തറ. എന്റെ രാഷ്ട്രീയത്തിന് ഒരു ഭാഷ ലഭിച്ചത് അതു മുതലാണ്.
കടുപ്പമായിരുന്നു ചിത്രീകരണം
വളരെ കടുപ്പമായിരുന്നു ആരണ്യകത്തിന്റെ ഷൂട്ടിങ്. മുത്തങ്ങ കാട്ടില്‍ വച്ചായിരുന്നു ചിത്രീകരണം. പതിനേഴ് ദിവസമായിരുന്നു എനിക്ക് ഷൂട്ടിങ്. കാര്‍ നിര്‍ത്തി ഉള്‍വനത്തിലേയ്ക്ക് ഒരുപാട് നടക്കണം നിത്യവും. അവിടുത്തെ ഒരു ഇടിഞ്ഞുപൊളിഞ്ഞ മണ്ഡപമായിരുന്നു എന്റെ ഒളിത്താവളം. എന്നും നടന്ന് കുറേ കഷ്ടപ്പെട്ടെങ്കിലും ആ ദിവസങ്ങള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. പ്രകൃതിയും കാടുമെല്ലാം എന്നും എനിക്ക് പ്രിയപ്പെട്ടവയായിരുന്നു.
രണ്ട് ദിവസം കൊണ്ട് രണ്ടര പേജുള്ള സീന്‍
കാലില്‍ വെടിയേല്‍ക്കുന്ന ആ ഒരു രംഗത്തിന്റെ ചിത്രീകരണമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി. എന്റെ കൈയില്‍ കിട്ടിയപ്പോള്‍ സ്ക്രിപ്റ്റില്‍ രണ്ടര പേജ് മാത്രമായിരുന്നു ഈ രംഗമുണ്ടായിരുന്നത്. അത് വായിച്ചപ്പോള്‍ രണ്ട് പേജല്ലേ ഉള്ളൂ, വളരെ എളുപ്പമാണല്ലോ എന്നു തോന്നി. എന്നാല്‍ ആ ചെറിയ സീന്‍ രണ്ട് ദിവസം കൊണ്ടാണ് എടുത്തത്. ശരിക്കും ഒരേ ലൊക്കേഷനില്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍, ഹരന് സര് അത് പല സ്ഥലങ്ങളില്‍ വച്ചാണ് എടുത്തത്. ഇങ്ങനെയൊരു സീന്‍ കിട്ടിയപ്പോള്‍ അദ്ദേഹം അത് തന്റേതായ ഒരു കാഴ്ചപ്പാടിലാണ് അത് ചിത്രീകരിച്ചത്. അതാണ് ഒരു സംവിധായകന്റെ കഴിവ്.
മൂന്ന് വാക്കുകളുടെ ക്ലൈമാക്സ്
ക്ലൈമാക്സ് സീനിന്റെ ചിത്രീകരണവും ഒരു വലിയ സംഭവമായിരുന്നു. കുറേ റീടേക്സ് വേണ്ടിവന്നിരുന്നു ഇതിന്. സിനിമയുടെ അവസാനം അമ്മിണി എത്തി പോലീസ് കാട് വളഞ്ഞിട്ടുണ്ട്, നിങ്ങള്‍ ഓടി രക്ഷപ്പെടണം എന്നു പറയുന്നതാണ് രംഗം. അപ്പോള്‍ സംവിധായകന് എന്നോട് വന്ന് ഒരു കാര്യം പറഞ്ഞു: എടോ ഇത് വളരെ പ്രധാനപ്പെട്ട ഒരു സീനാണ്. ഈ സീന്‍ നിങ്ങള്‍ എങ്ങനെ കൈാര്യം ചെയ്യുന്നു എന്നതിന്റെ ആശ്രയിച്ചാണ് എന്റെ മാനവും അപമാനവും ഇരിക്കുന്നത്. കാരണം ഞാനാണ് നിങ്ങളെ നിര്‍ബന്ധപൂര്‍വം ഇതിലേയ്ക്ക് കൊണ്ടുവന്നത്. എം.ടിക്ക് ഇത് ഇഷ്ടമില്ലായിരുന്നു. നിങ്ങള്‍ ഇത് കറക്റ്റായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ഞാന്‍ എം.ടിയുടെ മുന്നില്‍ മോശക്കാരനാവും എന്നു പറഞ്ഞ് എന്നെ പേടിപ്പിച്ചു. ഈ കുട്ടിയോടുള്ള നിങ്ങളുടെ ബന്ധം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. സൗഹൃദമാകാം, കടപ്പാടാവാം സഹോദരസ്നേഹമാവാം, പ്രണയവുമാവാം. ഈ കടപ്പാടിന്റെ അടിസ്ഥാനം ഒരുപക്ഷേ പ്രണയമാവാം. അതോടെ തന്നെ ഞാന്‍ ആകെ അങ്കലാപ്പിലായി. ഇതില്‍ സംഭാഷണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അത് പറയുമ്പോള്‍ എക്സ്പ്രഷനൊക്കെ നമുക്ക് താനെ വരും. എന്നാല്‍, ഇതില്‍ എം.ടി ആകെ എഴുതിവച്ചത് ഞാന്‍... ഞാന്‍... ഞാന്‍.... എന്നു മാത്രമാണ്. വികാരഭരിതനായി നില്ക്കുന്ന എന്റെ കഥാപാത്രം മറ്റൊന്നും പറയുന്നില്ല. താന്‍ ചെയ്യുന്നത് ശരിയല്ല എന്നൊരു ബോധ്യം അയാളുടെ ഉള്ളിന്റെ ഉള്ളില്‍ വന്നുകഴിഞ്ഞു.
നാലാമത്തെ ടേക്കും സംവിധായകിന്റെ മന്ത്രവും
ക്ലൈമാക്സില്‍ എന്ത് വികാരമാണ് മുഖത്ത് വരേണ്ടതന്നെ് ഹരന് സാര്‍ പറഞ്ഞുതന്നിരുന്നില്ല. ആ കുട്ടിയോടുള്ള വികാരം നിങ്ങള്‍ എങ്ങനെ സ്ക്രീനില്‍ കാണിക്കുന്നുവോ അതിന് അനുസരിച്ചായിരിക്കും എന്റെ നിലനില്പ് എന്നാണ് അദ്ദേഹം പറഞ്ഞത്. വലിയൊരു വെല്ലുവിളി ആയിരുന്നു. ഞാന്‍ അന്ന് അത്ര അനുഭവസമ്പത്തുള്ള നടനൊന്നുമല്ലല്ലോ. ഞാന്‍... ഞാന്‍... ഞാന്‍... എന്നു മാത്രമേ ഞാന്‍ പറയേണ്ടതുള്ളൂ. എന്നാല്‍, ഈ മൂന്ന് വാക്കുകള്‍ക്ക് അകത്ത് ഒരുപാട് വികാരങ്ങളും പ്രതീക്ഷകളുമുണ്ട്. അതിന് അനുസരിച്ച് ഭാവപ്പകര്‍ച്ച വരുത്താനുള്ള അനുഭവസമ്പത്തൊന്നും ഇല്ലാത്ത ഒരു മനുഷ്യനാണ് ഞാന്‍. ഒരുപാട് റിഹേഴ്സലെടുത്ത്, പഠിച്ച് ചെയ്യുന്ന ശീലവുമില്ല. ഫ്രഷായി വന്ന് ചെയ്താലേ ശരിയാവൂ എന്നാണ് എന്നും വിശ്വാസം. സാര്‍ ഞാന്‍ ഇതെങ്ങനെയാണ്.... എന്ന് ചോദിച്ചപ്പോള്‍ അതൊന്നും എനിക്കറിയില്ല എന്നു പറഞ്ഞ് ക്യാമറയ്ക്ക് പിറകിലേയ്ക്ക് പോയി. അങ്ങനെ ആദ്യത്തെ ടേക്കെടുത്തു. അത് ശരിയായില്ല. പിന്നീട് രണ്ട് മൂന്ന് ടേക്ക് കൂടി എടുത്തു. എന്നാല്‍, സംവിധായകന്റെ മുഖത്ത് നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി അദ്ദേഹത്തിന് പൂര്‍ണ സംതൃപ്തിയില്ലെന്ന്. ഒടുവില്‍ അദ്ദേഹം എന്റടുത്ത് വന്ന് പറഞ്ഞു: ഏതാണ്ടൊക്കെ ശരിയായിട്ടുണ്ട്. നമുക്ക് അവസാനമായി ഒന്നുകൂടി എടുക്കാം. ഇതും പറഞ്ഞ് തിരച്ചുപോയ അദ്ദേഹം പിന്നീട് ജയ് ശ്രീറാം, ജയ് ഹനുമാന് എന്നൊക്കെ എന്തൊക്കെയോ മന്ത്രം ചൊല്ലുന്ന പോലെ പറഞ്ഞിട്ട് വീണ്ടും സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ എന്തോ ചെയ്തു. അതുകഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: മതി ഞാന്‍ രക്ഷപ്പെട്ടു. അതു കേട്ടപ്പോള്‍ മാത്രമാണ് എനിക്ക് സമാധാനമായത്. അതുവരെ ഈ നാലാമത്തെ ടേക്കെങ്കിലും ശരിയാവണേ എന്ന് എല്ലാവരോടും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ടോ അച്ഛനും അമ്മയും ചെയ്ത പുണ്യം കൊണ്ടോ ഒക്കെ അത് ശരിയായി.
ഇരുപത് കൊല്ലം കഴിഞ്ഞ് വീണ്ടും
ഹരിഹരന് സാറുമായി നല്ല സ്നേഹബന്ധമായിരുന്നെങ്കിലും ആരണ്യകത്തിനുശേഷം ഒരു എം.ടി-ഹരിഹരന് ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയില്ല. അതിന്റെ കാരണം എന്താണെന്ന് അറിയില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒരു ദിവസം ഹരന് സര് വിളിക്കുന്നത്. ഒരു ദേശാഭിമാനിയുടെ വേഷമുണ്ടെന്നാണ് പറഞ്ഞത്. അങ്ങനെയാണ് പഴശ്ശിരാജയില്‍ കണ്ണവത്ത് നമ്പ്യാരുടെ വേഷം ചെയ്യുന്നത്. ചെറുതാണെങ്കിലും ശ്രദ്ധേയമായ വേഷമായിരുന്നു അത്.
വീണ്ടും സലീമ
വിജയ് സൂപ്പറും പൗര്‍ണമിയുമാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അഭിനയിച്ചത് ആരണ്യകത്തിനുശേഷം സലീമയ്ക്കൊപ്പം ഒന്നിച്ച മുന്തിരിമൊഞ്ചനിലും. ഇനിയുള്ളത് ലവ് എഫ്.എമ്മാണ്. ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിത്. നല്ല പ്രതീക്ഷയുള്ള ആളാണ് ശ്രീദേവ് എന്ന സംവിധായകന്.
Content Highlights: Devan Aranyakam Malayalam Movie Saleema MT Hariharan Mammootty