ദീപ്തി സതിക്ക് വ്യക്തമായ ധാരണകളുണ്ട്. ഇന്നത്തെ സിനിമയുടെ ട്രെന്‍ഡിനനുസരിച്ച് മാറാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെയാണ് മലയാളവും തമിഴും കന്നഡയുമെല്ലാം താണ്ടി ഈ മുംബൈക്കാരി മറാഠിസിനിമയിലെ നായികമാരിലൊരാളായി വളര്‍ന്നത്. 'നീന' എന്ന ചിത്രത്തിലൂടെ അഭിനയയാത്ര തുടങ്ങിയ ദീപ്തി വളഞ്ഞും പുളഞ്ഞുമുള്ള ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിച്ച് ഉയരങ്ങള്‍ ഓരോന്നായി കീഴടക്കുകയാണ്. ബിക്കിനിയണിഞ്ഞ് അഭിനയിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലെ സദാചാരക്കാരില്‍നിന്നും ഏറെ പഴികേട്ടെങ്കിലും ദീപ്തി സൂപ്പര്‍ കൂളാണ്. 

"അവര്‍ പറയാനുള്ളത് പറയട്ടെ എന്റെ ജോലി അഭിനയിക്കുക എന്നതാണ്. അത് നൂറുശതമാനം അര്‍പ്പണബോധത്തോടെ ഞാന്‍ ചെയ്യും. അതില്‍ ഈര്‍ഷ്യയുള്ളവര്‍ എന്തുവേണമെങ്കിലും പറയട്ടെ. അതൊന്നും എന്നെ ബാധിക്കുന്നില്ല." വളരെ പോസിറ്റീവായി വിടര്‍ന്ന പുഞ്ചിരി സമ്മാനിച്ച് ദീപ്തി സംസാരിച്ചുതുടങ്ങി.

3

ലക്ക് കൊണ്ടുവന്ന ലക്കി

ലക്കിയുടെ സംവിധായകന്‍ സഞ്ജയ് യാദവ് മറാഠി സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ്. അദ്ദേഹം ചിത്രത്തിനായി ഒരു പുതുമുഖ നായികയെ തിരയുകയായിരുന്നു. ഓഡിഷന്  ഞങ്ങള്‍ 96 പേരുണ്ടായിരുന്നു. എനിക്ക് നറുക്കുവീണു. ജിയ എന്നാണ് കഥാപാത്രത്തിന്റെ പേര്. മോഡേണായ എല്ലാം പോസിറ്റീവായി കാണുന്ന ജീവിതമാഘോഷമാക്കുന്ന പെണ്‍കുട്ടി. മറാഠിയില്‍ അരങ്ങേറാന്‍ സാധിച്ചതില്‍ ഞാന്‍ 'ലക്കി'യാണ്.

അതെ... അത് ഞാനാണ്

ജിയ എന്ന കഥാപാത്രം എന്നോട് വളരെ ചേര്‍ന്നുനില്‍ക്കുന്നു. ജിയ ന്യൂ ജനറേഷനാണ്. ഇന്നത്തെ മിക്ക പെണ്‍കുട്ടികളുമായും ജിയയ്ക്ക് സാമ്യമുണ്ട്. ഇന്ന് എല്ലാ പെണ്‍കുട്ടികളും വളരെ ബോള്‍ഡാണ് കാര്യങ്ങളെ പേടി കൂടാതെ കൈകാര്യം ചെയ്യുന്നു. ജിയ വളരെ സെന്‍സിറ്റീവാണ് ഞാനും അങ്ങനെതന്നെ. 

4

പുതിയൊരു പാതയില്‍

വെബ്സീരീസില്‍ അഭിനയിക്കാനായത് കരിയറിലെ വഴിത്തിരിവാണ്. ഹിന്ദി വെബ് സീരീസായ ഓണ്‍ലി ഫോര്‍ സിംഗിള്‍സിലാണ് വേഷമിട്ടത് എം.എക്‌സ്. പ്ലേയര്‍ വഴി സീരീസ് പുറത്തിറങ്ങി. ആറു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ആര്‍.ജെ. രഞ്ജിത് എന്ന കഥാപാത്രത്തെയാണ് ഞാനവതരിപ്പിക്കുന്നത്. മികച്ച പ്രതികരണമാണ് എനിക്ക് ലഭിച്ചത്. വെബ്‌സീരീസുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണെന്ന് ആഗ്രഹിക്കുന്നു.

പുത്തന്‍ പ്രതീക്ഷകള്‍

രാം നാരായണ്‍ സംവിധാനം ചെയ്യുന്ന രാജ മാര്‍ത്താണ്ഡ എന്ന കന്നഡചിത്രമാണ് പുറത്തിറങ്ങാനുള്ളത്. സൈക്യാട്രി വിദ്യാര്‍ഥിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്. തമിഴില്‍നിന്നും മലയാളത്തില്‍നിന്നും പുതിയ ഓഫറുകള്‍ വന്നിട്ടുണ്ട്. ഒന്നും പുറത്തുപറയാറായിട്ടില്ല. മലയാളത്തില്‍ നീന പോലെ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു

2

ഞാന്‍ സംതൃപ്തയല്ല

ഉദ്ദേശിച്ച വളര്‍ച്ച സിനിമയില്‍ എനിക്കുണ്ടായിട്ടില്ല. അതിനായി പരിശ്രമിക്കുകയാണ്. ഇക്കാര്യത്തില്‍ ഞാന്‍ അത്യാഗ്രഹിയാണ്. എത്ര സിനിമകള്‍ ലഭിച്ചാലും ഇനിയും ഇനിയും നല്ല വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്. അഭിനയിച്ച സിനിമ തിയേറ്ററില്‍നിന്ന് കാണുമ്പോള്‍ പലയിടങ്ങളിലും അഭിനയം മെച്ചപ്പെടുത്താമായിരുന്നു എന്ന് തോന്നാറുണ്ട്. നല്ല കഥാപാത്രങ്ങള്‍ എന്നെത്തേടി വരും എന്ന ഉറപ്പുണ്ട്. 

കഥാപാത്രത്തിനായി എന്തും സഹിക്കും

ആദ്യ സിനിമയ്ക്കുതന്നെ മുടി മുറിച്ചതില്‍ യാതൊരു വിഷമവും തോന്നിയിട്ടില്ല. കഥാപാത്രത്തിനായി എന്ത് ശാരീരികമാറ്റം വരുത്താനും ഏത് തരത്തിലുള്ള വസ്ത്രങ്ങളിടാനും മടിയില്ല. അവിടെ വ്യക്തിക്കല്ല കഥാപാത്രത്തിനാണ് മുന്‍ഗണന.  ടോം ബോയ് ലുക്കുള്ള, മുടി മുറിച്ച് ബൈക്ക് ഓടിക്കുന്ന തരം കഥാപാത്രങ്ങളാണ് തേടിയെത്തിയതില്‍ ഭൂരിഭാഗവും. 'നീന'യില്‍ അങ്ങനെ ചെയ്തു എന്നുകരുതി എപ്പോഴും അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനാകിലല്ലോ. അതുകൊണ്ട് അവയെല്ലാം നിരാകരിച്ചു. 

1

ബിക്കിനിയെ ഭയക്കുന്നതെന്തിന്

ലക്കിയിലാണ് ആദ്യമായി ബിക്കിനിയണിഞ്ഞ് അഭിനയിച്ചത്. പൂളില്‍ കുളിക്കുന്ന രംഗത്തില്‍ അതല്ലാതെ ചുരിദാര്‍ ധരിക്കാന്‍ കഴിയില്ലല്ലോ. ആളുകള്‍ എങ്ങനെ സ്വീകരിക്കുമെന്നും രംഗങ്ങള്‍ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യുമെന്നുമൊക്കെയുള്ള ആശങ്കകള്‍ മനസ്സിലുണ്ടായിരുന്നു. ചിത്രം റിലീസ് ആയപ്പോള്‍ പോസിറ്റീവായ മറുപടികളാണ് ലഭിച്ചത്. എന്നാലും ചിലര്‍ക്ക് പിടിച്ചില്ല. അതൊന്നും കാര്യമാക്കുന്നില്ല. ഞാന്‍ മിസ്സ് ഇന്ത്യ മത്സരാര്‍ഥിയായിരുന്നു. അന്ന് ഇതിലും ഗ്ലാമറസ്സായ വേഷമണിഞ്ഞാണ് മത്സരിച്ചത്.   

Content Highlights: deepti sati interview star and style mathrubhumi