ന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരില്‍ ഒരാളായ ആര്യ, സ്വന്തമായി സ്റ്റാര്‍ട്ട് അപ്പ് സ്വപ്നങ്ങളുള്ള ശ്രുതി. ഇവര്‍ക്കിടയിലെ ദാമ്പത്യം ശിഥിലമാണ്. പരസ്പരം വേര്‍പിരിയാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്ന ആര്യയുടെയും ശ്രുതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളുടെ ആകെതുകയാണ് 'ഡീകപ്പിള്‍ഡ്' എന്ന വെബ് സീരീസ്. 

നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ഡീകപ്പിള്‍ഡില്‍ ആര്‍.മാധവനും സുര്‍വീണ്‍ ചൗളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ സീരീസ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ അതെക്കുറിച്ച് സംസാരിക്കുകയാണ് ക്രിയേറ്റര്‍ (തിരക്കഥ, ആശയം) മനു ജോസഫ്. കോട്ടയം സ്വദേശിയായ മനു ജോസഫ് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഓപ്പണ്‍ മാഗസിന്റെ മുന്‍ എഡിറ്ററാണ്. 2010ല്‍ പുറത്തിറങ്ങിയ 'സീരിയസ് മെന്‍' ആണ് ആദ്യ പുസ്തകം. 2010ലെ ഹിന്ദു ലിറ്റററി പ്രൈസ്, 2011ലെ പെന്‍ ഓപ്പണ്‍ ബുക്ക് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും, 2010ലെ മാന്‍ ഏഷ്യന്‍ ലിറ്റററി പ്രൈസിനു നാമനിര്‍ദേശവും ഈ പുസ്തകത്തിന് ലഭിച്ചു. 2011-ലെ ബോളിങ്ങര്‍ എവെരിമാന്‍ വോഡ് ഹൗസ് സമ്മാനത്തിനുള്ള നാമനിര്‍ദേശവും 'സീരിയസ് മെന്നി'ന് ലഭിച്ചു. 2012-ല്‍ പുറത്ത് വന്ന 'ദി ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അദര്‍ പീപ്പിള്‍' ആണ് രണ്ടാം നോവല്‍.  ഈ നോവലും ഹിന്ദു ലിറ്റററി സമ്മാനത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ 'മിസ്സ് ലൈല, ആര്‍മ്ഡ് ആന്‍ഡ് ഡെയ്‌ഞ്ചെറസാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പുസ്തകം.

ഏങ്ങിനെയായിരുന്നു 'ഡീകപ്പിള്‍ഡി'ല്‍ എത്തിയത്?

ഹ്യൂമര്‍ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയമാണ്. എന്നാല്‍ പൊതുവെയുള്ള ഇന്ത്യന്‍ കോമഡികള്‍ എനിക്ക് വലിയ താല്‍പര്യമില്ല. എന്നാല്‍ 1980 കാലഘട്ടത്തിലെ മലയാള സിനിമകളിലെ തമാശകള്‍ ഒരുപാട് ആസ്വദിച്ച ഒരാളാണ് ഞാന്‍. അക്കാലത്തെ ഇന്നസെന്റിന്റെ കോമഡികളെല്ലാം എനിക്ക് ഇഷ്ടമായിരുന്നു. ബിഹേവിയറില്‍ നിന്നും, റിയലിസത്തില്‍ നിന്നും വരുന്ന തമാശകളായിരുന്നു അവ. അതുപോലെ ദ ഓഫീസ്, സിലിക്കണ്‍ വാലി തുടങ്ങിയ സീരീസുകളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടവയാണ്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് മാധ്യമപ്രവര്‍ത്തനമാണ്. അത് പൊതുവേ ഗൗരവമുള്ള ഒരു ജോലിയാണ്. അതില്‍ നിന്നെല്ലാം വേറിട്ട ലളിതമായ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നു. അങ്ങനെയാണ് 'ഡീകപ്പിള്‍ഡി'ന്റെ ആശയത്തിലേക്കെത്തുന്നത്. വളരെ ചെറുതും ലളിതവുമായ കാര്യങ്ങളില്‍ നിന്ന് തമാശയുണ്ടാക്കുക. അതിന് മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ആദ്യം ഒരു എപ്പിസോഡ് എഴുതി. പിന്നീട് നെറ്റ്ഫ്ലിക്സ് രംഗത്ത് വന്നപ്പോള്‍ കൂടൂതല്‍ എപ്പിസോഡുകള്‍ എഴുതി. ഒടുവില്‍ അത് സംഭവിച്ചു.

ഹര്‍ദിക് മെഹ്തയായിരുന്നു സംവിധായകന്‍, ആര്‍. മാധവന്‍ സുര്‍വീണ്‍ ചൗള തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങള്‍, ഇവരുടെ സാന്നിധ്യവും സീരീസിനെ സംബന്ധിച്ച് വലിയ കരുത്തായിരുന്നില്ലേ?

തീര്‍ച്ചയായും, ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ച് അയാള്‍ പറയുന്ന ആശയം കൃത്യമായി സംവദിക്കണമെങ്കില്‍ നല്ല സംവിധായകന്റെ പിന്തുണ കൂടിയേ തീരൂ. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെട്ടില്ല. എന്നാല്‍ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ ചര്‍ച്ചകള്‍ ചെയ്യുമായിരുന്നു. നിര്‍ദ്ദേശങ്ങള്‍ പരസ്പരം പങ്കുവയ്ക്കുമായിരുന്നു. ഹര്‍ദിക് മെഹ്ത അദ്ദേഹത്തിന്റെ ഭാഗം അതിഗംഭീരമായി തന്നെ ചെയതു തീര്‍ത്തു. അഭിനേതാക്കളായ ആര്‍ മാധവന്‍, സുര്‍വീണ്‍ ചൗള, അരിസ്റ്റാ മെഹ്ത, ചേതന്‍ഭഗത് എന്നിങ്ങനെ ഓരോരുത്തരും അവരുടെ ചുമതലകള്‍ നന്നായി നിറവേറ്റി. 

സീരീസിന്റെ മേക്കിങ്ങിലെ എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്തു. എന്റെ ആശയത്തെ നെറ്റ്ഫ്ലിക്സിന്റെയും നിര്‍മാതാക്കളുടെയും മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ വളരെ പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. അതിന് ശേഷമാണ് സംവിധായകന്‍ വരുന്നത്. എക്സിക്യൂഷന്‍ പൂര്‍ണമായും സംവിധായകന്റെ ചുമതലയായിരുന്നു. എന്നാല്‍ എക്സിക്യൂഷന്റെ പ്രധാനഘട്ടങ്ങളിലെല്ലാം എന്നെയും ഉള്‍പ്പെടുത്തിയാണ് മുന്നോട്ട് പോയത്. ഫൈനല്‍ പ്രൊഡക്ടില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളിലും അതിയായ സന്തോഷമുണ്ട്.

ഒരാളെ കരയിപ്പിക്കുവാന്‍ എളുപ്പമാണെന്നും ചിരിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുമാണെന്നാണ് പൊതുവെ പറയാറുള്ളത്. തമാശയെഴുതുന്നത് പ്രത്യേകിച്ച്‌ ആ തമാശ മറ്റുള്ളവരുമായി സംവദിക്കുന്നത് തികച്ചും ദുഷ്‌കരമായ ഒരു ജോലിയായിരുന്നില്ലേ?

Manu Joseph
മനു ജോസഫ്

കോമഡി സീരിയസ്നെസ് എന്ന് പറയുന്നത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. വളരെ ഗൗരവകരമായ മുഹൂര്‍ത്തങ്ങളില്‍ നിന്നാണ് തമാശകള്‍ പൊട്ടിപ്പുറപ്പെടുന്നത്. വിവാഹം, വിവാഹമോചനം എന്ന് പറയുന്നത് ഗൗരവകരമാണ്. അതില്‍ നിന്ന് ഹ്യൂമറുണ്ടാക്കുന്നത് തികച്ചും രസകരമായിരുന്നു. ഡീകപ്പിളിലെ കഥാപാത്രങ്ങള്‍ നഗരത്തില്‍ ജീവിക്കുന്നവരാണ്. രണ്ട് സ്വതന്ത്ര്യവ്യക്തികള്‍. നഗരത്തില്‍ ജീവിക്കുന്ന പലര്‍ക്കും അവരുടെ ജീവിതവുമായി ഈ കഥാപാത്രങ്ങളെ ബന്ധിപ്പിക്കാന്‍ സാധിക്കും. പിന്നെ എന്നെ പരിചയമുള്ളവര്‍ക്ക് ഞാന്‍ വലിയ തമാശക്കാരനാണെന്ന് തോന്നില്ല. അങ്ങനെയാണെന്ന് ഞാന്‍ സ്വയം വിചാരിക്കുന്നുമില്ല. എനിക്ക് ഹ്യൂമറായി തോന്നുന്ന പലതും എല്ലായിടത്തും അവതരിപ്പിക്കാന്‍ പറ്റണമെന്നില്ല. ഞാന്‍ പറയുന്നത് ഹ്യൂമറായി മറ്റുള്ളവര്‍ക്ക് തോന്നണമെങ്കില്‍ നിങ്ങള്‍ ആരോട് പറയുന്നു, എപ്പോള്‍ പറയുന്നു, എവിടെ വച്ച് പറയുന്നു എന്നീ ഘടകങ്ങള്‍ ആശ്രയിച്ചിരിക്കും. ഡീകപ്പിളില്‍ ഈ ഘടകമെല്ലാം ഒത്തുവന്നുവെന്ന് തോന്നുന്നു.  ഹ്യൂമര്‍ എഴുതണമെന്ന് കരുതി എഴുതാനിരുന്നാല്‍ ഒരിക്കലും പ്രൊഡക്ട് നന്നാവുകയില്ല. തികച്ചും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ഡീകപ്പിള്‍ഡ് എഴുതി തീര്‍ക്കാന്‍ ഒട്ടും എളുപ്പമായിരുന്നില്ല അതേ സമയം വലിയ ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഒരുപാട് ഡ്രാഫ്റ്റുകള്‍ വെട്ടിത്തിരുത്തിയാണ് ഫൈനല്‍ പ്രൊഡക്ട് തയ്യാറായത്. ചില എപ്പിസോഡുകള്‍ പത്തോളം ഡ്രാഫ്റ്റുകളിലൂടെ കടന്നുപോയിട്ടുണ്ട്. അതേ സമയം ഇനിയും നൂറ് കണക്കിന് എപ്പിസോഡുകള്‍ പോകാനുള്ള കണ്ടന്റ് എന്റെ കൈവശമുണ്ട്. അത് ആത്മവിശ്വാത്തോടെ പറയാന്‍ സാധിക്കും. 

വിമര്‍ശനങ്ങള്‍

ഡീകപ്പിള്‍ഡ് ഇഷ്ടമാകാത്തവരും ഉണ്ടായിരിക്കും. എന്റെ മാതാപിതാക്കള്‍ അത് ആസ്വദിച്ചുവെന്ന് എനിക്കു തോന്നുന്നില്ല. പിതാവ് എന്നെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം ആസ്വദിച്ചോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അമ്മയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും അത് കണ്ടെന്ന് തോന്നുന്നില്ല (ചിരിക്കുന്നു). വിമര്‍ശനങ്ങള്‍ സ്വാഭാവികമായുണ്ടാകും. എല്ലാവരും ഒരു സംഭവത്തെ ഒരുപോലെയല്ല നോക്കി കാണുന്നത്. അത് ഒരാളുടെ പക്വത, വൈകാരികത, മാനസികാരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആസ്വദിച്ചിരിക്കും. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇക്കാലമത്രയും ഞാന്‍ എഴുതിയ കാര്യങ്ങള്‍ ഇഷ്ടപ്പെടാത്തവരും സീരീസിനെ വിമര്‍ശിച്ചിരുന്നു. പൊതുവേ ഇന്ത്യക്കാര്‍ക്ക് പരിചിതമല്ലാത്ത ഒരു സമീപനമാണ് 'ഡീകപ്പിള്‍ഡി'ല്‍ സ്വീകരിച്ചിരിക്കുന്നത്. ഞാന്‍ നേരത്തേ പറഞ്ഞത് പോലെ 1980 കളിലെ മലയാള സിനിമയിലെ തമാശകള്‍ ആസ്വദിച്ചവര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരിക്കാം. 

Content Highlights: Decoupled, Manu Joseph Creator Interview, R madhavan, Surveen Chawla, Netflix series