ലയാളസിനിമയില്‍ പുത്തന്‍ ആശയങ്ങളുമായി വന്ന് വിജയിച്ച സംവിധായകരാണ് നിങ്ങള്‍. പഴയ സംവിധായകരെപ്പോലെ കോടാമ്പാക്കത്തെ പൈപ്പിന്‍വെള്ളത്തിന്റെ രുചിയൊന്നും അറിയേണ്ടിവന്നിരിക്കില്ല. എന്നാലും നിലവിലുള്ള സിനിമയിലെ വ്യവസ്ഥിതിയെ അതിജീവിക്കാന്‍ കഷ്ടപ്പെടേണ്ടിവന്നിരുന്നോ...?

Gireesh
ഗിരീഷ് എ.ഡി.
(തണ്ണീര്‍മത്തന്‍ ദിനങ്ങള്‍)

ഗീരീഷ് എ.ഡി.: സിനിമാപരിചയവുമായി സിനിമയില്‍ എത്തിയയാളല്ല ഞാന്‍. സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുമില്ല. ഇന്നത്തെ സിനിമയുടെ വ്യവസ്ഥിതിയെക്കുറിച്ചൊന്നും എനിക്കൊന്നുമറിയില്ല. കൂട്ടുകാരുടെ ആഗ്രഹങ്ങള്‍ക്കൊപ്പംനിന്ന് കുറച്ച് ഹ്രസ്വചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതുമാത്രമായിരുന്നു ഈ മേഖലയിലേക്കുള്ള മൂലധനം. സംവിധായകരായ അല്‍ഫോണ്‍സ് പുത്രന്‍, ബേസില്‍ തുടങ്ങി ഷോര്‍ട്ട് ഫിലിംസില്‍നിന്ന് സിനിമയിലേക്ക് വന്നവര്‍ മാത്രമായിരുന്നു സിനിമായാത്രയിലെ പ്രചോദനം. അതിനിടയില്‍ കുറച്ച് തിരക്കഥ എഴുതി കഥ പറയാന്‍ നടന്നു. അത്രയൊന്നും ചെയ്യാതെ ഇന്നത്തെ സാഹചര്യത്തില്‍ സിനിമയിലേക്ക് കടന്നുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

മൂക്കുത്തി എന്ന  ഷോര്‍ട്ട് ഫിലിം വൈറലായതോടെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ നടന്നതെന്നാണ് എന്റെ വിശ്വാസം. എന്റെ സുഹൃത്തുവഴി അവസരം എന്നെത്തേടി വരുകയായിരുന്നു. ക്യാമറാമാന്‍ ജോമോന്‍ ടി. ജോണ്‍ നിര്‍മിക്കുന്ന ചിത്രമെന്നനിലയില്‍ കാസ്റ്റിങ് അടക്കമുള്ള സിനിമയുടെ മറ്റ് കാര്യങ്ങളില്‍ അവരുടെ സഹായം കിട്ടി.

വിവേക്: സിനിമയുടെ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂഷന്‍ മേഖലയിലെ പരിചയവുമായി സിനിമയില്‍ എത്തിയയാളാണ് ഞാന്‍. ആ മേഖലയില്‍ ജോലി ചെയ്യുമ്പോഴും സിനിമതന്നെയായിരുന്നു മോഹം. സംവിധാനത്തില്‍ തുടക്കക്കാരനെന്നനിലയില്‍ അതിന്റെതായ പ്രശ്നങ്ങളെല്ലാം അനുഭവിച്ചിട്ടുണ്ട്. ഒരു സിനിമ തുടങ്ങി 10 ദിവസം കഴിഞ്ഞ് ചിത്രീകരണത്തിന്റെ പ്രത്യേകഘട്ടത്തില്‍ അത് ഉപേക്ഷിച്ച് അതേ താരങ്ങളെ ഉപയോഗപ്പെടുത്തി മറ്റൊരു സിനിമയിലേക്ക് കടക്കുക എന്ന പ്രതിസന്ധി ഞാന്‍ നേരിട്ടിട്ടുണ്ട്.

പിന്നീട് രണ്ടുമാസത്തെ ഗ്യാപ്പിനുശേഷമാണ് അതിരന്‍ എന്ന ചിത്രത്തിലേക്ക് ഇറങ്ങിയത്. ആദ്യത്തെ കഥ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ ഗണത്തിലുള്ളതായിരുന്നു. ഫഹദിന്റെ നേരത്തേ ചിത്രീകരണം തുടങ്ങിയ ചിത്രത്തിന്റെ വിപരീതമൂഡായിരുന്നു ആ കഥയ്ക്ക് ഉണ്ടായിരുന്നത്. അങ്ങനെ ആ സബ്ജക്ട് മാറ്റിവെക്കേണ്ടിവന്നു. മലയാളസിനിമയിലെ തിരക്കുള്ള അഭിനേതാവായ ഫഹദും സായ് പല്ലവിയുമായിരുന്നു അതിരനിലെ പ്രധാന കഥാപാത്രങ്ങള്‍. ആ താരങ്ങളെവെച്ച് ഒരു സിനിമ ചെയ്യണമെന്ന നിര്‍ബന്ധത്താല്‍ അവരുടെ ഡേറ്റിനുവേണ്ടി ഞാന്‍ കാത്തിരുന്നിട്ടുണ്ട്. തുടക്കക്കാരനെന്ന നിലയില്‍ ഇതെല്ലാം കരിയറിലെ വലിയ പരീക്ഷണങ്ങളായിരുന്നു.

Manu Ashokan
മനു അശോകന്‍ (ഉയരെ)

മനു അശോകന്‍: 2007-ല്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ കോഴ്‌സ് കഴിഞ്ഞ് സഹസംവിധായകനാകാന്‍ ഇറങ്ങിത്തിരിച്ചയാളാണ് ഞാന്‍. കൂട്ടുകാരില്‍ ഭൂരിഭാഗവും ചാനല്‍രംഗത്ത് ജോലിക്ക് കയറിയെങ്കിലും സിനിമാമോഹവുമായി സഹസംവിധായകനായി ഞാന്‍ കറങ്ങി. ഇറങ്ങിയതും ഇറങ്ങാത്തതുമായ 25 സിനിമകള്‍ക്ക് സംവിധാനസഹായിയായി. ആ യാത്രയില്‍ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത് രാജേഷ് പിള്ളയുമായുള്ള കൂട്ടുകെട്ടാണ്. അതിനുശേഷം സ്വതന്ത്രസംവിധായകനാകാന്‍ ഒരുപാട് യാത്രകള്‍ നടത്തി. പലതും പാതിവഴിയില്‍ നിന്നുപോയി. പ്രതിസന്ധി നിറഞ്ഞ ഘട്ടമായിരുന്നത്. അതിനിടയിലാണ് ഗുരുവും മാര്‍ഗദര്‍ശിയുമായിരുന്ന രാജേഷ് പിള്ളയുടെ വിയോഗം. ആ ഷോക്കില്‍ കുറെക്കാലം കടന്നുപോയി. അത് കഴിഞ്ഞാണ് ബോബി-സഞ്ജയ് ടീമിനോട് കൂടുതല്‍  അടുക്കുന്നത്. ആ സൗഹൃദസംഘത്തില്‍നിന്നാണ് ഉയരെ എന്ന ചിത്രം പിറക്കുന്നത്.

ആദ്യ ചിത്രംവരെയുള്ള കാലമായിരുന്നു കഠിനം. എന്റെ നാട്ടില്‍ അന്ന് സിനിമ എന്നുപറഞ്ഞാല്‍ നിനക്ക് വേറെപ്പണിയൊന്നുമില്ലേ എന്ന് ചോദിക്കുന്നവരാണ് ഏറെയും. അങ്ങനെ മടുത്ത് എല്ലാം ഇട്ടെറിഞ്ഞ് മറ്റേതെങ്കിലും ജോലി ചെയ്താലോ എന്നുവരെ ആലോചിച്ചിട്ടുണ്ട്. പതുക്കെ അടഞ്ഞുകൊണ്ടിരിക്കുന്ന ഗേറ്റ് പോലെയാണ് സിനിമാരംഗമെന്നാണെനിക്ക് തോന്നിയത്. ഗേറ്റിനപ്പുറത്തേക്ക് ആദ്യം ഓടിച്ചാടിക്കയറുന്നവര്‍ രക്ഷപ്പെടും. അവിടെ കയറിക്കിട്ടാന്‍ ഞാന്‍ പന്ത്രണ്ടുവര്‍ഷം എടുത്തു.

വിവേക്: അതെ, ഈ ഗേറ്റ് അടയ്ക്കുമ്പോള്‍ ചിലരുടെ കൈയും കാലും കുടുങ്ങും, അങ്ങനെ കുടുങ്ങിപ്പോയവരും പരിക്കേറ്റവരുമായി ഇവിടെ ധാരാളമുണ്ട്.

മനു അശോകന്‍: അത്തരം സാഹചര്യത്തില്‍ കൈ തരാന്‍ ആരും ഉണ്ടായിരുന്നില്ല. ആത്മബലംകൊണ്ട് മാത്രമാണ് പ്രതിസന്ധികള്‍ തരണംചെയ്തത്.

അനുരാജ് മനോഹര്‍: കേരളത്തിന്റെ വടക്കേ അറ്റത്തുള്ള പയ്യന്നൂരിലെ കൈതപ്രംഗ്രാമത്തില്‍നിന്ന് സിനിമ തലയ്ക്ക് പിടിച്ച് കൊച്ചിയിലേക്ക് വണ്ടി കയറിയ ആളാണ് ഞാന്‍. സിനിമാക്കാരനാകാനാണ് മോഹമെന്ന് പറഞ്ഞപ്പോള്‍, ഒന്നും മനസ്സിലാകുന്നില്ലല്ലോ എന്ന ഭാവത്തില്‍ അച്ഛനും അമ്മയും മുഖത്തേക്ക് മുഖംനോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. 20 -ാം വയസ്സില്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ജോലികിട്ടി. സിനിമാപ്രവര്‍ത്തകരെ അടുത്ത് കാണാനും പരിചയപ്പെടാനും കൊച്ചി സരോവരം ഹോട്ടലില്‍ എല്ലാ വെള്ളിയാഴ്ചയും നടക്കുന്ന പൂജാചടങ്ങില്‍ പങ്കെടുക്കും.

Anuraj Manohar
അനുരാജ് മനോഹര്‍ (ഇഷ്‌ക്)

മൂന്നുമാസം കഴിഞ്ഞ് ജോലി രാജിവെച്ച് ബി. ഉണ്ണികൃഷ്ണന്റെ സംവിധാനസഹായിയായി ചേര്‍ന്നു. അങ്ങനെ ത്രില്ലര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് പത്ത് ദിവസം നിന്നു. പത്താമത്തെ ദിവസം ആ ദിവസങ്ങളിലെ അനുഭവം എഴുതിക്കൊണ്ട് വരാന്‍ സംവിധായകന്‍ പറഞ്ഞു. അത് വായിച്ച് അദ്ദേഹം എന്നെ കൂടെ നിര്‍ത്തി. അക്കാലത്ത് എഴുതിയ കുറേ തിരക്കഥകള്‍ എന്റെ കൈയിലുണ്ട്. അതിനിടയില്‍ ലിജോ ജോസ് അടക്കം നിരവധി സംവിധായകരുടെ സിനിമകള്‍ക്കൊപ്പം ജോലിചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളില്‍നിന്നാണ് ഏതുതരം സിനിമ ചെയ്യണമെന്ന ധാരണയില്‍ എത്തുന്നത്.

ഫഹദിനെ നായകനാക്കിയായിരുന്നു ഇഷ്‌ക് എന്ന സിനിമ ആദ്യം പ്ലാന്‍ ചെയ്തത്. പല കാരണങ്ങള്‍കൊണ്ടും അത് നടന്നില്ല. പിന്നീടത് ടൊവിനോയിലേക്ക് മാറി. അവിടെയും ചെറിയ ചില ബുദ്ധിമുട്ടുകള്‍ വന്നതോടെ ഷെയ്ന്‍ നിഗത്തില്‍ എത്തുകയായിരുന്നു. മുന്നോട്ടുള്ള യാത്രയെ ജീവിതവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ മാനസികമായി തകര്‍ന്ന കാലമായിരുന്നു അത്. തിരിഞ്ഞുനോക്കുമ്പോള്‍ അതൊക്കെ ചെറിയകാലത്തെ കഷ്ടപ്പാടായി മാത്രമേ തോന്നുന്നുള്ളൂ. സങ്കടങ്ങളെല്ലാം ആദ്യ ചിത്രത്തിന്റെ വിജയത്തോടെ എങ്ങോട്ടോ ഒഴുകിപ്പോയി. സംവിധായകനെ സംബന്ധിച്ചിടത്തോളം സിനിമയുടെ വിജയം ഷെല്ലിലും പരാജയം ഷെല്‍ഫിലും സൂക്ഷിക്കും. അത്തരം പരാജയങ്ങളില്ലാതെ മുന്നോട്ടു പോകാനുള്ള പ്രയത്നത്തിലാണ് ഞങ്ങള്‍.

അരുണ്‍ പി.ആര്‍.: പ്രണയിച്ച് കല്ല്യാണംകഴിച്ചവനെ പോലെയാണ് ആദ്യ സിനിമ സംവിധാനംചെയ്യുന്നവന്റെ അവസ്ഥ. ഓരോരുത്തര്‍ക്കും ഓരോ കഷ്ടപ്പാടാണ്. പ്രണയവിവാഹംകൊണ്ട് ജീവിതം നരകതുല്യമായവരുണ്ട്. മറ്റ് ചിലര്‍ ഒളിച്ചോടി ബന്ധുക്കളുമായി പോരാടി ചോരചിന്തി കല്യാണം കഴിക്കും. ഇതൊന്നുമില്ലാതെ യാതൊരു കഷ്ടപ്പാടുമില്ലാതെ പ്രേമവിവാഹം ചെയ്യുന്നവരുണ്ട്. അതുപോലെത്തന്നെയാണ് ആദ്യ സിനിമ ഒരുക്കുന്നതിന്റെ അവസ്ഥയും. വിജയമെത്തുമ്പോള്‍ മാത്രമേ നമ്മള്‍ കഷ്ടപ്പാടിന്റെ കഥയുടെ കണക്കെടുക്കാറുള്ളൂ. 2007 മുതല്‍ ഫൈനല്‍സിന്റെ സ്‌ക്രിപ്റ്റുമായി 250 ഓളം സംവിധായകരെ ഞാന്‍ ചെന്നുകണ്ടിട്ടുണ്ട്. ആ കഥ സിനിമയാക്കണമെന്ന അടങ്ങാത്ത വാശിയിലാണ് ഫൈനല്‍സ് നടന്നത്.

Arun
അരുണ്‍ പി .ആര്‍ (ഫൈനല്‍സ്)

എന്റെ ജന്മനാടായ മഞ്ചേരിയിലാണ് ചിത്രത്തിനടിസ്ഥാനമായ കഥ നടന്നത്. സ്റ്റേറ്റ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പ് നടക്കുമ്പോള്‍ സംഘാടകരുടെ പിഴവുകൊണ്ട് സ്റ്റേറ്റ് ചാമ്പ്യന്‍ മരണപ്പെട്ടു. പിറ്റേദിവസം ആര്‍ക്കും അതൊരു വാര്‍ത്തയായില്ല. ചാമ്പ്യന്‍ഷിപ്പ് സുഖകരമായി നടന്നു. അതെന്നെ വല്ലാതെ ഉലച്ചു. പിന്നീട് ആ കുടുംബത്തെ അന്വേഷിച്ച് ഞാനൊരു യാത്ര നടത്തി. ആ ജീവിതത്തിന്റെ പ്രേരണയില്‍ ഒരു സിനിമ ഒരുക്കി കുടുംബത്തിന് സമര്‍പ്പിക്കണമെന്ന വാശിയില്‍നിന്നാണ് പിന്നെയുള്ള എല്ലാകാര്യങ്ങളും നടന്നത്. മാധ്യമപ്രവര്‍ത്തകനായ ഞാന്‍ ജോലി റിസൈന്‍ ചെയ്താണ് കാലടി യൂണിവേഴ്‌സിറ്റിയില്‍ നാടകം പഠിച്ച് നാടകപ്രവര്‍ത്തകനായത്. നാടകം തന്ന ആത്മവിശ്വാസമാണ് എന്നെ സംവിധായകനാക്കിയത്.

അതിനിടയില്‍ ജമ്‌നാപ്യാരി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താകാനും എനിക്ക് കഴിഞ്ഞു. അങ്ങനെയാണ് സിനി മീഡിയയുമായി അടുക്കുന്നത്. സ്റ്റാര്‍ഡത്തിനപ്പുറത്ത് കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കഥപറഞ്ഞ ചിത്രമായിരുന്നു ഫൈനല്‍സ്. ഏറെ വൈകിയാണെങ്കിലും അത് തിരിച്ചറിയാന്‍ മണിയന്‍പിള്ള രാജുവിനെപ്പോലുള്ള നിര്‍മാതാവിനും രജിഷ വിജയനെപ്പോലുള്ള നടിക്കും കഴിഞ്ഞപ്പോള്‍ ആ സിനിമ സംഭവിച്ചു. ആദ്യമായി ഒരു സിനിമ ഒരുക്കുന്നതിന്റെ സംഘര്‍ഷം ഭീകരമാണ്. നമ്മള്‍ എന്തിനാണ് ജീവിക്കുന്നതെന്ന് നമുക്ക് ചുറ്റുമുള്ളവരെയും നമുക്കൊപ്പമുള്ളവരെയും നിരന്തരം ബോധിപ്പിച്ചുകൊണ്ടിരിക്കണം. ആദ്യ സിനിമ കഴിഞ്ഞാലും ആ പരിപാടി തുടര്‍ന്നു കൊണ്ടേയിരിക്കണം. സത്യത്തില്‍ തലമുടി നരയ്ക്കുന്ന പരിപാടിയാണിത്.

Ashraf Hamza
അഷ്റഫ് ഹംസ (തമാശ)

അഷ്റഫ് ഹംസ: വളരെ ലേറ്റായി സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചയാളാണ് ഞാന്‍. നാട്ടില്‍ ഞങ്ങള്‍ക്കൊരു സിനിമാതിയേറ്ററുണ്ടായിരുന്നു. അവിടെയെത്തുന്ന രസകരമായ സിനിമകളായിരുന്നു സിനിമാമോഹം വളര്‍ത്തിയത്. മാറുന്ന സിനിമയ്ക്കൊപ്പം ഞാനും വളര്‍ന്നു. ജീവിതം മാറിയപ്പോള്‍ കുറെക്കാലം ഗള്‍ഫില്‍പ്പോയി ജോലി ചെയ്തു. അതെല്ലാം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ രണ്ട് ഹ്രസ്വചിത്രങ്ങള്‍ ചെയ്തു. അതിന് ലഭിച്ച പ്രേക്ഷകപ്രീതിയാണ് സിനിമ സംവിധാനംചെയ്യാന്‍ പ്രചോദനമായത്. തുടക്കക്കാരനെന്ന നിലയില്‍ നമ്മള്‍ ആഗ്രഹിക്കുന്ന സിനിമചെയ്യാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്. എനിക്ക് തോന്നുന്നത് ഒരാളുടെ ആദ്യത്തെ സിനിമയായിരിക്കില്ല ആദ്യം ചെയ്യുന്നത്. മൂന്നാമത്തെയും നാലാമത്തെയും സിനിമയായിരിക്കും ആദ്യത്തെ സിനിമയായി കടന്നുവരുന്നത്.

എന്താണ് നവാഗതസംവിധായകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി....?

അനുരാജ് മനോഹര്‍: എങ്ങനെ, ഏതുതരം സിനിമകള്‍ സംവിധാനം ചെയ്യണമെന്നതാണ് പ്രധാന കാര്യം. അത്തരം കാര്യങ്ങള്‍ തീര്‍ച്ചപ്പെടുത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകും. നല്ല കഥയുണ്ടെങ്കില്‍ അത് സിനിമയാക്കാന്‍ ഇഷ്ടംപോലെ നിര്‍മാതാക്കളുണ്ട്.

അഷ്റഫ് ഹംസ: മൂന്നും നാലും കോടിയോളം മുതല്‍മുടക്കിയാണ് ആദ്യ ചിത്രമൊരുക്കുന്ന നിര്‍മാതാവ് നമ്മളുടെ സിനിമ നിര്‍മിക്കാന്‍ വരുന്നത്. ആ നിര്‍മാതാവിനെ വിശ്വസിപ്പിച്ചെടുക്കാനുള്ള പ്രയത്നം ഭീകരമാണ്. എന്നാലും എനിക്ക് സിനിമചെയ്യാന്‍ കഴിയും എന്ന ഉറച്ചവിശ്വാസം മനസ്സില്‍ ഉണ്ടാകും. നിര്‍മാതാക്കളുടെ കൂട്ടത്തില്‍ സിനിമചെയ്യാന്‍ പല്‍നില്ലാതെ നമ്മളെ വിളിച്ച് കഥപറയിപ്പിക്കുന്ന വിനോദമുള്ള നിര്‍മാതാക്കളുണ്ട്. അങ്ങനെ നടുറോട്ടിലും അയാളുടെ ഗസ്റ്റ്ഹൗസിലും അയാളുടെ പീടികത്തിണ്ണയിലോ ഇരുന്ന് ദയനീയമായി കഥ പറയും. അത്തരം സാഹചര്യത്തിലൂടെ ഞാന്‍ കടന്നുപോയിട്ടുണ്ട്. എല്ലാ നവാഗത സംവിധായകരുടെയും ജീവിതത്തില്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടായിക്കാണും. പിന്നീട് അതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ചിരിവരാറുണ്ട്.

ഗിരീഷ് എ.ഡി: എന്റെ കൂട്ടുകാരന്റെ സുഹൃത്തായ നിര്‍മാതാവ് കഥ കേള്‍ക്കാന്‍ കറണ്ടില്ലാത്ത ഔട്ട്ഹൗസില്‍ ഞങ്ങളെ വിളിച്ച് കൊണ്ടുപോയിട്ടുണ്ട്. കഥ കേള്‍ക്കുമ്പോള്‍ അയാളുടെ മുഖഭാവമെന്താണെന്നുപോലും അറിയില്ല. ഒടുവില്‍ ക്ഷമകെട്ട് അവിടെനിന്ന് ഇറങ്ങി ഓടുകയായിരുന്നു. അതുപോലെ പാര്‍ക്കില്‍ നിന്നുകൊണ്ട് കഥ പറയേണ്ടിവന്നിട്ടുണ്ട്. അതൊക്കെ ഈ യാത്രയിലെ ഗതികേടുകളാണ്.

നിലവിലെ നായകസങ്കല്പങ്ങളോ ദൃശ്യഭാഷയോ ഇല്ലാതെ വ്യവസ്ഥകളെ ലംഘിച്ചുകൊണ്ടാണ് നിങ്ങളെല്ലാം സിനിമ ഒരുക്കിയത് സബജക്ട് തിരഞ്ഞെടുക്കുന്നതിലേയും കാസ്റ്റിങ്ങിലെയും മാറ്റം ബോധപൂര്‍വമാണോ...?

അഷ്റഫ് ഹംസ: ഇത്തരം മാറ്റങ്ങള്‍ക്ക് എന്നെ സഹായിച്ചത് എന്റെ നിര്‍മാതാക്കളാണ്. നടന്‍ ചെമ്പന്‍ വിനോദാണ് 'ഒണ്ടു മൊട്ടേയ കഥ ' എന്ന കന്നഡ സിനിമയുടെ മലയാളറീമേക്ക് സാധ്യതയെക്കുറിച്ച് പറഞ്ഞത്. ആ സിനിമ കണ്ടതിനുശേഷം അത് ഞാന്‍ മറ്റൊന്നുംനോക്കാതെ ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ആ കഥയില്‍ എന്തുതരം മാറ്റം വരുത്താനുമുള്ള അവകാശം എനിക്ക് കിട്ടി.
തമാശ ഏറ്റെടുക്കുമ്പോള്‍ ഞാന്‍ നേരിട്ട പ്രതിസന്ധി എനിക്ക് മുന്‍പ് ശ്രീനിവാസന്‍ സിനിമകള്‍ അവതരിപ്പിച്ച ഇന്‍ഫീരിയോറിറ്റി കോംപല്‍ക്സുള്ള കഥാപാത്രങ്ങളായിരുന്നു. അതില്‍നിന്ന് എങ്ങനെ ഈ സിനിമ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിച്ചത്. അതില്‍നിന്നെല്ലാം വ്യത്യസ്തമായി വ്യക്തികള്‍ക്കപ്പുറം സമൂഹത്തെ പ്രതിസ്ഥാനത്ത് നിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്.

സമൂഹത്തിനുനേരേ പിടിച്ച കണ്ണാടികളാണ് നിങ്ങളുടെ സിനിമകള്‍, എഴുത്തുകാരും സംവിധായകരും അങ്ങനെ മാറിയതിനുപിന്നില്‍?

അനുരാജ് മനോഹര്‍: സിനിമയെക്കാള്‍ സംഭവബഹുലമായ ജീവിതത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. മോറല്‍ പോലീസിങ് വിഷയമാക്കി 2013-ല്‍ കാര്‍ട്ടൂണ്‍ എന്ന പേരിട്ട് അനൗണ്‍സ്ചെയ്ത സിനിമയായിരുന്നു ഇഷ്‌ക് എന്ന ചിത്രമായിമാറിയത്. അതേ വാര്‍ത്തകള്‍ ആലപ്പുഴ ബീച്ചിലും മറൈന്‍ ഡ്രൈവിലും ആവര്‍ത്തിച്ചു. അതിനിടയില്‍ അത്തരം പ്രമേയം സംസാരിക്കുന്ന പല സിനിമകള്‍ വന്നു. എന്നിട്ടും അത് ഉപേക്ഷിച്ചില്ല. കാരണം എനിക്ക് പറയാനുള്ളത് അതിലൊന്നും ആരും പറഞ്ഞിരുന്നില്ല. ഇന്നത്തെ വ്യവസ്ഥിതിയില്‍ ശക്തമായി പ്രതികരിക്കുന്ന പെണ്‍കുട്ടിയെയായിരുന്നു ആ ചിത്രത്തിന്റെ ക്‌ളൈമാക്‌സില്‍ കാണിച്ചത്. ആ വ്യത്യസ്തത തിരിച്ചറിയുന്ന പ്രൊഡക്ഷന്‍ ഹൗസും ടെക്‌നീഷ്യന്മാരും നടന്മാരും എനിക്കൊപ്പം നിന്നു എന്നതാണ് ഇഷ്‌കിന്റെ വിജയം.

മനു അശോകന്‍: ഭീകരമായ ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ഉയരെ. അത്തരം ആക്രമണത്തിനിരയായ നിരവധി പെണ്‍കുട്ടികളെ ചിത്രീകരണത്തിന് മുന്നോടിയായി കണ്ടിട്ടുണ്ട്. അങ്ങനെയാണ് കഥാപാത്രത്തിന്റെ മേക്കപ്പ് ഒരുക്കിയത്. ഒരു ചിത്രത്തിന്റെ തുടക്കംമുതല്‍ സുന്ദരിയായ നായികയുടെ ഭീകരമായ മുഖം പ്രേക്ഷകര്‍ കണ്ടിരിക്കുമോ എന്ന സംശയം എനിക്കൊഴികെ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ, സിനിമയ്ക്കുവേണ്ടി കോംപ്രമൈസ്ചെയ്ത് സത്യത്തില്‍നിന്ന് ഒളിച്ചോടാന്‍ എനിക്ക് മനസ്സുവന്നില്ല. ആ പെണ്‍കുട്ടി അനുഭവിച്ച വേദനയും മാനസികപീഡനവും അത്രയും കഠിനമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളും എന്റെ ആത്മവിശ്വാസത്തിനൊപ്പം നിന്നതുകൊണ്ടുമാത്രമാണ് ഉയരെ പിറന്നത്.

അനുരാജ് മനോഹര്‍: ഉയരെ ഇറങ്ങിയപ്പോള്‍ ആസിഡാക്രമണം നടത്തിയ ആസിഫ് അലിയുടെ കഥാപാത്രത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ കണ്ടിട്ടുണ്ട്. അവന്‍ അത്രയും അവളെ സ്നേഹിച്ചിരുന്നു എന്നതായിരുന്നു അവരുടെ ന്യായം. ആ സിനിമ ആരെയാണോ ലക്ഷ്യമിട്ടത്, അത്തരക്കാരെ ചിത്രം അസ്വസ്ഥരാക്കി എന്ന് അത്തരം പ്രതികരണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. അതുപോലെ എന്റെ ചിത്രമായ ഇഷ്‌ക് ഇറങ്ങിയപ്പോള്‍ കാറില്‍ ഉമ്മവെക്കാന്‍ പോയതുകൊണ്ടല്ലേ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് ചിലര്‍ പറഞ്ഞിരുന്നു.

മനു അശോകന്‍: അതൊന്നും കാര്യമാക്കേണ്ട അമ്മയെ തല്ലിയാലും രണ്ടഭിപ്രായമുള്ള കാലമാണിത്.

അനുരാജ് മനോഹര്‍: ഏത് തെറ്റിനെയും ന്യായീകരിക്കുന്നവരെയാണ് ഇത്തരം സിനിമകള്‍ ലക്ഷ്യമിടുന്നത്. അത് അവരെ അലോസരപ്പെടുത്തും.

അഷ്റഫ് ഹംസ: ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്റെ നിലപാടുകളും ബോധ്യങ്ങളും ആ സിനിമയില്‍ ഉണ്ടാകും. ഓരോ കഥാപാത്രവും എന്ത് സംസാരിക്കണമെന്നത് ബോധപൂര്‍വം ഞാന്‍ തീരുമാനിക്കുന്നതാണ്. അതുകൊണ്ടുതന്നെ സിനിമ ചര്‍ച്ചചെയ്യുന്ന രാഷ്ടീയത്തിന്റെ ഉത്തരവാദിത്വവും ബാധ്യതയും നമ്മള്‍ ഏറ്റെടുക്കേണ്ടിവരും.

വലിയ സാമൂഹികപ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്യാതെ വലിയ താരങ്ങളില്ലാതെ കുറെ കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനംചെയ്ത ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആ പ്രക്രിയ എളുപ്പമായിരുന്നോ?

ഗിരീഷ് എ.ഡി.: വലിയ രാഷ്ട്രീയമൊന്നും പറയാത്ത ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. നമ്മുടെ മനസ്സിലെ സിനിമയാണ് മഹത്തരം, അത് മാത്രമാണ് ഞാന്‍ ചെയ്യുക എന്ന് വിചാരിച്ച് നടക്കുന്ന കാലം. പക്ഷേ, 16 വയസ്സുള്ള കുട്ടികളുടെ കഥ പറയുന്ന ചിത്രമെന്ന നിലയില്‍ നിര്‍മാതാക്കളെ ചിത്രത്തിലേക്ക് അടുപ്പിക്കാന്‍ പ്രയാസമായിരുന്നു. അവര്‍ ചിന്തിക്കുന്നത് ചിത്രത്തിന്റെ വാണിജ്യതലം മാത്രമാണ്. മുടക്കുന്ന കാശ് തിരിച്ചുപിടിക്കണം എന്ന് നിര്‍മാതാക്കള്‍ വാശിപിടിക്കുമ്പോള്‍ അതിലും കാര്യമുണ്ടെന്ന് തോന്നി. അങ്ങനെയാണ് നിര്‍മാതാവിന്റെ കാഴ്ചപ്പാടില്‍ സിനിമയെ സമീപിക്കാന്‍തുടങ്ങിയത്.

തുടര്‍ന്ന് കാഴ്ചപ്പാടുകള്‍ മാറ്റി ടൊവിനോ തോമസിനും ഷെയ്ന്‍ നിഗത്തിനും ചേരുന്ന സിനിമകള്‍ ഒരുക്കാനുള്ള ചിന്തയായി. അതിനിടയിലാണ് കുട്ടികളുടെ കഥയെടുക്കാന്‍ തയ്യാറായി പ്രൊഡ്യൂസര്‍ ഇങ്ങോട്ട് വന്നത്. കുട്ടികളെ അഭിനയിപ്പിച്ചെടുക്കാന്‍ ഏറെ എളുപ്പമായിരുന്നു. കഥ പറഞ്ഞുകൊടുക്കുമ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ ക്യാമറയ്ക്ക് മുന്നില്‍ അവര്‍ നിഷ്‌കളങ്കമായി പെരുമാറും. അതിലൊരു സത്യസന്ധതയുണ്ട്, അത് കാണാന്‍ രസമാണ്.

Arun
വിവേക് (അതിരന്‍)

താരഭാരമില്ലാതെ നല്ല സിനിമകള്‍ ഒരുക്കാം എന്ന് നിങ്ങള്‍ തെളിയിച്ചു...?

മനു അശോകന്‍: പ്രമേയം സിനിമയെ ഭരിക്കുന്ന കാലമാണിത്. കഥകളില്‍ നിറം ചേര്‍ക്കാതെ സത്യസന്ധമായി അവതരിപ്പിച്ചാല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് നമ്മള്‍ പഠിച്ചു. താരങ്ങളുള്ള ചിത്രം കാണാന്‍പോയി കയ്യടിയ്ക്കുന്ന ഒരുകൂട്ടം പ്രേക്ഷകര്‍ ഇവിടെയുണ്ട്. അത് മാത്രമായി നില്‍ക്കുന്ന അവസ്ഥയില്‍നിന്ന് സിനിമയ്ക്ക് മാറ്റം സംഭവിച്ചുതുടങ്ങി. അടുത്തിടെ വന്ന ജല്ലിക്കട്ടില്‍ പോത്തായിരുന്നു നായകന്‍. ഈ രണ്ടുതരം ചിത്രങ്ങളും ഇന്‍ഡസ്ട്രിയെ സജീവമാക്കും. കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ സാമ്പത്തികബാധ്യതകള്‍ മറികടക്കാന്‍ താരങ്ങളെ ആശ്രയിക്കേണ്ടിവരും.

അനുരാജ് മനോഹര്‍: ഇത്രയുംപേരുടെ സിനിമകള്‍ നേടിയ ലാഭത്തിനേക്കാള്‍ എത്രയോ കൂടുതലാണ് പൃഥ്വിരാജ് സംവിധാനംചെയ്ത സൂപ്പര്‍സ്റ്റാര്‍ ചിത്രം ലൂസിഫര്‍ നേടിയത്. രണ്ടുതരം സിനിമകളും വേണം.

അരുണ്‍ പി.ആര്‍: താരം ഇന്‍ഡസ്ട്രിയെ നിലനിര്‍ത്തുന്ന പ്രധാന ഘടകമാണ്. ലോകം മുഴുവന്‍ ഹോളിവുഡിന് കീഴടങ്ങിയിരിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമമാത്രം അതിന് കീഴടങ്ങാതെ നില്‍ക്കുന്നു. പ്രധാനകാരണം താരങ്ങളെ വിശ്വസിക്കുന്ന ഒരു ഇന്‍ഡസ്ട്രി ഇവിടെയുണ്ടെന്നതാണ്. രചനയിലും അവതരണത്തിലും ഇന്ത്യന്‍ സിനിമകളെ ചേര്‍ത്തുനിര്‍ത്തുന്ന ഏകസ്വഭാവങ്ങളുണ്ട്. വ്യവസായം നിലനില്‍ക്കാന്‍ പ്രാദേശികതാരങ്ങള്‍ വേണം.

വിവേക്: ഈ കൂട്ടത്തില്‍ തിരക്കേറിയ താരമായ ഫഹദ് ഫാസിലിനെ നായകനാക്കി സിനിമചെയ്ത സംവിധായകനാണ് ഞാന്‍. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമചെയ്തപ്പോള്‍ ഗിരീഷ് അനുഭവിച്ച സന്തോഷംതന്നെയാണ് അതിരന്‍ചെയ്തപ്പോള്‍ ഞാനും അനുഭവിച്ചത്. ഫഹദിനെ ഊട്ടിയിലെ തടാകത്തിലെ കായലില്‍ ചാടിക്കുകയും പട്ടിയെ വിട്ട് ഓടിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോളൊന്നും അദ്ദേഹം നോ പറഞ്ഞിട്ടില്ല.

അനുരാജ് മനോഹര്‍: താരഭാരമെന്ന വിഷയം സംസാരിക്കുമ്പോള്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്തയാള്‍ എന്ന നിലയില്‍ താരങ്ങള്‍ സിനിമയില്‍ ഇടപെടുന്നത് അനുഭവിച്ചയാളാണ് ഞാന്‍. സംവിധായകന് കൃത്യമായ നിലപാടില്ലെങ്കില്‍ മറ്റൊരാള്‍ ഇടപെടുന്നത് സ്വാഭാവികം. അത്തരം നിലപാടുള്ള സംവിധായകന്‍ വരുമ്പോള്‍ നല്ല സിനിമകള്‍ വരുന്നത് കാണാം.

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കിട്ടാതെ വരുമ്പോഴാണ് പുതുമുഖ സംവിധായകരില്‍ പലരും മറ്റ് താരങ്ങളെവെച്ച് സിനിമ എടുക്കുന്നതെന്ന് കേട്ടിട്ടുണ്ട്. ചെരുപ്പിനനുസരിച്ച് കാല് മുറിക്കേണ്ടിവന്നിട്ടുണ്ടോ...?

അനുരാജ് മനോഹര്‍: കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക, അതിന് ചേരുന്ന താരങ്ങളെ ഉപയോഗിച്ച് സിനിമയൊരുക്കുക. മനസ്സില്‍ കുറിച്ച നടന്മാരെ കിട്ടിയില്ലെങ്കില്‍ ആ സിനിമ ചെയ്യാതിരിക്കുക

വിവേക്: എനിക്ക് തോന്നുന്നത് കോംപ്രമൈസില്ലാതെ സിനിമയില്ല എന്നാണ്. ലോകസിനിമയിലെ അദ്ഭുതമായ ബെന്‍ഹര്‍പോലും കോംപ്രമൈസ് ചെയ്താണ് ഒരുക്കിയത്. ആഗ്രഹിച്ച താരങ്ങളെ കിട്ടിയില്ലെങ്കില്‍ കിട്ടിയ താരങ്ങളെവെച്ച് സിനിമ എടുക്കണം. കിട്ടിയ പ്രോജക്ട് കാത്തിരിക്കാതെ നന്നായി ചെയ്യാനാണ് ശ്രമിക്കേണ്ടത്.

മനു അശോകന്‍: സംവിധായകന്റെ അത്തരം സമ്മര്‍ദങ്ങള്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രീകരണത്തിനിടയില്‍ കണ്ടപ്പോള്‍ ദിലീഷ് പോത്തന്‍ പറഞ്ഞത് ഓര്‍മയുണ്ട്. സംവിധാന സഹായിയായിരിക്കുമ്പോള്‍ മുകളില്‍ സംവിധായകന്‍ ഉണ്ടെന്ന ധൈര്യമുണ്ട്. എന്നാല്‍ സംവിധായകനാകുമ്പോള്‍ ചുറ്റിലും ഇരുട്ടായതുപോലെയാണ്. ആദ്യസിനിമ ആര്‍ക്കും ചെയ്യാം, രണ്ടാമത്തെ സിനിമയാണ് ഒരു സംവിധായകനെ വിലയിരുത്തുന്നത് എന്നാണ് സിനിമയിലെ ചൊല്ല്.

അനുരാജ് മനോഹര്‍: പ്രേക്ഷകമനസ്സിനെ അസ്വസ്ഥമാക്കുന്ന സിനിമകള്‍ ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം. അത്തരം കഥകള്‍ക്കുവേണ്ടിയുള്ള വലിയ അന്വേഷണത്തിലാണ് ഞങ്ങള്‍.

എല്ലാവരും ജീവിതത്തില്‍നിന്ന് സിനിമ കണ്ടെത്തിയപ്പോള്‍ വിവേക് ഭാവനയില്‍നിന്നാണ് സിനിമ തീര്‍ത്തത്... ഭാവനയുടെ വലിയ ലോകം നമുക്ക് മുന്നിലില്ലേ...?

വിവേക്: രസകരമായ മൂഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന ചിത്രമെന്ന നിലയിലാണ് ഞാന്‍ അതിരന്‍ ചെയ്യാമെന്നുറപ്പിച്ചത്. ജീവിതമായാലും ഭാവനയായാലും പ്രേക്ഷകരെ തിയേറ്ററിലിരുത്തുന്ന ഘടകങ്ങളാണ് വേണ്ടത്.

ഗിരീഷ് എ.ഡി.: സിനിമയ്ക്ക് റിയാലിറ്റിയുമായി ബന്ധമുണ്ടാകണമെന്ന് വലിയ നിര്‍ബന്ധമില്ല. ഫെയറി ടെയ്ല്‍ കഥപറഞ്ഞ സിനിമകളാണ് എന്നെ സിനിമയുമായി അടുപ്പിച്ചത്. അത്തരം രസികന്‍ കഥ കിട്ടിയാല്‍ ഞാന്‍ സിനിമ ചെയ്യും.

അരുണ്‍ പി.ആര്‍: അസ്വസ്ഥമായവരെ ആശ്വസിപ്പിക്കാനും സ്വസ്ഥമായവരെ അസ്വസ്ഥമാക്കാനും കലയ്ക്ക് കഴിയണം. പിയാനിസ്റ്റ് എന്ന സിനിമയില്‍ വിപ്ലവകാരികളും പിയാനിസ്റ്റും ചേര്‍ന്നൊരു സീനുണ്ട്. നിങ്ങളെപ്പോലെ സാമൂഹികവിപ്ലവത്തിന്റെ ഭാഗമാകാന്‍ കഴിയുന്നില്ലല്ലോ എന്നായിരുന്നു പിയാനിസ്റ്റിന്റെ സങ്കടം. അതിന് വിപ്ലവകാരിയുടെ മറുപടി... നിങ്ങളുടെ പിയാനോവായന റേഡിയോയിലൂടെ കേട്ട് ഹൃദയംതകര്‍ന്നാണ് ഞങ്ങള്‍ വിപ്ലവകാരികളായതെന്നാണ്. അതാണ് കലയുടെ ശക്തി, അതിന് ലക്ഷ്യത്തിലെത്താന്‍ പല വഴികള്‍ ഉണ്ട്. ഇത്തരം മാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.

പുതുമകള്‍ തേടുന്ന സിനിമായാത്രയില്‍ സ്വാധീനിച്ച സംവിധായകരുടെ പേര് എടുത്തുപറയാന്‍ കഴിയുമോ?

അനുരാജ് മനോഹര്‍: കെ.ജി. ജോര്‍ജും പത്മരാജനുമാണ് എന്നെ സ്വാധീനിച്ച സംവിധായകര്‍. എന്റെ സിനിമാചിന്തകളെ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുടെ വ്യവസ്ഥാപിത സമ്പ്രദായങ്ങളെ മുറിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ അദ്ദേഹം പഠിപ്പിച്ചു.

വിവേക്: സംവിധായകന്‍ പ്രിയദര്‍ശന്റെ കടുത്ത ആരാധകനാണ് ഞാന്‍. ഒന്ന് എടുത്തുപറയാന്‍ ഇല്ലാത്ത അന്തരീക്ഷത്തില്‍ ഫലിതരസപ്രധാനമായ അന്തരീക്ഷം ഒരുക്കുന്നത് പ്രിയന്‍മാജിക്കാണ്.

മനു അശോകന്‍: രചനയിലും അവതരണത്തിലും വലിയ അഭ്യാസങ്ങളൊന്നുമില്ലാതെ കണ്‍വന്‍ഷണലായ രീതിയില്‍ അവതരിപ്പിച്ച സിനിമയായിരുന്നു ഉയരെ. ചിത്രത്തിന്റെ ഇമോഷണല്‍ രീതി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ രാജേഷ് പിള്ള എന്ന സംവിധായകന്റെ സ്വാധീനം എന്നിലുണ്ടായിരുന്നു.

അരുണ്‍ പി.ആര്‍: ഞാനും കെ.ജി. ജോര്‍ജ്‌സാറിന്റെ ആരാധകനാണ്. നവാഗത സംവിധായകരില്‍ എന്നെ ഏറെ വിസ്മയിപ്പിച്ച സംവിധായകനായിരുന്നു രാജീവ് രവി. സിനിമയുടെ തനിമ ചോരാതെയാണ് അദ്ദേഹം ഓരോ സീനും പാകപ്പെടുത്തിയെടുക്കാറുള്ളത്.

ഗിരീഷ് എ.ഡി.: എന്നെ സിനിമാഭ്രാന്തനാക്കിയത് തമിഴ് സംവിധായകനായ ശെല്‍വരാഘവനായിരുന്നു. ഓരോ സീനിലും അദ്ദേഹം കയ്യൊപ്പ് ചാര്‍ത്താറുണ്ട്.

അഷ്റഫ് ഹംസ: മലയാളസിനിമയില്‍ എടുത്തുകാണിക്കാന്‍ ഒരുപാട് ലജന്റുകളുണ്ട്. എന്നാല്‍ സിനിമ സംവിധാനംചെയ്യാന്‍ എന്നെ കൊതിപ്പിച്ചത് പുതുമകളുടെ തിരയിളക്കവുമായി വന്ന തമിഴ് സിനിമകളാണ്. ആ തരംഗം ഒരു പ്രത്യേകപേരില്‍ ഒതുക്കാന്‍ കഴിയില്ല. അവര്‍ നമ്മുടെ മനസ്സിനെ പലപ്പോഴും സിനിമകൊണ്ട് മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്...

Content Highlights : Debut directors in Malayalam cinema 2019 mathrubhumi star and style