കോഴിക്കോട് ദേവഗിരി കോളജിലെയും കാലിക്കറ്റ് സർവകലാശാല കാമ്പസിലെയും മരത്തണലിലിരുന്ന് ഡാരിസ് ഒരുപാട് വട്ടം സിനിമ സ്വപ്നം കണ്ടിട്ടുണ്ട്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കുമ്പോഴേക്കും മനസ്സിൽ സിനിമ പടർന്നുകഴിഞ്ഞിരുന്നു. സ്വപ്നങ്ങൾക്ക് ചിറകുമുളച്ച് പറന്നത് മുംബൈയിലേക്ക്. സ്വപ്നങ്ങളുടെ നഗരത്തിൽ സാധ്യതകളുടെ വലിയ വഴികൾ തുറന്നു. മെല്ലെ അക്ഷരങ്ങൾ കൂടെനിന്ന് കഥയൊരുക്കി. വിദ്യുതിന്റെ കമാൻഡോ-3 തിയേറ്ററുകളിൽ വീണ്ടും പടയോട്ടത്തിനെത്തുമ്പോൾ അതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കോഴിക്കോട് കുന്ദമംഗലംകാരൻ ഡാരിസ് യാർമിലാണ്. ബോളിവുഡിലേക്കുള്ള സ്വപ്നയാത്രയെക്കുറിച്ച് ഡാരിസ് മനസ്സുതുറക്കുന്നു
വിദ്യാരംഭം
കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് ഞാൻ. ദേവഗിരി കോളേജിൽ ബിരുദവും പിന്നീട് കാലിക്കറ്റ് സർവകലാശാല കാമ്പസിൽനിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ദേവഗിരിയിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ നാലുപേർ ഫിലിംക്ലബ്ബ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സനൽ ജോർജ്, മിഥുൻ, റോഷൻ എന്നിവരാണ് മറ്റ് മൂന്നുപേർ. സനലും മിഥുനും ഇപ്പോൾ സിനിമ സൗണ്ട് എൻജിനീയറിങ് വിഭാഗത്തിലാണ്. റോഷൻ ഛായാഗ്രാഹകനും.
എം.എ. പൂർത്തിയാക്കിയ ശേഷമാണ് ഞാൻ മുംബൈയിലേക്ക് പറന്നത്. വിസിലിങ് വുഡ് ഇന്റർനാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സിനിമ സംവിധാനം പഠിച്ചു. കുറച്ച് കാലം അസോസിയേറ്റ് ആയി വർക്ക് ചെയ്തു. പിന്നീടാണ് എഴുത്തിലേക്ക് തിരിയുന്നത്. യഷ് രാജ് ഫിലിംസിലുണ്ടായിരുന്ന ഹബി ഫൈസലിനൊപ്പമാണ് ആദ്യമായി തിരക്കഥ എഴുതിയത്. അതിനിടെ കമാൻഡോ 3-ന്റെ നിർമാതാവായ വിപുൽ ഷായുടെ പ്രൊഡക്ഷൻസ് ഹൗസായ സൺഷൈൻ പിക്ചേഴ്സുമായി സഹകരിക്കാൻ അവസരം കിട്ടി. കമാൻഡോ 3-ന് പുറമേ മറ്റൊരു തിരക്കഥകൂടി അവർക്കുവേണ്ടി എഴുതിയിട്ടുണ്ട്. അതിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
അതുക്കും മേലെ
കമാൻഡോയുടെ ആദ്യ രണ്ടുഭാഗങ്ങളും ഇഷ്ടപ്പെട്ടവർക്കുവേണ്ടിയാണ് മൂന്നാംഭാഗവും ഒരുക്കിയിരിക്കുന്നത്. ഈ സീരിസിലെ ഏറ്റവും ചെലവേറിയ സിനിമയാണിത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ഒരു ആക്ഷൻ ത്രില്ലറാണ് ചിത്രം. സിനിമാരംഗത്തെത്തി നാലുവർഷംകൊണ്ടുതന്നെ ഒരു പ്രധാന ബോളിവുഡ് സിനിമയ്ക്ക് തിരക്കഥ എഴുതാനായി എന്നതിൽ സന്തോഷമുണ്ട്. സംവിധാനം തന്നെയാണ് ലക്ഷ്യം.
പുതിയ ചിത്രങ്ങൾ
സൗദിയിൽ നിർമാണം നടക്കുന്ന ഇഖായത്ത് എന്നൊരു ഹ്രസ്വചിത്രത്തിന് തിരക്കഥ ഒരുക്കിയിട്ടുണ്ട്. സൗദിയിൽ സിനിമ അതിന്റെ ശൈശവ ദശയിലാണ്. അതിനാൽ തന്നെ കൂടുതൽ സാധ്യതകളുണ്ട്. വിപുൽ ഷാ പ്രൊഡക്ഷൻ ഹൗസ് ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് മറ്റൊരു പുതിയ വർക്ക്. കൂടെ ഹോട്ട് സ്റ്റാറിനുവേണ്ടി ഒരു വെബ്സീരിസിന് തിരക്കഥ ഒരുക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഭാര്യ ശ്രിദ്ധ കാനറ ബാങ്കിലാണ്.
Content Highlights: Commando 3 movie script writer Darius Yarmil, from Kozhikode, Vidyut Jammwal Movie