ഹാഭാരതത്തിലെ കര്‍ണനെ ബിഗ് സ്‌ക്രീനിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ചിയാന്‍ വിക്രം. പുരാണേതിഹാസങ്ങളിലൂടെ സഞ്ചരിച്ച് സൂര്യപുത്രനെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കുകയാണ് താരം. പഴനിയില്‍ പുരോഗമിക്കുന്ന 'സാമി സ്‌ക്വയര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ അഭിമുഖത്തിനായി ഇരുന്നപ്പോഴും വിക്രമിന് സംസാരിക്കാനുണ്ടായിരുന്നത് കര്‍ണനെയും അര്‍ജുനനെയും കുറിച്ചായിരുന്നു.

''മാനസികവും ശാരീരികവുമായി ഏറെ ഒരുക്കങ്ങള്‍ ആവശ്യമുള്ള കഥാപാത്രമാണിത്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞെങ്കിലും കഥാപാത്രവുമായി ചേര്‍ന്നുനില്‍ക്കുന്ന കഥകളും ഉപകഥകളുമെല്ലാം കിട്ടാവുന്നത്ര ശേഖരിക്കുകയാണിപ്പോള്‍. കമല്‍ഹാസന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്, അതിനുശേഷം കര്‍ണനാകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും.'' സ്വപ്നവേഷം വെള്ളിത്തിരയിലെത്തിക്കാന്‍ പോകുന്നതിന്റെ  ആഹ്ലാദത്തിലാണ് തമിഴക സൂപ്പര്‍സ്റ്റാര്‍  മലയാളത്തിലെയും തമിഴിലെയും പല താരങ്ങളും കര്‍ണനാകാനൊരുങ്ങുന്നതായി വാര്‍ത്ത വന്നിരുന്നു. എങ്ങനെയാണ് വിക്രം ഈ പ്രോജക്ടിലേക്കെത്തുന്നത്

കര്‍ണന്‍ എന്ന സിനിമയെക്കുറിച്ച് ഇതിനുമുന്പ് പല വാര്‍ത്തകളും വന്നതായി ഞാനും കേട്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കുറിച്ചൊന്നും കൂടുതലറിയില്ല. സംവിധായകന്‍ ആര്‍.എസ്. വിമലാണ് സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും എന്നോട് വിശദീകരിച്ചത്. വിമലില്‍നിന്നാണ്  കര്‍ണനെക്കുറിച്ച് കൂടുതലായി അറിഞ്ഞത്. 

ഒരു നടന്‍ എന്ന നിലയില്‍ ആദ്യ കേള്‍വിയില്‍ത്തന്നെ ആ വേഷം എന്നെ അതിശയിപ്പിച്ചു. തിരക്കഥ വായിച്ചുകേട്ടപ്പോള്‍ മലയാളത്തില്‍ ഒതുങ്ങിനില്‍ക്കേണ്ട ചിത്രമല്ല കര്‍ണനെന്നുതോന്നി. വലിയ ബജറ്റില്‍ ഹിന്ദിയിലാണ് ചിത്രം ഒരുങ്ങുന്നത്. കഥാപാത്രങ്ങളാകാന്‍ ഏറ്റവും അനുയോജ്യരായ കലാകാരന്മാരെയാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. എന്റെ അഭിനയജീവിതത്തില്‍ വലിയ പ്രതീക്ഷകളുള്ള ചിത്രമാണിത്.

കര്‍ണനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍

കമല്‍ഹാസന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ചിത്രം പൂര്‍ത്തിയാകുന്നമുറയ്ക്ക് കര്‍ണനാകാനുള്ള ഒരുക്കം തുടങ്ങും. ശാരീരിക ഒരുക്കങ്ങളാണ് പ്രധാനം,  കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ശരീരം പാകമാക്കിയെടുക്കുക എന്നത് വലിയ വെല്ലുവിളിതന്നെയാണ്. മൂന്നുമാസം പരിശീലനത്തിനായി മാറ്റിവെച്ചിരിക്കയാണ്. ആ സമയത്ത് മറ്റ് സിനിമകളൊന്നുമില്ല. കര്‍ണനിലേക്കുള്ള താരനിര്‍ണയം അണിയറ പ്രവര്‍ത്തകര്‍ക്കുമുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുകയാണ്. 
ബജറ്റില്‍ വിട്ടുവീഴ്ചയില്ല. ഹിന്ദിയില്‍ ഒരുങ്ങുന്ന ചിത്രം മുപ്പതിലധികം ഭാഷകളില്‍ മൊഴിമാറിയെത്തും. ലോകനിലവാരത്തിലുള്ള ഒരു ഇന്ത്യന്‍ സിനിമയായിരിക്കും കര്‍ണന്‍. 

തമിഴിലും മലയാളത്തിലും വലിയ വിജയം നേടിയ 'സാമി'യുടെ രണ്ടാംഭാഗം വരുന്നു. പ്രദര്‍ശനത്തിനൊരുങ്ങുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍

എന്റെ അഭിനയജീവിതത്തിലെ മികച്ച പോലീസ് വേഷങ്ങളിലൊന്നാണ് സാമി സിനിമയിലെ ആറുച്ചാമി. 2003-ലെ വിജയചിത്രത്തിനൊരു തുടര്‍ച്ച വേണമെന്ന് ഞാനും സംവിധായകന്‍ ഹരിയും പലതവണ ആലോചിച്ചിരുന്നു. എന്നാല്‍, മികച്ചൊരു കഥയുടെ പിന്‍ബലത്തില്‍മാത്രമേ ആറുച്ചാമി വീണ്ടും ബിഗ്സ്‌ക്രീനിലെത്താവൂ എന്ന തീരുമാനമാണ് രണ്ടാംവരവ് ഇത്രയും വൈകാന്‍ കാരണം. ആദ്യവരവിന്റെ തുടര്‍ച്ചതന്നെയാണിത്. ഇത്തവണ  പഴനിയാണ് തട്ടകം. കാലത്തിനനുസരിച്ചുള്ള ചില മാറ്റങ്ങള്‍ കഥയിലുണ്ടാകുമെങ്കിലും നായകന്റെ ലുക്കിലും മാനറിസങ്ങളിലും മാറ്റമുണ്ടാകില്ല. അതിസാഹസികരംഗങ്ങളും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന കാഴ്ചകളും നിറഞ്ഞ ഒരു  പതിവ് തമിഴ്ചിത്രംതന്നെയാകും സാമി സ്‌ക്വയര്‍. മലയാളിയായ ഷിബു തമ്മീസാണ് നിര്‍മാതാവ്
 
തമിഴകത്തെ മികച്ച സംവിധായകര്‍ക്കൊപ്പമെല്ലാം കരുത്തുറ്റവേഷങ്ങള്‍ ചെയ്തു. വിക്രം എന്ന നടനെ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ സംവിധായകന്‍ ആരായിരിക്കും.

ഓരോ സംവിധായകര്‍ക്കും ആവശ്യമായത് നല്‍കാന്‍ കഴിയുക എന്നതുതന്നെയാണ് പ്രധാനം. നടനില്‍നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാന്‍ കഴിവുള്ള സംവിധായകര്‍ തമിഴില്‍ ഒരുപാടുണ്ട്. മണിരത്‌നത്തിനൊപ്പം ചെയ്ത രാവണന്‍ എന്ന ചിത്രം ഇന്നും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തിനൊപ്പം ജോലിചെയ്യുമ്പോള്‍ അവിടെനിന്ന് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം ഫ്രെയിമുകള്‍ എടുക്കുമ്പോള്‍ ക്യാമറാമാനോട് പറയുക ആ സീനില്‍ അദ്ദേഹത്തിനുവേണ്ട ഫീലിങ്ങിനെക്കുറിച്ചാണ്. ബിഗ്സ്‌ക്രീനിലെ മണിരത്‌നം സിനിമയുടെ സൗന്ദര്യം നമ്മെ അതിശയിപ്പിക്കും. ക്യാമറാമാന് അദ്ദേഹം നല്‍കുന്ന ടിപ്‌സുകള്‍ കേള്‍ക്കാന്‍ ഞാനും പോയിനില്‍ക്കാറുണ്ട്. അതിശയിപ്പിക്കുന്ന മറ്റൊരു സംവിധായകനാണ് ഷങ്കര്‍. ലൊക്കേഷന്‍ എവിടെയായാലും ചിത്രത്തിന്റെ കണ്‍ട്രോള്‍ എപ്പോഴും അദ്ദേഹത്തില്‍ ശക്തമായിരിക്കും. 

ടെക്നിക്കലായുള്ള വലിയ ഇടപെടലുകളായിരിക്കും സംഘട്ടനത്തിലും ഗാനരംഗത്തുമെല്ലാം അദ്ദേഹം കൊണ്ടുവരിക. അതുകണ്ട് വാപൊളിച്ച് നിന്നുപോകും. സംവിധായകന്‍ ഹരിയുമായി ഇടപെട്ട് ജോലിചെയ്യുമ്പോള്‍ നായകന്‍ എന്നനിലയില്‍ സ്വന്തമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊന്നും ഇടമുണ്ടാകില്ല. ബാലയുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ക്യാമറ ഇവിടെവെച്ചാല്‍ നന്നാകും എന്നുവരെ പറയാനുള്ള സ്വാതന്ത്ര്യമുണ്ടാകും. ഒരു നടന്‍ എന്നനിലയില്‍ എന്റെ അഭിനയജീവിതം ചിട്ടപ്പെടുത്തിയതില്‍ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകര്‍ക്കെല്ലാം വലിയ പങ്കുണ്ട്.

മലയാളത്തിലേക്ക് ഇനി എന്നാണ് 

മലയാളത്തില്‍നിന്ന്  ഞാന്‍ ഏറെ അകലത്തിലല്ല. എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പ്രേക്ഷകര്‍ കേരളത്തിലുണ്ടെന്നറിയുന്നതില്‍ വലിയ ആഹ്ലാദമുണ്ട്. മലയാളത്തില്‍ മികച്ച കഥാപാത്രത്തിനായി കാത്തിരിക്കയാണ്, തീര്‍ച്ചയായും നല്ലൊരു വേഷവുമായി ഞാനെത്തും. അതിനിനി അധികം താമസമുണ്ടാകില്ല.