ലയില്‍ മുടിയില്ലാത്തതിന്റെ അപകര്‍ഷതാ ബോധവും കൊണ്ട് നടക്കുന്ന കോളേജ് അധ്യാപകനായ ശ്രീനിവാസൻ എന്ന നായകന്‍, സാധാരണയില്‍ കൂടുതല്‍ തടിയുണ്ടായിട്ടും ചുറ്റുപാടു നിന്നും കളിയാക്കലുകള്‍ കേട്ടിട്ടും അതൊന്നും തന്നെ ബാധിക്കുന്ന വിഷയമേയല്ലെന്ന് ചിരിച്ചു തള്ളുന്ന നായിക...ഇന്നത്തെ കാലത്ത് സമൂഹത്തിലും സൈബര്‍ ഇടങ്ങളിലും ഏറി വരുന്ന പ്രവണതയായ ബോഡി ഷെയ്മിങ് എന്ന ക്രൂരത തുറന്നു കാട്ടുന്ന തമാശയിലെ കേന്ദ്രകഥാപാത്രങ്ങളാണിവര്‍. അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ചിത്രത്തിലെ ചിന്നു എന്ന നായിക ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്..തടി കുറയ്ക്കാന്‍ കുമ്പളങ്ങ നീര് കുടിക്കാന്‍ തന്നെ ഉപദേശിക്കുന്നവരോട് തനിക്കിഷ്ടം ഫലൂദയാണെന്ന് പറയാനും തന്റെ തടി കൊണ്ട് തനിക്കില്ലാത്ത ബുദ്ധിമുട്ട് മറ്റുള്ളവര്‍ക്കെന്തിനാണെന്ന് ചോദിക്കാനും ആത്മവിശ്വാസം ചോര്‍ന്ന നായകന് അത് നല്‍കാനും കെല്‍പ്പുള്ള നായിക. ചിന്നുവിലേക്കുള്ള തന്റെ യാത്രയെക്കുറിച്ച്, തമാശയെക്കുറിച്ച്, ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് ചിന്നു ചാന്ദ്‌നി എന്ന പുതുമുഖ നായിക മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു

ചിന്നു ചാന്ദ്‌നി തമാശയിലെ ചിന്നുവാകുന്നു

ഞാന്‍ മുന്‍പ് അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രം ചെയ്തിരുന്നു. അതില്‍ രജിഷയുടെ സുഹൃത്തായ ജസ്ലിന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. അതിന്റെ സംവിധായകനായിരുന്ന  ഖാലിദ് റഹ്മാന്‍ ആണ് എന്നോട് തമാശയുടെ ഒഡിഷനെ കുറിച്ച് പറയുന്നത്. ഒരു ദിവസം എന്നെ   വിളിച്ചു ചോദിച്ചു മലയാള സിനിമയില്‍  നായികയാകുന്നതിനോടുള്ള അഭിപ്രായമെന്താണെന്ന്. റഹ്മാന്‍ ആയതുകൊണ്ട് പുള്ളി എന്നെ കളിയാക്കാനായി ചോദിക്കുകയാവുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു നമുക്ക് സമീറിക്കയെ കാണാന്‍ പോയാലോ എന്ന്. അവിടെ സമീറിക്കയും അഷ്റഫ് ഇക്കയും ഒക്കെ ഉണ്ടായിരുന്നു. അങ്ങനെ അവിടെ ചെന്നു, ഒഡിഷനില്‍ പങ്കെടുത്തു. ഒന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് ജോയിന്‍ ചെയ്യാനുള്ള കോളും വന്നു.

ചിന്നുവിന്റെ ക്രെഡിറ്റ് തമാശ ടീമിനാണ്

ചിന്നു എന്ന കഥാപാത്രം അവര്‍ എഴുതി എടുത്ത രീതി ഭയങ്കര രസമാണ്. അതിനെ ഡിസൈന്‍ ചെയ്‌തെടുത്ത സംവിധായകന്‍ അഷ്‌റഫിക്ക, ഷൈജു ഇക്ക ഇവരുടെ ഒക്കെ ഇന്‍പുട് ധാരാളം ഉണ്ടായിരുന്നു. എനിക്ക് പകരം ആര് ചിന്നുവിനെ അവതരിപ്പിച്ചാലും ഇതേ സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. അതിന്റെ മുഴുവന്‍ ക്രെഡിറ്റിസും ഇവര്‍ക്കുള്ളതാണ്.

എല്ലാവര്‍ക്കുമുണ്ടാകും ഒരു ബോഡി ഷെയ്മിങ്ങ് അനുഭവം 

കുഞ്ഞു നാള് മുതലേ ഞാന്‍ ഇങ്ങനെ തടി കൂടും കുറയും അങ്ങനെയുള്ള ശരീരപ്രകൃതമായിരുന്നു എനിക്ക്. എന്നാലും തന്നെ സ്‌പോര്‍ട്‌സ്, ഡ്രാമ എന്നിങ്ങനെ ഉള്ള എല്ലാ പരിപാടികളിലും ഞാന്‍ ആക്ടീവും ആയിരുന്നു. കോളേജ് കാലഘട്ടം തീരാറാവുമ്പോഴാണ് ഞാന്‍ തടി വയ്ക്കുന്നത്. തൈറോയിഡ്  പ്രശ്‌നമുണ്ടായിരുന്നു. പിന്നെ കാലൊടിഞ്ഞു . ഈ സമയങ്ങളില്‍ എല്ലാം തന്നെ ഞാന്‍ ടി.വിയില്‍ ഷോകള്‍ ചെയ്യാറുണ്ടായിരുന്നു. അത് തുടങ്ങിയ സമയത്ത് ഞാന്‍ നല്ല മെലിഞ്ഞാണ് ഇരുന്നിരുന്നത്. പിന്നീട് അതിങ്ങനെ കൂടി കൂടി വരുമായിരുന്നു.

അന്നൊന്നും ആളുകള്‍ തടിയെ കുറിച്ച് പറയുമ്പോള്‍ ബോഡി ഷെയ്മിങ് ആണല്ലോ എന്നൊന്നും തോന്നിയിട്ടില്ല. കാരണം എന്നും കാണുന്ന ആള്‍ക്കാരാണ് ഒരു മൂന്നു വര്‍ഷമൊക്കെ കഴിയുമ്പോഴേക്കും അവിടെയുള്ളവരെല്ലാം ഒരു കുടുംബം പോലെയാകുമല്ലോ. അങ്ങനെയുള്ളവരൊക്കെ പറയുമ്പോള്‍ അതിനെ നമ്മള്‍ ബോഡി ഷെയ്മിങ് എന്ന കണ്ണിലൂടെയൊന്നും കാണാന്‍ പറ്റില്ല. നമ്മള്‍ തമാശ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതായേ എടുക്കൂ. 

പക്ഷെ ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊരു തരത്തില്‍ ബോഡി ഷെയ്മിങ് തന്നെ ആയിരുന്നു എന്ന് പറയാം. പിന്നെ ഇത് നമ്മുടെ സമൂഹത്തില്‍ പലരും നേരിടുന്ന കാര്യമാണ്. നന്നായി മെലിഞ്ഞിരിക്കുന്നവരോട് എന്താടോ ആഹാരമൊന്നും കഴിക്കുന്നില്ലേ എന്ന് ചോദിക്കുന്നതും ഒരു തരത്തില്‍ ബോഡി ഷെയ്മിങ് ആണ്.

നേരിട്ട് പറയാവുന്നതേ സൈബര്‍ ഇടത്തിലും പറയാവൂ

ഓണ്‍ലൈന്‍ മാധ്യമം എന്ന് പറയുന്നത് മുഖമില്ലാത്ത ലോകമാണ്. ആര്‍ക്കും ആരെയും എന്തും പറയാവുന്ന ഒരു ലോകം. പക്ഷെ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ നമുക്ക് ഒരാളുടെ മുഖത്ത് നോക്കി പറയാന്‍ പറ്റാത്ത ഒരു കാര്യവും നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ പറയാന്‍ പാടില്ല എന്നാണെന്റെ വിശ്വാസം. നമ്മള്‍ ഈ ഓണ്‍ലൈനില്‍ പറയുന്ന ഒരു കാര്യവും ആരും ആരേയും നേരിട്ട് കണ്ടു സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ അങ്ങനെ പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞാൽ ഈ സൈബര്‍ ബുള്ളിയിങ് പോലുള്ള പ്രശ്‌നങ്ങള്‍ കുറയാവുന്നതേയുള്ളൂ.

സിനിമയിലെ ചിന്നു പറയുന്ന ഒരു ഡയലോഗുണ്ട്. ഞാന്‍ ഒക്ക്യുപൈ ചെയ്യുന്ന സ്‌പേസ് നിങ്ങളെ ബാധിക്കാത്ത കാര്യമാണ്. അതിന്റെ പുറത്ത് എങ്ങനെയാണ് നിങ്ങള്‍ക്കെന്നോട് മോശമായി പെരുമാറാന്‍ കഴിയുന്നതെന്ന്. മറ്റുള്ളവരെ കുറിച്ച് നമ്മള്‍ പലപ്പോഴും ഓര്‍ക്കാറില്ല. സത്യത്തില്‍ അവരെ എന്തെങ്കിലും പറയാന്‍ അവരുടെ ലൈഫില്‍ നമുക്കെന്താണ് അവകാശം. 

ശ്രീനിവാസനും വിനയ്‌ഫോര്‍ട്ടും

നേരത്തെ തന്നെ എനിക്കൊരുപാട് ബഹുമാനം ഉണ്ടായിരുന്ന ആക്ടര്‍ ആണ് വിനയ് ചേട്ടന്‍. പുള്ളിക്കാരനെ നേരിട്ട് കാണുന്നത് സെറ്റിലാണ്. ഭയങ്കര പിന്തുണ തന്ന ആളാണ് വിനയ് ചേട്ടന്‍. ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു വളരെ കോപ്പറേറ്റീവ് ആയി ക്ഷമയോടെ ആണ് പെരുമാറ്ററിയിട്ടുള്ളത്. അതെന്റെ കാരക്ടര്‍ നന്നാക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് കേക്ക് കഴിക്കാന്‍ ഇരിക്കുന്ന സീനില്‍ ഞാന്‍ പറയുന്നത് കേട്ടിട്ട് ശ്രീനിവാസന്‍ മാഷ് ചിരിക്കണം. അതിനിടയ്ക്ക് വിനയേട്ടന്‍ എന്റെ അടുത്ത് പറഞ്ഞു എനിക്ക് ചിരി വരുന്നില്ല എന്ന്. 

അപ്പോള്‍ അഷ്റഫ് ഇക്കയുടെ ഒക്കെ ഗൈഡന്‍സ് അനുസരിച്ചു ഞാന്‍ എന്റെ രംഗം ഒന്ന് ഇാെമ്പ്രാവൈസ് ചെയ്തു. അതില്‍ ശ്രീനിവാസന്‍ മാഷ് പൊട്ടിച്ചിരിക്കുകയായിരുന്നു. ആ ചിരി അദ്ദേഹത്തിന്റെ കണ്ണില്‍ കാണാമായിരുന്നു. തിയേറ്ററിലെ ഈ രംഗത്തില്‍ ആളുകള്‍ ചിരിച്ചത് എന്നെ സംമ്പന്ധിച്ച് വലിയ കാര്യമായിരുന്നു. പ്രമോഷന്‍ സമയത്താണ് ഞാന്‍ വിനയ് ഫോര്‍ട്ടിനെ ശരിക്കും കാണുന്നത്. കാരണം ആ സിനിമയുടെ ലൊക്കേഷനില്‍ ഉടനീളം അദ്ദേഹം ശ്രീനി സാര്‍ ആയിരുന്നു. 

ഹോള്‍സെയില്‍ സ്‌നേഹം, നന്മ

ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത പ്രതികരണമാണ് ലഭിക്കുന്നത്. പടം നന്നാകുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാല്‍ പടമിറങ്ങി കഴിഞ്ഞു എന്റെ കഥാപാത്രത്തെ വച്ച് ഇതേതാ ഈ തടിച്ചി എന്ന ട്രോള് വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ നേരെ വിപരീതമാണ് സംഭവിച്ചത്. ഒരു മനുഷ്യന്‍ പോലും  എനിക്ക് മോശമായി മെസ്സേജ് അയച്ചിട്ടില്ല. ഒരുപാട് മെസ്സേജുകള്‍ എനിക്ക് വരുന്നുണ്ട്. എല്ലാവരും പറയുന്നത്  ഇത് തന്റെ കഥയാണെന്നാണ്, നിരവധി പേര്‍ നല്ലത് പറയുന്നുണ്ട്. ചിലര്‍ തടി കുറയ്ക്കല്ലേ എന്ന് പറയുന്നുണ്ട്. എന്താ പറയാ ഹോള്‍സെയില്‍ ആയി കുറേ നന്മ, നല്ല മെസ്സേജസ് ഒക്കെ ആണ് കിട്ടുന്നത്. കുറേ പേര്‍ ഫലൂദയുടെ ഒക്കെ പടം അയച്ചു തരുന്നുണ്ട്. സത്യത്തില്‍ തടിയിലൊന്നുമല്ലല്ലോ കാര്യം നമ്മുടെ ബോഡി ഹെല്‍ത്തി ആയിരിക്കണം എന്നല്ലേയുള്ളൂ..

കുമ്പളങ്ങ നീരോ അതോ ഫലൂദയോ

മുന്‍പും തടി കുറയ്ക്കണമെന്ന് പറയുന്നവരുടെ അടുത്ത് ഞാന്‍ അങ്ങനെ മറുപടി പറയാന്‍ പോയിട്ടില്ല. അവര്‍ പറയുന്നത് കേള്‍ക്കും മിണ്ടാതിരിക്കും. ഇപ്പോഴും ഇതിന് എന്ത് മറുപടി നല്‍കണമെന്ന് എനിക്ക് അറിയില്ല. പക്ഷെ തടിയില്‍ ആത്മവിശ്വാസം കുറയേണ്ടതില്ല എന്നെനിക്ക് ഉറപ്പാണ്.

Content Highlights : Chinnu Chandni Thamaasha movie Vinay Forrt Ashraf Hamza Divyaprabha Sameer Tahir