എറിഞ്ഞു വീഴ്ത്തിയ മാങ്ങ കല്ലില്‍ എറിഞ്ഞുടച്ച് ഉപ്പും മുളകും ചേര്‍ത്തു കഴിക്കുന്നു. ഈ ഒരൊറ്റ രംഗം മതിയായിരുന്നു അങ്കമാലി ഡയറീസിന്റെ ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറാന്‍. പുതിയ തലമുറയുടെ സ്കൂള്‍ ജീവിതത്തില്‍ നിന്നും കളിയിടങ്ങളില്‍ നിന്നും അന്യം നിന്നുപോയ മാങ്ങതീറ്റ ഗൃഹാതുരമായ ഒരു അനുഭവമായിരുന്നു. തീര്‍ന്നില്ല, പരീക്ഷണങ്ങളുടെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി ഈ 'കട്ട ലോക്കല്‍'ചിത്രമെടുത്തിരിക്കുന്നത് വലിയ താരനിരയില്ലാതെയാണ്. പുതുമുഖങ്ങളെ മാത്രം അണിനിരത്തി പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ലിജോ. ചെമ്പൻ വിനോദാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മാതൃഭൂമി ഡാേട്ട് കോമുമായി പങ്കുവയ്ക്കുകയാണ് ചെമ്പൻ വിനോദ്.
അങ്കമാലി ഡയറീസിലേക്ക് എങ്ങിനെ?
അങ്കമാലി എന്റെ നാടാണ്. എന്റെ നാട്ടിലെ ചില ആളുകള്‍, അവിടുത്തെ ജീവിത സാഹചര്യങ്ങളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഇതെല്ലാമാണ് അങ്കമാലി ഡയറീസ് എഴുതാന്‍ പ്രചോദനമായത്. വളരെ സാധാരണക്കാരുടെ കഥയാണിത്. ക്രിസ്തീയ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പള്ളിയും പെരുന്നാളും പോര്‍ക്ക് കച്ചടവും അങ്ങിനെ പലതുമുണ്ട്. ലിജോയുടെ ആമേനിലും ഡബിള്‍ ബാരലിലും എല്ലാം ഞാന്‍ ഭാഗമായിരുന്നു. വളരെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രങ്ങളായിരുന്നു അവ രണ്ടും. അങ്കമാലിയും പ്രേക്ഷകര്‍ക്ക് പുതുമയായിരിക്കും.
അങ്കമാലിയിലെ പുതുമുഖങ്ങള്‍
ഒരു പ്രത്യേക സ്ഥലത്തിന്റെ കഥയാണ് അങ്കമാലി ഡയറീസില്‍ പറയുന്നത്. അതുകൊണ്ടു തന്നെ അവിടുത്തെ ഭാഷ നന്നായി വഴങ്ങുന്ന അഭിനേതാക്കളെ ആയിരുന്നു ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത്. നിലവിലുള്ള താരങ്ങള്‍ എല്ലാവര്ക്കും ആ ഭാഷ വഴങ്ങണമെന്നില്ല. ഈ ചിന്തയാണ് പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യാന്‍ പ്രേരണയായത്. അങ്കമാലി, ചാലക്കുടി ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ ഭൂരിഭാഗവും. എന്തായാലും ഇതൊരു തുടക്കമാണ്. പ്രേക്ഷകര്‍ക്ക് ഇതുമൊരു പുതിയ അനുഭവമായിരിക്കും എന്ന് വിശ്വസിക്കുന്നു.
വെല്ലുവിളികള്‍
അതേക്കുറിച്ച് ആധികാരികമായി പറയേണ്ടത് സംവിധായകനാണ്. എന്നാലും കാര്യമായ വെല്ലുവിളികള്‍ ഇല്ലായിരുന്നു. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെ ബുദ്ധിമുട്ട് അവര്‍ക്ക് ഉണ്ടായിരുന്നു. പിന്നീട് എല്ലാവരും സിനിമയുമായി കൂടിച്ചേര്‍ന്നു.
പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍
പ്രിവ്യൂ ഷോ കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. എന്നാലും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന റിവ്യൂവാണ് ഏറ്റവും നിര്‍ണായകം. പ്രിവ്യൂവില്‍ പങ്കെടുത്തതില്‍ ഭൂരിഭാഗവും സിനിമാ സുഹൃത്തുക്കളാണ്. അവര്‍ നമ്മള് എന്തു ചെയ്താലും നല്ലതേ പറയൂ. ഞങ്ങള്‍ എല്ലാവരും ഈ സിനിമ ഭംഗിയാക്കാന്‍ കഴിവിന്റെ പരമാവധി ചെയ്തു കഴിഞ്ഞു. ഇനി പ്രേക്ഷകര്‍ വിലയിരുത്തട്ടെ.
മെക്സികന്‍ അപാരതയ്ക്കൊപ്പം റിലീസ് ചെയ്യുമ്പോൾ
ഒരേസമയത്ത് ഒന്നിലധികം ചിത്രങ്ങള്‍ ഇവിടെ റിലീസ് ചെയ്യാറുണ്ട്. മെക്സിക്കൻ അപാരത ചെയ്യുന്നതും ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഞങ്ങള്‍ തമ്മില്‍ മത്സരമില്ല. നല്ലതാണെങ്കില്‍ രണ്ട് ചിത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിക്കും. ഇരു ചിത്രങ്ങള്‍ക്കും വിജയമുണ്ടാകട്ടെ.