നപ്രിയതയുടെ 'ഗപ്പടിച്ച്' രാവണപ്രഭു തിയേറ്ററുകളില്‍ ഭൂകമ്പം തീര്‍ത്തകാലം. രഞ്ജിത് എന്ന എഴുത്തുകാരനെയും സംവിധായകനെയും തേടി പ്രമുഖ താരങ്ങളും നിര്‍മാതാക്കളും ഒന്നിനു പുറകെ ഒന്നായി എത്തുന്നു. ആ തൂലികയില്‍ നിന്ന് പിറക്കുന്ന ആണത്തമുള്ള, ആരാധന തോന്നിപ്പോവുന്ന കഥാപാത്രങ്ങളെ സ്വന്തമാക്കാനെത്തിയവരുടെ തിരക്കായിരുന്നു അദ്ദേഹത്തിനുചുറ്റും അന്ന്.

നായകസങ്കല്പത്തിന്റെ പുതിയ ഭാവങ്ങള്‍ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി രഞ്ജിത് വഴിമാറിനടന്നു. രാവണപ്രഭുവിനുശേഷം നന്ദനമെന്ന ചിത്രമാണ് അദ്ദേഹത്തില്‍ നിന്ന് പുറത്തുവന്നത്. കൃഷ്ണഭക്തയായ ബാലാമണിയുടെ സ്നേഹത്തിന്റെയും നിഷ്‌കളങ്കതയുടെയും കഥപറഞ്ഞ നന്ദനത്തിലൂടെ പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെ രഞ്ജിത് വെള്ളിത്തിരയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നു.

''ആദ്യമായി അഭിനയിക്കാനെത്തുന്നവന്റെ ചളിപ്പൊന്നും ഞാനന്നവനില്‍ കണ്ടില്ല. മല്ലികച്ചേച്ചിയെ വിളിച്ച് ഇളയമകനെയൊന്ന് കാണണം എന്ന ആവശ്യം അറിയിച്ചു. എന്നെക്കാണാന്‍ കോഴിക്കോട്ടേക്കിവന്‍ ട്രെയിനിലെത്തി. ആദ്യകാഴ്ചയില്‍ത്തന്നെ നന്ദനത്തിലെ മനു രാജു തന്നെയെന്ന് ഉറപ്പിച്ചിരുന്നു. താടി വടിച്ചുകളയരുത് എന്ന നിര്‍ദേശം മാത്രം നല്‍കി ഞാനവനെ തിരിച്ചയച്ചു. ആദ്യ സിനിമ കഴിഞ്ഞ് വിദേശത്തേക്ക് തിരിച്ചുപോകാന്‍ തിരക്കുകൂട്ടിയ പയ്യന്‍ പിന്നീട് മടങ്ങിപ്പോയില്ല. സിനിമയെ പ്രണയിച്ചും പഠിച്ചും അവനിങ്ങനെ ഇവിടെത്തന്നെ കൂടി. അവന്റെ വളര്‍ച്ച അശ്ചര്യത്തോടെയും അഹ്ലാദത്തോടെയും ഞാന്‍ കാണുകയായിരുന്നു''രഞ്ജിത് സംഭാഷണത്തിന് തുടക്കമിട്ടു.

Read More : 'എനിക്ക് ആ ബോധ്യമുണ്ട്, പിന്നെന്തിനാണ് ഞാന്‍ മമ്മൂട്ടിയോട് യുദ്ധത്തിന് പോകുന്നത്?'

വര്‍ഷങ്ങള്‍ക്കിപ്പുറം രഞ്ജിത്തും പൃഥ്വിരാജും മുഖാമുഖമിരിക്കുമ്പോള്‍ രാജു മലയാളത്തിലെ താരമൂല്യമുള്ള നടനും സംവിധായകനുമാണ്. എഴുത്തും സംവിധാനവും അഭിനയവും കടന്ന് രഞ്ജിത് നിര്‍മാതാവിന്റെ കുപ്പായമണിയുന്നു. രഞ്ജിത് നിര്‍മിക്കുന്ന അയ്യപ്പനും കോശിയും (എ.കെ.) എന്ന ചിത്രത്തില്‍ ടൈറ്റില്‍വേഷത്തിലൊരാളായി അഭിനയിക്കുകയാണ് പൃഥ്വിരാജ്.

അട്ടപ്പാടിയിലെ ആള്‍ത്തിരക്കധികമില്ലാത്ത ലൊക്കേഷനിലിരുന്ന് അവര്‍ മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനുവേണ്ടി പഴയ ഓര്‍മകളും പുതിയ സ്വപ്നങ്ങളും പറഞ്ഞുതുടങ്ങി...

എഴുത്തിലും സംവിധാനത്തിലും പേരെടുത്ത രഞ്ജിത് അടുത്തകാലത്തായി അഭിനയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നുണ്ട്. ചിത്രീകരണം പുരോഗമിക്കുന്ന 'അയ്യപ്പനും കോശി'യിലും മമ്മൂട്ടിച്ചിത്രം 'വണ്ണി'ലുമെല്ലാം കഥാപാത്രങ്ങളായി കാണുന്നു. നടനായും നായകനായും കൈയടിനേടിയശേഷമാണ് പൃഥ്വിരാജ് സംവിധായകന്റെ തൊപ്പിയണിയുന്നത്. ഈ ഒരു മാറ്റത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് തുടങ്ങിയാലോ...

പൃഥ്വിരാജ്: ഒരുദിവസം രാവിലെ എഴുന്നേറ്റ്, എന്നാല്‍ ഇനിയൊരു സിനിമ സംവിധാനം ചെയ്തേക്കാം എന്നുകരുതി ഇറങ്ങിയതല്ല. സംവിധാനം മനസ്സിലൊരു താത്പര്യമായി നില്‍ക്കുകയും സിനിമയെ ഗൗരവമായി കാണാന്‍ തുടങ്ങിയതു മുതല്‍തന്നെ അണിയറയിലെ കാര്യങ്ങള്‍ കണ്ടുപഠിക്കുകയും ചെയ്തതിന്റെ ഫലമായാണ് ലൂസിഫര്‍ സംഭവിച്ചത്. എന്റെ കാര്യത്തില്‍ ഘട്ടം ഘട്ടമായുള്ള വികസനമായിരുന്നു നടന്നത്, അതുകൊണ്ടു തന്നെ സംവിധായകനായി എന്നുപറയുമ്പോള്‍ ഒരു ഞെട്ടലൊന്നുമില്ല. സംവിധായകന്റെ വേഷമണിഞ്ഞപ്പോഴും ദിനചര്യകളില്‍ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ദിവസങ്ങള്‍ പതിവുപോലെ കടന്നുപോയി. രാവിലെ എഴുന്നേല്‍ക്കുന്നു, നേരെ ലൊക്കേഷനിലേക്ക്. സ്ഥാനം ക്യാമറയ്ക്ക് പിന്നിലാകുന്നു എന്നതുമാത്രമായിരുന്നു വ്യത്യാസം. 

ലൂസിഫറിനു വേണ്ടി എന്റെ മറ്റ് സിനിമകളെല്ലാം മാറ്റിവെച്ച് എട്ടുമാസം പൂര്‍ണമായും ചെലവിടേണ്ടിവന്നിട്ടുണ്ട്. അഭിനയവുമായി ചേര്‍ത്തുനോക്കുമ്പോള്‍ സംവിധാനം ഭാരിച്ചജോലിയാണ്. പക്ഷേ, സംവിധാനത്തില്‍നിന്ന് കിട്ടുന്ന സന്തോഷവും അഭിമാനവുമെല്ലാം വളരെ വലുതാണ്. അതുകൊണ്ടുതന്നെയാകണം വലിയ ഉത്തരവാദിത്വമായിട്ടും വീണ്ടും വീണ്ടും ആളുകള്‍ അതിനുപുറകെ പോകുന്നതെന്ന് തോന്നുന്നു. രഞ്ജിയേട്ടന്‍ എഴുത്തുകാരനും സംവിധായകനും മാത്രമല്ല നല്ലൊരു നടന്‍കൂടിയാണ്. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ആക്ടിങ് സ്റ്റുഡന്റായിരുന്നു
അദ്ദേഹം.

രഞ്ജിത്: അതില്‍ വലിയ കാര്യമില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഉഴപ്പന്‍മാരായ വിദ്യാര്‍ഥികളായിരുന്നു അന്ന് അഭിനയം തിരഞ്ഞെടുക്കുക. സംവിധാനം പ്രയാസമുള്ള ജോലിയാണെന്ന തിരിച്ചറിവുതന്നെയായിരുന്നു അതിനുപുറകില്‍. അഭിനയം, സംവിധാനം... ഇവ രണ്ടുമല്ല എന്നെ സംബന്ധിച്ചെടുത്തോളം എഴുത്താണ് ഇവയ്ക്കെല്ലാം മുകളില്‍ നില്‍ക്കുന്നത്. കൂടുതല്‍ ക്രിയേറ്റീവായ ജോലി എഴുത്തുതന്നെയാണെന്ന് കരുതാനാണ് ഇഷ്ടം.

പൃഥ്വിരാജ്: അവിടെ നമ്മള്‍ തനിച്ചാണ് ആരുമില്ല സഹായത്തിന്...

രഞ്ജിത്: അതെ... അവിടെ നമ്മള്‍ തനിച്ചാണെന്ന് മാത്രമല്ല സഹായത്തിനുവരുന്നവര്‍ പലപ്പോഴും ശല്യമാകുകയും ചെയ്യും. കഥയുടെ കാര്യത്തില്‍ ഏകദേശമൊരു ധാരണയായി കഴിഞ്ഞാല്‍ സംവിധായകരോടു പോലും ഞാന്‍ കുറച്ചുദിവസം കഴിഞ്ഞ് കാണാം എന്നാണ് പറയുക. എഴുത്തിനെ പ്രണയിച്ച് അതിന്റെ ഏകാന്തതയും ഒറ്റപ്പെടലും ആസ്വദിച്ച് ഭ്രാന്തമായ ആ ലോകത്ത് കഴിയാനാണ് ഇഷ്ടം. രാജുവിനോട് എനിക്ക് ചോദിക്കാനുള്ളത്. എന്തുകൊണ്ട് എഴുതുന്നില്ല എന്നാണ്?

Read More : 'ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല,ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല'

പൃഥ്വിരാജ്: വലിയ പ്രയാസമുള്ള കാര്യമാണെന്ന് അറിയുന്നതുകൊണ്ടുതന്നെ...(കാരവനില്‍ ചിരിനിറഞ്ഞു)

രഞ്ജിത്: മലയാളസിനിമയിലെ രാജുവിന്റെ വളര്‍ച്ച അച്ഛന്‍ മകനെ നോക്കിക്കാണുന്നപോലെ ഞാന്‍ കാണുകയായിരുന്നു. നന്ദനം ചിത്രീകരിക്കുമ്പോള്‍ തന്നെ രാജുവിനെതേടി വേറെയും സിനിമകള്‍ വന്നു. വിദേശപഠനം അവസാനിപ്പിച്ച് അവന്‍ സിനിമയ്ക്കൊപ്പം ചേര്‍ന്നു. കൃത്യമായി കാര്യങ്ങള്‍ പഠിച്ച് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയുള്ള വളര്‍ച്ചയായിരുന്നു അവന്റെത്. അഭിനയത്തിനപ്പുറം രാജു സിനിമയുടെ മറ്റു മേഖലകളിലേക്കു കൂടി പടര്‍ന്നുകയറുമെന്ന് എനിക്കുറപ്പായിരുന്നു. സിനിമയോട് ചേര്‍ന്നുള്ള അവന്റെ യാത്ര അങ്ങനെയായിരുന്നു. പല ടെക്‌നീഷ്യന്‍മാര്‍ക്കും ഇവന്‍ ശല്യമായിരുന്നെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇവനെ തൃപ്തിപ്പെടുത്താന്‍ പാകത്തിലുള്ള ഉത്തരങ്ങള്‍ നല്‍കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണ്.

ഇന്ത്യകണ്ട വലിയ സംവിധായകന്‍ മണിരത്‌നം ആരുടെയും സഹസംവിധായകനായി സിനിമയിലേക്കിറങ്ങിയ വ്യക്തിയല്ല. അദ്ദേഹം മുംബൈയില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനാണ് പഠിച്ചത് അദ്ദേഹത്തിന്റെ അച്ഛന് സ്റ്റുഡിയോയും കാര്യങ്ങളുമുണ്ടായിരുന്നു. ഒരുദിവസം ഇതാണ് വഴിയെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം ഇറങ്ങുകയായിരുന്നു. രാജു സംവിധാനത്തിലേക്കിറങ്ങിയപ്പോള്‍ അവന് ലഭിച്ചത് വില കൂടിയ താരവും ബാനറുമെല്ലാമാണ്. അല്ലെങ്കില്‍ അവര്‍ രാജുവിനെ തേടി പോകുകയായിരുന്നു. 

Nandanam

സിനിമയിലിന്നും സജീവമായി നില്‍ക്കുന്ന സത്യേട്ടനോടോ(സത്യന്‍ അന്തിക്കാട്) ജോഷിയേട്ടനോടോ ചോദിച്ചാല്‍ മതി. അവര്‍ക്കെല്ലാം പറയാനുള്ള, അവരെല്ലാം അനുഭവിച്ച പ്രയാസങ്ങളൊന്നും തന്നെ രാജുവിനുണ്ടായിട്ടില്ല. സ്വര്‍ണത്തളികയില്‍ സംവിധാനപ്പട്ടം കിട്ടിയ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല. ലൂസിഫറിന്റെ ഒരു മെയിന്‍ ഷെഡ്യൂള്‍ ചിത്രീകരണം കഴിഞ്ഞ ശേഷം ഞാന്‍ ലാലിനെ കാണ്ടിരുന്നു. അന്ന് ലാല്‍ പറഞ്ഞത് രാജു നന്നായി എടുക്കുന്നുണ്ട് എന്നാണ്. അപൂര്‍വമായി മാത്രമേ ലാലില്‍ നിന്നും അത്തരം കോംപ്ലിമെന്റുകള്‍ പുറത്തുവരാറുള്ളൂ. അതിന്റെ തെളിച്ചം, വെളിച്ചം ലാലിന്റെയും മുഖത്തുണ്ടായിരുന്നു.

നന്ദനത്തില്‍ കേന്ദ്രകഥാപാത്രം ബാലാമണിയാണ്. സിനിമയുടെ ക്ലൈമാക്‌സില്‍ കഥാപാത്രങ്ങള്‍ക്കെല്ലാം മുകളില്‍ എഴുത്തുകാരന്റെ ഒരു ഇടപെടല്‍ കടന്നുവരുന്നു. മലയാളത്തിലെ മികച്ച ഫാന്റസി സിനിമകളിലൊന്നായി അത് മാറി. കഥ കേട്ടാണോ പൃഥ്വിരാജ് സിനിമയുടെ ഭാഗമായത്? ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ നിന്ന രംഗം മനസ്സിലുണ്ടോ

പൃഥ്വിരാജ്: കഥ കേട്ടൊന്നുമല്ല ആദ്യ സിനിമയില്‍ അഭിനയിച്ചത്. ഒരുപക്ഷേ, അന്ന് ആ ചിത്രത്തിന്റെ ഭാഗമായിരുന്നില്ലെങ്കില്‍ ജീവിതം മറ്റൊരുതലത്തിലേക്ക് മാറിയിരിക്കും. വിദേശത്തായിരുന്നു പഠനം. രണ്ടുമാസത്തെ അവധിക്കായി നാട്ടില്‍ വന്നപ്പോഴാണ് നന്ദനത്തില്‍ അഭിനയിക്കുന്നത്. അന്നൊക്കെ എല്ലാവര്‍ഷവും അവധിക്ക് നാട്ടിലുണ്ടാകും. വീട്ടിലെത്താനുള്ള ആവേശവും ഉത്സാഹവുമെല്ലാം ആദ്യത്തെ ആഴ്ച കഴിയുമ്പോഴേക്കും അവസാനിക്കും. പിന്നീട് വലിയ ബോറടിയാണ്. 

ആ സമയത്താണ് രഞ്ജിയേട്ടന്റെ ക്ഷണം എത്തുന്നത്. അവധിക്കാല മുഷിപ്പില്‍നിന്ന് ആശ്വാസമായാണ് സിനിമ തിരഞ്ഞെടുത്തത്. വെക്കേഷന്‍ കഴിയുമ്പോഴേക്കും സിനിമയുടെ ജോലികളും തീരുമെന്ന കണക്കുകൂട്ടലിലായിരുന്നു നീക്കം. അന്ന് മലയാളസിനിമ കാണുന്ന ശീലം കുറവായതിനാല്‍ അക്കാലത്തെ സിനിമകളെപ്പറ്റിയും അണിയറപ്രവര്‍ത്തകരെക്കുറിച്ചും കൂടുതലായി ധാരണയില്ലായിരുന്നു.

രഞ്ജിത്: രാവണപ്രഭു ചെയ്തുനില്‍ക്കുന്ന ഒരു സംവിധായകന്‍ എന്നനിലയിലാകും രാജു അന്നെന്നെ കാണാന്‍ കോഴിക്കോട്ടേക്ക് വണ്ടികയറിയത്. എന്നാല്‍ സുകുവേട്ടന്റെ മകന്‍ എന്ന സ്നേഹമായിരുന്നു രാജുവിനെ വിളിക്കുമ്പോള്‍മുതല്‍ എന്റെ മനസ്സില്‍. സിനിമയെ നെഞ്ചേറ്റികൊണ്ടു നടന്നകാലത്ത് സുകുവേട്ടന്റെ സിനിമകള്‍ ആവേശത്തോടെ കണ്ട തലമുറയായിരുന്നു ഞങ്ങളുടെത്. വിദ്യാഭ്യാസമുള്ള കോളേജ് അധ്യാപകനായ നടന്‍, കമ്യൂണിസ്റ്റുകാരനായ അഭിനേതാവ്... അദ്ദേഹത്തിനോടുള്ള മാനസികഅടുപ്പത്തിന് കാരണങ്ങള്‍ പലതായിരുന്നു.

Read More : 'എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും ഉദാഹരണം ലാല്‍ തന്നെ'

പൃഥ്വിരാജ്: അന്നത്തെ ആ അവധിക്കാലം കഴിഞ്ഞാല്‍ അടുത്ത സെമസ്റ്ററിലേക്ക് കയറുകയായിരുന്നു. പഠനത്തിനായുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള മാര്‍ക്കുമുണ്ടായിരുന്നു. സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് ഉറപ്പാണ്. ഗ്രാന്റ് വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ വലിയ ബോണ്ടുനല്‍കണം. കോഴ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് അവര്‍ പറയുന്ന കമ്പനിക്കൊപ്പം പ്രവര്‍ത്തിക്കേണ്ടിവരും. 

അങ്ങനെയെങ്കില്‍ ജീവിതം മറ്റൊരുതലത്തിലേക്ക് മാറ്റപ്പെട്ടേനേ. നന്ദനത്തിലഭിനയിക്കാനുള്ള തീരുമാനം, ആ വിളി അതാണ് എന്നെ ഇന്നു നില്‍ക്കുന്ന സ്ഥാനത്തെത്തിച്ചത്. സിനിമയ്ക്കായി ആദ്യം ചിത്രീകരിച്ച രംഗം ഇന്നും ഓര്‍മയിലുണ്ട്. കവിയൂര്‍ പൊന്നമ്മച്ചേച്ചി കട്ടിലില്‍ കിടക്കുന്നു. കാല്‍ തിരുമ്മിക്കൊടുത്തുകൊണ്ട് ഞാന്‍ സംസാരിക്കുന്നു. ക്യാമറ വൈഡ് ഷോട്ടില്‍ വാതിലിന് പുറത്തുനിന്ന്. മൊബൈല്‍ ഫോണില്‍ ആ സമയം എത്തിയ ഒരു വാട്‌സ് ആപ്പ് മെസ്സേജ് പൃഥ്വിരാജ് ഞങ്ങള്‍ക്ക് മുന്‍പിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: ''അമ്മ ഇപ്പോള്‍ അയച്ചതാണ്'' (കവിയൂര്‍ പൊന്നമ്മയും മല്ലികാ സുകുമാരനും ഒന്നിച്ചുള്ള പടം).

പൃഥ്വിരാജ്: നന്ദനത്തിലെ ആദ്യ രംഗത്തിനും ഒരു നിമിത്തമുണ്ട്. എന്റെ അച്ഛന്റെ ആദ്യ ഷോട്ടും പൊന്നമ്മച്ചേച്ചിക്കൊപ്പമായിരുന്നു. നിര്‍മാല്യം. ചിത്രത്തില്‍ മനുവെന്ന കഥാപാത്രത്തിന്റെ അച്ഛനായി ചുമരില്‍ കാണിച്ച ചിത്രം എന്റെ അച്ഛന്റെതുതന്നെയാണ്. ആദ്യ സിനിമയിലെ രംഗങ്ങള്‍ പലതും ആ സമയം ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായിരുന്നു. വിദേശത്ത് പഠിച്ചുകൊണ്ടിക്കുന്ന ഞാന്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ കുറേക്കാലമായി എന്നെ കണ്ടിട്ടില്ലാത്ത ചില ബന്ധുക്കളും പരിചയക്കാരുമെല്ലാം അന്ന് കല്യാണ ആലോചനയുമായി എത്തിയിരുന്നു. പൊക്കക്കൂടുതലും നീട്ടിവളര്‍ത്തിയ താടിയുമെല്ലാം കണ്ടപ്പോള്‍ അവര്‍ക്കങ്ങനെ തോന്നിക്കാണും. കല്യാണപ്രായമൊന്നുമായിട്ടില്ല. ഇവന്‍ പഠിക്കുകയല്ലേയെന്ന് അമ്മ അവരോടെല്ലാം പറയുന്നത് കേട്ടിട്ടുണ്ട്. സിനിമയിലും സമാന രംഗങ്ങളുണ്ടായിരുന്നു.

Nandanam

രഞ്ജിത്: രാജുവിനെ ആദ്യമായി ക്യാമറയിലൂടെ കാണുന്ന ആള്‍ ഞാനാണ്. പിന്നീടാണ് മണിരത്നവും ജോഷിയുമെല്ലാം കണ്ടത് (ചിരി). ആദ്യമായി അഭിനയിക്കാനെത്തുമ്പോള്‍ ഇവന്‍ സിനിമയില്‍ തുടരാന്‍ ഇഷ്ടപ്പെടുന്ന കുട്ടിയാണോയെന്ന് സംശയമുണ്ടായിരുന്നു. അവന്‍ സിനിമയെ പ്രണയിച്ചതും ഒപ്പം നടക്കാന്‍ തീരുമാനിച്ചതും ആദ്യസിനിമയുടെ സെറ്റില്‍വെച്ചല്ലെന്നുറപ്പാണ്, കാരണം നന്ദനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ രാജു എന്നോട് ചോദിച്ചത് ഇതിന്റെ ഡബ്ബിങ് എന്നാണെന്നും അവന്‍തന്നെയാണോ ശബ്ദം നല്‍കേണ്ടത് എന്നെല്ലാമായിരുന്നു. നീയല്ലാതെ നിന്റെ കഥാപാത്രത്തിന് ആര് ശബ്ദം ചെയ്യുമെന്നുചോദിച്ചപ്പോള്‍ അവന്‍ മാറിനിന്നു. 

അവധിക്ക് നാട്ടില്‍ വന്നവനാണ്, ഓസ്‌ട്രേലിയയിലേക്ക് തിരിച്ചുപോകാനുള്ള ദിവസം അടുത്തുവരുന്നു... അതിന്റെ തിരക്കായിരുന്നു അന്ന് രാജുവില്‍ കണ്ടത്. സിനിമയുടെ അവസാനവട്ട ജോലികള്‍ എന്നുതീരുമെന്ന് ആ സമയത്ത് പറയാനാകില്ലെന്നു പറഞ്ഞ് ഞാനവനെ മടക്കിയയച്ചു. ആ രാജുവാണ് ഈ ഇരിക്കുന്നത്. നന്ദനം കഴിഞ്ഞ് മടങ്ങിപോയില്ലെന്നുമാത്രമല്ല ഇന്ന് നൂറിലധികം സിനിമകളിലഭിനയിക്കുകയും മലയാളത്തില്‍ ഒരു ബ്ലോക്ബസ്റ്ററിന്റെ സംവിധായകനുമായി. രാജുവിനെ അഭിനയിക്കാന്‍  വിളിച്ച വിവരമറിഞ്ഞപ്പോള്‍ മലയാളത്തിലെ  പ്രമുഖസംവിധായകന്‍ എന്നോടുപറഞ്ഞത് നായകനായിട്ടല്ല,  ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും എന്നാണ്.

പൃഥ്വിരാജ്: ബഹുമാനത്തോടെ കാണുന്ന  ഞങ്ങളുടെ കുടുംബസുഹൃത്തു കൂടിയായ ആ സംവിധായകന്‍ പിന്നീട് എന്റെ  സിനിമയില്‍ അഭിനയിച്ചു.

സിനിമയാണ് തന്റെ വഴിയെന്ന് എപ്പോഴാണ് മനസ്സില്‍ ഉറപ്പിക്കുന്നത്

പൃഥ്വിരാജ്: ആദ്യ സിനിമ പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ രണ്ടുമൂന്നു സിനിമകള്‍ എത്തിയിരുന്നു. എ.കെ. സാജനും ലോഹിതദാസ് സാറും മാത്രമല്ല അന്നുവരെ എന്നെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്തവര്‍ ചിലര്‍ ഫോട്ടോ കണ്ടും വന്നു. രഞ്ജിത് അഭിനയിപ്പിച്ച പയ്യന്‍, അവന്‍ കൊള്ളാവുന്നവനായിരിക്കും എന്ന ധാരണയാണ് ആ സമയത്ത് പലരെയും എന്നിലേക്കടുപ്പിച്ചത്. യാദൃച്ഛികമായി സിനിമയിലേക്കെത്തിയതാണെങ്കിലും പിന്നീട് അതാണെന്റെ വഴിയെന്ന് തിരിച്ചറിയുകയായിരുന്നു. നന്ദനത്തിനുശേഷം മൂന്നുനാലുസിനിമകള്‍ കഴിഞ്ഞപ്പോഴാണ് സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത്.

നന്ദനം പ്രദര്‍ശനത്തിനെത്തിയിട്ട് പതിനെട്ടുവര്‍ഷം, ഈ കാലത്തിനിടയില്‍ നിങ്ങളില്‍ സംഭവിച്ച പ്രധാന വ്യത്യാസങ്ങള്‍ പരസ്പരം ശ്രദ്ധിച്ചിട്ടുണ്ടോ?

രഞ്ജിത്: ആദ്യസിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പപ്പനോട് (എം.പത്മകുമാര്‍) ഞാന്‍ പറയുമായിരുന്നു ഇവന്റെ ലൈന്‍ എന്താണെന്ന് പിടികിട്ടുന്നില്ലല്ലോയെന്ന്, ആരോടും അധികം അടുപ്പം കാണിക്കാതെ ആദ്യമായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിന്റെ ആഹ്ലാദമൊന്നുമില്ലാതെ എല്ലാത്തിനോടും ഒരകലം സൂക്ഷിച്ച്, എന്നാല്‍ യാതൊരു കുറ്റവും പറയാനില്ല, അതായിരുന്നു തുടക്കത്തിലുള്ള ചിത്രം. പിന്നീട് രാജു പലതരം സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമൊപ്പം നീങ്ങി... വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുമായി സിനിമയെ സ്നേഹിച്ച് കൂടെ കൂട്ടി. നിരന്തരം അഭിനയിച്ചുകൊണ്ടവന്‍ ഒരു സ്വയംനവീകരണം നടത്തുന്നതായാണ് അന്ന് തോന്നിയത്.

ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഞങ്ങള്‍ 'തിരക്കഥ'യെന്ന സിനിമയ്ക്കായി വീണ്ടും ഒന്നിക്കുന്നത്, അപ്പോഴേക്കും രാജുവിന് സിനിമയില്‍ സ്വന്തമായി ഒരിടം ലഭിച്ചുകഴിഞ്ഞിരുന്നു. തിരക്കഥയില്‍ രാജുവായിരുന്നില്ല കേന്ദ്രകഥാപാത്രം. അവനോട് ചേര്‍ത്തുനിര്‍ത്തുമ്പോള്‍ ജൂനിയറായ അനൂപ് മേനോനാണ് കൂടുതല്‍ വലിയ വേഷത്തില്‍, എന്നാല്‍ രാജുവിനതൊരു പ്രശ്നമായിരുന്നില്ല. എന്റെ സിനിമയിലേക്ക് അവന്‍ സന്തോഷപൂര്‍വം എത്തി. പിന്നീട് ഞങ്ങള്‍ ഒന്നിച്ചത് ഇന്ത്യന്‍ റുപ്പിയിലാണ് അപ്പോഴേക്കും രാജു അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. എത്രതന്നെ ഉയരത്തിലേക്ക് കുതിക്കുമ്പോഴും എനിക്കിവന്‍ നന്ദനത്തില്‍ കണ്ട രാജുതന്നെയാണ്.

പൃഥ്വിരാജ്: മുപ്പത്തിയേഴാമത്തെ വയസ്സിലാണ് രഞ്ജിയേട്ടന്‍ നന്ദനത്തിന് തിരക്കഥയൊരുക്കുന്നത്, എനിക്കിപ്പോള്‍ അതേ പ്രായം, ആ പ്രായത്തില്‍ അങ്ങനെയൊരു തിരക്കഥ എഴുതിയെന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. രഞ്ജിയേട്ടന് ഒരു മാറ്റവുമില്ല. അല്പം നരകയറിയെന്നുമാത്രം. വലിയ മാറ്റം സംഭവിച്ചത് സിനിമയ്ക്കാണ്, എന്റെ തലമുറ സിനിമയിലേക്കെത്തിയ കാലമല്ല ഇന്ന്. അന്നത്തെ സാഹചര്യവും രീതിയുമെല്ലാം വ്യത്യാസമായിരുന്നു. കഥയും തിരക്കഥയും വിഷയവുമൊന്നും നോക്കിയല്ല അന്ന് സിനിമകളുടെ ഭാഗമായിരുന്നത്. വലിയൊരു സംവിധായകന്‍, പേരെടുത്തൊരു പ്രൊഡക്ഷന്‍ കമ്പനി അവരാണ് നമ്മളെ അഭിനയിക്കാന്‍ വിളിക്കുന്നതെങ്കില്‍ മറ്റ് കാര്യങ്ങളെല്ലാം അവിടെ അപ്രസക്തമാകുമായിരുന്നു. ഉദാഹരണത്തിന് ഭദ്രന്‍സാറും ഗുഡ്‌നൈറ്റ് മോഹന്‍സാറും കൂടി ഒരു സിനിമയില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അതിന്റെ വിഷയം അന്നെനിക്ക് പ്രശ്നമായിരുന്നില്ല.

ഇന്ന് കാലം മാറി, ഇന്നലെ സിനിമയിലെത്തിയ ഒരു നടനെ മണിരത്നം വിളിച്ചാല്‍പോലും അവര്‍ക്ക് സിനിമയെന്താണെന്ന് അറിയാനും അത് അദ്ദേഹത്തോട് ചോദിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഒരുതരത്തില്‍ അതുതന്നെയാണ് ആരോഗ്യകരമായ പ്രവണത. എന്നാല്‍ മുന്‍പ് ആ സ്വാതന്ത്ര്യം സിനിമയിലെത്തുന്നവര്‍ക്ക് ലഭിച്ചിരുന്നില്ല. വലിയ സംവിധായകനോ നിര്‍മാണകമ്പനിയോ നമ്മളെ തേടിവരുമ്പോള്‍ അല്ലെങ്കില്‍ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ അത് അംഗീകാരമായി കണക്കാക്കിയിരുന്നു. ഇന്ന് സംവിധായകര്‍ക്കും നിര്‍മാണകമ്പനികള്‍ക്കുമെല്ലാം മീതേ സിനിമയുടെ ക്വാളിറ്റി നില്‍ക്കുന്നു. അഭിപ്രായം നേടുന്ന ചെറുസിനിമകള്‍ കാണാന്‍പോലും പ്രേക്ഷകര്‍ കൂട്ടത്തോടെ തിയേറ്ററിലേക്കെത്തുന്നു. പ്രേക്ഷകനെ രസിപ്പിക്കുന്ന സിനിമകളാണ് വിജയിക്കുന്നത്, തണ്ണീര്‍മത്തന്‍ദിനങ്ങള്‍ എന്ന സിനിമ നേടിയ വിജയം നമുക്കുമുന്‍പിലുണ്ട്. സിനിമയിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ഇത്തരം രണ്ട് കാലഘട്ടത്തിലൂടെയും കടന്നുപോകാന്‍കഴിഞ്ഞു എന്നതാണ്. ഒരുപക്ഷേ, ഈ മാറ്റം കാണാന്‍കഴിഞ്ഞ അവസാന തലമുറയിലെ അംഗങ്ങളിലൊരാളാകും ഞാന്‍.

പൃഥ്വിരാജില്‍നിന്ന് ഇനിയെന്ത് കാണാനാണ് രഞ്ജിത് ആഗ്രഹിക്കുന്നത്.

രഞ്ജിത്: കേരളത്തില്‍, മലയാളത്തില്‍ ഒതുങ്ങിനില്‍ക്കേണ്ടവന്നൊന്നുമല്ല ഇവന്‍, മികച്ച സിനിമകളുമായി ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്. സിനിമയെ നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നവനും മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അവയെ പ്രവൃത്തിതലത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവനും വളര്‍ച്ചയുണ്ടാകും, രാജു അത്തരത്തില്‍ ഒരാളാണ്. അവന്‍ രാജ്യത്തിന്റെ അതിരുകള്‍ ഭേദിച്ചുപോയാല്‍ ഒരുപക്ഷേ, നിങ്ങളെല്ലാം അദ്ഭുതപ്പെട്ടേക്കും എന്നാല്‍ അതെല്ലാം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

പൃഥ്വിരാജ്: സിനിമയാണ് നമ്മളെയെല്ലാം അദ്ഭുതപ്പെടുത്തിക്കൊണ്ട് മുന്നോട്ട് കുതിക്കുന്നത്. സിനിമയിലേക്ക് ഇറങ്ങുന്നതിന്റെ തുടക്കത്തില്‍ ചിത്രീകരണ സ്ഥലത്ത് മോണിറ്ററില്ല. ഒരു രംഗം എടുത്തു കഴിഞ്ഞാല്‍ സംവിധായകന്‍ ക്യാമറാമാനോട് ചോദിക്കണം. അയാള്‍ നന്നായി എന്നുപറഞ്ഞാലാണ് സീന്‍ ഓക്കെയാകുന്നത്. ആ രംഗം പിന്നീട് കാണുന്നത് മാസങ്ങള്‍ക്കുശേഷം ഡബ്ബിങ്ങിനെത്തുമ്പോഴാണ്. ശ്ലൊ, ഇങ്ങനെയാണല്ലേ ചെയ്തത്, അങ്ങനെ പറ്റിയില്ലല്ലോ എന്നെല്ലാം സ്റ്റുഡിയോയിലിരിക്കുമ്പോള്‍ തോന്നും. ഇന്നതെല്ലാം മാറി. ഒരുരംഗം ചിത്രീകരിച്ചുകഴിഞ്ഞാല്‍തന്നെ മോണിറ്ററിലത് കാണാം, തെറ്റുസംഭവിക്കുന്നവ മാറ്റിയെടുക്കുന്നു. നന്നാക്കേണ്ട ഭാഗങ്ങള്‍ കൂടുതല്‍ മികച്ചതാക്കാം. സ്‌പോട്ടില്‍ ഡബ്ബിങ് നടത്തുന്നു. ഞാന്‍ അഭിനയിക്കുന്ന പതിനൊന്നാമത്തെ സിനിമയ്ക്കോ മറ്റോ ആണ് മോണിറ്ററില്‍ ആദ്യമായി ചിത്രീകരിച്ച രംഗങ്ങള്‍ കാണുന്നത്. 'പുതിയമുഖ'ത്തിന്റെ ലൊക്കേഷനിലാണ് സ്പോട്ട് എഡിറ്റിങ്. അടുത്തകാലത്ത് സിനിമയില്‍ വന്നവര്‍ക്കൊന്നും പഴയകാലങ്ങളെക്കുറിച്ചുള്ള നേരറിവുകളുണ്ടാവില്ല. സിനിമയ്ക്കൊപ്പം സഞ്ചരിച്ച് അതിന്റെ മാറ്റം ഉള്‍ക്കൊള്ളാന്‍ എന്റെ തലമുറയിലുള്ള സിനിമക്കാര്‍ക്ക് കഴിഞ്ഞു. ഈ രീതിയും മാറും. സിനിമയിലേക്കെത്തുകയെന്നത് മുന്‍പ് വലിയ കടമ്പയായിരുന്നു, എന്നാല്‍ പുതിയകാലത്ത് സാധ്യതകള്‍ വിശാലമാണെന്ന് തോന്നുന്നുണ്ട്.

പൃഥ്വിരാജ് അതിശയപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടോ.

രഞ്ജിത്: പലപ്പോള്‍ പലതരത്തില്‍. ലൂസിഫര്‍പോലൊരു സൂപ്പര്‍ഹിറ്റ് സംവിധാനംചെയ്തുകൊണ്ടാണ് ഏറ്റവുമൊടുവില്‍ അവനെന്നെ അതിശയപ്പെടുത്തിയത്.

പൃഥ്വിരാജ്: നന്ദനം കഴിഞ്ഞ് തിരിച്ചുപോകാത്തപ്പോള്‍തന്നെ ഞാന്‍ അദ്ഭുതപ്പെടുത്തിയില്ലേ... (കണ്ണിറുക്കിയ ചിരി)

നടന്‍ എന്നനിലയിലുള്ള വളര്‍ച്ചയെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്

പൃഥ്വിരാജ്:പണ്ട് ഫിലിമുകളില്‍ സിനിമ ചിത്രീകരിച്ചിരുന്നകാലത്ത് കൊഡാക്ക്, ഫ്യൂജി എന്നീ രണ്ടുതരം ഫിലിമുകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. കൊഡാക്ക് വിലകൂടിയതും ഫ്യൂജി ഫിലിം താരതമ്യേന വിലകുറഞ്ഞതുമാണ്. ബജറ്റ് പ്രശ്നമില്ലാത്ത ചില സിനിമകള്‍പോലും ഫ്യൂജിയില്‍ ചിത്രീകരിക്കുന്നത് കണ്ടപ്പോള്‍ എന്താണ് അതിന് കാരണമെന്ന് മുന്‍പ് അന്വേഷിച്ചിട്ടുണ്ട്. ചിലര്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കി സംശയങ്ങള്‍ തീര്‍ത്തു. എന്നാല്‍ ഏത് ഫിലിമിലാണ് സിനിമ ചിത്രീകരിക്കുന്നത് എന്ന് അന്വേഷിച്ചതിന്റെ പേരില്‍ എന്നെ സിനിമയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. ഇത് ചോദിക്കാന്‍ ഇവനാരടാ എന്ന ഭാവമായിരുന്നു അവര്‍ക്കപ്പോള്‍.

ഞാന്‍ സ്വപ്നംകണ്ട ജീവിതത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഇഷ്ടപ്പെട്ട സിനിമകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും അതിനുള്ള സ്ഥാനവും ഇന്നെനിക്കുണ്ട്. ഒരു പുതിയ സംവിധായകന്റെയോ എഴുത്തുകാരന്റെയോ കഥയാണെങ്കില്‍പോലും സഹകരിക്കാമെന്ന് തീരുമാനിച്ചുകഴിഞ്ഞാല്‍ അതിനെയൊരു പ്രോജക്ടാക്കിമാറ്റാന്‍ എനിക്കിന്ന് കഴിയും. അതിനുള്ളൊരു ഇടം ഇന്നെനിക്ക് സിനിമയിലുണ്ട്.

പൃഥ്വിരാജിന് നല്‍കുന്ന ഒരു ഉപദേശം എന്തായിരിക്കും.

ഉപദേശം എന്ന വാക്ക് തന്നെ പ്രശ്നമാണ്, ഇവന്‍ ഇനിയും മികച്ച നടനാകണം അതിനുവേണ്ടി പരിശ്രമം ചെയ്തുകൊണ്ടിരിക്കണം.

രഞ്ജിത്ത് സിനിമകളില്‍ ഏറ്റവും മികച്ച സിനിമ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ...

പൃഥ്വിരാജ്: ഞാന്‍ അഭിനയിച്ചതാണെങ്കില്‍ ഇന്ത്യന്‍ റുപ്പി. മൊത്തത്തില്‍ പറയുമ്പോള്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. ഇന്ത്യന്‍ റുപ്പിയുടെയും പ്രാഞ്ചിയേട്ടന്റെയുമെല്ലാം ആശയം തിരക്കഥയിലേക്ക് കൊണ്ടുവരുകയെന്നത് അതിശയിപ്പിക്കുന്ന ഒന്നാണ്. മറ്റുള്ളവര്‍ അസൂയയോടെ നോക്കിക്കാണുന്ന രഞ്ജിയേട്ടന്റെ സിനിമകളാണ് ഇവ രണ്ടും.

Indian rupee

നായകസങ്കല്പങ്ങളുടെ പൂര്‍ണതയെന്നാണ് നരസിംഹം എന്നചിത്രത്തിന് അന്ന് നല്‍കിയ ടാഗ് ലൈന്‍. ലൂസിഫറും മറ്റൊരുതരത്തില്‍ പ്രേക്ഷകരെ ഇളക്കിമറിക്കുന്ന സിനിമയായിരുന്നു. രഞ്ജിത്ത് സിനിമകളിലെ കഥാപാത്രങ്ങളുടെ വരവും സംഭാഷണവുമെല്ലാം പൃഥ്വിരാജ് എന്ന സംവിധായകനെ എത്രത്തോളം സ്വാധീനിച്ചിരുന്നു.

പൃഥ്വിരാജ്: രഞ്ജിയേട്ടന്റെ നരസിംഹം എന്ന സിനിമയെയും അതിലെ ജനപ്രിയരംഗങ്ങളെയും സംഭാഷണത്തെക്കുറിച്ചും ലൂസിഫറിലെ സായികുമാറിന്റെ കഥാപാത്രം പറയുന്നുണ്ട്. പ്രേക്ഷകര്‍ എവിടെ കൈയടിക്കുമെന്നതിന്റെ കൃത്യമായ കണക്ക് നമുക്ക് നല്‍കുന്നത് മുന്‍പ് ഇറങ്ങിയ അത്തരം സിനിമകളാണ്. രഞ്ജിയേട്ടന്റെ മാത്രമല്ല ജോഷിസാര്‍, ഭദ്രന്‍സാര്‍, ഷാജിയേട്ടന്‍, അമല്‍ നീരദ് അങ്ങനെ കൈയടിനേടിയ സിനിമകളെല്ലാം ഞാന്‍ കണ്ടുപഠിക്കാറുണ്ട്. വിജയചിത്രങ്ങളുടെ ഫോര്‍മുലകള്‍ മനസ്സിലാക്കുക, അതിനായി അത്തരം സിനിമകള്‍ കാണുകയെന്നത് നല്ലൊരു എക്‌സസൈസ് തന്നെയാണ്.
 എഴുത്തുകാരനായും സംവിധായകനായും നടനായും നിര്‍മാതാവായുമുള്ള രഞ്ജിതിനെ അടുത്തറിഞ്ഞ ആളാണ് പൃഥ്വിരാജ്. വ്യത്യസ്ത റോളുകളില്‍ എത്തുമ്പോഴുള്ള മാറ്റം എങ്ങനെയായിരുന്നു.

Star And Style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

പൃഥ്വിരാജ്: രഞ്ജിയേട്ടന്‍ എന്ന എഴുത്തുകാരന്‍തന്നെയാണ് എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുള്ളത്. അതിന് പകരംവെക്കാന്‍ അദ്ദേഹത്തിന്റെ മറ്റ് റോളുകള്‍ക്കൊന്നുമായിട്ടില്ല. ഈ കാലത്തിനിടെ അദ്ദേഹമെന്നോട് പത്ത് സിനിമകളുടെയെങ്കിലും വണ്‍ലൈന്‍ പറഞ്ഞിട്ടുണ്ടാകും. ഇത്തരം ചിന്തകള്‍ മനസ്സില്‍ കിടക്കുമ്പോള്‍ എങ്ങനെ എഴുതാതിരിക്കാന്‍ കഴിയുന്നു എന്നതാണ് എന്റെ സംശയം.

രഞ്ജിത്: രാജുവിന് ഇഷ്ടം ഞാനെന്ന പ്രൊഡ്യൂസറെയാകും ....(ചിരി).

പൃഥ്വിരാജ്: ഒരിക്കലുമില്ല. രഞ്ജിയേട്ടന്‍ നിര്‍മാതാവാകരുത് എന്നാണ് എന്റെ അഭിപ്രായം. അതില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ മറ്റെല്ലാം ചിലപ്പോള്‍ നിന്നുപോകും. (രഞ്ജിത് വാത്സല്യത്തോടെ പൃഥ്വിരാജിനെ ആശ്ലേഷിക്കുന്നു).

രഞ്ജിത്: നമ്മുടെ അടുത്ത സിനിമയെക്കുറിച്ച് ഇവിടെവെച്ചുതന്നെ പ്രഖ്യാപിക്കാം. (ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പൃഥ്വിരാജിന് സമീപത്തേക്ക് ചേര്‍ന്ന് രഞ്ജിത് തുടര്‍ന്നു)  ഞാന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 2020-ല്‍ ചിത്രീകരിക്കും.

പൃഥ്വിരാജ്: ഞാനതിന് കാത്തിരിക്കുകയാണ് രഞ്ജിയേട്ടന്റെ സംവിധാനത്തില്‍ വീണ്ടും അഭിനയിക്കാന്‍...

(2019 ഡിസംബര്‍ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്)

Conntent Highlights : chat With Prithviraj And Ranjith New Movie Ayyappanum Kshiyum Star And Style