വിറപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയില്‍ സകല വില്ലന്മാരുടെയും വരവ്. നാടോടിക്കാറ്റിലെ ക്യാപ്റ്റന്‍ രാജുവിന്റെ പവനായിയുടെ വരവും ഞെട്ടിച്ചുകൊണ്ടുതന്നെയായിരുന്നു. കോട്ടും സൂട്ടും അത്യാധുനിക ആയുധങ്ങളുമെല്ലാമായി നല്ല ഒന്നാന്തരം ഹോളിവുഡ് സ്റ്റൈല്‍. നിന്നനില്‍പ്പില്‍ ഏതൊരു നായകനുമൊന്ന് മുള്ളിപ്പോകുന്ന അവസ്ഥ. ദാസാ.. ഏതാണീ അലവലാതി എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് ശ്രീനിവാസന്‍ ഉടച്ചകളഞ്ഞത് ഉഗ്രമൂര്‍ത്തിയായ പവനായി എന്ന ഈ പ്രൊഫഷണല്‍ കില്ലറെ മാത്രമല്ല, അത്രയും കാലം പ്രേക്ഷകരെ വിറപ്പിച്ച ക്യാപ്റ്റന്‍ രാജു എന്ന വില്ലനെ കൂടിയാണ്. മിസ്റ്റര്‍  ഞാന്‍ അലവലാതിയല്ല, എന്ന ഡയലോഗോടെ കില്ലര്‍ പവനായി തനി പി.വി. നാരായണനായി. ക്യാപ്റ്റന്‍ രാജു ഇന്നോളം കാണാത്ത ചിരിപ്പിക്കുന്ന വില്ലനായി. പതുക്കെ ഒരു കിടിലന്‍ ഹാസ്യനടനുമായി.

അമ്പും വില്ലും മെഷിന്‍ ഗണ്ണും ട്രാന്‍സിസ്റ്റര്‍ ബോംബും മലപ്പുറം കത്തിയുമെല്ലാമായി പവനായി വന്നിട്ട് മുപ്പത് കൊല്ലമായി. തിരിഞ്ഞുനോക്കുമ്പോള്‍ ആ പെട്ടിയിലെ ആയുധങ്ങളേക്കാള്‍ വലിയ ഓര്‍മയുടെ ശേഖരമുണ്ട് പിന്നെ വില്ലന്റെ കുപ്പായമഴിച്ചുവച്ച് തമാശക്കാരനും സ്വഭാവനടനും സംവിധായകനുമെല്ലാമായ ക്യാപ്റ്റൻ രാജുവിന്റെ കൈവശം. ആ ഓര്‍മകള്‍ നാടോടിക്കാറ്റ് തിയേറ്ററില്‍ റിലീസ് ചെയ്ത മുപ്പതാം വാര്‍ഷികത്തില്‍ അദ്ദേഹം മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെച്ചപ്പോള്‍(2017 നവംബറില്‍ പ്രസിദ്ധീകരിച്ചത്‌)

അതെന്റെ മിടുക്കല്ല

ഒരു കഥാപാത്രം ഹിറ്റാകുന്നത് നടന്റെ വിജയമല്ല. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും വിജയമാണത്. പവനായി ഹിറ്റായിട്ടുണ്ടെങ്കില്‍ അതിന്റെ എല്ലാ കെഡ്രിറ്റും സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അര്‍ഹിക്കുന്നു. അവരുടെ ബ്രെയിനില്‍ ഉണ്ടായതാണ് നാടോടിക്കാറ്റ്. അന്നത്തെ കാലത്ത് പരുക്കന്‍ ഇമേജുള്ള ഒരു നടനായിരുന്നു ഞാന്‍. എന്നെ വിശ്വസിച്ച് ഒരു കോമഡി ക്യാരക്ടര്‍ അവര്‍ നല്‍കിയല്ലോ. പവനായി ഒരിക്കലും എന്റെ മിടുക്കല്ല.  കഥാപാത്രത്തിനോട് നീതി പുലര്‍ത്തുന്ന രീതിയില്‍ ഞാന്‍ പവനായിയെ അവതരിപ്പിച്ചു. പക്ഷേ, സിനിമ ഹിറ്റാകാനുള്ള കാരണം മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോടിയുടെ കോമ്പിനേഷനും പഞ്ച് ഡയലോഗുകളുമൊക്കെയാണ്. നമ്മള്‍ ഒരു കഥാപാത്രത്തെ എത്ര നന്നായി അവതരിപ്പിച്ചാലും സിനിമ ഹിറ്റായില്ലെങ്കില്‍ ഒരു കാര്യവുമില്ല. വിജയനെയും ദാസനെയും പോലെ തന്നെ പവനായിയും സ്വീകരിക്കപ്പെട്ടു. ഞാനിടെ ഒരു പരിപാടിയ്ക്ക് പോയപ്പോള്‍ ചെറിയ കുട്ടികള്‍ വരെ എന്നെ വിളിച്ചത് പവനായി എന്നാണ്. എനിക്ക് ഒരുപാട് മൈലേജ് നല്‍കിയ കഥാപാത്രമാണ്.

നിയമസഭയില്‍ പോലും പവനായി ശവമായി

അങ്ങനെ പവനായി ശവമായി എന്ന് തിലകന്‍ പറയുന്നത് ഇപ്പോള്‍ എന്നു മാത്രമല്ല. എക്കാലവും ആഘോഷിക്കപ്പെട്ടിട്ടുണ്ട്. നമ്മുടെ അസംബ്ലിയില്‍ പോലും ഈ ഡയലോഗ് ഉപയോഗിച്ചിട്ടുണ്ട്. പല രാഷ്ട്രീയക്കാരും ഇതു പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. ആരെങ്കിലും തോറ്റു കഴിഞ്ഞാല്‍ അയാളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാചകമാണ്. കൂട്ടുകാര്‍ തമ്മിലുള്ള സൗഹൃദ സംഭാഷണത്തില്‍ പവനായി ശവമായത് കടന്നുവരാറുണ്ട്. എല്ലാം ദൈവാനുഗ്രഹം മാത്രം. പവനായി ഏതാനും രംഗങ്ങളില്‍ വന്ന് മാഞ്ഞുപോകുന്ന കഥാപാത്രമാണ്. ഞാന്‍ ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ വേഷത്തിന്റെ നീളം നോക്കാറില്ല. എല്ലാ ഭാഷയിലും സിനിമ ചെയ്തിട്ടുണ്ട്. എനിക്ക് ലഭിക്കുന്ന വേഷത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോയെന്ന് മാത്രം നോക്കും.

ദിലീപിന്റെ ചാണക ടെക്നിക്ക്

ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ സിഐഡി മൂസയില്‍ പിന്നീട് ഞാന്‍ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. സത്യത്തില്‍ ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമര്‍ സെന്‍സാണ് സിനിമയെ ഹിറ്റാക്കിയത്. ഞാന്‍ ഒരു ഓട്ടോയില്‍ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീന്‍ ചെയ്തു തുടങ്ങിയപ്പോള്‍ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടില്‍ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു 'ഒരു കാല്‍ അതിന് മുകളില്‍ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്. ഇടത്തേ കാല്‍ അങ്ങിനെ എടുത്തു വയ്ക്കുമ്പോള്‍ വലത്തേ കാല് ചാണകത്തില്‍ ചവിട്ടി വൃത്തികേടാക്കി വയ്ക്കും. ദിലീപ് നല്ല ബുദ്ധമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ്കെയ്സിനകത്ത് കരിമീന്‍ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകര്‍ ആസ്വദിച്ചു. കൊച്ചു കുട്ടികള്‍ക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാര്‍ട്ട് 2 എടുക്കാന്‍ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് ഒരു വേഷം തരികയാണെങ്കില്‍ ഞാന്‍ ചെയ്യും. അല്ലെങ്കില്‍ തിയേറ്ററില്‍ പോയി കാണും.

അങ്ങനെ ഞാന്‍ തീരുമാനിച്ചു മാറി നില്‍ക്കാന്‍

നാടോടിക്കാറ്റിന് ശേഷം എനിക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. എന്റെ അമ്മയ്ക്ക് ഞാന്‍ നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുന്നത് ഇഷ്ടമല്ലായിരുന്നു. അമ്മയുടെ മരണശേഷം ഞാന്‍ വില്ലനായിട്ടില്ല. ഞാന്‍ ഒരിക്കലും ഇനി നെഗറ്റീവ് റോള്‍ ചെയ്യില്ല. അതിന് ഒരു കാരണം പറയാം. ഞാനൊക്കെ ബാലേട്ടന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു നടനുണ്ടായിരുന്നു. നിങ്ങള്‍ക്കെല്ലാം അറിയുന്ന ബാലന്‍ കെ.നായര്‍. സിനിമയില്‍  അദ്ദേഹമെന്നും ക്രൂരനായ വില്ലനായിരുന്നു. ജീവിതത്തില്‍ വളരെ നല്ല മനുഷ്യനും. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് അറിയാം ബാലേട്ടന്‍ ആരായിരുന്നുവെന്ന്. ബാലേട്ടന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ കേരളത്തിലെ ഒരു വിദ്യാസമ്പന്നയായ സ്ത്രീ പറഞ്ഞു അയാള്‍ക്ക് അതിലും കൂടുതല്‍ വരണം അത്രമാത്രം ക്രൂരതയല്ലേ ചെയ്തതെന്ന്. സിനിമകള്‍ മാത്രം കണ്ടാണ് ബാലേട്ടനെ അവര്‍ വിലയിരുത്തിയത്. ബാലന്‍ കെ നായര്‍, കെ.പി ഉമ്മര്‍ തുടങ്ങിയവരെപ്പോലുള്ള നല്ല വ്യക്തികളെ ഇനി നമുക്ക് കിട്ടില്ല. അവരൊക്കെ നല്ല നടന്‍മാരും നല്ല മനുഷ്യരുമായിരുന്നു. രണ്ടുപേരും സിനിമ ഭരിച്ച വില്ലന്മാർ ആയിരുന്നു. ഇതൊക്കെയാണ് നെഗറ്റീവ് കഥാപാത്രങ്ങളില്‍ നിന്ന മാറി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

ആ ശൂന്യത നിലനില്‍ക്കും

എന്റെ കൂടെ അഭിനയിച്ച പലരും ഇന്നില്ല. അത് കാലത്തിന്റെ അനിവാര്യതയായിരിക്കാം. മരണം സത്യമാണ്. ഇന്ന് ശങ്കരാടിയില്ല രാജന്‍ പി ദേവ് ഇല്ല. അങ്ങനെ പലരും ഇല്ല. പ്രേംനസീറിനെപ്പോലെ ഒരു നടന്‍ ഇനി ഉണ്ടാകുമോ? എല്ലാം ദൈവത്തിന്റെ കളി. ഇനി ഒരു ഒടുവിന്‍ ഉണ്ണികൃഷ്ണനെ കിട്ടുമോ? ആ വാക്വം അനുഭവപ്പെടും. പുതിയ തലമുറയില്‍ ഒരുപാട് മിടുക്കന്‍മാരുണ്ട്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാവരും തന്നെ. 

പവനായി മരിക്കുന്നുണ്ടോ? രണ്ടാം ഭാഗം

നാടോടിക്കാറ്റിലെ പവനായി മരിക്കുന്നുണ്ട്. ടവറില്‍ നിന്ന് വീണ്. 2012 ല്‍ മിസ്റ്റര്‍ പവനായി 99.99 എന്ന സിനിമ ഞാന്‍ എടുത്തു. അത് ഇതുവരെ റിലീസ് ആയിട്ടില്ല. നിര്‍മാതാവിന് മറ്റെന്തൊക്കെയോ താല്‍പര്യങ്ങളുണ്ട്. എന്റെ കടമ നിര്‍വഹിച്ചു കഴിഞ്ഞു. ഇനി റിലീസ് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യട്ടെ. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഇതാ ഒരു സ്നേഹഗാഥയാണ്. വിക്രം, ലൈല എന്നിവരാണ് ആ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. വിക്രം ഇന്ന് ഒരുപാട് വളര്‍ന്നുപോയി. വളരെ സന്തോഷം തോന്നുന്നുണ്ട്. 

 

(2017 നവംബറില്‍ പ്രസിദ്ധീകരിച്ചത്‌)

Content Highlights: Captain Raju, Nadodikkattu movie, 30 years of Nadodikkattu, sathyan anthikad, Sreenivasan, Mohanlal