ഴയ മദിരാശിയിൽ കലയുടെ ലോകത്താണ് ബൃന്ദ ജനിച്ചു വളർന്നത്. സഹോദരങ്ങളെല്ലാം നൃത്തത്തിന്റെയും അഭിനയത്തിന്റെയും വഴി തിരഞ്ഞെടുത്തപ്പോൾ ബൃന്ദയുടെയും തീരുമാനം മറ്റൊന്നായിരുന്നില്ല. അവളും ചിലങ്കയുടെ താളം ഹൃദയത്തിലേറ്റി, 13-ാമത്തെ വയസിൽ പിന്നണിയിൽ നൃത്തം ചെയ്തുകൊണ്ട് സിനിമയിലെത്തിയ ബൃന്ദയ്ക്ക്  ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നൃത്ത സംവിധായകരുടെ പട്ടികയിലാണ് സ്ഥാനം.  

ഇത്തവണത്തെ കേരള സംസ്ഥാന പുരസ്കാര പട്ടികയിൽ ബൃന്ദ മാസ്റ്ററെന്ന നൃത്ത സംവിധായികയുടെ നൃത്ത മികവിനെ വീണ്ടും രേഖപ്പെടുത്തി. ഇത് നാലാം തവണയാണ് കേരള സംസ്ഥാന പുരസ്കാരം ബൃന്ദ മാസ്റ്ററെ തേടിയെത്തുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാറിലെ നൃത്തരംഗം ചിട്ടപ്പെടുത്തിയതിനാണ് അനന്തരവനും നൃത്ത സംവിധായകനുമായ പ്രസന്ന സുജിത്തിനൊപ്പം ഇത്തവണത്തെ മികച്ച നൃത്തസംവിധാനത്തിനുള്ള പുരസ്കാരം ബൃന്ദ മാസ്റ്റർ പങ്കിട്ടെടുത്തത്.മുപ്പതിലേറെ വർഷമായി സിനിമയ്ക്കൊപ്പമുണ്ട് ബൃന്ദ മാസ്റ്റർ. തന്റെ കന്നി സംവിധാന സംരംഭത്തിന്റെ തിരക്കുകളിലാണ് മാസ്റ്ററിപ്പോൾ....മൂന്ന് ദശാബ്ദം പിന്നിട്ട തന്റെ സിനിമാ യാത്രയെ കുറിച്ച് ബൃന്ദ മാസ്റ്റർ സംസാരിക്കുന്നു

മരക്കാർ എന്ന വിസ്മയം

പ്രിയൻ സർ എന്റെ കുടുംബാംഗത്തെ പോലെയാണ്. ഒരുപാട് സിനിമകൾ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ മോഹൻലാൽ സാറിനൊപ്പവും നിരവധി ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. മരക്കാറിലെ ഏറ്റവും വലിയ സന്തോഷം എന്തെന്നാൽ ഇരുവരുടെയും മക്കൾക്കൊപ്പവും പ്രവർത്തിക്കാനായി എന്നതാണ്. കല്യാണിയും പ്രണവും .രണ്ട് പേരെയും കുഞ്ഞുനാൾ മുതലേ കാണുന്നതാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിക്കുന്ന അനുഭവമായിരുന്നു  അത്, ഇരുവരും നന്നായി തന്നെ അത് അവതരിപ്പിച്ചു. ഒരുപാട് റിഹേഴ്‌സലുകൾ ചെയ്തു. ഹൈദരാബാദിലെ ഫിലിം സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്.

Brinda Master
മരക്കാറിലെ നൃത്തരം​ഗത്തിൽ പ്രണവും കല്യാണിയും

അതിമനോഹരമായിരുന്നു നൃത്തരംഗത്തെ കോസ്റ്റ്യൂമുകൾ. അതുപോലെ തന്നെ സാബു സാറിന്റെ ആർട് ഡയറക്ഷൻ എടുത്തു പറയണം.ഒരു പിരിയഡ് സിനിമയ്ക്കായി സെറ്റൊരുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  മനോഹരമായ കലാസൃഷ്ടിയാണ് അദ്ദേഹം മരക്കാറിനായി ഒരുക്കിയിരിക്കുന്നത്.. പിന്നെ തിരുവിന്റെ ഛായാഗ്രാഹണ മികവ്, ഗംഭീര ലൈറ്റ്, ഷോട്ടുകൾ. അതെല്ലാം ആ ഗാനത്തിന് മികവേകി. തന്റെ സിനിമകളിലെ ഗാനരംഗങ്ങൾ ഏറ്റവും മികച്ചതാക്കാറുണ്ട് പ്രിയൻ സർ. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഞാൻ ഒരുപാട് ആസ്വദിച്ച് ചെയ്ത ചിത്രമാണ് മരക്കാർ. പക്ഷേ ഈ പുരസ്കാരം ഒട്ടും പ്രതീക്ഷിച്ചതല്ല. പുറത്തിറങ്ങാത്ത ഒരു ചിത്രത്തിന് പുരസ്കാരം നൽകുമെന്നത് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ചെയ്ത വേറെ രണ്ട് ഗാനങ്ങളും പുരസ്കാര പട്ടികയിലുണ്ടായിരുന്നു അതിന് ചിലപ്പോൾ ലഭിച്ചേക്കും എന്നായിരുന്നു  കരുതിയത്. പക്ഷേ ഇത് വളരെ സർപ്രൈസ് ആയി പോയി.

കേരള സംസ്ഥന പുരസ്കാരത്തോട് ഏറെ ഇഷ്ടം

ഒരുപാട് ഒരുപാട് സന്തോഷമുണ്ട്. ഇത് നാലാം തവണയാണ് കേരള സംസ്ഥാന ചലചിത്ര പുരസ്കാരം ലഭിക്കുന്നത്. കേരള സർക്കാർ നൽകുന്ന ഈ പുരസ്കാരം എനിക്കേറെ ഇഷ്ടമാണ്. കാരണം ഇവിടുത്തെ ജൂറി കഴിവിനാണ് പ്രാധാന്യം കൊടുക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഡ്യൂയറ്റ് ഡാൻസ് നമ്പറുകൾ പോലും പുരസ്കാരത്തിനർഹമാവുന്നു. അതുപോലെ തന്നെ ഇന്ന ആൾക്ക് നേരത്തെ പുരസ്കാരം ലഭിച്ചതല്ലേ ഇനി ഇപ്പോൾ കൊടുക്കണ്ട  നിലപാടല്ല ഇവിടെ സ്വീകരിക്കുന്നത്. കഴിവിനെ തന്നെയാണ് മതിക്കുന്നത്.

മോഹൻലാൽ എന്ന ഇതിഹാസം, പ്രണവെന്ന സൈലന്റ് വ്യക്തി

വളരെ സൈലന്റായ വ്യക്തിയാണ് പ്രണവ്. ഞാനെന്ത് പറഞ്ഞ് കൊടുക്കുന്നുവോ അത് അതുപോലെ തന്നെ ചെയ്യും. പ്രണവിന്റെ കണ്ണുകൾക്ക് പ്രത്യേക ആകർഷണമുണ്ട്. ലാൽ സർ ഒരു മികച്ച നടനാണ് . അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. ഇത്ര വലിയ നടനാണെന്ന ഒരു ഭാവവും അദ്ദേഹത്തിലില്ല. ഇന്നും ഒരു പുതുമുഖത്തെ പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ഷോട്ട് ആയാൽ ഒരു അസിസ്റ്റന്റിനെ പോലെയാണ് വന്ന് നിൽക്കുക. ഇതിഹാസമാണ് അദ്ദേഹം. ഇരുവറടക്കം നിരവധി ചിത്രങ്ങൾ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. പക്ഷേ ആദ്യം കണ്ട ലാൽ സർ എങ്ങനെയായിരുന്നോ അതേ മനുഷ്യൻ തന്നെയാണ് ഇന്നും അദ്ദേഹം.  

മണിരത്നം സാർ- റിസ്ക് എടുക്കുന്ന സംവിധായകൻ

പ്രേക്ഷകർ ഡാൻസ് നമ്പറുകളിൽ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്ക് കാലാന്തരങ്ങളിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ദാസി മനോഭാവമായിരുന്നു നൃത്തത്തിൽ ഏറെയും ഇന്നത് മാറിയിട്ടുണ്ട്. ടെക്നിക്കൽ ആയും മാറ്റങ്ങൾ കൊണ്ടുവരാൻ ഞാനിപ്പോൾ ശ്രമിക്കാറുണ്ട്. ഡാൻസ് നമ്പറുകളിലും, ഡ്യൂയറ്റ് ഗാനരംഗങ്ങളിലും പല ടെക്നിക്കുകളും കൊണ്ടു വരാൻ ശ്രമിക്കാറുണ്ട്. ചില നടീ നടന്മാർ മികച്ച നർത്തകരാണ്. എന്നാൽ ചിലരങ്ങനെയല്ല. അവരുടെ നൃത്തരംഗം മികച്ചതാക്കി കാണിക്കുക എന്നുള്ളിടത്താണ് ഒരു നൃത്തസംവിധായകന്റെ വെല്ലുവിളിയിരിക്കുന്നത്.

മണിരത്നം സാറിന്റെ കടൽ എന്ന ചിത്രത്തിലെ അടിയേ, ഗുരുവിലെ മയ്യാ മയ്യാ, കാട്ര് വെളിയിടേയിലെ അഴകിയേ, രാവണിലെ കോടു പോട്ട എന്നിവയൊക്കെ ഞാൻ വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ച നൃത്തരംഗങ്ങളാണ്. മയ്യാ മയ്യായിൽ ബെല്ലി ഡാൻസും ഫ്യൂഷനുമാണ് അവതരിപ്പിച്ചിരിക്കുന്നത്. അഴകിയേ എന്ന ഗാനരംഗം സ്ഥിരം ഡാൻസ് നമ്പറുകളുടെ പാറ്റേണിലല്ല ഒരുക്കിയിരിക്കുന്നത്, ഒരു നേർവരയിൽ നിന്ന് കൊണ്ടല്ല അതിലെ നർത്തകർ നൃത്തം ചെയ്യുന്നത്.  റിസ്ക് എടുക്കുന്ന സംവിധായകനാണ് മണി സർ. ചില നൃത്തരംഗം ഇങ്ങനെ ചെയ്താൽ നന്നാകുമെന്ന് നമ്മുടെ ഉളളിൽ ആഗ്രഹമുണ്ടാകും അത് മണി സാറിന്റെ സിനിമകളിലാണ് നമുക്ക് പരീക്ഷിക്കാനാവുക. ചെയ്ത നൃത്തരംഗങ്ങളിൽ ഇഷ്ടപ്പെട്ടവ ഏറെയുണ്ട്. എങ്കിലും കടലിലെ അടിയേ ഹൃദയത്തോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ്.

വിജയും ഹൃത്വികും ദുൽഖറും

തമിഴിൽ വിജയ് ആണ് ഞാൻ കണ്ടതിൽ വച്ചേറ്റവും മികച്ച ഡാൻസർ, ഹിന്ദിയിൽ ഹൃത്വിക് റോഷൻ, മലയാളത്തിൽ ദുൽഖർ സൽമാന്റെ സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ടമാണ്. വളരെ ക്ലാസിയാണ്. അതുപോലെ തന്നെയാണ്  പൃഥ്വിരാജും.

Brinda

ഹെയ് സിനാമികയുടെ സെറ്റിൽ ​ദുൽഖറിനും അ​ദിഥിക്കുമൊപ്പം ബൃന്ദ മാസ്റ്റർ

ഓരോ അഭിനേതാവിന് വേണ്ടി നൃത്തരംഗം ഒരുക്കുമ്പോഴും അവർക്ക് ചേരുന്നത് എന്തെന്ന് നമ്മൾ മനസിലാക്കണം. ചിലർക്ക് ഡാൻസ് നമ്പറാകും ചേരുക, ചിലർക്ക് എക്സ്പ്രഷൻസും. അത് നോക്കിയാണ് ഞാൻ ഗാനരംഗം ഒരുക്കാറുള്ളത്. രജനി സാറിന് സ്റ്റൈൽ ആണ് ചേരുക. കമൽ‌ സാർ ഓൾ ഇൻ ഓൾ ആണ്. ഡാൻസ്,അഭിനയം അങ്ങനെ എല്ലാത്തിലും പ്രഗത്ഭനാണ്.  അതുകൂടാതെ സിനിമകളുടെ കഥ കേട്ട ശേഷമാണ് നൃത്തരംഗങ്ങൾ ഒരുക്കാറുള്ളത്. എങ്കിലേ ആ സിനിമയ്ക്ക്, അതിലെ കഥാപാത്രങ്ങൾക്ക് ചേരുന്ന ഗാനരംഗങ്ങൾ നൽകാനാവൂ.

ഏയ് സിനാമിക....

Star And Style
പുതിയ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

സിനിമ സംവിധാനം ചെയ്യാൻ വൈകിപ്പോയി എന്ന് ഞാൻ കരുതുന്നില്ല.എന്റെ  കോറിയോഗ്രാഫിയുമായും കുടുംബവുമായും തിരക്കിട്ട ജീവിതമായിരുന്നു ഇതുവരേയും. ഇപ്പോൾ എല്ലാം ഒത്തു വന്നപ്പോൾ സിനിമ ചെയ്യുന്നു എന്നേയുള്ളൂ. ഏയ് സിനാമിക എന്നാണ് ചിത്രത്തിന്റെ പേര്. ദുൽഖറും അദിഥി റാവു ഹൈദരിയും നായികാ നായകന്മാരാകുന്നു.

മണി സാറിന്റെ ഓകെ കണ്മണി എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആദ്യ വരികളാണ് ഏയ് സിനാമിക. എന്റെ ആദ്യ സിനിമയ്ക്ക് ആ പേരിടാനുള്ള ഒരു കാരണവും അതാണ്. മാത്രമല്ല എന്റെ ചിത്രത്തിന് ഈ ടൈറ്റിലാണ് ഏറെ ചേരുക എന്നതുമുണ്ട്. ദുൽഖറിനെ എനിക്ക് വലിയ ഇഷ്ടമാണ്. എന്റെ ആദ്യ ചിത്രത്തിലെ നായകൻ ദുൽഖറായത് അതുകൊണ്ടാണ്. ദുൽഖർ ഈസ് എ ഗ്രേറ്റ് റിയൽ ആക്ടർ....വളരെ മികച്ച ഒരു മനുഷ്യനുമാണ്.

സിനിമാ സംവിധാനത്തിലേക്കെത്തി എന്നുണ്ടെങ്കിലും നൃത്ത സംവിധാനത്തിനാണ് എന്നും ഞാൻ പ്രഥമ പരിഗണന നൽകുന്നത്. ഞാനെന്റെ ജോലിയെ സ്നേഹിക്കുന്നു. ഭ്രാന്തമായി സ്നേഹിക്കുന്നു. സ്വന്തം തൊഴിലിനെ ആത്മാർഥമായി സ്നേഹിക്കണം.അതിനോട് ആത്മസമർപ്പണം ഉണ്ടാവണം.  അല്ലെങ്കിൽ ആ ജോലി ഏറെ നാൾ ചെയ്യാനാവില്ല. സിനിമയ്ക്കൊപ്പം ജീവിക്കാനാണ് എനിക്കിഷ്ടം. സിനിമയെ ഞാനേറെ സ്നേഹിക്കുന്നു....

ഡിസംബർ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്

Content Highlights : Brinda Master Interview Marakkar Mohanlal Pranav Maniratnam Hey Sinamika Dulquer Aditi Rao Hydari