'പെണ്ണുകാണല്‍, മനസ്സമതം, കല്യാണം, പേരിടല്‍, കാതുകുത്ത് അങ്ങനെ മുല്ലക്കരയിലെ എല്ലാ ചോദ്യത്തിനും ഒരൊറ്റ ഉത്തരം, മനോഹരന്‍.' വീണ്ടും തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കവുമായി ജിബു ജേക്കബ്- ബിജു മേനോന്‍ ടീം എത്തിയിരിക്കുകയാണ്. വെള്ളിമൂങ്ങയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന 'ആദ്യരാത്രി' ബിജുമേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു അസ്സല്‍ ചിരിപ്പടമാണ്. എല്ലാ ചേരുവകളും ചേര്‍ത്ത ബ്രോക്കര്‍ മനോഹരന്റെ ജീവിതകഥ.

വെള്ളിമൂങ്ങയ്ക്കുശേഷം ആദ്യരാത്രിയിലെത്താന്‍ അഞ്ചുവര്‍ഷം വേണ്ടിവന്നു?

''അതിനുള്ള ഉത്തരം ജിബുതന്നെ പറഞ്ഞു തുടങ്ങട്ടെ.'' ചെറുചിരിയോടെ ബിജുമേനോന്‍ ചോദ്യം ജിബുവിലേക്ക് പാസ് ചെയ്തു.

ജിബു ജേക്കബ്:  അങ്ങനെ കാത്തിരിക്കേണ്ടിയൊന്നും വന്നിട്ടില്ല. വെള്ളിമൂങ്ങ എന്ന വലിയ വിജയത്തിനുശേഷം വീണ്ടും ബിജുവുമായി സിനിമചെയ്യുമ്പോള്‍ പ്രേക്ഷകര്‍ വല്ലാതെ പ്രതീക്ഷിക്കും. അതിനുതകുന്ന കഥയിലേക്കെത്താനുള്ള സമയമായിരുന്നു അഞ്ചുകൊല്ലം. അതിനിടയ്ക്ക് ഞാന്‍ ലാലേട്ടനെവെച്ച് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ചെയ്തു. ബിജു കുറെ നല്ല സിനിമകള്‍ ചെയ്തു. ഇടവേളകളില്‍ ഒന്നിച്ച് അടുത്ത സിനിമയ്ക്കുള്ള കുറെ കഥകള്‍ ആലോചിച്ചു. രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്ന സബ്ജക്ടിലേക്ക് എത്താന്‍ കുറച്ച് സമയം എടുത്തു എന്നുമാത്രം.

ബിജുമേനോന്‍: വെള്ളിമൂങ്ങ എന്റെ കരിയറില്‍ നല്ലൊരു ബ്രേക്ക് സമ്മാനിച്ച സിനിമയാണ്. അതിനുശേഷം ഫോണിലൂടെയും നേരിട്ട് കാണുമ്പോഴും ജിബു അടുത്ത സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാറുണ്ട്. പല കഥകളും വന്നു. അത് വേണോ, ഇത് വേണോ എന്നൊരു സംശയത്തിലായിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനായി ഒന്നരവര്‍ഷത്തോളം ജിബുവിന് ചെലവിടേണ്ടി വന്നു. ഞാനും സിനിമാതിരക്കുകളുടെ ഇടയിലായി. സമയം സിനിമയില്‍ പെട്ടെന്ന് കടന്നുപോകും എന്നുപറയുമല്ലോ. ഹാസ്യംതന്നെയാണ് ഞങ്ങള്‍ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

ആദ്യരാത്രിയുടെ കഥ കേട്ടപ്പോള്‍ ഇത് പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തോന്നി. വലിയ ലോജിക്കൊന്നുമില്ലെങ്കിലും തിയേറ്ററിലിരുന്ന് ചിരിച്ച് സന്തോഷത്തോടെ കാണാവുന്ന സിനിമയാണ് ആദ്യരാത്രി.

എന്താണ് ആദ്യരാത്രി?

ജിബു ജേക്കബ്: മുല്ലക്കര ഗ്രാമത്തിലെ ജനപ്രിയനായ മനോഹരന്‍ എന്ന കല്യാണബ്രോക്കറുടെ കഥയാണ് ആദ്യരാത്രി. മനോഹരേട്ടന്‍ പ്രണയത്തിന് എതിരാണ്. മുല്ലക്കരയിലെ ഏത് വീടിന്റെ പിറകുവാതിലില്‍ക്കൂടിപോലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള വ്യക്തി. മുല്ലക്കര എന്ന തുരുത്തില്‍ വാഹനങ്ങളൊന്നുമില്ല, അങ്ങനെയൊരു സ്ഥലം കേരളത്തില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല.

ബിജുമേനോന്‍: പക്ക തനിനാടന്‍ സിനിമയെന്ന് പറയില്ലേ, അതാണ് ആദ്യരാത്രി. എല്ലാവരും കാണാന്‍ കൊതിക്കുന്ന കഥാപാത്രങ്ങള്‍, പശ്ചാത്തലം അങ്ങനെ എല്ലാമുള്ളൊരു ചിത്രം. ഇതൊരു വളരെ റിയലിസ്റ്റ് കഥയൊന്നുമല്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന കെട്ടുകഥ തന്നെയാണ്.

 ഒരു ചിരിപ്പടം എന്നുപറയാം. അത്യാവശ്യം തരികിടയൊക്കെ ഉള്ള കഥാപാത്രങ്ങളോട് പ്രേക്ഷകര്‍ക്ക് ഒരു ഇഷ്ടക്കൂടുതലുണ്ട്. അത് ആദ്യരാത്രിയിലും ഉണ്ട്. ബ്രോക്കറാകാന്‍ ആദ്യം താടി ഷേവ് ചെയ്യണമെന്നാണ് എന്നോട് പറഞ്ഞത്. കുറേ സിനിമകളായി ഞാന്‍ താടിയോട് താടി ആയിരുന്നു. 'ബിജുച്ചേട്ടാ പഴയതുപോലെ ഒന്ന് വൃത്തിയായി ബിജുച്ചേട്ടനെ കാണണ'മെന്ന് പറഞ്ഞിട്ടാണ് രണ്ടുവര്‍ഷത്തിനുശേഷം ഞാന്‍ ആദ്യമായി ഷേവ് ചെയ്യുന്നത്. വേറെ പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നുമില്ല. മാമച്ചനെ ഒരു തരത്തിലും മനോഹരനില്‍ കാണാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കാവാലത്ത് ആദ്യരാത്രി ഷൂട്ട് ചെയ്ത വീട് എനിക്ക് ഏറെ ഗൃഹാതുരതയുള്ള സ്ഥലമാണ്. കാരണം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണെഴുതി പൊട്ടുംതൊട്ട് ഷൂട്ട് ചെയ്തത് അവിടെയാണ്.

അതുപോലെ രസകരമായ മറ്റൊരു കാര്യം ആദ്യരാത്രിയില്‍ എനിക്ക് നായിക ഇല്ല എന്നതാണ്. കുറച്ച് സിനിമകളായി എനിക്ക് നായികമാരില്ലെന്നത് ഈയിടെ സംയുക്ത ചോദിച്ചപ്പോഴാണ് ശ്രദ്ധിച്ചത്. 'കുറേ പടങ്ങളായി നായിക ഇല്ലല്ലേ ബിജുവിന്' 'ശരിയാണല്ലേ, അതെന്താ' എന്ന് ഞാന്‍ അപ്പോഴാണ് ചിന്തിച്ചത്.

മനപ്പൂര്‍വമൊന്നുമല്ല. സിനിമയില്‍ നായിക ഉണ്ടാകും. അവരെ ഒന്നിപ്പിക്കലും മറ്റും ആയിരിക്കും എന്റെ ദൗത്യം. പിന്നെ, നായിക ഉണ്ടോ ഇല്ലയോ എന്നത് നമ്മള്‍ നോക്കേണ്ടതില്ല, കഥാപാത്രമാണല്ലോ പ്രധാനം.

ജിബു ജേക്കബ്: ഞാന്‍ മനപ്പൂര്‍വം ബിജുവിന് നായികയെ നല്‍കാത്തതൊന്നുമല്ല(ചിരിക്കുന്നു). വെള്ളിമൂങ്ങയില്‍ നായിക ഉണ്ടായിരുന്നല്ലോ. ആദ്യരാത്രിയില്‍ മനോഹരന്‍ എന്ന കഥാപാത്രത്തിന് നായികയുടെ ആവശ്യമില്ല. അതിന് ഒരു കാരണമുണ്ട്. അത് സിനിമ കാണുമ്പോള്‍ മനസ്സിലാകും

ഗ്രാമം പശ്ചാത്തലമാക്കിയുള്ള സിനിമകളോട് രണ്ടുപേര്‍ക്കും ഇഷ്ടക്കൂടുതലുണ്ടോ?

ജിബു ജേക്കബ്:  ഞാനൊരു നാട്ടിന്‍പുറത്തുകാരനാണ്. എനിക്ക് കൂടുതല്‍ മനസ്സിലാകുകയും ആളുകളോട് പറയാന്‍ കഴിയുകയും ചെയ്യുക, ഗ്രാമീണ പശ്ചാത്തലമുള്ള കഥകള്‍ത്തന്നെയാണ്. എന്നാല്‍ അത്തരം സിനിമകള്‍ മാത്രമേ എടുക്കുകയുള്ളൂ എന്നൊന്നുമില്ല. എല്ലാ ടൈപ്പ് സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരാളാണ്. കഥകള്‍ വരുമ്പോള്‍ അനുയോജ്യമായ പശ്ചാത്തലത്തിലേക്ക് നമ്മള്‍ എത്തുന്നു എന്ന് മാത്രം.

ബിജുമേനോന്‍: കൂടുതലും ആള്‍ക്കാര്‍ക്ക് കാണാന്‍ ഇഷ്ടം നാടന്‍ പശ്ചാത്തലമുള്ള, അത്തരം കഥാപാത്രങ്ങളുള്ള സിനിമകളാണ്. അത് മലയാളിയുടെ മനസ്സിലെ ഗൃഹാതുരതയുടെകൂടി ഭാഗമാണ്. ചായക്കട, ബാര്‍ബര്‍ ഷോപ്പ്, കവല ഇതൊക്കെ പലയിടങ്ങളിലും അന്യമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇതെല്ലാം സ്‌ക്രീനില്‍ കാണാന്‍ മലയാളി ഇഷ്ടപ്പെടുന്നു. അതുപോലെ എനിക്ക് ഗ്രാമങ്ങളില്‍ ഷൂട്ട് ചെയ്യുന്നത് ഭയങ്കര ഇഷ്ടമാണ്.

ചെറിയ ചായക്കടയില്‍നിന്ന് ചായയൊക്കെ കുടിക്കാനും നാടന്‍ ഊണ് കഴിക്കാനും വൈകുന്നേരം കവലയില്‍ ഇരുന്ന് സംസാരിക്കാനുമൊക്കെ സാധിക്കും. ഗ്രാമീണരായ ജനങ്ങളുടെ ജീവിതവും വളരെ സിംപിളാണ്. അമിതമായ ആഗ്രഹങ്ങളൊന്നുമില്ലാത്ത മനുഷ്യര്‍. ഞാന്‍ വളര്‍ന്നതും അങ്ങനെയൊരു പശ്ചാത്തലത്തിലാണ്. അതുകൊണ്ട് അത്തരം സിനിമകളോട് ഒരു ഇഷ്ടക്കൂടുതലുണ്ട്. അത്തരം കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ചെറിയ ബോറടിയൊക്കെയുണ്ട്.

 വിരലിലെണ്ണാവുന്നവര്‍ ഒഴിച്ചാല്‍ മികച്ച തിരക്കഥാകൃത്തുകളുടെ അഭാവം മലയാള സിനിമയില്‍ രൂക്ഷമാണ്. എന്നാല്‍പ്പോലും നമുക്ക് വരുന്ന സിനിമകളില്‍നിന്ന് നല്ലത് തിരഞ്ഞെടുക്കുകയാണ്. പിന്നെ ജിബുവിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ സന്തോഷമാണ്. എന്തും ജിബുവിനോട് ചര്‍ച്ച ചെയ്യാം. അതുകൊണ്ട് വളരെ ഈസിയായി നമുക്ക് വര്‍ക്ക് ചെയ്യാം. ആദ്യരാത്രിയും വെള്ളിമൂങ്ങപ്പോലെ വിജയമാകും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ

 Content Highlights : Biju Menon Jibu Jacob Interview Adhyarathri Movie Anaswara Rajan Aju Vargheese