"നീ കുമ്മാട്ടി എന്ന് കേട്ടിട്ടുണ്ടോ, തൃശ്ശൂര്‍ കുമ്മാട്ടിയല്ല മുണ്ടൂര്‍ കുമ്മാട്ടി. പണ്ട്, ജന്മിമാര്‍ കുമ്മാട്ടിക്കോലത്തില്‍ പാണ്ടികളെ ഇറക്കും. എതിര് നില്‍ക്കുന്ന യൂണിയന്‍ പ്രവര്‍ത്തനമുള്ള ഹരിജന്‍സഖാക്കളെ തീര്‍ക്കാന്‍. ആദ്യത്തെ കുമ്മാട്ടിക്ക് കുറച്ച് സഖാക്കള്‍ തീര്‍ന്നു. പിന്നത്തെ കുമ്മാട്ടിക്ക് തീര്‍ന്നത് 13 പാണ്ടികളാണ്. ചെയ്തത് ആരാണെന്ന് പോലീസിന് പിടികിട്ടിയില്ല, പക്ഷേ, പാര്‍ട്ടിക്ക് കിട്ടി. 25 തികയാത്തൊരു പയ്യനെ കുമ്മാട്ടിക്കോലത്തില്‍ കൊണ്ടുവന്ന് നിര്‍ത്തി എം.എല്‍.എ. ചാത്തന്‍മാഷിന്റെ മുന്നില്‍. മാഷ് അവനോട് പറഞ്ഞു, മോനേ നീ ചെയ്തതൊന്നും തെറ്റല്ല, ചെറുത്തുനില്‍പ്പാണ്. പക്ഷേ, ഇനി നീ എന്ത് ചെയ്യുമ്പോഴും നിന്റെ കൂടെ നിയമം വേണം, എന്നുപറഞ്ഞ് നിര്‍ബന്ധിച്ച് അവനെ പോലീസില്‍ ചേര്‍ത്തു. ആ പയ്യന്റെ പേരാണ് അയ്യപ്പന്‍ നായര്‍, പിന്നീട് മുണ്ടൂര്‍ മാടന്‍ എന്നൊരു വിളിപ്പേരും കെട്ടി. യൂണിഫോമില്‍ കയറിയതുകൊണ്ട് അവന്‍ ഒതുങ്ങി, മയപ്പെട്ടു. ആ യൂണിഫോമാണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്. കണ്ടറിയണം കോശീ ഇനി നിനക്ക് എന്താ സംഭവിക്ക്യാന്ന്...''

അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന ശക്തമായ കഥാപാത്രത്തെ അറിയാന്‍ ഇതിനപ്പുറത്തൊരു വിശേഷണം വേണ്ട. ആരാധകരെ ത്രസിപ്പിക്കുന്ന ഇത്തരം രസികന്‍ സംഭാഷണങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മുണ്ടൂര്‍ മാടനെന്ന് വിളിപ്പേരുള്ള ശക്തമായ കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ബിജു മേനോന്‍...

''കൂട്ടുകാരൊന്നിച്ചുള്ള ഒരു യാത്രയിലാണ് സച്ചി ഈ ചിത്രത്തിന്റെ വണ്‍ലൈന്‍ എന്നോട് പറഞ്ഞത്. രണ്ട് കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചെറിയ ചിത്രമായിരുന്നു അവന്റെ മനസ്സില്‍. ആ കഥ കേട്ടപ്പോള്‍തന്നെ രസം തോന്നി.

കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് ചിത്രത്തിന്റെ പൂര്‍ണമായ കഥ എന്നോട് പറഞ്ഞത്. അന്ന് കോശി എന്ന കഥാപാത്രത്തെയാണ് സച്ചി എനിക്ക് തന്നത്. ഏത് കഥാപാത്രമായാലും ആ ചിത്രത്തിന്റെ ഭാഗമാകണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. തുടര്‍ന്നുണ്ടായ ചര്‍ച്ചയിലാണ് അയ്യപ്പന്‍ നായരായി ഞാനും കോശിയായി പൃഥ്വിരാജും അഭിനയിക്കണമെന്ന ചിന്തയില്‍ സച്ചി എത്തിയത്. അപ്പോഴേക്കും പണ്ട് പറഞ്ഞ ചെറിയ കഥ, കൊമേഴ്സ്യല്‍ ഘടകങ്ങളെല്ലാം ചേര്‍ത്ത് വലിയ സിനിമാക്കഥയായി മാറിയിരുന്നു.''

അയ്യപ്പനും കോശിക്കും തുല്യ പ്രാധാന്യമുള്ള രീതിയിലാണ് സച്ചി തിരക്കഥ മെടഞ്ഞെടുത്തത്?

ചെറിയ കഥയില്‍നിന്ന് പ്രേക്ഷകരെ തിയേറ്ററില്‍ പിടിച്ചിരുത്തുന്ന വലിയ ചിത്രമൊരുക്കാനുള്ള സച്ചിയുടെ ബ്രില്യന്‍സാണ് ഈ സിനിമയുടെ ശക്തി. അദ്ദേഹം തിരക്കഥയെഴുതിയ കഴിഞ്ഞ ചിത്രമായ ഡ്രൈവിങ് ലൈസന്‍സിലൂടെ അത് നേരത്തെ തെളിയിച്ചിട്ടുണ്ട്.

എവിടെനിന്നാണ് സച്ചിയുമായുള്ള സൗഹൃദം തുടങ്ങുന്നത്?

വര്‍ഷങ്ങള്‍ പഴക്കമുള്ള സൗഹൃദമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. ഞാന്‍ ഷൂട്ടിങ്ങിനായി എറണാകുളം വൈറ്റ് ഫോര്‍ട്ടില്‍ താമസിക്കുമ്പോള്‍ സച്ചി ചോക്ലേറ്റ് എന്ന ചിത്രത്തിന്റെ തിരക്കഥാചര്‍ച്ചയുമായി അവിടെയുണ്ടായിരുന്നു. ആ പരിചയത്തിലും സംസാരത്തിലും ഞങ്ങള്‍ ഒരേ ചിന്താഗതിക്കാരാണെന്ന് മനസ്സിലായി. അതിനുശേഷമാണ് സച്ചിയുടെ ചേട്ടായീസ്, റോബിന്‍ഹുഡ് എന്നീ സിനിമകള്‍ ഉണ്ടാവുന്നത്. സിനിമാബന്ധത്തെക്കാള്‍ വ്യക്തിപരമായ ബന്ധമാണ് ഞങ്ങള്‍ക്കിടയിലെ ശക്തി.

അനാര്‍ക്കലിക്കുശേഷം പൃഥ്വിരാജുമായുള്ള രസകരമായ കൂട്ടുകെട്ടിന്റെ വിജയമാണ് ഇവിടെ ആവര്‍ത്തിക്കുന്നത്?

സച്ചി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹമാണ് അനാര്‍ക്കലി എന്ന ചിത്രത്തില്‍ എന്നെ എത്തിച്ചത്. അവിടെനിന്നാണ് ഞാന്‍ പൃഥ്വിരാജുമായി അടുത്ത് ഇടപഴകുന്നത്. അനാര്‍ക്കലി എഴുതിയപ്പോള്‍ അതില്‍ പൃഥ്വിരാജിന്റെ റോള്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു സച്ചി ആദ്യം എന്നെ വിളിച്ചത്. പിന്നീട് ആ കഥയില്‍ കടലിലുള്ള നീന്തലും പ്രണയരംഗങ്ങളും വന്നപ്പോള്‍ ഞാന്‍ അതില്‍നിന്ന് പിന്മാറി. കാരണം അത്തരം കാര്യങ്ങള്‍ ധൈര്യപൂര്‍വം സമീപിക്കാവുന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ടായിരുന്നില്ല. നായകനപ്പുറം നല്ല സിനിമ മാത്രമാണ് ഞാനും പൃഥ്വിരാജും ചിന്തിക്കാറുള്ളത്.

അയ്യപ്പനും കോശിയിലെയും പല സീനിലും എന്റെ കഥാപാത്രത്തിന് പ്രാധാന്യം കിട്ടിയപ്പോള്‍ പൃഥ്വി ഈഗോ ഇല്ലാതെ അഭിനയിച്ചു. അതെല്ലാം സിനിമയോടുള്ള അവന്റെ കമ്മിറ്റ്‌മെന്റാണ് കാണിക്കുന്നത്. അഭിനയിക്കുന്ന സിനിമ ഓടണം എന്നല്ലാതെ എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം വേണമെന്നവന്‍ ചിന്തിച്ചില്ല. ഞാനും അത്തരത്തില്‍ ചിന്തിക്കുന്ന ആളാണ്. അങ്ങനെ ചെയ്യുമ്പോള്‍ സിനിമ നന്നാവും.

അയ്യപ്പന്‍ നായരാകാനുള്ള മുന്നൊരുക്കങ്ങള്‍ എന്തൊക്കെയായിരുന്നു?

ചിരിക്കാന്‍പോലും മറന്നുപോയ സത്യസന്ധനായ കഥാപാത്രമാണ് അയ്യപ്പന്‍ നായര്‍. സിനിമയില്‍ എല്ലാതരത്തിലും അയ്യപ്പന്‍ നായരായി മാറണമെന്ന് ഷൂട്ടിങ്ങിന് മുന്‍പേ സംവിധായകന്‍ സച്ചി എന്നോട് പറഞ്ഞിരുന്നു. അതിനാല്‍ കഥാപാത്രത്തിന്റെ ശരീരഭാഷയിലും സംസാരത്തിലും മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. മാത്രമല്ല പോലീസ് ക്യാമ്പും പോലീസുകാരുടെ ജീവിതവും എനിക്ക് നന്നായി അറിയാം. കാരണം ഒരു പോലീസുകാരന്റെ മകനായാണ് ഞാന്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ കഥാപാത്രത്തോട് എനിക്ക് ഏറെ അടുപ്പം ഇഷ്ടമുണ്ടായിരുന്നു. അതെല്ലാം ചിത്രത്തിലെ കഥാപാത്രത്തിന് ഏറെ ഗുണം ചെയ്തു എന്നാണ് എന്റെ വിശ്വാസം. ചിത്രത്തിനുവേണ്ടി പ്രൊക്ലൈന്‍ ഓടിക്കാനും ബക്കറ്റ് വര്‍ക്ക് ചെയ്യിക്കാനും പഠിച്ചു. സീന്‍ ചിത്രീകരിക്കുന്നതിന് മൂന്നുദിവസം മുന്‍പ് അതിനുള്ള റിഹേഴ്സല്‍ നടത്തി. തൊട്ടടുത്ത് ക്യാമറവെച്ച് ചിത്രീകരിക്കുമ്പോള്‍ ഒന്നു തെറ്റിയാല്‍ എല്ലാം തവിടുപൊടിയാകും. വളരെ ടെന്‍ഷനോടെയാണ് ആ സീനുകള്‍ ചിത്രീകരിച്ചത്.

ചിത്രത്തിലെ സംഘട്ടനസീനുകള്‍ ഏറെ തനിമയുള്ളതായി തോന്നി?

അടുപ്പവും സൗഹൃദവും ഉണ്ടെങ്കിലും ചില കാര്യത്തില്‍ സച്ചി വലിയ പിടിവാശിക്കാരനാണ്. ചിത്രത്തിലെ ഫൈറ്റ് സീനുകള്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെ തനിമയോടെ അവതരിപ്പിക്കണം എന്ന നിര്‍ബന്ധബുദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. അത് ചിത്രത്തിന് അനിവാര്യമായതിനാല്‍ പ്രായത്തിന്റെ പ്രശ്‌നങ്ങളൊന്നും വകവയ്ക്കാതെയാണ് ഞാന്‍ ഫൈറ്റ് സീന്‍ ചെയ്തത്. മാത്രമല്ല കഥാപാത്രം നമ്മുടെ മനസ്സില്‍ കയറുമ്പോള്‍ അതിന്റെ പൂര്‍ണതയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തോന്നുന്നത് സ്വാഭാവികമാണ്. പലപ്പോഴും കഥാപാത്രത്തിന്റെ ആവേശം എന്നിലേക്ക് കയറിയിട്ടുണ്ട്. അട്ടപ്പാടിയിലെ മാര്‍ക്കറ്റില്‍ സെറ്റിട്ടാണ് ചിത്രത്തിന്റെ ക്ലൈമാക്സ് സീന്‍ ചിത്രീകരിച്ചത്.

ഫൈറ്റില്‍ ഞാനും പൃഥ്വിരാജും ചേര്‍ന്നുള്ള മല്‍പ്പിടിത്തത്തിലും കെട്ടിമറിച്ചിലിലും രണ്ടുപേരുടെ ശരീരത്തിലും കുറെ മുറിവും ചതവുകളും ഉണ്ടായി.

ഷൂട്ട് കഴിഞ്ഞ് വൈകുന്നേരം റൂമില്‍ എത്തിയാല്‍ അക്ഷരാര്‍ഥത്തില്‍ ബെഡിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. സിനിമ നന്നായെന്ന് എല്ലാവരും പറയുമ്പോള്‍ പരിക്കിന്റെയും ചളിയില്‍ കുളിച്ചതിന്റെ ഫലം കണ്ടു എന്ന് തോന്നാറുണ്ട്. ഇത്തരം കഥാപാത്രങ്ങള്‍ അപൂര്‍വമായി തേടിയെത്തുന്ന സൗഭാഗ്യമാണ്. അതുകൊണ്ടുതന്നെ എന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രമാകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

സിനിമയുടെ ഹീറോ എപ്പോഴും സ്‌ക്രിപ്റ്റ് തന്നെയാണ്, അയ്യപ്പന്‍ നായര്‍, കോശി എന്നീ ശക്തനായ കഥാപാത്രങ്ങള്‍ സച്ചിയുടെ മനസ്സിലാണ് പിറന്നത്. ആ കഥാപാത്രങ്ങളുടെ കരുത്തുമാത്രമാണ് ഞാനും രാജുവും ഏറ്റെടുത്തത്. രണ്ടുപേരും ചിലപ്പോള്‍ നായകന്മാരും മറ്റ് ചിലപ്പോള്‍ വില്ലന്മാരുമാകും. മനുഷ്യന്റെ ജീവിതാവസ്ഥകളാണ് മനുഷ്യനെ അങ്ങനെയാക്കി മാറ്റുന്നത്.

അടുത്തകാലത്തൊന്നും, എന്റെ സിനിമ കണ്ട് ഇഷ്ടമായി വിളിക്കുന്നവരുടെ ഇത്രയും ഫോണ്‍കോള്‍ കിട്ടിയിട്ടില്ല. ഔട്ട്സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് എന്നാണ് എല്ലാവരും പറയുന്നത്. അത്തരം ഒരവസരം ഒരുക്കിത്തന്നതിന് മൂകാംബികാദേവിയുടെ മുന്നില്‍ പോയി സാഷ്ടാംഗം നമസ്‌കരിച്ച് നന്ദി പറഞ്ഞു. ഇത്തരം കഥാപാത്രങ്ങളാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് എല്ലാവരും പറയുന്നത്.

എല്ലാ സമയത്തും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിയില്ല. എല്ലാതരം കഥാപാത്രങ്ങളും അഭിനയിക്കണം അതാണ് മോഹം.

Content highlights : Biju Menon Interview On New Movie Ayyappanum Koshiyum Prithviraj Sachy