ബോഡിഷെയ്മിങ് പ്രമേയമാക്കിയ ‘തമാശ’ സിനിമയ്ക്കുശേഷം അഷറഫ് ഹംസ സംവിധാനം ചെയ്ത ‘ഭീമന്റെ വഴി’ പ്രദർശനത്തിനെത്തി. ചെമ്പൻ വിനോദ് ജോസിന്റേതാണ് തിരക്കഥ. ചെമ്പൻ വിനോദ് ജോസും ആഷിക് അബുവും റിമ കല്ലിങ്കലും ചേർന്നാണ് നിർമാണം. ഭീമന്റെ വഴിയിലേക്കെത്തിനിൽക്കുന്ന സിനിമായാത്രയെക്കുറിച്ച് സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബൻ

ഭീമന്റെ വഴി - സിനിമയുടെ പേര് പങ്കുവെക്കുന്ന കൗതുകത്തെക്കുറിച്ചുതന്നെയാകാം ആദ്യം...

ഒരു വഴിപ്രശ്നമാണ് സിനിമ. വഴി, വീട്ടിലേക്കുള്ള വഴിയും ജീവിതത്തിലേക്കുള്ള വഴിയും ആകുന്നിടത്താണ് കഥ മുറുകുന്നത്. ‘ഭീമാ’ എന്നാണ് നായകൻ പരിചയക്കാരെയും നാട്ടുകാരെയുമെല്ലാം വിളിക്കുന്നത്. അതുകൊണ്ടുതന്നെ അവരെല്ലാം തിരിച്ചവനെയും ഭീമാ എന്നുതന്നെ വിളിക്കാൻതുടങ്ങി. ചെമ്പൻ വിനോദിന്റെ സുഹൃത്തിന്റെ ജീവിതത്തിലുണ്ടായ ഒരു യാഥാർഥസംഭവത്തെ മുൻനിർത്തിയാണ് കഥ രചിച്ചിരിക്കുന്നത്. തമാശയും റൊമാൻസും പൊടിക്ക് ചുറ്റിക്കളിയുമെല്ലാമുള്ള സിനിമ. കുറ്റിപ്പുറത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരിച്ചത്. പ്രേക്ഷകർക്ക് പുതുമനൽകുന്ന ഒരുപാട് കാഴ്ചകൾ ഭീമന്റെ വഴിയിലുടനീളം കാണാം.

ഭീമന്റെ വഴിയിലേക്ക് ചാക്കോച്ചൻ ചെന്നെത്തുന്നത് എങ്ങനെയാണ്...

ചെമ്പനും അഷറഫും ചേർന്നാണ് കഥ പറയുന്നത്. ആദ്യം അവർ പറഞ്ഞത്‌ മറ്റൊരു കഥയാണ്. കട്ട സീരിയസ്സായ, ഒരു ഹെവി സബ്ജക്ട്‌. പെട്ടെന്ന് ചെയ്തെടുക്കാൻ പ്രയാസമുള്ള വിഷയമായതിനാൽ ഒന്നു മാറ്റിപ്പിടിച്ചാലോ എന്നാണ് കഥകേട്ടപ്പോൾ ഞാൻ ചോദിച്ചത്. ആ സമയത്ത് ചെമ്പൻ പറഞ്ഞൊരു ചെറിയ ത്രഡിൽനിന്നാണ് ഭീമന്റെ വഴിയിലേക്കെത്തുന്നത്. ആദ്യ കേൾവിയിൽത്തന്നെ ആ കഥ ഇഷ്ടമായി. ഭീമന്റെ വഴിയെന്ന പേരും ചെമ്പൻ ആ സമയംതന്നെ പറഞ്ഞിരുന്നു. കഥയും കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കുമെന്ന് തോന്നി. യഥാർഥസംഭവത്തിന്റെ നിഴലിൽ സഞ്ചരിക്കുന്ന കഥയായതിനാൽ എളുപ്പത്തിൽ ചിട്ടപ്പെടുത്താൻ കഴിഞ്ഞു.

തിയേറ്ററിൽ റിലീസ് ചെയ്യുകയും കോവിഡ് രണ്ടാംതരംഗത്തെ തുടർന്ന് പിൻവലിച്ച് ഒ.ടി.ടി.യിൽ റിലീസ് ചെയ്യുകയും ചെയ്ത ചിത്രങ്ങളാണ് നിഴലും, നായാട്ടും. രണ്ട് പ്ലാറ്റ്‌ഫോമിലും സിനിമ ആസ്വദിച്ചവരിൽനിന്നുള്ള പ്രതികരണം ലഭിച്ചിരിക്കുമല്ലോ...

കോവിഡ് ഭീതി ചെറുതായൊന്ന് വിട്ടകന്ന് തിയേറ്ററുകൾ തുറന്നപ്പോഴാണ് നിഴലും, നായാട്ടും പ്രദർശനത്തിനിറക്കിയത്. മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ചുതുടങ്ങുമ്പോഴേക്കും ഇരുസിനിമകളും തിയേറ്ററുകളിൽ നിന്ന് പിൻവലിക്കേണ്ടിവന്നു. സിനിമകളുടെ തിയേറ്റർ വിജയത്തിനുപിന്നിലുള്ള ശക്തമായ കണ്ണി കുടുംബപ്രേക്ഷകരാണ്. രോഗഭീതിയിൽനിന്ന് മാറി അവരെല്ലാം തിയേറ്ററിലേക്ക് തിരിച്ചുവരാൻ തുടങ്ങുന്നേയുള്ളു. തിയേറ്ററുകൾ സജീവമാകുന്ന പഴയകാലം പെട്ടെന്നുതന്നെ സംഭവിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നത്. ഒ.ടി.ടി.യിൽ സിനിമ റിലീസ് ചെയ്യുമ്പോൾ ബിസിനസ്സ് റിസ്ക് കുറവാണ്, ലോകത്തിന്റെ വിവിധഭാഗത്തുള്ള പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നു എന്നതാണ് വലിയനേട്ടം. നിഴലും നായാട്ടുമെല്ലാം കണ്ട് വിദേശരാജ്യങ്ങളിൽ നിന്നുപോലും ഒരുപാടുപേർ വിളിച്ചിരുന്നു. രണ്ട് പ്ലാറ്റ്ഫോമിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. സിനിമകൾ ചെറിയ സ്‌ക്രീനിലേക്ക് ചുരുങ്ങുമ്പോൾ തിയേറ്റർ എക്സ്‌പീരിയൻസ് നഷ്ടമാകുന്നു. പ്രത്യേകിച്ച് ഹ്യൂമർ സിനിമകളെല്ലാം ആൾക്കൂട്ടത്തിനിടയിലിരുന്ന് ആസ്വദിക്കുന്നതിന്റെ ആഹ്ലാദം ഒറ്റയ്ക്കൊരിടത്തിരുന്ന് മൊബൈലിലോ ലാപ്‌ടോപ്പിലോ ടി.വി.യിലോ കാണുമ്പോൾ സാധ്യമാകുന്നില്ല.

സിനിമകളുടെ/കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ അടുത്തിടെ കൂടുതൽ ജാഗ്രതപുലർത്തുന്നുണ്ടോ...

കഥ എത്രത്തോളം ആകർഷിക്കുന്നു എന്നതിനുതന്നെയാണ് പ്രാധാന്യം നൽകുന്നത്. സമാനമായ വേഷങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. നായാട്ടിലെ ‘പ്രവീൺ മൈക്കിൾ’ പ്രധാനകഥാപാത്രങ്ങളിൽ ഒരാൾമാത്രമാണ്. സംഭാഷണം കുറവാണ്, കേന്ദ്രകഥാപാത്രമല്ല എന്നെല്ലാമുള്ള കാരണങ്ങളിൽ സിനിമകൾ വിട്ടുകളയാറില്ല. ഹൗ ഓൾഡ് ആർ യുവും ടേക്ക് ഓഫുമെല്ലാം വേഷങ്ങൾ സന്തോഷം നൽകുന്നതാണ്. പ്രേക്ഷകർ സ്വീകരിക്കുന്ന ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ എത്തുന്നതുപോലും അഭിമാനമായാണ് കാണുന്നത്. സഹകരിക്കുന്ന സിനിമകളിലെല്ലാം എന്റെ തല എന്റെ ഫുൾഫിഗർ എന്നനിലപാടെടുത്തിരുന്നെങ്കിൽ, നല്ല ഒരുപാട് സിനിമകളുടെ ഭാഗമാകാൻ കഴിയാതെ പോയേനെ.

Content Highlights: bheemante vazhi, Kunchacko Boban interview, chat with Kunchacko Boban