മ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ പറയുന്ന നവരസയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍നിന്ന് പിറന്ന ഈ ചലച്ചിത്രസമാഹാരം നിര്‍മിക്കുന്നത് മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസും ചേര്‍ന്നാണ്. മലയാളിയായ ബിജോയ് നമ്പ്യര്‍ സംവിധാനം ചെയ്യുന്ന എതിരി എന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. രേവതി, പ്രകാശ് രാജ്, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

നവരസയുടെ വിശേഷങ്ങള്‍ക്കൊപ്പം വര്‍ഷങ്ങള്‍ക്കു 2017-ല്‍ സംവിധാനം ചെയ്ത മലയാള ചിത്രം 'സോളോ'യെ കുറിച്ചും അദ്ദേഹം മനസു തുറന്നു. 'സോളോ' തിയേറ്റര്‍ റിലീസ് ചെയ്തപ്പോള്‍ ഒരുപാട് മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നുവെന്നും എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തുവെന്നും ബിജോയ് പറയുന്നു. 

നവരസയിലേക്ക് എത്തിയത് ഏങ്ങിനെയായിരുന്നു?

മണിരത്‌നം സാറിന്റെ ആശയമായിരുന്നു. അദ്ദേഹം തന്നെയാണ് സംവിധായകരെ ഓരോരുത്തരെയായി ഈ പ്രൊജക്ടിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം എന്നെ വിളിക്കുകയും, ആന്തോളജി ചിത്രമാണെന്ന് പറയുകയും ചെയ്തു. അദ്ദേഹം നേരിട്ടു വിളിച്ചു പറയുമ്പോള്‍ എനിക്കധികം ആലോചിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മറ്റു സംവിധായകര്‍ ആരൊക്കെയാണ് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല.  ഞാന്‍ അക്ഷരാര്‍ഥത്തില്‍ എടുത്തുചാടുകയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഒരുക്കുന്ന പ്രൊജക്ട് എന്ന നിലയില്‍ ഇരട്ടി സന്തോഷം നല്‍കുന്ന പ്രൊജക്ട് കൂടിയാണിത്.

രേവതി, പ്രകാശ് രാജ്, വിജയ് സേതുപതി എന്നിങ്ങനെ ഒരുകൂട്ടം മികച്ച അഭിനേതാക്കളുണ്ട് എതിരിയില്‍ അവര്‍ക്കൊപ്പമുള്ള അനുഭവം എങ്ങിനെയായിരുന്നു?

നവരസങ്ങളില്‍ കരുണമാണ് ചിത്രത്തിന്റെ പ്രമേയം. രേവതി, പ്രകാശ് രാജ് എന്നിവരുടെ ആരാധകനാണ് ഞാന്‍. അവരുടെ ചിത്രങ്ങള്‍ കണ്ടാസ്വദിച്ച് വളര്‍ന്ന ഒരാളാണ്. ഇന്ത്യന്‍ സിനിമയിലെ യുവതാരങ്ങളില്‍ മികച്ച അഭിനേതാവായ വിജയ് സേതുപതിയും ഇവര്‍ക്കൊപ്പം ചേരുന്നു. ഇവരെയെല്ലാം വച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് സ്വപ്‌നസാക്ഷാത്കാരമായിരുന്നു. ഞങ്ങള്‍  എല്ലാവരും സംതൃപ്തരാണ്. ഇനി പ്രേക്ഷകര്‍ തീരുമാനിക്കട്ടെ.

മണിരത്‌നത്തോടൊപ്പം താങ്കള്‍ നേരത്തെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം താങ്കളിലെ സംവിധായകനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

പതിനഞ്ച് വര്‍ഷങ്ങളായി മണിരത്‌നം സാറിനെ അറിയാം. ഗുരു എന്ന ചിത്രത്തിലാണ് അദ്ദേഹത്തോടൊപ്പം ആദ്യമായി പ്രവര്‍ത്തിക്കുന്നത്. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് എനിക്ക് പഠിക്കാനായി. ഒരു സംവിധായകന്‍ എങ്ങിനെയാണ് ഫിലിം മേക്കിങ്ങിനെ സമീപിക്കേണ്ടതെന്ന ധാരണ അദ്ദേഹത്തെ നീരീക്ഷിച്ചതില്‍ നിന്ന് ലഭിച്ചതാണ്. 

ഈ പ്രൊജക്ടില്‍നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാനായി. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് മണിരത്‌നം സാറാണ്. ഒരു സംവിധായകന്‍ സിനിമ ചെയ്യുമ്പോള്‍ കഥാകൃത്തിന്റെ കാഴ്ചപ്പാടിനോട് നീതി പുലര്‍ത്തണം. അതിന് ധാരാളം ചര്‍ച്ചകള്‍ ആവശ്യമായി വരും. അതെല്ലാം ഒരു ഫിലിം മേക്കറെന്ന നിലയില്‍ എനിക്ക് ഒരുപാട് പ്രയോജനപ്പെട്ടു.

മലയാള സിനിമകളെക്കുറിച്ച് ഇന്ന് ഇന്ത്യമുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. ആ മാറ്റത്തെ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?

ചെറുപ്പം മുതല്‍ തന്നെ മലയാളം സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കേരളത്തില്‍ റിലീസ് ചെയ്ത സിനിമകളുടെ കാസറ്റുകള്‍ മുംബൈയില്‍ ലഭിക്കുമ്പോള്‍ വലിയ സന്തോഷമായിരുന്നു. ഞങ്ങള്‍ കുട്ടികള്‍ക്ക് അതെല്ലാം വലിയ ആവേശമായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ വരുമ്പോള്‍ ഗംഭീര വരവേല്‍പ്പാണ് ലഭിക്കുക. അന്ന് അതെല്ലാം മലയാളി കൂട്ടായ്മകളില്‍ മാത്രം ഒരുങ്ങി നില്‍ക്കുന്ന ഒന്നായിരുന്നു.

ഇന്ന് മലയാള സിനിമ കാണുന്നവരുടെ എണ്ണം കൂടി. സബ്‌ടൈറ്റില്‍ വന്നതോടെ മലയാളികള്‍ അല്ലാത്തവരും മലയാള സിനിമകള്‍ കണ്ടാസ്വദിക്കാന്‍ തുടങ്ങി. ഇന്‍ര്‍നെറ്റിന്റെ വളര്‍ച്ചയും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ചു. എല്ലാ കാലത്തും മലയാളത്തിലെ സൃഷ്ടികള്‍ മികച്ചതായിരുന്നു. ഇന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തി തുടങ്ങിയപ്പോള്‍ ഇന്ത്യ മുഴുവന്‍ ചര്‍ച്ചയാകുന്നു. ഈ കോവിഡ് കാലത്ത് എത്ര നല്ല സൃഷ്ടികളാണ് വന്നത്. പ്രത്യേകിച്ചും മലയാളത്തില്‍.

ഏറെ പ്രതീക്ഷയോടെയാണ് 2017-ല്‍ സോളോയുമായി താങ്കള്‍ മലയാളത്തിലെത്തിയത്? പക്ഷേ തിയേറ്ററുകളില്‍ ആ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ കാലക്രമേണ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തു. സത്യത്തില്‍ ആ സിനിമയ്ക്ക് സംഭവിച്ചത് എന്തായിരുന്നു?

സോളോയ്ക്ക് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഒരു ഫിലിം മേക്കിങ് പുതുമ കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ അന്നത് പ്രേക്ഷകര്‍ക്ക് സ്വീകാര്യമായി തോന്നിയില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതലാളുകള്‍ ആ ചിത്രം കാണുകയും വലിയ തരത്തിലുള്ള പോസിറ്റീവ് പ്രതികരണങ്ങള്‍ നല്‍കാനും തുടങ്ങി. ഇന്ന് വളരെ സന്തോഷമുണ്ടെങ്കിലും അന്ന് മുഖത്ത് ഒരു അടി കിട്ടിയ പോലെയായിരുന്നു. അന്ന് സ്വീകരിക്കപ്പെടാതിരുന്നത് ഒരിക്കലും പ്രേക്ഷകരുടെ തെറ്റല്ല. ഒരു ഫിലിം മേക്കറെന്ന നിലയില്‍ പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ടായിരിക്കണം അന്നങ്ങിനെ സംഭവിച്ചത്.

അഭിമുഖത്തിന്റെ പൂര്‍ണരൂപം

 

Content Highlights: Bejoy Nambiar interview about Navarasa Anthology, Ethiri, Revathy, Vijay Sethupathy, Prakash Raj, Tamil Series Maniratnam, Solo Movie