സൂപ്പർമാൻ, ബാറ്റ്മാൻ,ശക്തിമാൻ...ഇവരുടെ ഇടയിലേക്കാണ് നമ്മുടെ കേരളത്തിൽ നിന്ന് കുറുക്കൻമൂലയിൽ നിന്ന് തനി മലയാളിയായ സൂപ്പർഹീറോ കടന്നു വരുന്നത്. മിന്നൽ മുരളി...കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം, ടൊവിനോ സൂപ്പർഹീറോയായി വേഷമിടുന്ന ചിത്രം. പ്രഖ്യാപനം മുതൽക്ക് ആകാംക്ഷയുണർത്തിയ മിന്നൽമുരളി അനിശ്ചിതാവസ്ഥകളും പ്രതിബന്ധങ്ങളും തരണം ചെയ്ത് ഏതാണ്ട് മൂന്ന് വർഷത്തോളം നീണ്ട യാത്ര പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഡിസംബർ 25ന് നെറ്റ്ഫ്ലിക്സിലൂടെ അഞ്ച് ഭാഷകളിലായി ചിത്രം പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്ലർ എല്ലാ ഭാഷകളിലും ട്രെൻഡിങ്ങായി മാറി.  മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളിയെക്കുറിച്ച് ബേസിൽ മനസ് തുറക്കുന്നു.

അഞ്ച് ഭാഷകളിലടിച്ച 'മിന്നൽ'

ട്രെയ്ലർ കണ്ട് ഞങ്ങളെല്ലാം സന്തുഷ്ടരായിരുന്നു. പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് അറിയാമായിരുന്നുവെങ്കിലും എത്രത്തോളം അവരത് സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയുണ്ടായിരുന്നു. ഒരുപാട് പേർ ഇതിന് വേണ്ടി നന്നായി പണിയെടുത്തിട്ടുണ്ട്, കഷ്ടപ്പെട്ടിട്ടുണ്ട്. നിർമാതാവായാലും ടെക്നീഷ്യൻസായാലും ശരി. അവരെല്ലാം ട്രെയ്ലറിന് ലഭിച്ച ഈ സ്വീകരണം അർഹിക്കുന്നുണ്ട്. പ്രൊഡക്ഷൻ ബോയ്സ് മുതൽ ഇങ്ങോട്ടുള്ള എല്ലാവരുടെയും വലിയ പരിശ്രമം ചിത്രത്തിന് പിന്നിലുണ്ട്. വൈകാരികമായി ഏറെ അടുത്ത് നിൽക്കുന്ന ചിത്രമാണ്. മൂന്ന് വർഷമായി മിന്നൽ മുരളിക്കൊപ്പമുള്ള യാത്ര തുടങ്ങിയിട്ട്. അതിനിടയിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നു. എല്ലാവരെയും സംബന്ധിച്ച് ഒരു പ്രോജക്ട് എന്നതിലുപരി ജീവിതത്തിന്റെ ഭാ​ഗമായി മാറി മിന്നൽ മുരളി. ഇത് നന്നായി വരണം എന്നാ​ഗ്രഹിക്കുന്ന ഒരു കൂട്ടമാളുകളുണ്ട്. അവരെല്ലാം ട്രെയ്ലറിന്റെ വിജയം അർഹിക്കുന്നവരാണ്. ഒരുപാട് സന്തോഷത്തിലാണ്. ഇനി സിനിമയും പ്രേക്ഷകർ എത്രത്തോളം സ്വീകരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ്.

മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ട്രെയ്ലർ പ്രേക്ഷകർ സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം. സൂപ്പർഹീറോ എന്ന കൺസപ്റ്റ് എല്ലായിടത്തും ഒരുപോലെ സ്വീകരിക്കപ്പെടുമെന്നുള്ളത് കൊണ്ടാണ് മിന്നൽ മുരളിയെ ബഹുഭാഷാ ചിത്രമായി തന്നെ ഒരുക്കിയത്. പ്രാദേശിക ഭാഷയിൽ മാത്രം ഒതുങ്ങേണ്ട ഒരു ചിത്രമല്ല ഇതെന്ന് ഉണ്ടായിരുന്നു. ഈ ജോണറിന് അങ്ങനെയൊരു ​ഗുണമുണ്ട്. അത് സംവിധായകന്റെയോ നായകന്റെയോ ഒന്നും പ്ലസ് ഫാക്ടറല്ല. സൂപ്പർഹീറോ ജോണറിന്റേതായ രസങ്ങൾ അറിയാൻ ആളുകൾക്കെന്നും ആകാംക്ഷയുണ്ടാകും. ആ ആകാംക്ഷ തന്നെയാണ് മിന്നൽ മുരളി അഞ്ച് ഭാഷകളിൽ എത്താനുള്ള കാരണവും. 

'കുട്ടിച്ചാത്തന്' ശേഷം നാട്ടിൻപുറത്തെ സൂപ്പർഹീറോ

ചിത്രത്തിന്റെ രചയിതാക്കളിൽ ഒരാളായ അരുൺ അനിരുദ്ധന്റേതാണ് മിന്നൽ മുരളി എന്ന സൂപ്പർഹീറോയുടെ ഐഡിയ. അരുണാണ് ആദ്യമായി ഇങ്ങനെയൊരു ഐഡിയ ആദ്യം എന്നോട് പറയുന്നത്. 2018ൽ പിന്നീട് ജസ്റ്റിൻ മാത്യുവും ചിത്രത്തിന്റെ രചനയിലേക്ക് കടന്നുവന്നു. ഒരു വർഷത്തോളം എഴുത്തിന്റെ പണിപ്പുരയിലായിരുന്നു. നാട്ടിൻപുറത്തെ സൂപ്പർഹീറോ എന്ന കൺസപ്റ്റ് വികസിപ്പിച്ചു. സ്പൈഡർമാൻ, ബാറ്റ്മാൻ പിന്നെ നമ്മുടെ സ്വന്തം മൈ ഡിയർ‌ കുട്ടിച്ചാത്തൻ ഇതൊക്കെ എനിക്കിഷ്ടമുള്ള ചിത്രങ്ങളാണ്. കുട്ടിച്ചാത്തൻ വളരെയധികം പ്രചോദനം നൽകിയ ചിത്രമാണ്. 

അന്നത്തെ കാലഘട്ടത്തിൽ സ്പെഷ്യൽ ഇഫക്ട് ഒക്കെ വച്ച് ത്രീ ഡിയിൽ സിനിമയെടുത്ത ഇൻഡസ്ട്രി ആണ് മലയാളം. അതിന് ശേഷവും പല ഫാന്റസി ചിത്രങ്ങളും വന്നിട്ടുണ്ടെങ്കിലും മൈ ഡിയർ കുട്ടിച്ചാത്തൻ വളരെയധികം സ്വാധീനിച്ച ചിത്രമാണ്. അതൊക്കെയാണ് മിന്നൽ മുരളിയിലേക്ക് നമ്മളെ കൂടുതൽ ആകർഷിച്ച ഘടകങ്ങൾ. പിന്നെ ചിത്രത്തിന്റെ നിർമാതാവായ സോഫിയ പോളിന്റെ മകൻ കെവിൻ പോൾ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ സൂപ്പർ ഹീറോ ആരാധകനാണ്. ബാറ്റ്മാനെയും സൂപ്പർമാനെയുമൊക്കെ ദൈവങ്ങളായി കൊണ്ടുനടക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു തീമിനെ അവരും വളരെ ആകാംക്ഷയോടെയാണ് സമീപിച്ചത്. പല ഐഡിയകളും പരസ്പരം ചർച്ച ചെയ്തു. പുറത്ത് നിന്ന് ഫൈറ്റ് മാസ്റ്ററെ കൊണ്ടുവരാം എന്നത് അവരുടെ നിർദേശമായിരുന്നു. അങ്ങനെയാണ് ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ വ്ലാഡ് റിംബർ​ഗ് ചിത്രത്തിന്റെ ഭാ​ഗമാവുന്നത്. ഒരുപാട് മുന്നൊരുക്കങ്ങൾ നടത്തിയാണ് അദ്ദേഹം സെറ്റിലേക്ക് എത്തുന്നത് തന്നെ. അത് സിനിമയ്ക്ക് ​ഗുണകരമായിട്ടുണ്ട്.

മിന്നൽ മുരളിക്ക് ഒരേയൊരു മുഖം- ടൊവിനോ

മിന്നൽ മുരളിക്ക് ഞാൻ ആദ്യം മുതലേ മനസിൽ കണ്ടിരുന്ന മുഖം ടൊവിനോയുടേത് തന്നെയായിരുന്നു. ഞങ്ങൾ നേരത്തെയും ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട്. വ്യക്തിപരമായും ഒരു നടനെന്ന നിലയിലും ടൊവിയെ എനിക്ക് അടുത്തറിയാം. ടൊവിനോയോട് എനിക്ക് എളുപ്പത്തിൽ ആശയവിനിമയം നടത്താനും അത് അതേപോലെയോ അതിലും മീതെയോ ആവിഷ്കരിക്കാൻ ടൊവിക്കും കഴിയുമായിരുന്നു. ഞാൻ ഉദ്ദേശിക്കുന്നത് എന്തെന്ന് ടൊവിക്കും അവൻ എന്ത് ചെയ്യുമെന്ന് എനിക്കും വ്യക്തമായറിയാം. പിന്നെ ഭയങ്കര ഹ്യൂമർസെൻസ് ഉള്ള ആളാണ് ടൊവി. ശാരീരികമായും കുറേ പരിശ്രമങ്ങൾ ചിത്രത്തിന് വേണം, ആക്ഷൻ ഉണ്ട്. എല്ലാം കൊണ്ടും മിന്നൽ മുരളിയായി എന്റെ മനസിൽ ടൊവി തന്നെയായിരുന്നു ഉണ്ടായിരുന്നത്. ടൊവി തന്നെയായിരുന്നു സൂപ്പർഹീറോ. പിന്നെ ടൊവിയും ഒരു സൂപ്പർഹീറോ ആരാധകനാണ്. 

ഇനി പ്രേക്ഷകർക്ക് 'മിന്നലടിക്കാനുള്ള' കാത്തിരിപ്പ്

നേരത്തെ പറഞ്ഞ പോലെ കുറേ നീണ്ട യാത്രയായിരുന്നു മിന്നൽ മുരളിക്കൊപ്പം. ഇനിയിപ്പോൾ റിലീസ് വരെ റിലാക്സ് ചെയ്ത് കാത്തിരിക്കാം. എല്ലാ ജോലികളും കഴിഞ്ഞ് ചിത്രത്തെ കൈമാറി. ഇനി പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ്. 

ഏറെ വെല്ലുവിളി നിറഞ്ഞ സിനിമയായിരുന്നു മിന്നൽ മുരളി. കോവിഡ് കാലത്താണ് ഷൂട്ടിങ് തുടങ്ങിയത്. ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്തു. വൈകാരികമായി ഏറെ അടുപ്പമുള്ള ചിത്രമാണ് ഇതിന്റെ പിന്നണിയിലും മുന്നിലും പ്രവർത്തിച്ചവർക്കെല്ലാം. നമുക്ക് പറ്റാവുന്ന രീതിയിൽ ആത്മാർഥമായി ജോലി ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ഛായാ​ഗ്രാഹ​കൻ സമീർ താഹിർ, അദ്ദേഹത്തെ ആദ്യമായി കാണുന്നത് തന്നെ ഈ സിനിമയ്ക്ക് വേണ്ടിയാണ്. കഥ കേട്ട് 2019ൽ ഈ സിനിമയ്ക്കൊപ്പം കൂടിയതാണ് അ​ദ്ദേഹം. ഈ ചിത്രം കഴിഞ്ഞെ മറ്റൊരു ചിത്രം ഏറ്റെടുക്കൂ എന്ന് പറഞ്ഞ് കോവിഡിനും ലോക്ഡൗണിനുമൊക്കെ ഇടയിൽ നമുക്കൊപ്പം നിന്ന ആളാണ്. അതുപോലെ ചിത്രത്തിന്റെ ആർട് ഡയറക്ടർ, ഷാൻ റഹ്മാൻ, സുഷിൻ, എഡിറ്റർ ലിവിങ്ങ്സ്റ്റൺ മൂന്ന് വർഷമായി ഈ സിനിമയ്ക്കായി ജോലി ചെയ്യുകയാണ്, വിഎഫ്എക്സ് ടീം ഒക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, അതുപോലെ കോസ്റ്റ്യൂം ടീം, നിർമാതാവ് അങ്ങനെ ഓരോരുത്തരുടെയും വലിയ പ്രയത്നം ഇതിന് പിന്നിലുണ്ട്. സിനിമയോട് ഞങ്ങൾ നീതി പുലർത്തിയിട്ടുണ്ട് എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. ബാക്കി പ്രേക്ഷകർ തീരുമാനിക്കട്ടെ..

Content Highlights : Basil Joseph Interview Minnal Murali Tovino Thomas Super Hero Movie