മീനത്തില്‍ താലികെട്ടിലെ ഓമനക്കുട്ടന്‍ 'എടീ വീപ്പക്കുറ്റി' എന്നുവിളിക്കുമ്പോള്‍ 'നീ പോടാ മൂത്താപ്പേ' എന്ന് പറയുന്ന അനിയത്തി. ബേബി അമ്പിളി ഒരുകാലത്ത് മലയാളത്തിലെ ലിറ്റില്‍ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു. വാത്സല്യം, മിന്നാരം, മിഥുനം, ആര്യന്‍ തുടങ്ങി  എത്രയെത്ര ഹിറ്റുകളില്‍ അമ്പിളി നമ്മെ അദ്ഭുതപ്പെടുത്തി. സിനിമയില്‍ സജീവമായി നില്‍ക്കെ രണ്ടാംഭാവം എന്ന സിനിമയ്ക്കുശേഷം അമ്പിളി സിനിമയിലഭിനയിച്ചിട്ടില്ല. 18 വര്‍ഷമായി അമ്പിളി എവിടെയായിരുന്നു. കോഴിക്കോട് കക്കോടിയിലെ വീട്ടിലിരുന്ന് അമ്പിളി സംസാരിക്കുന്നു.

സിനിമയെ മിസ് ചെയ്യുന്നു

സിനിമ വിട്ടിട്ട് 18 വര്‍ഷമായി. ഇപ്പോഴും സിനിമ വല്ലാതെ മിസ് ചെയ്യാറുണ്ട്. ജീവിതത്തിലെതന്നെ ഏറ്റവും ഭാഗ്യം ലഭിച്ച കാലഘട്ടമായാണ് അഭിനയ കാലത്തെ കാണുന്നത്. ഇന്ന് ഞാനൊരു വക്കീലാണ്. പക്ഷേ, ഇന്നും ആള്‍ക്കാര്‍ എന്നെ തിരിച്ചറിയുന്നത് മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയായും വാത്സല്യത്തിലെ മമ്മൂട്ടിയുടെ മകളായിട്ടുമൊക്കെയാണ്. മുഖത്തിനൊരു മാറ്റവും വന്നിട്ടില്ല, അതേ അമ്പിളി തന്നെ എന്നുപറയും. 

വക്കീലായി കോടതിയില്‍ വാദിക്കാന്‍ നില്‍ക്കുമ്പോള്‍ ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. അപ്പോള്‍ ജഡ്ജി ചോദിച്ചിട്ടുണ്ട് അനേകം സിനിമകളില്‍ ക്യാമറയ്ക്ക് മുമ്പില്‍ അഭിനയിച്ച അമ്പിളി എന്തിനാണ് ഇങ്ങനെ ടെന്‍ഷനടിക്കുന്നതെന്ന്. ഇന്നും കോടതിയിലടക്കം പല സ്ഥലത്തും എനിക്കൊരു പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെങ്കില്‍ അത് ഞാനഭിനയിച്ച ഒട്ടനേകം കഥാപാത്രങ്ങള്‍ക്ക് കിട്ടിയ സ്വീകാര്യതകൊണ്ടാണ്. മകള്‍, സഹോദരി റോളുകള്‍ ചെയ്തതിനാല്‍ എല്ലാവരും കാണുമ്പോള്‍ വീട്ടിലെ ഒരാള്‍ക്ക് നല്‍കുന്ന സ്നേഹത്തോടെയാണ് സംസാരിക്കുക. കോടതിയില്‍നിന്നൊക്കെ ഓരോ രണ്ടുമണിക്കൂറിലും പുതിയ ഒരാള്‍ നമ്മളെ തിരിച്ചറിയുകയും പരിചയപ്പെടുകയും എന്താണ് അഭിനയിക്കാത്തതെന്ന് ചോദിക്കുകയും ചെയ്യും. അപ്പോള്‍ ഒന്നുചിരിച്ച് നടന്നുപോകും.

Ambili

ശരിക്കും എന്താണ് അഭിനയിക്കാത്തത് ?

അവസാനമായി അഭിനയിച്ച സിനിമ ലാല്‍ ജോസിന്റെ രണ്ടാംഭാവമാണെന്ന് പറഞ്ഞല്ലോ. അത് പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ്. അതിന് ഒരുവര്‍ഷം മുമ്പേയാണ് അച്ഛന്‍ മരിക്കുന്നത്. ചെറുപ്പം മുതല്‍ സെറ്റുകളില്‍ കൂടെ വന്നത് അച്ഛനായിരുന്നു. അച്ഛന്റെ മരണത്തോടെ കൂടെ വരാന്‍ ആളില്ലാതായി. പിന്നെ, സിനിമ വേണോ പഠനം വേണോ എന്നൊരു ചോദ്യം മുന്നില്‍ വന്നു. ആയൊരു പ്രത്യേക സാഹചര്യത്തില്‍ പഠനം തിരഞ്ഞെടുക്കുകയും സിനിമ തത്കാലത്തേക്ക് ഉപേക്ഷിക്കുകയും ചെയ്തു. ആ ഇടവേള നീണ്ടുപോയി. അതിനിടെ വിവാഹം കഴിഞ്ഞു, കുട്ടികളായി, വക്കീല്‍പഠനം പൂര്‍ത്തിയാക്കി ജോലി ആരംഭിച്ചു. 

പക്ഷേ, അപ്പോഴേക്കും എവിടെയോ സിനിമയെ എനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇന്നും സിനിമയില്‍നിന്ന് ആരെങ്കിലും എപ്പോഴും വിളിക്കാറുണ്ടെങ്കില്‍ അത് ലാലു (ലാല്‍ജോസ്)ഏട്ടനാണ്. ദിലീപേട്ടന്‍ കോഴിക്കോട് വരുമ്പോള്‍ ഇടയ്ക്ക് വിളിക്കും. മമ്മൂക്ക ഒരുദിവസം വിളിച്ചിരുന്നു. എറണാകുളത്ത് വരുമ്പോ കാണണം എന്നൊക്കെ പറഞ്ഞു. ഒരു ദിവസം ദുല്‍ഖര്‍ വിളിച്ചു. ഞാനും ദുല്‍ഖറും ഏകദേശം സമപ്രായക്കാരാണ്. വാത്സല്യത്തിന്റെ സെറ്റിലൊക്കെ ഞങ്ങള്‍ ഒന്നിച്ച് കളിക്കുകയൊക്കെ ചെയ്തിട്ടുണ്ട്.

ടൊവിനോ ചോദിച്ചു, എവിടെയോ...?

കോഴിക്കോട് സിനിമാ ഷൂട്ടിങ് നടക്കുമ്പോള്‍ സെറ്റിലേക്ക് പോകാന്‍ ആഗ്രഹം ഉണ്ടാകുമെങ്കിലും ജോലിത്തിരക്കും മറ്റും കാരണം ഒഴിവാക്കാറാണ് പതിവ്. അടുത്തിടെ ഒരു സംഭവമുണ്ടായി. ഭര്‍ത്താവ് വിവിന്‍ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചതാണ്. അദ്ദേഹവും കുറച്ച് തമിഴ് സിനിമകളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. വിവിന്റെ കൂടെ പഠിച്ച ഡാന്‍സ് കൊറിയോഗ്രാഫര്‍ കോഴിക്കോട് സിനിമയുടെ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ സെറ്റിലേക്ക് വിളിച്ചു. കാരപ്പറമ്പ് സ്‌കൂളില്‍ 'എടക്കാട് ബറ്റാലിയന്‍' എന്ന ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ സെറ്റായിരുന്നു അത്. ഞങ്ങള്‍ കുടുംബസമേതം പോയപ്പോള്‍ ടൊവിനോ ഉണ്ട്. അവിടെയെത്തിയപ്പോള്‍ എനിക്ക് നൊസ്റ്റാള്‍ജിയ അടിച്ചുതുടങ്ങി. കാലങ്ങള്‍ക്കുശേഷം ഞാന്‍ വളര്‍ന്ന വീട്ടിലേക്ക് തിരിച്ചെത്തിയ അവസ്ഥ.

മൂത്ത മകള്‍ ടൊവിനോ ഫാനാണ്. അവള്‍ക്ക് ടൊവിനോയെ പരിചയപ്പെടണമെന്ന് നിര്‍ബന്ധം. ടൊവിനോയെ ഞങ്ങള്‍ക്ക് വിവിന്റെ സുഹൃത്ത് പരിചയപ്പെടുത്തി. എന്നെ കണ്ടപ്പോള്‍ ടൊവിനോയ്ക്ക് സംശയമായി, ''എവിടെയോവെച്ച് ഞാന്‍ കണ്ടിട്ടുണ്ട്'' അപ്പോള്‍ വിവിന്‍ പറഞ്ഞു ബാലതാരമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട് അമ്പിളി എന്ന്. ആ.. അമ്പിളി.. ടൊവിനോ ഭയങ്കര എക്‌സൈറ്റഡ് ആയി. കുറേ സംസാരിച്ചു. ഇതെല്ലാം കണ്ടപ്പോള്‍ മോള്‍ക്ക് കിളിപോയ അവസ്ഥ കാരണം ടൊവിനോയെ പരിചയപ്പെടാന്‍ പോയ അവളുടെ അമ്മയെ ടൊവിനോ തിരിച്ചറിയുകയും പരിചയപ്പെടുകയുമാണ്.

Ambili
ഫോട്ടോ: വി പി പ്രവീണ്‍കുമാര്‍

അതിനുശേഷം വീട്ടിലെത്തി എന്നോട് ഭയങ്കര സ്നേഹവും ബഹുമാനവും. സ്‌കൂളിലൊക്കെ എന്റെ മകളായതിനാല്‍ അവര്‍ക്ക് ചില പരിഗണനകളൊക്കെ കിട്ടാറുണ്ട്. എന്നാല്‍ ഈ സംഭവത്തിനുശേഷമാണ് അവര്‍ ശരിക്കും അദ്ഭുതപ്പെട്ടത്.

റീ എന്‍ട്രിക്ക് വിളിവന്നാല്‍

എപ്പോഴും എനിക്കും പാഷനും ഇഷ്ടവും ബഹുമാനവുമൊക്കെയുള്ള ഫീല്‍ഡാണ് സിനിമ. അക്കാലത്ത് സാധാരണക്കാരിയായ എനിക്ക് കിട്ടിയ ലോട്ടറിയായിരുന്നു സിനിമ. ഒരുപാട് പരിചയങ്ങള്‍, ഒരുപാട് ലൊക്കേഷന്‍ അങ്ങനെ ശരിക്കും പാറിപ്പറന്ന് നടന്നു. അന്നൊക്കെ അഭിനയിച്ച് വന്നാല്‍ എല്ലാവരും ചോദിക്കും മമ്മൂട്ടിയെ തൊട്ടിട്ടുണ്ടോ, ലാലേട്ടന്റെ അടുത്ത് ഇരുന്നോ, ഉര്‍വശിയുടെ മുടിയുടെ ശരിക്കും കളറെന്താ... അങ്ങനെയങ്ങനെ. ഫിലിം സ്റ്റാര്‍ എന്ന വാക്ക് അത് പൂര്‍ണാര്‍ഥത്തില്‍ കറക്ടാണെന്ന് തോന്നിയിട്ടുണ്ട്. കാരണം നമുക്ക് കിട്ടുന്ന പരിഗണന അത്രമാത്രമാണ്. 

അന്ന് സെറ്റിലൊക്കെ കുട്ടിയായിരുന്നതുക്കൊണ്ട് എനിക്ക് സൂപ്പര്‍സ്റ്റാര്‍ നടന്‍ന്മാര്‍ക്ക് കിട്ടുന്ന അതേ സൗകര്യങ്ങളും പരിഗണനയുമാണ് ലഭിച്ചത്. ഇനി നല്ല കഥയുള്ള സിനിമയിലേക്ക് വിളിവന്നാല്‍ തീര്‍ച്ചയായും അഭിനയിക്കണമെന്നാണ് ആഗ്രഹം. എന്റെ സിനിമകളൊക്കെ കണ്ട് രണ്ട് മക്കള്‍ക്കും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. കഴിവുണ്ടെങ്കിലും അവരും സിനിമയില്‍ എത്തട്ടെ.

Ambili

അങ്കണവാടിയില്‍ നിന്ന്

ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. എനിക്ക് രണ്ടരവയസ്സ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് നാല്‍ക്കവല എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുറച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ടുപോയി. കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ടുപഠിപ്പിക്കുന്ന സീന്‍ എടുത്തു. രണ്ടുദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു. മൂന്നാം ദിവസം എന്റെ മാത്രം കുറച്ച് ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു. 

അങ്കണവാടിയില്‍നിന്ന് പതിവുപോലെ കൊണ്ടുപോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹസത്കാരത്തിന് പോകാന്‍ ഉച്ചയ്ക്ക് എന്നെ കൂട്ടാന്‍ അമ്മ അങ്കണവാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല,  ആകെ ടെന്‍ഷനായി. ടീച്ചറാണ് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞത്.
അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐ.വി. ശശി സാറിനെ കണ്ടു. അവര്‍ മുന്‍പേ പരിചയമുള്ളവരായിരുന്നു. എന്റെ മകളാണ് അമ്പിളി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നായി ശശി സാര്‍. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ വന്ന് അമ്മ പറഞ്ഞു 'ഇതോടെ മതി, ഇനി സിനിമയിലൊന്നും അഭിനയിക്കേണ്ട' എന്ന്.  അമ്മയ്ക്ക് നല്ല പേടിയായിരുന്നു.

അച്ഛനായിരുന്നു കരുത്ത്

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വയനാട്ടില്‍നിന്ന് ദേവന്‍ നായനാകുന്ന മൃത്യുഞ്ജയം എന്ന സിനിമയിലേക്ക ് വിളിവന്നു. അമ്മയ്ക്ക് താത്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അച്ഛന്‍ പറഞ്ഞു നമുക്കൊന്ന് പോയിനോക്കാം, പറ്റില്ലെങ്കില്‍ തിരിച്ചുപോരാം എന്ന്. അച്ഛന്‍ എല്‍.ഐ.സി.യില്‍നിന്ന് ലീവ് എടുത്ത് എന്റെ കൂടെ വന്നു. അച്ഛന്റെ വിചാരം അഭിനയിക്കാന്‍ പോകുമ്പോള്‍ എല്ലാ ചെലവുകളും നമ്മളെടുക്കണം എന്നതായിരുന്നു. അതിനാല്‍ ശമ്പളം അഡ്വാന്‍സായി വാങ്ങിയാണ് വയനാട്ടിലേക്ക് പോയത്. എന്നാല്‍ കാര്‍, റൂം, പാല്, ബോണ്‍വിറ്റ തുടങ്ങി ലക്ഷ്വറി ട്രീറ്റ്‌മെന്റായിരുന്നു അവിടെ  എനിക്ക് സിനിമക്കാര്‍ ഒരുക്കിയത്. അത് അച്ഛനെ അദ്ഭുതപ്പെടുത്തുകയും ഇരട്ടി സന്തോഷവാനാകുകയും ചെയ്തു.

ദേവന്‍ സാര്‍ മരിച്ച് പള്ളിയില്‍ കിടക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്യുന്നത്. എല്ലാവരും മൃതദേഹത്തില്‍ വന്ന് അന്ത്യചുംബനം കൊടുക്കുമല്ലോ. നായിക ലിസി ആന്റി വന്നു ഉമ്മ കൊടുത്തു. പിന്നെ എല്ലാ പ്രധാന താരങ്ങളും ഉമ്മവെച്ചു. അങ്ങനെ ഷോട്ട് എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഓക്കെയായ ഷോട്ടില്‍ ഞാനും കൗതുകം കൊണ്ട് പോയി മൃതദേഹത്തിന് ചുംബനം കൊടുത്തു. ആരും പറയാതെ ഞാന്‍ ചെയ്ത ആ ഷോട്ട് ഗംഭീരമായി. എല്ലാവരും കുട്ടി കൊള്ളാമല്ലോ എന്നുപറഞ്ഞ് അഭിനന്ദിച്ചു.

അത് കഴിഞ്ഞ് ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു. പിന്നാലെ മിന്നാരം, വാത്സല്യം, മിഥുനം അങ്ങനെ നിരനിരയായി ചിത്രങ്ങള്‍ വന്നു. ചുരുക്കിപ്പറഞ്ഞാല്‍ അതോടെ സ്‌കൂളില്‍ പോകാതായി. എറണാകുളം, തിരുവനന്തപുരം, ചെന്നൈ അങ്ങനെ പല സ്ഥലങ്ങളില്‍ ഷൂട്ടിങ്ങുമായി കറങ്ങി. അപ്പോഴും സ്‌കൂള്‍ ടീച്ചറായ അമ്മ കൂടെ വരില്ലായിരുന്നു.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിങ്ങൊക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതിനുവേണ്ടി ജിമ്മില്‍ പോയി തടിയൊക്കെ കുറച്ചു.  

പക്ഷേ, അച്ഛന്റെ ആകസ്മികമായ മരണം  ആകെയുള്ള പിന്തുണയും ഇല്ലാതാക്കി. അതിനുശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ല.

അനിയത്തിയമ്പിളി

കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം എന്ന സിനിമയിലാണ് ദിലീപേട്ടന്റെ അനിയത്തിയായി  ആദ്യം അഭിനയിക്കുന്നത്. പിന്നീട് അനിയത്തി കഥാപാത്രമുണ്ടെങ്കില്‍ അമ്പിളി മതി എന്ന് ദിലീപേട്ടന്‍ തന്നെ സംവിധായകനോട് പറയുമായിരുന്നു. അങ്ങനെ തുടര്‍ച്ചയായി ആറ് ചിത്രങ്ങളില്‍ ദിലീപേട്ടന്റെ അനിയത്തിയായി. മീനത്തില്‍ താലികെട്ട് എത്തുമ്പോഴേക്കും ശരിക്കും സഹോദരീ- സഹോദരന്മാരെപ്പോലെയായി തീര്‍ന്നിരുന്നു ഞങ്ങള്‍. മീനത്തില്‍ താലികെട്ടിലെ പല സീനുകളും ഞാനും ദിലീപേട്ടനുമൊക്കെ സജസ്റ്റ് ചെയ്തവയാണ്. 

Ambili

അതുപോലെ പല സിനിമകളിലും ഉണ്ടായിട്ടുണ്ട്. വാത്സല്യം എന്ന സിനിമയുടെ  ക്ലൈമാക്‌സ് സീന്‍ ഷൂട്ടിങ്. ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട് ഭാര്യയോടും മക്കളോടൊപ്പം പുതിയൊരു സ്ഥലത്ത് വീണ്ടും ജീവിതം ആരംഭിക്കുന്ന മമ്മൂട്ടിക്കഥാപാത്രം. അതില്‍ മമ്മൂക്കയുടെ മകളായിരുന്നല്ലോ ഞാന്‍. ഒരു കുന്നിന്റെ മുകളിലായിരുന്നു ഷൂട്ടിങ്. അനിയന്‍കഥാപാത്രമായ സിദ്ദിഖ് ഇക്ക മമ്മൂക്കയെ കാണാന്‍ വരുന്ന സീനാണ്. ഞാന്‍ ഒരു അടുപ്പില്‍ ഊതുകയാണ് അപ്പോള്‍. കലാസംവിധായകര്‍ അടുപ്പില്‍ വെക്കുന്നത് വാങ്ങിക്കൊണ്ടുവന്ന നല്ല വെട്ടി ഉണക്കിയ വിറകുകളൊക്കെയാണ്.

star and style
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

അപ്പോള്‍ ഞാന്‍ പറഞ്ഞു, ' ഇങ്ങനത്തെ വിറകൊന്നും ഇവര്‍ക്ക് കിട്ടില്ല, കാരണം ഇവര്‍ ദാരിദ്രം പിടിച്ച ആള്‍ക്കാരല്ലേ,എന്ന്. അത് ശരിയാണല്ലോ എന്ന് അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത്. ആയൊരു ലോജിക് കുറേ സിനിമകളില്‍ അഭിനയിച്ച അനുഭവങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. അന്ന് മമ്മൂക്ക എന്നെ കുറേ തമിഴ് പടങ്ങിലേക്ക് സജസ്റ്റ് ചെയ്തിരുന്നു. അഴകന്‍, അഞ്ജലി, മഹാനദി അങ്ങനെ. ഒരുവര്‍ഷമൊക്കെ സ്‌കൂളില്‍ പോകാതിരിക്കണം എന്നതിനാല്‍ അതിലൊന്നും അഭിനയിക്കാനായില്ല.

സൗഭാഗ്യങ്ങള്‍

ശിവന്‍ സാര്‍ സംവിധാനം ചെയ്ത അഭയം എന്നചിത്രത്തിലെ അഭിനയത്തിന് ദേശീയതലത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതിയില്‍നിന്നാണ് അന്നത് ഏറ്റുവാങ്ങിയത്. ആ ഫോട്ടോ ഇന്നും വീട്ടിലുണ്ട്. മക്കള്‍ രണ്ടുപേരും ദേഷ്യം പിടിക്കുമ്പോള്‍ ഞാന്‍ പറയും ഇന്ത്യന്‍ പ്രസിഡന്റിന്റെ അടുത്തുനിന്ന് അവാര്‍ഡ് വാങ്ങിയ അമ്മയോടാണോ നിങ്ങള്‍ വഴക്കുകൂടുന്നതെന്ന് (ചിരിക്കുന്നു). അന്നത്തെ കാലത്ത് ടെലിഫോണിന് ഫാന്‍സി നമ്പര്‍ എന്നൊക്കെ പറയുന്നത് അത്രയും ഉയര്‍ന്നവ്യക്തികള്‍ക്ക് നല്‍കുന്ന ഒന്നായിരുന്നു. എനിക്ക് വീട്ടില്‍ കൊണ്ടുവന്ന് ഫാന്‍സി നമ്പറടങ്ങുന്ന ടെലിഫോണ്‍ തന്നിട്ടുണ്ട്. അതൊക്കെ സിനിമ തന്ന ഭാഗ്യങ്ങളാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഓഗസ്റ്റ് ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിൽ പ്രസിദ്ധീകരിച്ചത്.

Content Highlights : Baby Ambili child actress interview Star and Style meenathil thalikettu fame Ambili