കാരം കൊണ്ടും ശരീരഭാഷകൊണ്ടും മലയാളത്തില്‍ സമാനതകളില്ലാത്ത നടനാണ് ബാബു ആന്റണി. മൂന്ന് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിനിടെ വൈശാലിയും അപരാഹ്നവും മുതല്‍ കടലും കമ്പോളവും വരെയുള്ള ചിത്രങ്ങളില്‍ വൈവിധ്യപൂര്‍വമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. കരിങ്കുന്നം സിക്‌സസില്‍ വോളിബോള്‍ പ്ലെയറായും എസ്രയില്‍ വയോധികനായും തനിക്കിനിയും ഏറെ ചെയ്യാനുണ്ടെന്ന് ബാബു ആന്റണിയിലെ നടന്‍ വിളിച്ചുപറയുന്നു. 

നവാഗതനായ ഉല്ലാസ് ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'സഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്' ആണ് ബാബു ആന്റണിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ താരം ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രമാണ് കേരളത്തിലെത്തുന്നത്. സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ബാബു ആന്റണി..

ന്യൂ ജെനറേഷന്‍കാര്‍ മലയാള സിനിമയെ പിന്നോട്ടടിച്ചു

ഒരുപാടു പേര്‍ കഥ പറയാനൊക്കെ വിളിക്കാറുണ്ട്. ഒന്നും രണ്ടും ഷോട്ട് ഫിലിമൊക്കെ ചെയ്തിട്ട് സാര്‍ ഞാനൊരു സിനിമ ചെയ്യുന്നു എന്നൊക്കെ പറഞ്ഞ്. അവര്‍ക്ക് എന്താണ് സിനിമയെ കുറിച്ച് അറിയാവുന്നത്. ആരെയും അസിസ്റ്റ് ചെയ്തിട്ടു കൂടിയില്ല. സിനിമ എന്തെന്നറിയില്ല. ഡിജിറ്റല്‍ ക്യാമറ കൂടി വന്നതോടെ ആര്‍ക്കും സിനിമ എടുക്കാമെന്ന അവസ്ഥയായി. ഒരു പ്രൊഡ്യൂസറെ കൂടി കിട്ടിയാല്‍ മതി. സാറ്റലൈറ്റ് റൈറ്റ് കിട്ടിയാല്‍ പ്രൊഡ്യൂസര്‍ക്ക് പൈസയും മുടക്കേണ്ട. അങ്ങനെ ഒരുപാട് സിനിമകള്‍ വന്ന് കഴിഞ്ഞ് അഞ്ചെട്ട് വര്‍ഷത്തിനുള്ളില്‍ സിനിമാ ഇന്‍ഡസ്ട്രിയെ ഒരു വഴിക്കാക്കിയിട്ടുണ്ട്. 

എന്നാല്‍ ഈ പ്രവണത മലയാള സിനിമയെ നാല്പത് വര്‍ഷം പിറകിലേക്ക് കൊണ്ടുപോയി. ന്യൂ ജെനറേഷനെന്നൊക്കെ അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും വികലമായ സിനിമകളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒന്നോ രണ്ടോ ചിത്രങ്ങള്‍ ഓടി എന്നതുകൊണ്ട് മാത്രമായില്ലല്ലോ. 

ഇന്‍ഡസ്ട്രിയ്ക്ക് ഗുണം ചെയ്യുന്ന സിനിമകള്‍ ഉണ്ടാകുന്നില്ല

സിനിമയെന്ന പേരില്‍ എന്തും ചെയ്യാമെന്നാണ് അവര്‍ കരുതുന്നത്. രണ്ട് ഇംഗ്ലീഷും പറഞ്ഞ് കുറച്ച് കഞ്ചാവൊക്കെ അടിച്ച് തോന്നുന്ന ബുദ്ധികളൊക്കെ ഉപയോഗിക്കുകയാണ്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന കുറേ ആക്ടേസുമുണ്ട്. തങ്ങള്‍ പറയുന്നതുപോലെ കേള്‍ക്കുമെന്നതിനാല്‍ അവര്‍ക്കും പുതിയ സംവിധായകരെയാകും ഇഷ്ടം. അതൊക്കെ ഒഴിവാക്കേണ്ടതാണ്. അതൊന്നും സിനിമയ്ക്ക് നല്ലതല്ല.

മലയാള സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് ഗുണംചെയ്യുന്ന സിനിമകളൊന്നും ഇപ്പോള്‍ ഉണ്ടാകുന്നില്ല. അത് വളരെ കുറവാണ്. പത്ത് സിനിമ ഇറങ്ങിയാല്‍ അതില്‍ ഒമ്പതും ഫ്‌ളോപ്പാകുന്ന അവസ്ഥയല്ലേ ഉള്ളത്. 

babu antony
ബാബു ആന്റണി. ഫോട്ടോ: സനോജ്

പഴയ സംവിധായകര്‍ ന്യൂജെന്‍ ആകാന്‍ ശ്രമിക്കരുത്

എനിക്ക് തോന്നുന്നത് നമ്മുടെ പഴയ സംവിധായകരും ഇപ്പോഴത്തെ സിനിമയെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ്. അവര്‍ അവരുടെ പ്രതിഭയ്ക്കനുസരിച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഒരിക്കിലും അത് പരാജയപ്പെടുകയില്ല. ഞാന്‍ തന്നെ അദ്ഭുതപ്പെട്ടിട്ടുണ്ട്, പല ആള്‍ക്കാരും ഈ തരംഗത്തിലേക്ക് കടക്കാന്‍ ശ്രമിച്ചിട്ട് അതുമില്ല ഇതുമില്ല എന്ന അവസ്ഥയിലേക്ക് വന്ന് അവരങ്ങ് ഡിസപ്പിയര്‍ ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ആരുടെയും പേര് ഞാന്‍ പറയുന്നില്ല. 

ഞാന്‍ പരമ്പരാഗത സിനിമയില്‍ വിശ്വസിക്കുന്നയാള്‍

സാറ്റലൈറ്റ് റൈറ്റിന്റെ കാര്യത്തില്‍ ചാനലുകള്‍ സ്ട്രിക്ടായതോടെ ആ പ്രവണത ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഞാനിപ്പോഴും പരമ്പരാഗത സിനിമയില്‍ വിശ്വസിക്കുന്നയാളാണ്. കഥയുണ്ടാക്കി തിരക്കഥയുണ്ടാക്കി അതിനനുസരിച്ച് കാസ്റ്റ് ചെയ്ത് സിനിമയുണ്ടാക്കണമെന്ന ചിന്താഗതിക്കാരനാണ്. ഞാന്‍ ഏറ്റവും പുതിയ സംവിധായകര്‍ക്കൊപ്പം ഉള്‍പ്പെടെ വര്‍ക്ക് ചെയ്യുന്ന ആളാണ്. എങ്കിലും, സിനിമയ്‌ക്കൊരു ഗ്രാമറുണ്ട്. അത് തെറ്റിക്കാം. പക്ഷേ അതിനൊരു പരിധിയുണ്ട്.

സിനിമയ്ക്കായി മാത്രം യുഎസില്‍ നിന്ന് വരും

കഥാപാത്രങ്ങള്‍ കേട്ട് ഇഷ്ടപ്പെട്ടാലേ സ്വീകരിക്കൂ. ഇപ്പോള്‍ എന്നെ സമീപിക്കുന്നവരും അത്തരത്തില്‍ ശ്രദ്ധിച്ചേ വരൂ. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് മൂലം ഇടവേളകള്‍ മന:പൂര്‍വമാണ്. ഞാനിപ്പോള്‍ യുഎസില്‍ നിന്ന് സിനിമയ്ക്കായി മാത്രമായാണ് ഇങ്ങോട്ടു വരുന്നത്. പക്ഷേ, ദൂരം ഇന്നൊരു വിഷയമല്ല. സ്‌ക്രിപിറ്റൊക്കെ മെയില്‍ ചെയ്യും, വാട്ട്‌സാപ്പില്‍ സംസാരിക്കും, സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യാം. ഇന്നെല്ലാം എളുപ്പമാണ്.

അമേരിക്കയില്‍..

എന്റെ ഭാര്യ മറ്റൊരു നാട്ടുകാരിയാണ്. 12 കൊല്ലം ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ത്യയിലൊരു സ്ഥിരതാമസം അവരെ സംബന്ധിച്ച് 'ഫിഷ് ഔട്ട് ഓഫ് വാട്ടര്‍' എന്ന സംഭവത്തിലേക്ക് പോകും. കുട്ടികളെയും അവിടെ കൊണ്ട് സെറ്റിലാക്കി. ഇനി കുറച്ചുനാള്‍ അവരുടെ കള്‍ച്ചറിലും ജീവിക്കട്ടെ. വേണമെങ്കില്‍ തിരിച്ചുവരാം.

അമേരിക്കയില്‍ ഞാന്‍ ഒരു മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് സ്‌കൂള്‍ തുടങ്ങിയിട്ടുണ്ട്. മിക്‌സ്ഡ് മാര്‍ഷല്‍ ആര്‍ട്ട് ആണ് പഠിപ്പിക്കുന്നത്. കുറേ കുട്ടികളൊക്കെയുണ്ട്. വളരെ ലോ പ്രൊഫൈലായിട്ട് നടത്തുന്നതാണ്. അറിഞ്ഞും കേട്ടും വരുന്ന ആളുകള്‍ മാത്രമേയുള്ളൂ. പിന്നെ, ധാരാളം സിനിമ കാണാറുണ്ട്. സിനിമയെ കുറിച്ചുള്ള ഓരോ ചിന്തകള്‍ എപ്പോഴും മനസ്സില്‍ ഓടിക്കൊണ്ടിരിക്കും.

babu antony
ബാബു ആന്റണി. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

സംവിധാനം ചെയ്യും, സംവിധായകനാവാനില്ല

സംവിധാനം എന്റെ ഡ്രീം പ്രൊജക്ടാണ്. എന്റെ മനസ്സിലുള്ള കഥ പല സംവിധായകരോടും പറഞ്ഞിരുന്നു. അവരെല്ലാം പറഞ്ഞത് ഇത് നിങ്ങളുടെ മനസ്സില്‍ ഇത്രയും ആഴത്തില്‍ കിടക്കുന്ന കഥയാണ്. ഞങ്ങള്‍ ചെയ്യുമ്പോള്‍ അത് വേറൊരു തലത്തിലേക്ക് പോകും. ചെയ്തു തരാം, പക്ഷേ ബാബു തന്നെ ചെയ്യുന്നതാകും നല്ലതെന്ന് അവര്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു. അങ്ങനെ തീരുമാനിച്ചപ്പോള്‍ ഒന്നുരണ്ടു നിര്‍മാതാക്കള്‍ വന്നു. അവര്‍ ഈ ക്യാരക്ടറിന് ഇന്നയാളെ സെലക്ട് ചെയ്യണം ഇയാള്‍ക്ക് സാറ്റലൈറ്റ് റേറ്റുണ്ട് എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ സാറ്റലൈറ്റ് റേറ്റിനു വേണ്ടിയല്ല ഓഡിയന്‍സിന് വേണ്ടിയാണ് സിനിമയെടുക്കുന്നതെന്ന്. അങ്ങനെ അത് പല നിര്‍മാതാക്കളും ഇട്ടിട്ട് പോയി. പറ്റിയ പ്രൊഡ്യൂസറെ കിട്ടിയാല്‍ തീര്‍ച്ചയായും ആ സിനിമ ചെയ്യും. പക്ഷേ, അതിനായി ഞാന്‍ വളരെ കാര്യമായൊന്നും ശ്രമിക്കാറില്ല.

ഇതൊരു ലവ് സ്റ്റോറിയാണ്. പിന്നൊരു ആക്ഷന്‍ സ്റ്റോറി കൂടി മനസ്സിലുണ്ട്. ഈ രണ്ടു സിനിമകള്‍ മാത്രമേ സംവിധാനം ചെയ്യൂ. ഒരു സംവിധായകനാകാനൊന്നുമില്ല. ഞാന്‍ അടിസ്ഥാനപരമായി ഒരു നടനാണ്. 

ബാബു ആന്റണി എന്ന നടനെ മലയാള സിനിമ ഉപയോഗിച്ചില്ല

ബാബു ആന്റണി എന്ന നടനെ മലയാള സിനിമ ഉപയോഗിച്ചില്ല എന്ന് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ രചയിതാക്കളുടെയോ സംവിധാകരുടെയോ മനസ്സില്‍ എനിക്ക് പറ്റിയ കഥാപാത്രങ്ങളൊന്നും വന്നില്ലായിരിക്കാം. ആരെയും കുറ്റപ്പെടുത്തുന്നില്ല. പിന്നെ എനിക്ക് കൂടി ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യാനൊക്കൂ. ഒരു കണക്കില്‍ ഇടവേള നന്നായി. ഒരു നടനെന്ന നിലയില്‍ കൂടുതല്‍ പഠിക്കാനും പക്വത പ്രാപിക്കാനുമൊക്കെ അതുകൊണ്ട് സാഹചര്യമുണ്ടായി.

babu antony
ബാബു ആന്റണി അപരാഹ്നത്തിൽ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ആകാരം പ്രശ്‌നമല്ല

അപരാഹ്നത്തിലാണ് ഞാന്‍ ആദ്യമായി ഹീറോ ആയിട്ട് അഭിനയിച്ചത്. സംവിധായകന്‍ എം.പി.സുകുമാരന്‍ നായര്‍ കര്‍ക്കശമായിട്ട് പറഞ്ഞു ബാബു ആന്റണി തന്നെ നന്ദകുമാര്‍ എന്ന കഥാപാത്രം ചെയ്യണമെന്ന്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ വരെ ചോദിച്ചു അയാളുടെ ഒരു ആകാരം വെച്ചിട്ട് എങ്ങനെ ഈ കഥാപാത്രം ചെയ്യുമെന്ന്. എന്നാല്‍ സുകുമാരന്‍ നായര്‍ക്ക് വിശ്വാസമുണ്ടായിരുന്നു. അടൂര്‍ സാര്‍ അന്ന് ഒരു സംശയം പ്രകടിപ്പിച്ചതേയുള്ളൂ. പിന്നീട് അദ്ദേഹം തന്നെ പറഞ്ഞു മലയാളത്തില്‍ ഉണ്ടായ മികച്ച പത്തു സിനിമകളില്‍ ഒന്നാണ് അപരാഹ്നമെന്ന്.

നന്ദകുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോള്‍ അതു ചെയ്തു. അതിനായി ഭാരം കുറച്ചു. സാധാരണ ബനിയൊനൊക്കെ ഇട്ട് കൈലിയുടുത്ത് നന്ദകുമാറായി. കഥാപാത്രത്തെ മനസ്സുകൊണ്ട് ഉള്‍ക്കൊണ്ടാല്‍ ശാരീരികമായും അതാകും. മാര്‍ഷല്‍ ആര്‍ട്ട്‌സ് അറിയാവുന്നതുകൊണ്ട് ബോഡി ഫ്‌ളക്‌സിബിളാണ്. അതും കഥാപാത്രങ്ങളാകാന്‍ സഹായകമാണ്.

പുതിയ പ്രൊജക്ടുകള്‍

സഖറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യാനുള്ളത്. തിരക്കഥയിലും ചിത്രീകരണത്തിലുമെല്ലാം വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രമാണിത്. സിനിമയെ കുറിച്ച് കൃത്യമായ ധാരണകളുള്ള ഉല്ലാസ് ഉണ്ണിക്കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ കായംകുളം കൊച്ചുണ്ണിയുടെ ഗുരുവിന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.