മികച്ച സാഹിത്യസൃഷ്ടികൾ ചലച്ചിത്രങ്ങളാവുന്ന രീതി ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിൽ ശക്തമായി തിരികെവരുമ്പോഴാണ് എം. മുകുന്ദന്റെ ചെറുകഥ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ സിനിമയാവുന്നത്. മീത്തലെ പുരയിലെ സജീവൻ എന്ന അലസനായ ഓട്ടോഡ്രൈവറുടെ ജീവിതത്തിലേക്ക് രാധികയെന്ന കരുത്തയായ പെൺകുട്ടി കടന്നുവരുന്നതും അവൾ ഓട്ടോറിക്ഷ ഏറ്റെടുത്ത് ജീവിതം മുന്നോട്ട് ഓടിക്കുന്നതുമായിരുന്നു പ്രസിദ്ധമായ ആ ചെറുകഥ. എം. മുകുന്ദൻ ആദ്യമായി തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന് ചലച്ചിത്രരൂപമൊരുക്കുന്നത് സംവിധായകൻ ഹരികുമാറാണ്.

‘‘മുകുന്ദേട്ടൻ ആസ്വദിച്ചുകൊണ്ടാണ് തിരക്കഥയെഴുതിയത്. സംവിധായകനും തിരക്കഥാകൃത്തും തമ്മിൽ സ്വാഭാവികമായി നടക്കുന്ന സംവാദങ്ങളെല്ലാം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. അദ്ദേഹത്തെപ്പോലെ മഹാനായ ഒരു എഴുത്തുകാരനുമായി സിനിമയ്ക്കുവേണ്ടി സഹകരിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് ഞാൻ’’- സുകൃതവും ഉദ്യാനപാലകനും എഴുന്നള്ളത്തുംപോലുള്ള ഒട്ടേറെ പ്രശസ്ത സിനിമകളൊരുക്കിയ ഹരികുമാർ പുതിയ സിനിമയുടെ ആവേശം പ്രകടിപ്പിച്ചു. ആൻ അഗസ്റ്റിനും സുരാജ് വെഞ്ഞാറമ്മൂടുമാണ് സിനിമയിൽ പ്രധാനവേഷത്തിലെത്തുന്നത്. ക്യാമറ സന്തോഷ് തുണ്ടിയിൽ. പാട്ടുകൾ പ്രഭാവർമയുടേതാണ്. സംഗീതം ഔസേപ്പച്ചൻ. ബെൻസി പ്രൊഡക്‌ഷൻസാണ് നിർമാണം. അടുത്തമാസം ഷൂട്ടിങ് തുടങ്ങും.

‘‘മാഹിയിലും തലശ്ശേരിയിലുമാണ് ഈ സിനിമ ചിത്രീകരിക്കുന്നത്. ഈ പ്രദേശങ്ങളിലെ സാമൂഹിക പരിസരവും ഭാഷയുമെല്ലാം സിനിമയിലും കടന്നുവരുന്നുണ്ട്. മലയാളത്തിൽ അതൊരു പുതുമതന്നെയാണ്’’-സംവിധായകൻ ഹരികുമാർ അഭിപ്രായപ്പെടുന്നു. എം. മുകുന്ദൻ ആദ്യമായി എഴുതുന്ന തിരക്കഥ, വിവാഹശേഷം അഭിനയംവിട്ട ആൻ അഗസ്റ്റിൻ തിരിച്ചുവരുന്ന സിനിമ എന്നിങ്ങനെ വാർത്തകളിൽ നിറയുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെക്കുറിച്ചുള്ള പ്രതീക്ഷകളും സിനിമാജീവിതത്തിലെ ഓർമകളും പങ്കുവെക്കുകയാണ് സംവിധായകൻ ഹരികുമാർ.

എപ്പോഴാണ് എം. മുകുന്ദന്റെ കഥയിലൊരു സിനിമയുണ്ടെന്ന് തോന്നുന്നത്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ വായിച്ചപ്പോഴേ അതിലൊരു സിനിമാസാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അപ്പോൾത്തന്നെ ഞാൻ മുകുന്ദേട്ടനെ വിളിച്ച് ചോദിച്ചു. ആരൊക്കെയോ അതിനകംതന്നെ അദ്ദേഹത്തോട് ആ കഥ തിരക്കഥയാക്കാനുള്ള അനുവാദം ചോദിച്ചിരുന്നു. പക്ഷേ, അദ്ദേഹം ചെറുകഥ എനിക്കുതന്നെ തന്നു. തിരക്കഥ ആരെക്കൊണ്ട് എഴുതിക്കുമെന്നായിരുന്നു മുകുന്ദേട്ടന്റെ സംശയം. അപ്പോൾ ഞാൻ ചോദിച്ചു, അങ്ങേക്കുതന്നെ എഴുതാൻ പറ്റുമോയെന്ന്. മുകുന്ദേട്ടൻ സമ്മതിച്ചു. ആദ്യമായിട്ടാണ് അദ്ദേഹം തിരക്കഥയെഴുതുന്നത്. എൺപതാം വയസ്സിൽ നവാഗതനാവുന്നു എന്നുപറഞ്ഞ് അദ്ദേഹം ചിരിച്ചു. ഞങ്ങൾ ഒരുമിച്ചിരുന്നാണ് ഇതിന്റെ സ്‌ക്രിപ്റ്റ് വർക്ക് ചെയ്തത്. ചെറുകഥ അതേരൂപത്തിൽ സിനിമയാക്കാൻ പറ്റില്ലല്ലോ. അതിൽ ഒരുപാട് കൂട്ടിച്ചേർക്കലുകൾ നടത്തേണ്ടിവന്നു. ഞങ്ങൾ കുറെ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്നു. ചെറുകഥ അവസാനിക്കുന്നയിടത്തുനിന്ന് പുതിയൊരു തുടർച്ചയുണ്ടാക്കി. അങ്ങനെ രണ്ടേകാൽ മണിക്കൂർ നീളുന്ന സിനിമയായിമാറി.

തിരക്കഥയെഴുത്തിൽ മുകുന്ദനുമായുള്ള സംവാദത്തിനിടയിൽ നിങ്ങൾക്കിടയിലുള്ള സൗഹൃദം ആസ്വദിക്കാനായോ

എനിക്ക് വലിയ അടുപ്പമുള്ള എഴുത്തുകാരനാണ് മുകുന്ദേട്ടൻ. ഡൽഹിയിൽവെച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഫ്രഞ്ച് എംബസിയിൽ സുകൃതത്തിന്റെ പ്രിവ്യൂ നടക്കുമ്പോഴാണത്. എം.ടി. വാസുദേവൻനായരുമുണ്ടായിരുന്നു കൂടെ. എം.ടി.യാണ് അന്നത്തെ പ്രിവ്യൂ നടത്താൻ മുൻകൈയെടുത്തത്. മുകുന്ദനും ആനന്ദുമൊക്കെ അന്ന് സിനിമകാണാനെത്തിയിരുന്നു. ആ വർഷം ഇറങ്ങിയ പത്ത് മികച്ച സിനിമകളിലൊന്നായി സുകൃതത്തെ പിന്നീട് മുകുന്ദേട്ടൻ വിശേഷിപ്പിച്ചിട്ടുണ്ട്. സിനിമയിൽ വന്നതുകൊണ്ട് ഇങ്ങനെയുള്ള ഒരുപാട് വലിയ ആളുകളുമായി ഒത്തുപ്രവർത്തിക്കാനായി. ലോഹിതദാസിന്റെ തിരക്കഥയിൽ സിനിമയൊരുക്കാനായി.

ബോംബെ രവി, ഇളയരാജ, ദക്ഷിണാമൂർത്തി സ്വാമി, എം.ബി. ശ്രീനിവാസൻ തുടങ്ങിയ മഹാന്മാരായ സംഗീതജ്ഞരെ എന്റെ സിനിമയിൽ കൂടെക്കൂട്ടാനായി. എന്റെ തലമുറയിലുള്ളവരെല്ലാം ആരാധനയോടെ കണ്ടവരാണ് ഇവരെല്ലാം. വലിയ ക്യാമറാമാന്മാർ, മികച്ച അഭിനേതാക്കൾ. ഇവരെല്ലാം എന്റെ സിനിമയുടെ ഭാഗമായിട്ടുണ്ട്. പക്ഷേ, സ്ഥിരമായി ആരുടെകൂടെയും ഞാൻ സിനിമചെയ്തിട്ടില്ല. ഓരോ പുതിയ ആളുകളിൽനിന്നും പുതിയ കാര്യങ്ങൾ പഠിക്കാമല്ലോ. അതുകൊണ്ട് എപ്പോഴും എന്റെ സിനിമയിൽ ആളുകൾ മാറിക്കൊണ്ടിരിക്കും. ഇപ്പോൾ കോവിഡ് കാലത്ത് ഞാൻചെയ്ത ‘ജ്വാലാമുഖി’ എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സുരഭി ലക്ഷ്മിയാണ് അതിലെ നായിക.

അഭിനയംവിട്ട ആൻ അഗസ്റ്റിൻ തിരിച്ചുവരുന്നു എന്ന പ്രത്യേകതയുമുണ്ടല്ലോ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക്

ആകസ്മികമായാണ് ഞാൻ അവരെ തേടിച്ചെല്ലുന്നത്. നേരത്തേ പലരെയും ഈ സിനിമയിലേക്ക് ആലോചിച്ചിരുന്നു. പക്ഷേ, എന്റെ മനസ്സിലുള്ളൊരാളെ ഒത്തുകിട്ടിയില്ല. സ്വന്തം വ്യക്തിത്വത്തിൽ അടിയുറച്ചുനിൽക്കുന്ന തന്റേടിയായൊരു കഥാപാത്രമാണിത്. അതിന് പറ്റിയൊരു മുഖം അന്വേഷിച്ചപ്പോഴാണ് ആനിന്റെ പേരുവരുന്നത്. നായകനായി ഞാനിതിൽ സുരാജിനെ തീരുമാനിക്കുമ്പോൾ അദ്ദേഹമൊരു ഹീറോയായിരുന്നില്ല. എനിക്കിതിൽ ഹീറോയിസമില്ലാത്തൊരു സുരാജിനെയായിരുന്നു ആവശ്യം. ഒരുപാട് മുന്നേയാണ് ഞാൻ സുരാജിനെ ബുക്കുചെയ്യുന്നത്. അന്ന് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഇറങ്ങിയിട്ടേയുള്ളൂ. പിന്നെ കുറേ പടങ്ങൾ വന്നപ്പോൾ പുള്ളിയൊരു താരമായി മാറിക്കഴിഞ്ഞിരുന്നു. കഴിഞ്ഞദിവസം കണ്ടപ്പോൾ ഞാൻ സുരാജിനോട് പറഞ്ഞിരുന്നു, ഇന്നാണെങ്കിൽ ഞാൻ നിങ്ങളെ ഇതിലേക്ക് വിളിക്കില്ലായിരുന്നെന്ന്.

സുകൃതംപോലൊരു സിനിമയൊരുക്കിയ കാലത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്തുതോന്നുന്നു

ഇരുപത്തിയാറു വർഷത്തിനുശേഷവും ഞാൻ എവിടെച്ചെന്നാലും ആളുകൾ തിരിച്ചറിയുന്നത് സുകൃതത്തിന്റെ സംവിധായകൻ എന്നനിലയിലാണ്. ഞാനാവാട്ടെ അതിന്റെ ലേബലിൽനിന്നൊന്ന് മാറാൻ ശ്രമിച്ചിട്ട് നടക്കുന്നുമില്ല. എങ്കിലും കരിയറിൽ ലാൻഡ് മാർക്കായ സൃഷ്ടികൾ ഉണ്ടാവുക എന്നതൊരു നേട്ടംതന്നെയാണ്. ഇപ്പോഴും സുകൃതം കാണുമ്പോൾ ഫ്രഷ്‌നസ് തോന്നുന്നു എന്ന് പറയുന്നവരുണ്ട്. ആ പടം ആവർത്തിച്ച് കാണുന്നവരുണ്ട്. പലരുടെയും ജീവിതത്തോട് അടുത്തുനിൽക്കുന്നൊരു വിഷയംകൂടി ആയിരുന്നുവല്ലോ അതിൽ പറഞ്ഞുപോയത്.

ആ സിനിമ കാലത്തെ അതിജീവിക്കുമെന്ന് തോന്നിയിരുന്നോ

അന്നങ്ങനെ തോന്നിയിട്ടില്ല. എം.ടി.യുടെ തിരക്കഥയായതുകൊണ്ട് ശ്രദ്ധിക്കപ്പെട്ടേക്കും എന്നൊരു വിശ്വാസമേ ഉണ്ടായിരുന്നുള്ളൂ. അന്ന് മമ്മൂട്ടിയാണ് ആദ്യം പറഞ്ഞത്, ഈ പടത്തിന് അവാർഡ് കിട്ടാൻ സാധ്യതയുണ്ടെന്ന്. ഓരോ സീനിലും മമ്മൂട്ടി വളരെ ആസ്വദിച്ച് അഭിനയിക്കുകയായിരുന്നു. അതിന്റെ ആദ്യത്തെ എഡിറ്റിങ് കഴിഞ്ഞ് എം.ടി.സാർ മദ്രാസിൽവന്ന് സിനിമ കാണുന്ന ദിവസം എനിക്ക് ഓർമയുണ്ട്. ഞാനന്ന് സ്ഥലത്തില്ല. പടം കണ്ട് എം.ടി.സാർ എന്തുപറഞ്ഞെന്ന് അറിയാൻ ആകാംക്ഷ അടക്കാൻപറ്റാതെ മമ്മൂട്ടി വിളിച്ചുകൊണ്ടിരിക്കുന്നു. എം.ടി.യാവട്ടെ സിനിമകണ്ട് എന്നെ വിളിക്കുന്നുമില്ല. ഒടുവിൽ പടത്തിന്റെ എഡിറ്ററാണ് എം.ടി.യെ വിളിച്ച് ചോദിച്ചത്. കുഴപ്പമില്ല, നന്നായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ഞങ്ങൾക്ക് ശ്വാസം നേരെവീണത്. ആ സിനിമയുടെ ക്ലൈമാക്സ് എങ്ങനെയെടുക്കണമെന്ന് ആദ്യം സ്‌ക്രിപ്റ്റിലുണ്ടായിരുന്നില്ല. അതിലെ കഥാപാത്രത്തിന്റെ മരണം ആത്മഹത്യയാണെന്നു മാത്രമേ ആദ്യം ധാരണയുണ്ടായിരുന്നുള്ളൂ. പക്ഷേ, അതെങ്ങനെ വേണമെന്ന് യാതൊരു പിടിയും കിട്ടുന്നില്ല. ആത്മഹത്യ പലരും പല രീതികളിൽ ഒരുപാട് സിനിമകളിൽ ഉപയോഗിച്ചു കഴിഞ്ഞതാണ്. കടലും കായലും തൂങ്ങിമരണവും വിഷംകഴിക്കലുമൊക്കെ പല സിനിമകളിലും വന്നിട്ടുമുണ്ട്. അതുതന്നെ ആവർത്തിച്ചാൽ പുതുമതോന്നില്ലല്ലോ. അതുകൊണ്ട് ധാരാളം ആലോചനകൾ വേണ്ടിവന്നു. അങ്ങനെയാണ് മരണം നേരിട്ട് കാണിക്കാതെ അതിന്റെയൊരു ഫീലുണ്ടാക്കാമെന്നുതോന്നിയത്.

അന്ന് ചെങ്കോട്ട എന്ന സ്ഥലത്തുവെച്ചാണ് ആ രംഗം ചിത്രീകരിച്ചത്. തീവണ്ടി അധികമോടാത്ത മീറ്റർഗേജ് പാളമായിരുന്നു അവിടെ. മണിക്കൂറുകൾ കൂടുമ്പോഴേ ഒരു ട്രെയിൻ വരൂ. അവിടെ ഞങ്ങൾ ആഗ്രഹിച്ചപോലെയൊരു ഗുഹയും ഒത്തുകിട്ടി. അതായിരുന്നു ഞങ്ങൾ അന്വേഷിച്ചുനടന്നത്. കോട്ടയത്തുകൂടെ തീവണ്ടിയിൽ പോവുമ്പോൾ ഇങ്ങനെയൊരു ഗുഹയിലൂടെ നമ്മൾ കയറിയിറങ്ങാറുണ്ട്. ആ ഒരു ഓർമയാണ് സുകൃതത്തിൽ ഇങ്ങനെയൊരു രംഗം പിറക്കാനിടയാക്കിയത്.

സുകൃതത്തിലും ഉദ്യാനപാലകനിലുമൊക്കെ മമ്മൂട്ടിയുടെ കഥാപാത്രങ്ങൾ ഏകാകിയായി തോന്നിയിട്ടുണ്ട്

മമ്മൂട്ടി കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴാണ് ഈ രണ്ടു സിനിമകളിലും അഭിനയിക്കുന്നത്. രണ്ടിലും അയാൾ ഒട്ടും ഹീറോയിസമില്ലാത്ത പരാജയപ്പെടുന്ന കഥാപാത്രങ്ങളാണ്. ഇപ്പോഴാണെങ്കിൽ മമ്മൂട്ടി ഇങ്ങനെയൊരു വേഷം സമ്മതിക്കണമെന്നില്ല. സുകൃതത്തിലെ ആദ്യത്തെ ഷോട്ടിൽതന്നെ താനിതാ ആറുമാസംകൊണ്ട് മരിക്കാൻ പോവുകയാണെന്ന് പറയുന്ന കഥാപാത്രമാണ്. പിന്നെ അയാൾ പരാജയങ്ങളിൽനിന്ന് പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണ്. സ്വന്തം ഭാര്യയെവരെ മറ്റൊരാളെ ഏൽപ്പിക്കേണ്ടിവരുന്ന കഥാപാത്രം. അങ്ങനെയൊരു വേഷം മുൻനിരനായകനായ ഒരാൾ അഭിനയിക്കാൻ എളുപ്പം ധൈര്യപ്പെടില്ല. അന്നു പിന്നെ എം.ടി.യുടെ തിരക്കഥയെന്ന പിന്തുണയുണ്ടായിരുന്നു.

content highlights : Autorickshawkkarante Bharya Movie Starring Suraj Ann Augustine Directed By Harikumar Story M Mukundan