ണിയറയിൽ ആതിര കഥയും തിരക്കഥയുമെഴുതുകയാണ് - അസ്സലൊരു ഇടിപ്പടത്തിന്. അഞ്ചുഭാഷകളിലായി ഇറങ്ങുന്ന ആക്‌ഷൻ ചലച്ചിത്രം ‘ടു ഫെയ്സി’ന്റെ കഥയും തിരക്കഥയുമൊരുക്കുന്നത് മാനന്തവാടി സ്വദേശി ആതിരയാണ്. ശരത് ലാൽ നേമിഭുവനാണ് സംവിധായകൻ.

മലയാളം, തമിഴ്, തെലുങ്ക്, കന്ന‍ഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ ഇതിനോടകംതന്നെ ശ്രദ്ധനേടി. കേരളത്തിലും പുറത്തുമായാണ് ചിത്രീകരണം. ഇന്ത്യയിലാദ്യമായി ഒരു 12 വയസ്സുകാരന്റെ കലാസംവിധാനത്തിൽ ഇറങ്ങുന്ന സിനിമ എന്ന പ്രത്യേകതയും ടു ഫെയ്സിനുണ്ട്. തൃശ്ശൂർ സ്വദേശിയായ മാസ്റ്റർ അഭയ് കൃഷ്ണയാണ് കലാസംവിധായകൻ. അഭിനേത്രിയും മോഡലുമായ ദീപ്തി കല്യാണി ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

അടിമക്കഥയുമായി ‘റാട്ടി’

മാനന്തവാടി എള്ളുമന്ദം പെരിഞ്ചോല സ്വദേശിയായ ആതിര ഇതിനുമുമ്പ് രണ്ടു ഹ്രസ്വ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. റാട്ടി, ശക്ത എന്നിവയാണ് ഹ്രസ്വ ചിത്രങ്ങൾ. ഇവ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ‘റാട്ടി’യിൽ അടിമസമ്പ്രദായവും ‘ശക്ത’യിൽ പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയമാക്കിയത്.

കൊച്ചിൻ കലാഭവന്റേത് ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും റാട്ടി എന്ന ഹ്രസ്വ ചിത്രത്തിന് ലഭിച്ചു. സംവിധാനം, കഥ, തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരമാണ് റാട്ടിയെന്ന ഹ്രസ്വ ചിത്രത്തിലൂടെ ആതിര നേടിയെടുത്തത്. ഇതുകൂടാതെ ചെറുകഥകളും കവിതകളും എഴുതിയിട്ടുണ്ട്. ഇതിൽനിന്നൊക്കെ പ്രചോദനമുൾക്കൊണ്ടാണ് പുറത്തിറങ്ങാനിരിക്കുന്ന ടു ഫെയ്സ് എന്ന സിനിമയ്ക്ക് കഥയും തിരക്കഥയും എഴുതിയതെന്ന് ആതിര പറഞ്ഞു. പെരിഞ്ചോല അച്ചപ്പന്റെ മകളാണ് 26-കാരിയായ ആതിര. അനൗൺസറും ഗായകനുമായ പെരിഞ്ചോല ചന്ദ്രനാണ് ഭർത്താവ്. രണ്ടുവയസ്സായ ഒരു മകളുമുണ്ട്. ഇപ്പോൾ സിനിമയുടെ അണിയറപ്രവർത്തനങ്ങളുടെ തിരക്കിലാണ് ആതിര. അഞ്ചുഭാഷകളിൽ ‘ടു ഫെയ്സ്’ ഒരുങ്ങുന്നു.

Content Highlights: Athira script writer, two faces, Malayalam Movie, sarathlal nemibhuvan, deepthi Kalyani