ന്റെ ആദ്യ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ പാളിച്ചകള്‍ സംഭവിച്ചെന്ന് നടന്‍ അസ്‌കര്‍ അലി. കഥ കേട്ടപ്പോള്‍ താന്‍ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല സിനിമകള്‍ പുറത്തുവന്നപ്പോഴെന്നും എന്നാല്‍, ഇതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും അസ്‌കര്‍ പറഞ്ഞു.

ഷൈജു അന്തിക്കാട് ഒരുക്കിയ 'ഹണി ബീ 2.5' എന്ന ചിത്രത്തിലൂടെയാണ് അസ്‌കര്‍ ചലച്ചിത്രരംഗത്തെത്തുന്നത്. 'ഹണി ബീ 2'ന്റെ സെറ്റില്‍വെച്ച് ചിത്രത്തിന്റെ ഇടവേളകളില്‍ ഷൂട്ട് ചെയ്ത 2.5 പക്ഷേ തിയ്യറ്ററില്‍ ചലനമുണ്ടാക്കിയില്ല. അതേവര്‍ഷം 'ചെമ്പരത്തിപ്പൂ' എന്നൊരു ചിത്രം കൂടി അസ്‌കറിന്റേതായി എത്തിയെങ്കിലും അതും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം അപര്‍ണ ബാലമുരളി നായികയായ 'കാമുകി'യും അസ്‌കറിനെ തുണച്ചില്ല. ഈ മൂന്ന് ചിത്രങ്ങളില്‍ കാമുകി മാത്രമാണ് സംതൃപ്തി നല്‍കിയതെന്ന് അസ്‌കര്‍ പറയുന്നു.

'2.5 ആണെങ്കിലും ചെമ്പരത്തിപ്പൂ ആണെങ്കിലും ഞാന്‍ എന്ത് മനസില്‍ കണ്ടോ അതുപോലെ ആയിരുന്നില്ല ആ സിനിമകള്‍ റിലീസായപ്പോഴെന്ന് തോന്നിയിട്ടുണ്ട്. നമ്മള്‍ കേള്‍ക്കുന്ന കഥയാവണമെന്നില്ല സിനിമയായി വരുമ്പോള്‍ കാണുക. എന്നാല്‍, അതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ല. കാമുകിയാണ് അഭിനയിച്ച സിനിമകളില്‍ എനിക്ക് തൃപ്തി നല്‍കിയ ചിത്രം. ആളുകള്‍ കൂടുതല്‍ കണ്ട എന്റെ ചിത്രവും കാമുകിയായിരിക്കും.'

'ഇനി മികച്ചൊരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുള്ളതിനാലാണ് ഇത്രയും നാള്‍ കാത്തിരുന്നത്. മുമ്പ് പറ്റിയ പാളിച്ചകളില്‍ നിന്നൊക്കെ പാഠമുള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്താനാണ് ശ്രമം. ഇനിയും പ്രേക്ഷകരെ ചൊറിയാന്‍ പോകരുതെന്നുള്ളതുകൊണ്ട് തന്നെയാണ് തിരക്കഥകള്‍ കേട്ട് സൂക്ഷിച്ച് സിനിമ തിരഞ്ഞെടുക്കാന്‍ ശ്രമിച്ചത്. അതുകൊണ്ട് തന്നെയാണ് ഒരു വര്‍ഷത്തെ ഗ്യാപ്പ് വന്നതും' -അസ്‌കര്‍ പറഞ്ഞു.

'ജീം ബൂം ബാ'യിലെ കഥാപാത്രം താന്‍ സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനോട് ചോദിച്ചുവാങ്ങിയതാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ അസ്‌കര്‍ വ്യക്തമാക്കി. 'ഇതിനു മുമ്പ് രാഹുലുമായി മൂന്ന് കഥകള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ചെയ്താല്‍ എന്റെ കയ്യില്‍ നില്‍ക്കില്ല എന്ന് ഉറപ്പുള്ള കഥാപാത്രങ്ങള്‍ ആയതിനാലാണ് അവയൊന്നും സ്വീകരിക്കാതിരുന്നത്. അതിനുശേഷം, രാഹുല്‍ പുതുമുഖങ്ങളെ വെച്ച് പ്ലാന്‍ ചെയ്ത സിനിമയാണ് 'ജീം ബൂം ബാ'. സൗഹൃദം കൊണ്ട് അഭിപ്രായം ചോദിക്കാനായാണ് ഈ കഥ അവന്‍ എന്നോട് പറയുന്നത്. അപ്പോള്‍, ബേസില്‍ കഞ്ഞിക്കുഴിയെന്ന കഥാപാത്രം എനിക്ക് കിട്ടിയാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അങ്ങോട്ട് പറയുകയായിരുന്നു'.

മലയാളത്തില്‍ അധികം കാണാത്ത ജോണറിലുള്ള ചിത്രമാണ് 'ജീം ബൂം ബാ'യെന്നും ചിത്രത്തില്‍ തനിക്കേറെ ആത്മവിശ്വാസമുണ്ടെന്നും അസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുല്‍ രാമചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മുളുനീള ചിത്രത്തില്‍ അസ്‌കറിനെ കൂടാതെ അനീഷ് ഗോപാല്‍, അഞ്ജു കുര്യന്‍, ബൈജു, നേഹ സക്‌സേന തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

Content Highlights: askar ali actor interview jimboomba malayalam movie Jeem Boom Bhaa Rahul Ramachandran honey bee