ശ ഭോസ്‌ലെ ഇന്ത്യയിലെ സംഗീതരംഗത്ത് നിത്യവിസ്മയമാണ്. ഒരിയ്ക്കലും പ്രായമാവാത്ത, കാലത്തെ അതിജീവിക്കുന്ന ശബ്ദമാണ് ആശയുടേത്. മെലഡിയോ, പോപ്പോ, ഗസലോ... ഏതുമാകട്ടെ ആശയുടെ കയ്യില്‍ എല്ലാം ഭദ്രമാണ്. സെപ്തംബര്‍ 8 ന് 83 വയസു തികയുകയാണെങ്കിലും തിരക്കുകള്‍ക്ക് ഒട്ടും കുറവില്ല ഈ സംഗീത പ്രതിഭയക്ക്. എങ്കിലും ഇനി തനിക്ക് വിശ്രമിക്കാനുള്ള സമയമായെന്നാണ് ആശ പറയുന്നത്. തന്റെ വിടവാങ്ങല്‍ സംഗീത പരിപാടിയുമായി വിദേശ പര്യടനത്തിലാണ് ആശയിപ്പോള്‍. അതിന്റെ ഭാഗമായി വാഷിങ്ടണിലെ വോള്‍ഫ് ട്രാപ്പ് ഫൗണ്ടേഷന്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആര്‍ട്‌സ് സെന്ററില്‍ ഈയിടെയാണ് ആശ സംഗീത പരിപാടി അവതരിപ്പിച്ചത്. സംഗീത രംഗത്തു നിന്നുള്ള വിടവാങ്ങലിനെക്കുറിച്ച് റെഡിഫ്.കോമുമായി നടത്തിയ  അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.

വോള്‍ഫ് ട്രാപ്പ് ഫൗണ്ടേഷനില്‍ നടത്തിയ വിടവാങ്ങൽ സംഗീത പരിപാടിയില്‍ നിന്ന് എന്താണ് ജനങ്ങള്‍ മനസിലാക്കേണ്ടത്? 

10 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഞാന്‍ അവിടെ എത്തുന്നത്. ഇതെന്റെ വിദേശ സംഗീത പരിപാടികളില്‍ നിന്നുള്ള വിടവാങ്ങൽ മാത്രമല്ല. ഇനി നാട്ടിലും ഞാന്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നില്ല. എനിക്കിപ്പോള്‍ 83 വയസാകാന്‍ പോകുന്നു.

വര്‍ഷങ്ങളായി താങ്കള്‍ വിദേശ അമേരിക്കയില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നു. ഇവിടെ വരാന്‍ താങ്കളെ പ്രേരിപ്പിക്കുന്ന കാരണം? 

72 വര്‍ഷത്തിലേറെയായി ഞാന്‍ എന്റെ സംഗീത ജീവിതം ആരംഭിച്ചിട്ട്. ഇന്ത്യക്കാര്‍ അത് ഏതു രാജ്യത്തുള്ളവരാണെങ്കിലും ചെറുപ്പം മുതലേ എന്റെ പാട്ടുകള്‍ കേട്ടിരിക്കാം. എവിടെ ജീവിച്ചാലും സ്വന്തം നാടിനെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവരാണ് നമ്മള്‍. അത്‌കൊണ്ടും തന്നെയാണ് എന്റെ പാട്ടുകള്‍ കേള്‍ക്കാന്‍ അവര്‍ ഓടിയെത്തുന്നത്. അവരുടെ ആ സന്തോഷം തന്നെയാണ് എന്റെ ഊര്‍ജം. അമേരിക്കക്കാര്‍ക്കും ഇന്ത്യന്‍ പാട്ടുകള്‍ ഇഷ്ടമാണ് പ്രത്യേകിച്ച് ബോളിവുഡ് പാട്ടുകള്‍.

Asha Bhosle

ദുബായില്‍ നിന്ന് ഓസ്‌ട്രേലിയ, ന്യുസീലൻഡ്, ലണ്ടന്‍, ഡര്‍ബന്‍ ഇങ്ങനെ പോകുന്നു വിടവാങ്ങല്‍ സംഗീതയാത്ര. 82 വയസിലും  ഊര്‍ജസ്വലയായി സദസ് കീഴടക്കുന്നു. എന്താണ് രഹസ്യം    ? 

യാത്രകള്‍ എനിക്കിഷ്ടമാണ്. പുതിയ ആളുകളെ കാണുക പരിചയപ്പെടുക അവരുടെ സംസാരത്തെ അടുത്തറിയുക ഇതെല്ലാം എന്നെ സംബന്ധിച്ച് ഇഷ്ടമുള്ള കാര്യങ്ങളാണ്. രാവിലെ എഴുന്നേറ്റ് സാധകം ചെയ്യുന്നത് ഒരിക്കലും ഞാന്‍ മുടക്കില്ല. രാവിലെ നടക്കാന്‍ പോകും, യോഗയും മെസിറ്റേഷനും ചെയ്യും ഇതൊക്കെയാണ് എന്നെ ഈ പ്രായത്തിലും മുന്‍പോട്ട് നയിക്കുന്നത്. 

അച്ഛന്‍ പണ്ഡിറ്റ് ദിനനാഥ് മങ്കേഷ്‌കറുടെയും സഹോദരി ലതാ മങ്കേഷ്‌കറുടെയും പിന്തുണ  സംഗീത ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

എന്റെ അച്ഛന്‍ എന്റെ ഗുരുവാണ്. ഇപ്പോഴും അദ്ദേഹം എന്റെ കൂടെയുണ്ടെന്നാണ് എന്റെ വിശ്വാസം. ദീദി എനിക്കെപ്പോഴും പ്രചോദനമായിരുന്നു. എന്നാല്‍ ദീദിയുടെ ശൈലി ഒരിക്കലും ഞാന്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. എന്റെ പാട്ടിന് ഒരു പാശ്ചാത്യ ശൈലിയുണ്ട്. ഞാന്‍ എവിടെപ്പോയാലും അവിടുത്തെ സംസ്‌കാരം എന്നെ സ്വാധീനിക്കാറുണ്ട്. അത്‌കൊണ്ടു തന്നെ ഏതുതരത്തിലുള്ള പാട്ടുകളും പാടാന്‍ എനിക്കിഷ്ടമാണ്. 

ലതാ മങ്കേഷ്കര്‍ ബോളിവുഡില്‍ ക്ലാസിക്കല്‍ സെമി-ക്ലാസിക്കല്‍ ശൈലിയാണ് പിന്തുടര്‍ന്നത്. എന്നാല്‍ ആശ പിന്തുടര്‍ന്നത് മറ്റൊരു ശൈലിയാണ്. പാശ്ചാത്യ സംഗീതവും ഇന്ത്യന്‍ സംഗീതവും ഇടകലര്‍ന്ന താങ്കളുടെ ശൈലി പലപ്പോഴും വിമര്‍ശിക്കപ്പെട്ടു. എങ്ങനെയാണ് ഇത്തരം വിമര്‍ശങ്ങളെ നേരിട്ടത്?

എന്റെ ബോസ് അച്ഛനില്‍ നിന്നു പകര്‍ന്നു കിട്ടിയ ഇന്ത്യന്‍ സംഗീതം തന്നെയാണ്. ക്ലാസിക്കല്‍ സംഗീതം എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എന്നാല്‍ സിനിമയിലെത്തിയപ്പോള്‍ എല്ലാ ശൈലിയിലുള്ള പാട്ടുകളും ഞാന്‍ പാടി. അതില്‍ ഖവാലി, റോക്ക്, പോപ്പ് പാട്ടുകളും ഉണ്ട്. കാബറേ പാട്ടുകളും ഞാന്‍ പാടിയിട്ടുണ്ട്. എനിക്കെല്ലാം ഇഷ്ടമാണ്. എല്‍വിസ് പ്രെസ്‌ലി, ബില്‍ ഹാലി തുടങ്ങിയവരുടെ പാട്ടുകള്‍ എനിക്കേറ്റവും പ്രിയപ്പെട്ടവയാണ്. 

മറ്റുള്ളവര്‍ എന്തു പറയുന്നു എന്നത് എന്റെ വിഷയം അല്ല. എനിക്കെന്താണ് ഇഷ്ടം അത് ഞാന്‍ ചെയ്യും. എനിക്കും ജീവിക്കണമായിരുന്നു. എന്റെ കുട്ടികളെ വളര്‍ത്തിയെടുക്കണമായിരുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ എന്നെ ബാധിക്കാറില്ല. 

ബോളിവുഡില്‍  പ്രശസ്തി വര്‍ധിച്ചപ്പോള്‍ സംഗീത സംവിധായകര്‍ താങ്കളെ ഉപയോഗപ്പെടുത്തി ഇന്ത്യന്‍ സിനിമാരംഗത്ത് വ്യത്യസ്ത ശൈലി കൊണ്ടുവന്നു. വേറിട്ട ശൈലിയിലേക്ക് ചുവടുമാറ്റാന്‍ എന്താണ് കാരണം? 

ഞാന്‍ എല്ലാ തരത്തിലുള്ള സംഗീതത്തെയും സ്‌നേഹിക്കുന്നു. ജാസ് സംഗീതം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. ആര്‍.ഡി ബര്‍മനും (പ്രശസ്ത സംഗീത സംവിധായകനും ആശ ഭോസ്ലെയുടെ ഭര്‍ത്താവും) ഞാനും ചേര്‍ന്നു അവതരിപ്പിച്ച ആ ശൈലി അന്ന് ഒരു പുതിയ തുടക്കമായിരുന്നു. 

ആശ ഭോസ്‌ലെ, ലതാ മങ്കേഷ്കര്‍, മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മന്നാഡെ തുടങ്ങിയവരുടെ കുത്തകയായിന്നോ ഒരു കാലത്തു ഹിന്ദി പിന്നണി ഗാനം രംഗം?

ആരും ഒന്നും നിയന്ത്രിച്ചിട്ടില്ല, ലതയേപ്പോലെയോ കിഷോര്‍കുമാറിനെപ്പോലെയോ മറ്റൊരാള്‍ക്കും പാടാന്‍ സാധിക്കില്ല. ഞങ്ങള്‍ സംഗീതത്തിന്റെ പുതിയ സാധ്യതകള്‍ പഠിച്ച് അത് പകര്‍ത്തി നോക്കി. ഒരോ പാട്ടു കഴിയുമ്പോഴും സ്വയം മെച്ചപ്പെടുത്തി. 

ഇന്നത്തെ കാലഘട്ടത്തില്‍ ബോളിവുഡിലെ പാട്ടുകാരുടെ കുത്തക അവസാനിച്ചുവെന്നാണ് പലരും പറയുന്നത്. അതിനോട് യോജിക്കുന്നുവോ?

റാഫിയും കിഷോര്‍ കുമാര്‍ ഒന്നും ജീവിച്ചിരിപ്പില്ല. ദീനിക്ക് പ്രായമായി. പുതിയ പാട്ടുകാര്‍ക്ക് അവരുടെ ആധിപത്യത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. പുതിയ തലമുറയ്ക്ക് നന്നായി പാടാന്‍ കഴിയില്ല. 

ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി പരിപാടിയെക്കുറിച്ച്? 

മത്സരാര്‍ഥികള്‍ ഒരു പാട്ട് 50 തവണ കേള്‍ക്കുന്നു, പിന്നിടത് കാണാതെ പഠിച്ചു പാടുന്നു. മറ്റൊരാള്‍ പാടിയതിനെ അനുകരിക്കുന്നു. ഇതൊക്കെ ഒരു കച്ചവടമാണ് അതില്‍ കൂടുതലൊന്നുമില്ല. 

ലതാ മങ്കേഷ്‌കറുമായി ആശ ഒരു കാലത്ത് അകല്‍ച്ചയായിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മുംബൈയില്‍ ഒരുമിച്ചാണ് താമസം. ലതയുമായുള്ള ആത്മബന്ധം?

asha Bhosle

ഞങ്ങള്‍ നല്ല അടുപ്പത്തിലാണ്. രക്തബന്ധത്തിന് അതിന്റേതായ പ്രത്യേകത ഉണ്ടല്ലോ. ഞങ്ങള്‍ തൊട്ടടുത്താണ് താമസിക്കുന്നത്. പരസ്പരം ഇടക്കിടെ കാണും സംസാരിക്കും. 

സംഗീത ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യത്തില്‍ പുതിയ തലമുറയെ സംഗീതം പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? 

എനിക്ക് അങ്ങനെ ഒരാഗ്രഹമുണ്ട്. എന്നാല്‍ പുതിയ തലമുറ നമ്മള്‍ പറയുന്നത് അനുസരിക്കില്ല. പാട്ടുകാര്‍ അധികം തൈർ കഴിക്കരുത് എന്ന ഒരു ചെറിയ നിര്‍ദ്ദേശം പോലും അവര്‍ സ്വീകരിക്കില്ല. സംഗീതമെന്നാല്‍ അവര്‍ക്ക് വെറും കച്ചവടമാണ്. അതിനുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവര്‍ക്ക് ക്ഷമയില്ല.