മുംബൈയിലെ പെദ്ദാർ റോഡിലുള്ള പ്രഭുകുഞ്ജിൽ മിന്നുന്ന തൂവെള്ളസാരിയുടുത്ത് അവർ നിന്നു-ജീവിക്കുന്ന വിസ്മയം, വിഖ്യാത ഗായിക ആശാ ഭോസ്‌ലെ. വിശാലവും ഭംഗിയുള്ളതുമായ ആ വസതിയിൽവെച്ച് ഒളിവോ മറയോ ഇല്ലാതെ, ഏറെ ലാളിത്യത്തോടെയാണ് അവർ എന്നോട്‌ സംസാരിച്ചത്, ഏറെ വ്യത്യസ്തമായ ഈ ആമുഖത്തോടെ: 
‘‘പിന്നണിഗായികയായി ഏറെക്കാലത്തെ അനുഭവസമ്പത്ത് എനിക്കുണ്ടെങ്കിലും സംഗീതസംവിധായികയുടെ മേലങ്കി ഞാൻ എന്തിന് എടുത്തണിയണം? എല്ലാ പിന്നണിഗായകർക്കും നല്ല സംഗീതസംവിധായകരാവാൻ കഴിയില്ല. ഗായികയെന്നനിലയിൽ ഞാൻ നന്നായിത്തന്നെ മുന്നോട്ടുപോകുമ്പോൾ സംഗീതസംവിധാനത്തിലേക്കു തിരിഞ്ഞ് സമയം കളയാൻ എനിക്കാവില്ല.’’
 
ഭാരതം സ്വതന്ത്രയായ അതേവർഷമാണ് ആശാജി പാടിത്തുടങ്ങിയത്. ‘ഏഴുപതിറ്റാണ്ടിനിടെ ഞാൻ ഏതാണ്ട് എല്ലാ ഭാഷയിലും പാടി. ഹിന്ദി, മലയാളം, ഇംഗ്ലീഷ്, മറാത്തി, പഞ്ചാബി, തെലുങ്ക്‌, സിന്ധി, നേപ്പാളി, ഭോജ്പുരി... എത്ര പാട്ടുകൾ ഇതുവരെ  പാടിയിട്ടുണ്ടെന്ന് എനിക്കുതന്നെ ഓർമയില്ല. ചലച്ചിത്രഗാനങ്ങൾക്കുപുറമേ ഹിന്ദിയിലും മറാത്തിയിലുമായി ഭാവഗീതങ്ങളും ഭജനുകളും ഞാൻ പാടിയിട്ടുണ്ട്...’

വിവാഹം എന്ന ആക്സിഡന്റ്

ഒരു പിന്നണിഗായികയാവാൻ എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ ആദ്യഭർത്താവ് ഭോസ്‌ലെയായിരുന്നു. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, അദ്ദേഹവുമായുള്ള വിവാഹം നടക്കുമ്പോൾ എനിക്ക് 13-14 വയസ്സ് മാത്രമായിരുന്നു. അദ്ദേഹം അന്ന് റേഷനിങ് ഇൻസ്പെക്ടറായി ജോലിചെയ്യുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധമായിരുന്നു അത്. പ്രേമം എന്താണെന്നുപോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. എനിക്ക് പതിനഞ്ചുവയസ്സുള്ളപ്പോഴാണ് ആദ്യ മകൻ ഹേമന്ത് ജനിക്കുന്നത്. ആ പ്രായത്തിലെ എന്റെ വിവാഹത്തെ ഞാൻ ആക്സിഡന്റ് എന്നാണ്‌ വിശേഷിപ്പിക്കുക.

‘ചുനരിയ’ എന്ന ചിത്രത്തിലൂടെ ഹൻസ്‌രാജ് ബേൽ ആണ് എനിക്ക് പിന്നണിഗായിക എന്ന നിലയിൽ ആദ്യ ബ്രേക്ക് നൽകിയത്. തുടർന്ന് ‘രാത് കി റാണി’ എന്ന ചിത്രത്തിൽ മുനവർ സുൽത്താനയ്ക്കുവേണ്ടി പാടി. ‘ലേഖ്’ൽ, അന്ന് മുൻനിര നായികമാരിൽ ഒരാളായിരുന്ന സിതാരയ്ക്കുവേണ്ടിയും ഞാൻ പാടി. മുകേഷുമൊത്തുള്ള എന്റെ ഗാനം-‘യേ കാഫില ഹെ പ്യാർ കാ ചൽതാ ഹി ജായേഗാ’-അന്ന് ഏറെ പ്രശസ്തമായി. ഒരു ഗാനം ഹിറ്റാവുകയെന്നത് എളുപ്പമായിരുന്നു. എന്നാൽ, എന്റെ കഴിവുകൾ തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. കടുത്ത മത്സരം നിലനിന്നിരുന്ന കാലംകൂടിയായിരുന്നു അത്. ശാന്തി ശർമ, അംബാല ദീദി, ഗീതാ ദത്ത് തുടങ്ങിയവരൊക്കെ ഉന്നതിയിൽ നിൽക്കുന്ന കാലം. എന്റേതാണെങ്കിലോ ഒരു പുതുശബ്ദവും...’’ 

ക്യാമറയ്ക്കു മുന്നിൽ

കഥാപാത്രങ്ങളുടെ പൂർണതയിൽ ആശാജിയുടെ ഗാനങ്ങൾ നിർണായക പങ്കുവഹിച്ചു. സഹോദരി ലതാ മങ്കേഷ്കറിനൊപ്പം ‘മഴ ബായ്’ എന്ന മറാത്തിചിത്രത്തിൽ അവർ വേഷമിടുകയുംചെയ്തു. ബഡി മാ, മായി എന്നീ ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയസാധ്യതകൾ പ്രയോജനപ്പെടുത്തി. 

‘‘ബഡി മായിൽ നൂർജഹാനൊപ്പമാണ് ഞാൻ വേഷമിട്ടത്. ആ ചിത്രത്തിൽ ദീദി (ലത) പാടുക മാത്രമാണ് ചെയ്തത്. ഞാൻ പാടാൻ തുടങ്ങുന്നതിന് അഞ്ചുവർഷം മുമ്പേ ദീദി പിന്നണിഗാന രംഗത്തെത്തിയിരുന്നു. 1942-ൽ ഞങ്ങൾ താമസിച്ചിരുന്ന കോലാപുരിലേക്ക് വന്നപ്പോഴാണ് നൂർജഹാനെ ഞാനും ദീദിയും ആദ്യമായി കാണുന്നത്. അഭിനയം  അധികമൊന്നും തുടർന്നില്ല. ‘ബഡി മാ’യുടെ കഥ പറഞ്ഞപ്പോൾ ഒരു അമ്മ എന്നനിലയിൽ ഞാൻ അതിനോട് അത്രയേറെ ആകൃഷ്ടയായി. ആ അവസരം വെറുതേ കളയാൻ അന്നെനിക്ക് ആവില്ലായിരുന്നു.’’ ഒരു അമ്മയും മകളും തമ്മിലുള്ള അതിതീവ്ര ബന്ധം പറയുന്ന അതിൽ മകളുടെ റോളിൽ പദ്മിനി കോലാപുരിയായിരുന്നു. നല്ല തിരക്കഥയാണെന്ന മകൻ ആനന്ദ് ഭോസ്‌ലെയുടെ അഭിപ്രായവും ഈ ചിത്രത്തിലേക്ക് ആശാജിയെ ആകർഷിച്ചു. 

ആഗ്രഹങ്ങൾക്ക് അതിരില്ല

ചെറുപ്പത്തിൽ എനിക്ക് അത്തരത്തിലുള്ള ഒരു ആഗ്രഹവുമില്ലായിരുന്നു. ഒരു പിന്നണിഗായികയായി പേരെടുക്കുമെന്ന് സ്വപ്നത്തിൽപോലും ഞാൻ കരുതിയിരുന്നില്ല. ആഗ്രഹങ്ങൾക്ക് അതിരില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യൻ കൈയിലുള്ള ഒന്നുകൊണ്ടും തൃപ്തനാവില്ല. ചെറുപ്പത്തിൽ തീവണ്ടി കാണുമ്പോൾ എനിക്ക് അതിന്റെ ഡ്രൈവറാകണമെന്ന് ആഗ്രഹം തോന്നിയിരുന്നു. ഗോലി ഷോപ്പ് കാണുമ്പോൾ അതിന്റെ ഉടമയാകണമെന്നതായിരുന്നു എന്റെ ആഗ്രഹം. എച്ച്.എം.വി. മാത്രമായിരുന്നു അന്നത്തെ റെക്കോഡിങ് കമ്പനി. ലതാദീദിയും ഞാനും പിന്നണിഗാന മേഖല കുത്തകവത്കരിക്കുകയാണെന്ന് ഒച്ചവെച്ച പല പുതിയ പെൺകുട്ടികൾക്കും അവരുടെ ചില റെക്കോഡുകൾ സംഗീതസംവിധായകർ കേൾക്കാനിടയായപ്പോൾ ചില അവസരങ്ങൾ കിട്ടി. ഒരു റെക്കോഡ് കേട്ട് ഞങ്ങൾക്കൊന്നും മുമ്പ് ആരും അങ്ങനെ അവസരം തന്നിരുന്നില്ല. ഒരു ഗായകന്റെ/ഗായികയുടെ പാട്ട് നേരിൽ കേൾക്കാനുള്ള ഒരു ഉപാധി മാത്രമായാണ് അന്ന് റെക്കോഡുകളെ സംഗീതസംവിധായകർ കണ്ടിരുന്നത്.

അന്നും ഇന്നും

എനിക്കും ലതാ ദീദിക്കും സ്റ്റുഡിയോകളിൽ പോയി പാടണമായിരുന്നു. ഒരേ മൈക്കുപയോഗിച്ചാണ് ഞങ്ങൾ പാടിയിരുന്നത്. ഇന്നുള്ള പല സൗകര്യങ്ങളും അന്നുണ്ടായിരുന്നില്ല. ഇന്ന് 6-8 ട്രാക്കുകളിൽ  പാടാനുള്ള സൗകര്യമൊക്കെ സ്റ്റുഡിയോകളിലുണ്ട്. ഡബ്ബിങ് എന്ന സംഭവമേ അന്നൊന്നും ഇല്ലായിരുന്നു. ഒരു സംഗീതസംവിധായകന് ഒരു പാട്ട് വീണ്ടും പാടിക്കണമെന്നുതോന്നിയാൽ വാദ്യോപകരണങ്ങൾക്കൊപ്പം ഗായകരും ഒരുമിച്ചിരുന്ന് ആ ഗാനം ആദ്യംമുതൽ പാടണമായിരുന്നു. ഇന്ന് കാര്യങ്ങളെല്ലാം വളരെ എളുപ്പമാണ്. ഒറ്റയടിക്ക് ഗാനം തീർക്കണമെന്നുതന്നെയില്ല. അന്നൊന്നും ജീവിതം ഇത്രതന്നെ എളുപ്പമായിരുന്നില്ല. ദേവ് ആനന്ദും ലതാ ദീദിയും റഫി ഭായിയുമൊക്കെ മുംബൈ നഗരാതിർത്തിയിലുള്ള മലാഡിലേക്ക് ഗാനങ്ങൾ റെക്കോഡ്ചെയ്യാൻ പോകാറുണ്ടായിരുന്നു. കാറിൽ പോകാനുള്ള ചെലവ് താങ്ങാനാവാത്തതിനാൽ ലോക്കൽ ട്രെയിനിലൊക്കെയാണ് അവർ പോയിരുന്നത്. ഇന്ന് കാറില്ലാത്ത പുതിയ ഗായകർക്ക് നിർമാതാക്കൾതന്നെ കാർ അവരുടെ വീട്ടിലേക്ക് അയച്ചുകൊടുക്കും.’’

നഷ്ടമാവുന്ന വിനയം

ഇപ്പോഴും, ലതാ ദീദി മുറിയിലേക്ക് കടന്നുവരുമ്പോൾ ഞങ്ങളെല്ലാം എഴുന്നേറ്റുനിൽക്കും. അവർ ഇരുന്നശേഷം ഇരിക്കാൻ പറയുമ്പോഴേ ഞങ്ങളൊക്കെ ഇരിക്കൂ. പുതുതലമുറ ഈ സമ്പ്രദായങ്ങളിലൊന്നും വിശ്വസിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആരുടെയും പേരുപറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ദീദിയോ ഞാനോ റെക്കോഡിങ് റൂമിലേക്ക്‌ കയറിച്ചെല്ലുമ്പോൾ എഴുന്നേൽക്കാൻപോലും തയ്യാറാകാത്ത ചില ഗായകർ ഇന്നുണ്ട്. എനിക്കതിലൊന്നും ഒരു പരാതിയുമില്ല.
 
എന്തുകൊണ്ടാണ് ഞാനും ദീദിയും സംഗീതരംഗത്തെ കുത്തകവത്കരിക്കുന്നുവെന്ന് മറ്റുള്ളവർ ആക്ഷേപിക്കുന്നതെന്നാലോചിച്ച് ഞാൻ ചിന്താക്കുഴപ്പത്തിലായിരുന്നു. ഓരോ സംഗീതസംവിധായകനും അവരുടെ മനോഭാവത്തിനുപറ്റിയ ഒരു ഗായകനോ ഗായികയോ വേണ്ടിവരും. എന്റെ ശബ്ദവും കഴിവും ബോധ്യമുള്ളതുകൊണ്ടാണ് അവർക്ക് എന്നിൽ വിശ്വാസമുണ്ടായത്. ദീദി പാടാൻ സാധ്യതയുണ്ട് എന്ന് ഉറപ്പുള്ള ഒരു ഗാനം ആവശ്യപ്പെടാൻപോലുമുള്ള ധൈര്യം എനിക്കുണ്ടായിട്ടില്ല. എന്തെന്നാൽ, നിങ്ങൾക്കു പറഞ്ഞുവെച്ചിട്ടുള്ളത് നിങ്ങളിലേക്കു തന്നെ വരും. അത് മറ്റുള്ളവർക്ക് എങ്ങനെയും തട്ടിയെടുക്കാനാവില്ല.

ലതാ ദീദി, ഒരു വിരുന്നുസത്‌കാരംപോലെ

ലതാ ദീദിയോടൊത്ത് പാടുകയെന്നത് ഒരു ഗംഭീര വിരുന്നുസത്കാരത്തിൽ പങ്കെടുക്കുന്നതുപോലെയാണ്. ‘ഉത്സവ്’, ‘സ്വർഗ് സെ സുന്ദർ’ തുടങ്ങിയ ചിത്രങ്ങളിൽ ഞാൻ ദീദിയോെടാപ്പം പാടിയിട്ടുണ്ട്. ഞാൻ നന്നായാണോ പാടുന്നതെന്നത് ദീദി എന്നെ നോക്കിയുള്ള ഭാവങ്ങളിലൂടെ വ്യക്തമാക്കുമായിരുന്നു. മുമ്പ് ഞായറാഴ്ചകളിലും രാത്രിയിലുമൊക്കെ ഞങ്ങൾ റെക്കോഡിങ്ങിനു പോയിരുന്നു. ഇന്ന് അതെല്ലാം ഒഴിവാക്കി. ഞങ്ങൾക്കെതിരേ ആക്ഷേപമുന്നയിച്ചവർക്കാണ് ഗാനങ്ങളൊന്നും ലഭിക്കാതിരുന്നത്.

ഭോസ്‌ലെ സ്റ്റൈൽ

പാടിത്തുടങ്ങിയ കാലത്ത് എനിക്ക് ലതാ ദീദിയിൽനിന്ന് വ്യത്യസ്തമായ ഒരു ആലാപനശൈലി സ്വീകരിക്കേണ്ടിവന്നു. ഇരുവരും താരതമ്യം ചെയ്യപ്പെടുക എന്ന അപകടത്തിൽനിന്ന് ഒഴിവാകാനായിരുന്നു അത്. ആരോടെങ്കിലും താരതമ്യം ചെയ്യപ്പെടുന്നതിനെ ഞാൻ അങ്ങേയറ്റം വെറുത്തിരുന്നു. എന്റേതായ ഒരു ശൈലി രൂപപ്പെടുത്താനാണ് ഞാൻ ആഗ്രഹിച്ചത്. ജനങ്ങൾ അതിനെ ആശാ ഭോസ്‌ലെ സ്റ്റൈൽ എന്നുവിളിച്ചു. ഏതുതരം പാട്ടുകളും പാടുന്നതിലുള്ള എന്റെ കഴിവ് തെളിയിച്ചുകഴിഞ്ഞു എന്നുതന്നെയാണ് എന്റെ വിശ്വാസം; ആ വിശ്വാസം ഒരുതരം അപകടമാണെങ്കിൽപ്പോലും. 

അശ്ലീലഗാനം വേണ്ട

സംഗീതത്തിന്റെ ഗുണനിലവാരം താഴ്‌ന്നെന്ന് ഞാൻ ഒരിക്കലും പറയില്ല. സാഹചര്യങ്ങൾ മാറി എന്നുമാത്രമേ പറയൂ. മാറ്റങ്ങൾ വന്നുകൊണ്ടേയിരിക്കും. മുമ്പ് കാബറെ പാട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ഡിസ്കോ, ഖവാലി, ബ്രേക്ക് ഡാൻസ് നമ്പറുകൾ വന്നു. ഇന്ന് അപശ്രുതികളുടെ കാലമാണ്. ശാസ്ത്രീയാംശം ഗാനങ്ങളിൽ തീരേ കുറഞ്ഞുവരികയാണ്. അശ്ലീലമായ പാട്ടുകൾ ഞാൻ പാടാറില്ല. അതുകൊണ്ടുതന്നെ പാട്ടുകൾ റെക്കോഡിങ്ങിന്‌ വളരെ നേരത്തേതന്നെ തരാൻ ഞാൻ നിർബന്ധം പിടിക്കാറുണ്ട്. ‘അന്ധേരി രാത് മേം ദിയാ തേരേ ഹാത് മേം’ എന്ന വരികളിലെ ദ്വയാർഥം ഇഷ്ടപ്പെടാത്തതിനാൽ ആ ഗാനം ഞാൻ നിരസിച്ചു.നിങ്ങൾ ഈ മേഖലയിൽ ഏതുവിഭാഗത്തിൽപ്പെടുന്നയാളായാലും ഒരു ചാപ്പകുത്തുന്ന രീതി ഇവിടെയുണ്ട്. അതാണ് എനിക്ക് ഇഷ്ടമല്ലാത്ത ഏകകാര്യം. ‘ഉമ്രാവോ ജാൻ’ എന്ന ചിത്രത്തിൽ ഞാൻ ആലപിച്ച ഗസലുകൾ എല്ലാവരും ഇഷ്ടപ്പെട്ടുകഴിഞ്ഞപ്പോൾ എല്ലാവരുടെയും ആവശ്യം ഞാൻ ഗസലുകൾ പാടണമെന്നായിരുന്നു. നിങ്ങൾ അമിതാഭ് ബച്ചനെ നോക്കൂ. കോമഡി റോളുകളും പാട്ടുകളുംവരെ അദ്ദേഹം കൈകാര്യം ചെയ്യുന്നു. എല്ലാ കലാകാരന്മാർക്കും വൈവിധ്യമുള്ള പ്രകടനം കാഴ്ചവെയ്ക്കാൻ അവസരം നൽകണം.

എന്റെ ആർ.ഡി. ബർമൻ

എന്നെ സംബന്ധിച്ച്‌ നടന്ന ഏറ്റവും നല്ല കാര്യം, പഞ്ചമുമായുള്ള(ആർ.ഡി. ബർമൻ) എന്റെ വിവാഹമാണ്. അതൊരു ആദ്യദർശനത്തിൽ സംഭവിച്ച പ്രേമത്തെത്തുടർന്നുള്ള വിവാഹമായിരുന്നില്ല. അതുനടക്കുമ്പോൾ ഞാനൊരു കൗമാരക്കാരിയായിരുന്നില്ല. പരസ്പരം ഞങ്ങൾക്ക് ഞങ്ങളെ ആവശ്യമായിരുന്നു. ലൈംഗികതയായിരുന്നില്ല പഞ്ചമുമായുള്ള വിവാഹത്തിന് എന്നെ പ്രേരിപ്പിച്ചത്. അദ്ദേഹം വളരെ അക്ഷോഭ്യനായിരുന്നു. ജോലിക്കുവേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രചോദിപ്പിക്കുന്നവർ ആരുണ്ട്?

സിനിമയ്ക്കുവേണ്ടി പാടുന്നത് എന്തുകൊണ്ട് കുറച്ചു എന്ന ചോദ്യത്തിന്, ‘ഞാൻ ഈ വൃത്തികെട്ട മത്സരത്തിന്റെ ഭാഗമല്ല’ എന്നതായിരുന്നു ആശ ഭോസ്‌ലെയുടെ ഉത്തരം. എന്നിട്ട് അവർ തുടർന്നു:
മുമ്പൊക്കെ ഗായകരെ അത്രയേറെ പ്രചോദിതരാക്കിയ ഗാനരചയിതാക്കൾ ഇന്ന് എവിടെയാണ്? അനു മാലിക്, ജതിൻ ലളിത്, വിശാൽ ഭരദ്വാജ്, ഇളയരാജ, എ.ആർ.റഹ്‌മാൻ, വിദ്യാസാഗർ തുടങ്ങി ചുരുക്കം ചില സംഗീതസംവിധായകരെ മാത്രമേ എനിക്കിപ്പോൾ വേറിട്ട് തിരിച്ചറിയാൻ കഴിയുന്നുള്ളൂ.

എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട്, എപ്പോഴും...

പൂർത്തിയാക്കാനാവാത്ത ഒരു ആഗ്രഹംപോലും എനിക്ക് ബാക്കിയില്ല. ആദ്യബ്രേക്കായ ‘നയാ ദൗർ’നുശേഷം ഞാൻ തിരിഞ്ഞുനോക്കിയിട്ടേയില്ല. എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് എപ്പോഴും തിരക്കായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വീട്ടിൽ പാചകംചെയ്യുന്നതും തുണികൾ അലക്കുന്നതും ഞാൻതന്നെയാണ്. ലണ്ടനിൽ, ഇംഗ്ലീഷും സംസ്കൃതവും ചേർത്ത് ‘ഓ മരിയ’ എന്ന ഗാനം ഞാൻ റെക്കോഡ്ചെയ്തു. പാശ്ചാത്യസംഗീതം ഇവിടെ ജനപ്രിയമായതുപോലെ ഇന്ത്യൻ ശാസ്ത്രീയസംഗീതം ലണ്ടനിലും അമേരിക്കയിലുമൊക്കെ ജനപ്രിയമാക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

കഴിഞ്ഞ ഏഴുപതിറ്റാണ്ടിനിടെ വിവിധ ഭാഷകളിലായി നാല്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് ആശാജി അഭിമുഖം അവസാനിപ്പിച്ചത്. 

jv1952@gmail.com

(മൊഴിമാറ്റം: സന്തോഷ്‌ വാസുദേവ്‌)

Content Highlights: Asha Bhosle Bollywood Movie Music Lata Mangeshkar