അഭിനേതാക്കളെ മറ്റാര്‍ക്കും സാധിക്കാത്ത വിധത്തില്‍ മെനഞ്ഞെടുക്കുന്ന ശില്പിയാണ് രഞ്ജിത്. ഒരുതരം പുതുക്കിപ്പണിയല്‍. 'ഞാന്‍' എന്ന സിനിമയിലെ കുഞ്ഞപ്പനായരിലൂടെ രഞ്ജിത് ഉടച്ചുവാര്‍ത്തത് സുരേഷ് കൃഷ്ണ എന്ന നടന്റെ പ്രതിച്ഛായയാണ്. പൊങ്ങിനില്ക്കുന്ന പല്ലുകളില്‍ മാത്രമായിരുന്നില്ല ഛായാമാറ്റം. അന്നുവരെ നായകന്റെ ഇടികൊണ്ടുവീഴാന്‍ മാത്രമായി കാറിലും വിമാനത്തിലുമായി വന്നിറങ്ങിയിരുന്ന കട്ടിമീശക്കാരനെ വടക്കേമലബാറിലെ ഗാന്ധിയനിലേക്ക് പരിവര്‍ത്തനം ചെയ്യിക്കുമ്പോള്‍ അറിയപ്പെടാതെ കിടന്ന ഒരു അഭിനയഭൂഖണ്ഡത്തെ പരിചയപ്പെടുത്തിത്തരിക കൂടിയായിരുന്നു,രഞ്ജിത്. 
കുഞ്ഞപ്പനായരില്‍ നിന്ന് ആറ്റക്കോയയിലേക്ക് വളര്‍ന്നു കഴിഞ്ഞു സുരേഷ് കൃഷ്ണ ഇപ്പോള്‍. 'അനാര്‍ക്കലി'യില്‍ ജസരി ഭാഷ പറയുന്ന സാധുവായി കയ്യടിനേടുകയാണ് പഴയവില്ലന്‍. ഒരുനടന്‍ തിരിച്ചറിയപ്പെടുന്നു...
ആറ്റക്കോയ ഉയര്‍ത്തിയ വെല്ലുവിളികള്‍?
രഞ്ജിയേട്ടന്‍ എന്നെ കുഞ്ഞപ്പനായരാക്കി മാറ്റിയപോലെ സച്ചി എന്ന സംവിധായകനും തിരക്കഥാകൃത്തും തന്ന ഊര്‍ജം കൊണ്ടാണ് ആറ്റക്കോയ സൃഷ്ടിക്കപ്പെട്ടത്. സച്ചിക്ക് വേണമെങ്കില്‍ എന്നേക്കാള്‍ താരമൂല്യവും അനുഭവസമ്പത്തുമുള്ള ആരെയെങ്കിലും തേടിപ്പോകാമായിരുന്നു. പക്ഷേ ഒന്നരവര്‍ഷം മുമ്പ് 'അനാര്‍ക്കലി'യുടെ കഥപറഞ്ഞപ്പോള്‍ തന്നെ സച്ചിയുടെ വാഗ്ദാനമായിരുന്നു ആറ്റക്കോയ. ഭാഷതന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതുവരെ കേട്ടിട്ടുപോലുമില്ലായിരുന്നു കവരത്തിയിലെ സംസാരഭാഷയായ ജസരിയെക്കുറിച്ച്. പറയുന്നത് ശരിയാകുമോ എന്ന ഭയം കൊണ്ട് ആറ്റക്കോയയെ ഉള്‍ക്കൊള്ളുമ്പോഴും ആദ്യമൊന്ന് പതറി. സച്ചിയാണ് അപ്പോഴും തുണയായത്. 

ഈ കഥാപാത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍?
വണ്ണംകുറച്ചു. ഭാഷ പഠിക്കാന്‍ നന്നേ കഷ്ടപ്പെട്ടു. മൂന്നുഭാഷകളുടെ മിശ്രണം ആണത്. ലിപിയില്ല. ഓരോ തവണയും ലൊക്കേഷന്‍ നോക്കാന്‍ പോകുന്നവര്‍ കവരത്തിയില്‍ നിന്ന് സംഭാഷണങ്ങളുടെ ഉച്ചാരണം മലയാളത്തില്‍ എഴുതിക്കൊണ്ടുവരുമായിരുന്നു. അത് കാണാപ്പാഠം പഠിക്കുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് പിഴവൊന്നുമില്ലാതെ ചെയ്യാനായെന്നാണ് വിശ്വാസം. ഷൂട്ടിങ് പുരോഗമിച്ചപ്പോള്‍ കാണാനെത്തിയവര്‍ തന്നെ പറഞ്ഞുതുടങ്ങി,ആറ്റക്കോയ ഞങ്ങളേക്കാള്‍ നന്നായി ജസരി പറയുന്നുണ്ടെന്ന്. ഇപ്പോള്‍ ലക്ഷദ്വീപുകാര്‍ സിനിമകാണാനായി കപ്പലില്‍ കൊച്ചിയിലെത്തുന്നു. അവരുടെ നാടുകണ്ടും ഭാഷകേട്ടും വിളിച്ച് അഭിനന്ദിക്കുന്നു. അതിനൊപ്പമാണ് ജോഷി സാറിനെപ്പോലുള്ള വലിയ സംവിധായകരുടെ അഭിപ്രായങ്ങളും. നടന്‍ എന്ന നിലയില്‍ തൃപ്തിതോന്നുന്ന നിമിഷങ്ങള്‍.

ഇത്തരം വേഷങ്ങള്‍ കിട്ടാന്‍ വൈകിപ്പോയി എന്നുതോന്നുന്നുണ്ടോ?
തീര്‍ച്ചയായും. ഇതുവരെ ചെയ്തിരുന്നത് ഞാന്‍ ചെയ്യാനിഷ്ടപ്പെടുന്നതരം കഥാപാത്രങ്ങളായിരുന്നില്ല. കണ്ണുരുട്ടിക്കാണിക്കലും കട്ടിമീശവയ്ക്കലുമൊക്കെയായിരുന്നു മിക്കസിനിമയിലും കിട്ടിയത്. അത്തരം കഥാപാത്രങ്ങള്‍ തന്നവരെ കുറ്റപ്പെടുത്തിക്കൊണ്ടല്ല ഇത് പറയുന്നത്. സൂക്ഷ്മമായ അഭിനയാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാഗ്രഹിച്ചെങ്കിലും കിട്ടിയിരുന്നില്ല എന്നുമാത്രം. അതിനൊരുമാറ്റം വന്നു എന്നത് വലിയസന്തോഷം. ആറ്റക്കോയക്ക് കിട്ടുന്ന നല്ലവാക്കുകള്‍ക്കൊപ്പം അതുതന്നെയാണ് അഭിമാനകരമായി തോന്നുന്നതും. 

suresh krishna

ഇനി ഇങ്ങനെയുള്ള കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നാണോ?
ഒരിക്കലുമല്ല. എന്റെ ജോലി അഭിനയമാണ്. അപ്പോള്‍ ചിലത് മാത്രം ചെയ്യും ചിലത് ചെയ്യില്ല എന്ന് പറഞ്ഞ് മാറിനില്ക്കാന്‍ കഴിയില്ല. മുംബൈയില്‍ നിന്ന് തല്ലുകൊള്ളാന്‍ വേണ്ടി മാത്രം വരുന്ന വില്ലനാകാനില്ലെന്ന് മാത്രം. നെഗറ്റീവ് വേഷങ്ങള്‍ ചെയ്യുമ്പോള്‍ പോലും എന്തെങ്കിലുമൊരു വ്യത്യസ്ത വേണം. ഇപ്പോള്‍ കുഞ്ചാക്കോ ബോബനൊപ്പം ചെയ്യുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയില്‍ അത്തരമൊരു കഥാപാത്രമാണ്. അടിയും പിടിയുമില്ലാത്ത എന്നാല്‍ വളരെ ശക്തനായ വില്ലന്‍കഥാപാത്രം. 

ഇനി?
ആറ്റക്കോയ ഞാന്‍ ഇത്രയും കാലം ചെയ്തവയില്‍ നിന്ന് വ്യത്യസ്തമായ വേഷമാണ്. നിഷ്‌കളങ്കനാണ് ആറ്റക്കോയ. അത്തരം സ്വഭാവമുള്ള കഥാപാത്രങ്ങളും എന്നില്‍ ഭദ്രമാണ് എന്ന തോന്നല്‍ സംവിധായകരിലുണ്ടാക്കാന്‍ 'അനാര്‍ക്കലി'ക്ക്  കഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാര്‍ഡും.