താരസംഘടനയായ എ.എം.എം.എയ്ക്കെതിരേ ഡബ്ലൂ.സി.സി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരേ സിനിമാ സെറ്റില്‍ നടന്ന അതിക്രമത്തെക്കുറിച്ച് നടി അര്‍ച്ചന പത്മിനി സംസാരിച്ചിരുന്നു. സിനിമാ സെറ്റില്‍ വച്ച്  മോശം അനുഭവം ഉണ്ടായപ്പോള്‍ ഫെഫ്കയില്‍ പരാതി നല്‍കിയെന്നും എന്നാല്‍ യാതൊരു നടപടിയും സംഘടന സ്വീകരിച്ചില്ലെന്നുമായിരുന്നു അര്‍ച്ചന പറഞ്ഞത്. മമ്മൂട്ടി നായകനായ 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന സിനിമയുടെ  പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയുടെ സഹായി ഷെറിന്‍ സ്റ്റാന്‍ലിക്കെതിരേയാണ് അര്‍ച്ചനയുടെ ആരോപണം. 

മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഈ സംഭവത്തെക്കുറിച്ച് അര്‍ച്ചന നേരത്തേ വെളിപ്പെടുത്തിയിരുന്നു. സംഭവം പുറത്ത് പറഞ്ഞപ്പോള്‍ 'ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്, ഇവിടെവെച്ച് കൊന്നിട്ടാല്‍പോലും ആരും അറിയില്ല എന്ന് അയാള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അര്‍ച്ചന പറഞ്ഞു

അര്‍ച്ചനയുടെ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

തൊഴിലിടങ്ങളില്‍ മാത്രമല്ല തരംകിട്ടുന്ന ഏതു സാഹചര്യത്തിലും അപമാനിക്കാന്‍ ഒരുമ്പെട്ടിറങ്ങുന്നവര്‍ക്കുള്ള താക്കീതാണ് ഇന്നുയര്‍ന്നുവന്നിട്ടുള്ള ശബ്ദങ്ങളൊക്കെയും. അവര്‍ക്കൊപ്പം നിന്നുകൊണ്ട് സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നു നടിയും സഹസംവിധായികയുമായ അര്‍ച്ചനാ പദ്മിനി. മുന്‍പുണ്ടായിട്ടുള്ള ദുരനുഭവത്തെക്കുറിച്ചും അതിനെ തന്റേടത്തോടെ നേരിട്ടതിനെക്കുറിച്ചും അര്‍ച്ചന തുറന്നുപറയുന്നു...

രണ്ടുപേര്‍ ചുംബിക്കുമ്പോള്‍, അവള്‍ക്കൊപ്പം, വിരാഗം, മിന്നാമിനുങ്ങ്,  ഉന്മാദിയുടെ മരണം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അര്‍ച്ചന. ഫിലിം സൊസൈറ്റി പ്രവര്‍ത്തകയാണ്. 2017-ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഏദന്റെ അസോസിയേറ്റ് ഡയറക്ടറായും 'സൈന്‍സ്' പോലെ നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ സംഘാടകയായും ഐ.ഡി.എസ്.എഫ്.കെ.യുടെ സെലക്ഷന്‍ ജൂറിയായും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ്.

സമാന്തര സിനിമകളിലാണല്ലോ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. അത് എന്തുകൊണ്ടാണ്? 

സിനിമയെന്ന മാധ്യമത്തെ കലയായിത്തന്നെയാണ് സമീപിക്കുന്നത്. അതുകൊണ്ട് അത്തരം സിനിമകളോട് പ്രത്യേക താത്പര്യം ഉണ്ട്. ഇടയ്ക്ക് പക്ഷേ, മലയാളത്തിലെ ഒരു സൂപ്പര്‍സ്റ്റാര്‍സിനിമയില്‍ അഭിനയിക്കാന്‍ പോയി. അത് മുഴുമിപ്പിച്ചില്ല. സെറ്റിലുണ്ടായ ഒരു ദുരനുഭവം കാരണം ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് അടുത്ത ഷെഡ്യൂളിന് പോയില്ല. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരുന്നു. അതിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ വളരെ മോശമായി പെരുമാറി. അത് ഞാന്‍ ചോദ്യംചെയ്തത് പ്രശ്നമായി. മാനസികമായി ആ സിനിമയോട് സഹകരിക്കാന്‍ കഴിയാത്തതിനാല്‍ നിര്‍ത്തിപ്പോരുകയായിരുന്നു. അയാള്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നിടത്തോളം അതിന്റെ ഭാഗമാകാന്‍ താത്പര്യമില്ലായിരുന്നു. എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, തുടര്‍ന്നും അയാള്‍ ആ സിനിമയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍പ്പിന്നെ പോയില്ല. ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്, ഇവിടെവെച്ച് കൊന്നിട്ടാല്‍പോലും ആരും അറിയില്ല എന്നാണ് അയാള്‍ അന്നെന്നെ ഭീഷണിപ്പെടുത്തിയത്.

മറ്റാരോടും ഇതേക്കുറിച്ച് സംസാരിച്ചില്ലേ? 

സംവിധായകനോടും സ്‌ക്രിപ്റ്റ് റൈറ്ററോടും പറഞ്ഞു. അവിടെവെച്ചുതന്നെ അവര്‍ അയാളോട് ചോദിക്കുകയും ചെയ്തു. അയാളത് സമ്മതിക്കുകയും ചെയ്തു. ഒരു സ്ത്രീ പബ്ലിക്കായി തന്റെ മേലുണ്ടായ അതിക്രമം തുറന്നുപറയും എന്നയാളൊട്ടും പ്രതീക്ഷിച്ചിരുന്നിരിക്കില്ല. അങ്ങനൊന്ന് അയാളുടെ ആദ്യത്തെ അനുഭവമായിരുന്നിരിക്കണം. 

അയാള്‍ക്കെതിരേ നടപടി എന്തെങ്കിലും ഉണ്ടായോ?

അസിസ്റ്റന്റ് ഡയറക്ടേഴ്‌സും സ്‌ക്രിപ്റ്റ് റൈറ്ററും വന്ന് വ്യക്തിപരമായി മാപ്പ് പറഞ്ഞു. പക്ഷേ, ഡയറക്ടര്‍ അപ്പോഴും ഒന്നും മിണ്ടാന്‍ തയ്യാറായില്ല. അയാള്‍ തുടര്‍ന്നും ഈ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് എനിക്ക് പ്രശ്നമാണ് എന്ന് സൂചിപ്പിച്ചപ്പോള്‍ അയാളിനി വര്‍ക്ക് ചെയ്യുന്നില്ല എന്ന മറുപടിയാണ് എനിക്ക് തന്നത്. എന്നാല്‍ അയാള്‍ പിന്നെയും ആ സിനിമയില്‍ സജീവമായി ഉണ്ടായിരുന്നു. ഇത് ഒരു സ്ത്രീയോടുള്ള അനീതിയും മര്യാദകേടുമായി എനിക്ക് അനുഭവപ്പെട്ടു. ഞാന്‍ പരാതി നല്‍കുകയാണ് എന്നവരെ അറിയിച്ചു.

സ്വാഭാവികമായും അവര്‍ കോംപ്രമൈസിനു തയ്യാറായിക്കാണുമല്ലോ? 

പരാതി നല്‍കുമെന്നായപ്പോള്‍ പല കോംപ്രമൈസിനും തയ്യാറായി. നിരന്തരമായി എന്നെ ഫോണ്‍ ചെയ്തു. പരാതിയുമായി മുന്നോട്ട് പോവാതിരിക്കാന്‍ കാശ് തരാനും തയ്യാറായി. എത്ര രൂപ വേണം എന്ന് ചോദിച്ചു വിളിവന്നു. അപ്പോഴും സാമ്പത്തികമാണ് എന്റെ പ്രശ്നം എന്ന നിലയിലാണവര്‍ ഈ പ്രശ്നത്തെ കണ്ടത്. ഞാന്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നം അതൊന്നുമല്ലെന്ന് അവരെ മനസ്സിലാക്കുക പ്രയാസമായിരുന്നു. ഒടുവില്‍ ഞാന്‍ ചെയ്ത വര്‍ക്കിനുള്ള വേതനം മാത്രം കിട്ടണം എന്ന് പറഞ്ഞു. വളരെ തുച്ഛമാണെങ്കിലും അത് ലഭിച്ചു. പക്ഷേ, ഇപ്പോഴും ഞാനെടുത്ത അതേ തൊഴില്‍ ചെയ്ത പലര്‍ക്കും (ആണും പെണ്ണുമുള്‍പ്പടെ) ആ സിനിമയില്‍നിന്നും അവര്‍ അര്‍ഹിക്കുന്ന കാശ് കിട്ടിയിട്ടില്ല. 

ഇപ്പറഞ്ഞ സൂപ്പര്‍സ്റ്റാര്‍ ഇതിനെക്കുറിച്ചൊന്നും അറിഞ്ഞില്ലേ? 

അറിഞ്ഞുകാണും. കാരണം എന്നോട് കോംപ്രമൈസിനു വന്നവരില്‍ ഒരാള്‍ ഈ സൂപ്പര്‍സ്റ്റാറിന്റെ അടുത്ത ചങ്ങാതി ആയിരുന്നു. അല്ല, അറിഞ്ഞാല്‍ത്തന്നെ ഇതൊന്നും അവരെ ബാധിക്കുന്ന പ്രശ്നമല്ലല്ലോ. സംവിധായകന്‍ ഏറ്റവുമൊടുവില്‍ മാത്രമേ എന്നോട് സംസാരിക്കാന്‍ തയ്യാറായുള്ളൂ. ഒരു നിവൃത്തിയുമില്ലാതെവന്ന ഘട്ടത്തില്‍ മാത്രം.

 പിന്നീട് പരാതിയുമായി മുന്നോട്ടുപോയോ?

അതിനുശേഷം ഫെഫ്കയുടെ ഭാരവാഹികളെല്ലാം ഉള്ള മീറ്റിങ്ങില്‍ നേരിട്ട് പോയി കാര്യങ്ങള്‍ വ്യക്തമാക്കി. ചര്‍ച്ചയ്ക്കുശേഷം അയാള്‍ക്ക് ആറുമാസത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനമായി. സംവിധായകന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുമെന്നും പറഞ്ഞു. ആറുമാസം കഴിഞ്ഞ് എന്തു ചെയ്യണമെന്ന് തീരുമാനിക്കാം അത് അപ്പോള്‍ എന്നെ അറിയിക്കും എന്നാണ് അന്ന് മീറ്റിങ്ങില്‍ പറഞ്ഞത്. എന്നാല്‍ ഇന്നുവരേക്കും എനിക്കിതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. അയാള്‍ പല സൂപ്പര്‍ഹിറ്റ് പടങ്ങളുടെയും സജീവപങ്കാളിയായി ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴുമുണ്ട്.

വേറെ അവസരങ്ങള്‍ ഒന്നും ഉണ്ടായില്ലേ? 

തീര്‍ച്ചയായും. പക്ഷേ, അവസരങ്ങള്‍ എന്നെ സംബന്ധിച്ച് ഒരു വലിയ വിഷയമല്ല. സിനിമ ചെയ്യുക എന്നതാണ് പ്രധാനം, അതാണ് ആഗ്രഹിക്കുന്നത്. എനിക്ക് താരമാകാനൊന്നും താത്പര്യമില്ല. അതുകൊണ്ടായിരിക്കണം ഇതെന്നെ വ്യക്തിപരമായി ബാധിക്കാത്തത്.
പക്ഷേ, മുന്‍പ് പ്രശ്നം ഉണ്ടാക്കിയ പ്രൊഡക്ഷന്‍ മാനേജര്‍ എന്റെ കൂട്ടുകാരിയോട്  എന്റെ ഫോട്ടോ ആവശ്യപ്പെടുകയുണ്ടായി. ഈ ഫോട്ടോയും ഒരു കുറിപ്പും വാട്‌സാപ്പുകള്‍ വഴി അയയ്ക്കാനും അവസരങ്ങള്‍ ഇല്ലാതാക്കാനുമാണെന്ന് അവളെനിക്ക് പറഞ്ഞുതന്നു. ഈയിടെ സിനിമയില്‍ ലൈവ് സൗണ്ട് റെക്കോഡിസ്റ്റ് ആയിട്ടുള്ള എന്റെ ഒരു സുഹൃത്തിനുപോലും ഒരു പ്രോജക്ടില്‍നിന്നും അവസരം നഷ്ടമായി. എന്റെ സുഹൃത്താണ് എന്ന കാരണമാണ് അതിനുപിന്നില്‍. മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബിഗ്ബജറ്റ് സിനിമകളുടെ ഭാഗമായിട്ട് നില്‍ക്കുന്ന അയാള്‍ക്ക് ഇതൊക്കെ എളുപ്പമാണ്. അതുകൊണ്ടുതന്നെയാണ് അന്ന് ആ സിനിമയുടെ സംവിധായകന്, എന്റെ കൈയിലല്ല ഈ സിനിമ പ്രൊഡ്യൂസറുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയുമൊക്കെ കൈയിലാണ് എന്ന് എന്നോട് പറയേണ്ടിവന്നത്. സംവിധായകനെപ്പോലും ഭരിക്കുന്ന കച്ചവടതാത്പര്യങ്ങള്‍ മാത്രമുള്ള ചിലരുടെ കൈയിലാണ് സിനിമയിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട മറ്റാരോടെങ്കിലും ഇതേക്കുറിച്ച് സംസാരിച്ചിരുന്നോ? 

ഈ സംഭവങ്ങളെല്ലാം നടക്കുന്ന സമയത്തുതന്നെയാണ് ണഇഇ രൂപപ്പെടുന്നത്. എനിക്കവരുമായി നേരിട്ടൊരു പരിചയവും ഉണ്ടായിരുന്നില്ല. സംഘടനയ്ക്ക് രൂപംകൊടുത്തവരില്‍ ഒരാളും സംവിധായികയുമായ ആശാ ആച്ചി ജോസഫുമായി ഫേസ്ബുക്കിലൂടെ പ്രശ്നം സംസാരിച്ചു. അതിനുശേഷം ഡബ്ലൂ.സി.സിയെ പ്രതിനിധീകരിച്ചുവന്ന റിമാ കല്ലിങ്കലിനെയും ഇന്ദു നമ്പൂതിരിയെയും കണ്ടു.

എന്തായിരുന്നു അവരുടെ ഇടപെടലുകള്‍?

വളരെ സത്യസന്ധമായാണ് അവര്‍ എന്നോട് ഇടപെട്ടത്. അവരുമായി ഒന്നുരണ്ട് മീറ്റിങ്ങുകളില്‍ ഇരുന്നു. ഇതിനുമുന്‍പ് മാറിനിന്നാണ് ഈ മുന്നേറ്റത്തെ ഞാന്‍ കണ്ടിരുന്നത്. എന്നാല്‍ ഈ അനുഭവത്തില്‍നിന്നും നിലവിലുള്ള മറ്റേത് സംഘടനയെക്കാളും സിനിമയ്ക്കകത്തെ സ്ത്രീകളുടെ സംഘര്‍ഷങ്ങള്‍ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട് എന്ന് ബോധ്യമായി.

എന്ത് നിലപാടാണ് അര്‍ച്ചനയുടെ പ്രശ്നത്തില്‍ ഡബ്ലൂ.സി.സി എടുത്തത്? 

ഞാന്‍ ഔദ്യോഗികമായി  ഡബ്ലൂ.സി.സി പരാതി മെയില്‍ ചെയ്തു. അതിനുശേഷം എറണാകുളത്തെ ഒരു വക്കീലുമായി സംസാരിച്ചു. ഡബ്ലൂ.സി.സ ഏതുതരത്തിലും എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായിരുന്നു. നിയമപരമായിട്ടും അല്ലാതെയും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ സഹവര്‍ത്തിക്കാന്‍ കഴിയണം എന്ന രാഷ്ട്രീയോദ്ദേശമാണ് അവര്‍ക്കുള്ളത്. 

മലയാളസിനിമയില്‍ സാമ്പത്തികചൂഷണം നടക്കുന്നില്ലേ? 

തീര്‍ച്ചയായും. തുടക്കക്കാര്‍ക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കുമെല്ലാം അതനുഭവിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ സാമ്പത്തികമായി അവര്‍ അരക്ഷിതരാവും. എനിക്കുതന്നെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ഈ കേസുമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. എ.എം.എം.എ. എന്ന സംഘടനയില്‍പ്പോലും മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ ഒന്നൊന്നരലക്ഷം കൊടുക്കണം എന്നാണ് അറിവ്. താരങ്ങളല്ലാത്തവര്‍ക്ക് കിട്ടുന്ന വേതനത്തിന് ഒരു കൃത്യതയുമില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇവിടത്തെ ചൂഷണത്തിനെതിരേ ശബ്ദിക്കുന്ന അല്ലെങ്കില്‍ നിലപാടുള്ള സ്ത്രീകളെ പൊതുവില്‍, നിലവിലെ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നില്ല. അവരെ തള്ളിപ്പറയാതെ അതിന് നിലനില്‍ക്കാനാവില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കേസും മറ്റുമൊക്കെയായി മുന്നോട്ടുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നെ സംബന്ധിച്ചിടത്തോളം സിനിമയില്ലെങ്കിലും ജീവിക്കാം എന്ന ആത്മവിശ്വാസം ഉണ്ട്. 
നിലപാടുകള്‍ മാറ്റിപ്പറയാനോ കോംപ്രമൈസ് ചെയ്യാനോ ഒരുക്കമല്ല. എന്തുവന്നാലും നേരിടാനുള്ള തന്റേടമുണ്ട്. അതൊരു രാഷ്ട്രീയനിലപാട് കൂടിയാണ്. അതെന്റെ പ്രിവിലേജുമാണ്. എന്നാല്‍ ഇതൊന്നുമില്ലാത്ത എത്രയോ പേര്‍ നിസ്സഹായരായി ജോലി ചെയ്യേണ്ടിവരുന്നുണ്ടിവിടെ. 

ഡബ്ലൂ.സി.സി സ്ത്രീകള്‍ മാത്രമുള്ള സംഘടനയാണല്ലോ. ഉറച്ച തീരുമാനങ്ങളുള്ള നിലപാടുകളുള്ള എല്ലാ സിനിമാപ്രവര്‍ത്തകര്‍ക്കും കൂടി ഒരു ബദല്‍ സംഘടനയെക്കുറിച്ച് എന്താണഭിപ്രായം? 

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അങ്ങനൊന്ന് രൂപപ്പെടേണ്ടതിന്റെ സമയം അതിക്രമിച്ചിട്ടുണ്ട്. എ.എം.എം.എ. ആയാലും ഫെഫ്ക ആയാലും ഈ സംഘടനകളെല്ലാം തന്നെ ജനാധിപത്യപരമായി പരാജയമാണെന്ന് തെളിഞ്ഞുകഴിഞ്ഞു. ഈ സംഘടനകളിലൊന്നും പെടാത്തവര്‍ക്ക് വര്‍ക്ക് ചെയ്യാനാവാത്ത അവസ്ഥകളുണ്ട്. എന്നാല്‍ ലക്ഷങ്ങള്‍ അടയ്ക്കാന്‍ കഴിയാത്ത, നിലപാടുള്ള എത്രയോപേര്‍ പുറത്തുണ്ട്. അവര്‍ക്കെല്ലാം സംഘടന വേണം. ഒന്നാകണമെന്നില്ല, പല സംഘടനകള്‍ ഉണ്ടാകട്ടെ. അതത്ര എളുപ്പമല്ല എന്നറിയാം. വര്‍ഷങ്ങളായി രൂപപ്പെട്ട് ഉറച്ചുനില്‍ക്കുന്ന സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നിലപാടുകളെടുക്കുന്ന സംഘടനകളുടെ അടിത്തറ പൊളിച്ച് മാറ്റങ്ങള്‍ ഉണ്ടാക്കണോ അതോ പുതിയ സംഘടനകള്‍ വേണോ എന്നതൊക്കെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിഷയമാകണം.

ഈ സാഹചര്യത്തില്‍  ഡബ്ലൂ.സി.സിയുടെ പ്രാധാന്യം?

വളരെ ഇന്‍ഡിപെന്‍ഡന്റഡ് ആയ ഒരു നിലനില്പ്  ഡബ്ലൂ.സി.സിയ്ക്കുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വളരെയധികം സ്ത്രീകള്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയാണ് സിനിമ. അതിനകത്ത് പലതരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട്. പ്രത്യേകിച്ച് 'സെക്ഷ്വല്‍ എക്‌സ്‌പ്ലോയിറ്റേഷന്‍' ഭീകരമായുണ്ട്. 

എന്റെ അനുഭവത്തില്‍, ഞാന്‍ എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാക്കിക്കൊടുക്കാന്‍തന്നെ വലിയ പാടായിരുന്നു. ഇത് മനസ്സിലാക്കാനുളള ഒരു അന്തരീക്ഷം ഉണ്ടാകേണ്ടതുണ്ട് സിനിമയ്ക്കുള്ളില്‍. ഇപ്പോള്‍ ചൂഷണത്തെ 'സ്വാഭാവികവത്കരിച്ചിട്ടുണ്ട്'. ഇതെന്റെ തൊഴിലാണെന്നും ഞാന്‍ തൊഴിലെടുക്കാന്‍ വന്നതാണെന്നും മനസ്സിലാക്കാന്‍ പോന്ന ബേസിക് ലെവലിലുള്ള എജ്യുക്കേഷന്‍ ഇന്‍ഡസ്ട്രിക്കുള്ളിലുള്ള പലര്‍ക്കും വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും നിരന്തരമായ ഇടപെടലുകള്‍ ണഇഇ പോലുള്ള സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

ഒട്ടുമിക്ക താരങ്ങളും ഇന്‍ഡസ്ട്രിയിലെ പ്രശ്നത്തോട് പ്രതികരിക്കാനോ അഭിപ്രായം പറയാനോ തയ്യാറാവുന്നില്ല. ആരെയോ ഭയപ്പെടുന്ന പോലെ? 

ഇന്‍ഡസ്ട്രിയില്‍ നിന്നും ഉണ്ടാവുന്ന സമ്മര്‍ദങ്ങള്‍ എന്നുപറയുന്നത് അത്ര നിസ്സാരമായിരിക്കില്ല. വളരെ പ്രഷറൈസ്ഡ് ആയിരിക്കും അവര്‍ കടന്നുപോകുന്ന അവസ്ഥ. ഉദ്ദേശ്യം അവസരങ്ങള്‍ അല്ലെങ്കിലും, ഈ സിസ്റ്റം അവരെ ട്രെയിന്‍ ചെയ്ത രീതി ഇത്തരത്തിലാണ്. അമ്മമഴവില്ലിലെ സ്‌കിറ്റിന്റെ കാര്യം തന്നെ എടുക്കാം. എത്രമാത്രം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായിട്ടുള്ള പരാമര്‍ശങ്ങളാണ് അതിലുള്ളത്. അതില്‍ അഭിനയിച്ചിരിക്കുന്നവരില്‍ സ്ത്രീകളുമുണ്ട്. ഇത്തരം കാര്യങ്ങളോടുള്ള സൈലന്‍സ് അപകടകരം തന്നെയാണ്. അതിനോട് യോജിക്കാനാവാത്തവര്‍തന്നെയാണ് നിലപാടെടുത്ത് പുറത്തുവന്നിരിക്കുന്നത്. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവാം. പക്ഷേ, വരുംതലമുറയ്ക്കെങ്കിലും ഇത് പ്രയോജനപ്പെടും എന്ന് ചിന്തിക്കുന്നുണ്ടവര്‍. 

എ.എം.എം.എ. എന്ന സംഘടനയ്ക്കുള്ളിലെ സ്ത്രീകള്‍ക്കുതന്നെ ഇത്തരം ബോധവത്കരണം വേണമെന്ന് തോന്നിയിട്ടുണ്ടോ? 

ഇത് രണ്ട് നിലപാടുകള്‍ തമ്മിലുള്ള പ്രശ്നമാണ്. കൃത്യമായി മാനുഷികപക്ഷത്ത് നില്‍ക്കുന്ന ഒരു വിഭാഗവും അല്ലാത്ത ഒരു വിഭാഗവും. രണ്ടിടത്തും സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. ഒരു സ്ത്രീയെ സംബന്ധിച്ച്, നിലവിലെ സാമൂഹികാവസ്ഥയില്‍ ഒരുപാട് സമയമെടുത്താണ് ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നുപോലും തിരിച്ചറിയുക. 

ആ തിരിച്ചറിവിലേക്കെത്താന്‍ സാധിക്കാത്ത എത്രയോ പേരുണ്ട് ഇപ്പോഴും. അവരെ കുറ്റപ്പെടുത്തുകയോ കോര്‍ണര്‍ചെയ്യുകയോ അല്ല അതിനുള്ള പരിഹാരം. മറിച്ച് അവരെ എജ്യുക്കേറ്റ് ചെയ്യിക്കണം.  നമ്മള്‍ ചൂഷണം ചെയ്യപ്പെടുകയാണ് എന്നുള്ളത്. വിവരമില്ലായ്മയെ ആഘോഷിക്കുന്നവരാണ് ചുറ്റുമുള്ളതെന്ന് അറിയിക്കണം. അങ്ങനൊരു ഉത്തരവാദിത്വംകൂടി ഈ മുന്നേറ്റത്തിനുണ്ട്.