''നൃത്തവും സംഗീതവും സിനിമയുമെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ജാതി, മതം എന്നിവയുടെ അതിര്‍വരമ്പുകള്‍ കല ഇല്ലാതാക്കും. എന്റെ മക്കള്‍ക്ക് ഞാന്‍ പകര്‍ന്നു നല്‍കിയ ഉപദേശവും അതു തന്നെയാണ്''- നാടക പ്രവര്‍ത്തകനായ സലാം പറഞ്ഞു തുടങ്ങുകയാണ്.

സലാം എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും പെട്ടന്ന് മനസ്സിലായെന്ന് വരില്ല. മലയാള സിനിമയിലെ പുതിയ തലമുറയില്‍പ്പെട്ട അഭിനേത്രികളില്‍ ശ്രദ്ധേയയായ അനു സിത്താരയുടെ പിതാവ് എന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അറിയാം. കാരണം തന്നെ ഒരു കലാകാരിയായി രൂപപ്പെടുത്തിയെടുത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ വഹിച്ച പങ്കിനെക്കുറിച്ച് അനു സിത്താര ഒരുപാട് തവണ വാചാലയായിട്ടുണ്ട്. 

anu sithara
ഫോട്ടോ: ട്യൂസൂസ്‌

25 വര്‍ഷങ്ങളോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച സലാം, ദിലീപിനെ നായകനാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്ത ശുഭരാത്രി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ശുഭരാത്രി ആയിരുന്നില്ല സലാമിന്റെ ആദ്യ സിനിമ. ജയസൂര്യയെ നായകനാക്കി പ്രേജേഷ് സെന്‍ ഒരുക്കിയ ക്യാപ്റ്റനിലൂടെയായിരുന്നു സിനിമാപ്രവേശം. ഒരു കണ്ടക്ടറുടെ വേഷമായിരുന്നു അത്. പിന്നീട് നീയും ഞാനും, മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
അഭിനയിച്ച മൂന്ന് സിനിമകളിലും മകളായിരുന്നു  നായിക എന്നത് തന്നെ സംബന്ധിച്ച് ഇരട്ടിമധുരമാണെന്ന് സലാം പറയുന്നു. 

നാടകത്തെ പ്രേമിച്ച ബാല്യകാലം

കുട്ടിക്കാലം മുതല്‍ തന്നെ ഞാന്‍ കലാരംഗത്ത് സജീവമായിരുന്നു. ഏതാണ്ട് പതിനെട്ട് വയസ്സു തികഞ്ഞപ്പോഴാണ് നാടകരംഗത്ത് പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. അന്ന് കേരളോത്സവം എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കാലമേള സംഘടിപ്പിച്ചിരുന്നു. ഏകാംഗ നാടകത്തിലും പ്രസംഗത്തിലും നാടന്‍പാട്ടിലും കവിതാരചനയിലുമെല്ലാം ഞാന്‍ മത്സരിച്ചിട്ടുണ്ട്.  നാടന്‍പാട്ടില്‍ സംസ്ഥാന തലത്തില്‍ ഒന്നാമത് എത്തുകയും ദേശീയ തലത്തില്‍ മത്സരിക്കുകയും ചെയ്തു.

നിലമ്പൂരാണ് എന്റെ നാട്. അവിടെ സൃഷ്ടി മുണ്ടേരി എന്ന പേരില്‍ ഒരു കലാകൂട്ടായ്ണ്ടായിരുന്നു. അവിടെ നിന്ന് അമെച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 2000 മുതലാണ് പ്രൊഫഷണല്‍ നാടകരംഗത്തെത്തുന്നത്. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന സാന്ദ്ര തിയേറ്റേഴ്‌സ് എന്ന ട്രൂപ്പിനൊപ്പം ഒരു 10 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. 25 വര്‍ഷത്തോളം നാടകരംഗത്ത് തന്നെയായിരുന്നു. 

ശുഭരാത്രി

salaam
Photo Credit: Salaam

മനോഹരമായ ഒരു ചിത്രമാണ് ശുഭരാത്രി. വ്യാസന്‍ സര്‍ നന്നായി ചെയ്തിട്ടുണ്ട്. സമൂഹം വളരെ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. എനിക്ക് മികച്ച പിന്തുണയാണ് അണിയറ പ്രവര്‍ത്തകും അഭിനേതാക്കളുമെല്ലാം നല്‍കിയത്. എല്ലാവരോടും ഈയവരസത്തില്‍ നന്ദി പറയുകയാണ്. ശുഭരാത്രി എല്ലാവരും കാണണം. 

സിനിമയല്ല നാടകം

salaam
Photo Credit: Salaam

നാടകത്തില്‍ അഭിനയിച്ചിരുന്ന സമയത്ത് ലഭിച്ചിരുന്ന മാനസിക സംതൃപ്തി എനിക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്നില്ല എന്നത് സത്യമാണ്. നാടകത്തിന് സ്റ്റേജില്‍ കയറിയാല്‍ കയ്യും മെയ്യും മറന്ന് അഭിനയിക്കണം. കട്ട് ഇല്ല, റീടേക്കുകള്‍ ഇല്ല. നമുക്ക് പൂര്‍ണമായും കഥാപാത്രത്തിലേക്ക് അര്‍പ്പിക്കാം. നാടകത്തില്‍ അഭിനയിക്കുന്നത് വലിയ അധ്വാനമാണ്. സിനിമയില്‍ ആ സ്‌ട്രെയിന്‍ ഇല്ല. 

പ്രണയിനിയെ കണ്ടുമുട്ടിയ കാലം

anu sithara
Photo Credit: Salaam

1990 കളില്‍ ഞാന്‍ പഠനത്തിന് ശേഷം ഒരു കോളേജില്‍ പഠിപ്പിക്കാന്‍ പോയി. ബിരുദാനന്തര ബിരുദത്തിന് ശേഷമായിരുന്നു അത്. അവിടെ വച്ചാണ് രേണുകയെ ആദ്യമായി കാണുന്നത്. അവര്‍ അവിടെ പ്രീഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. എനിക്ക് അന്ന് 23 വയസ്സായിരുന്നു പ്രായം. കാര്യമായ പക്വതയൊന്നും ഇല്ലായിരുന്നു. ഞാനും രേണുകയും പ്രണയത്തിലാവുകയും ഒരു വര്‍ഷത്തോളം പ്രേമിച്ചു നടക്കുകയും ചെയ്തു. പ്രണയത്തെ ഇരുകുടുംബംഗങ്ങളും എതിര്‍ത്തു. അതുകൊണ്ട് ഞങ്ങള്‍ ഒളിച്ചോടി. കുറച്ച് കാലം മാറിത്താമസിച്ചു. പിന്നീട് നാട്ടില്‍ മടങ്ങിയെത്തി. അപ്പോഴേക്കും എതിര്‍പ്പുകള്‍ കുറഞ്ഞു. പിന്നീട് എല്ലാവരും സമരസപ്പെട്ടു. ഇന്ന് ആലോചിക്കുമ്പോള്‍ വലിയ എടുത്തുചാട്ടമായിരുന്നു അത്. കയ്യില്‍ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പക്ഷേ എന്തു വന്നാലും ഒന്നിച്ചു നേരിടാമെന്ന് ഞങ്ങള്‍ നേരത്തേ ഉറപ്പിച്ചിരുന്നു.

രേണുകയെന്ന കൂട്ടുകാരി

രേണുക എന്റെ ഭാര്യ മാത്രമല്ല. അടുത്ത സുഹൃത്തു കൂടിയാണ്. വിവാഹത്തിന് ശേഷവും ഞങ്ങള്‍ രണ്ടുപേരും പഠനവും കലയുമായി മുന്നോട്ടു പോയി. രേണുക നല്ല നര്‍ത്തകിയാണ്. അവര്‍ക്ക് കലാകാരന്‍മാരെ തിരിച്ചറിയാനാകും. അവര്‍ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് നാടകത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ പരസ്പരം കൈത്താങ്ങായി നിന്നു. കുട്ടികള്‍ വളര്‍ന്നു തുടങ്ങിയ അവസരത്തില്‍ തന്നെ അവരിലെ അഭിരുചി എന്താണെന്ന് തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും മുന്‍കൈ എടുത്തത് രേണുകയായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അനു സിതാരയെ കലാമണ്ഡലത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത് രേണുകയായിരുന്നു. അവള്‍ക്ക് നല്ല ഹോം സിക്ക്‌നസ് ഉണ്ടായിരുന്നത് കൊണ്ടു കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല. 

മക്കള്‍ക്ക് നല്‍കിയ ഉപദേശം

പ്രണയത്തിന് ജാതി, മത, വര്‍ഗ ഭേദമില്ലെന്ന ഉപദേശമാണ് ഞങ്ങള്‍ കുട്ടികള്‍ക്കും നല്‍കിയത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ആ ലോകത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ ഒരു കാര്യം മത്രമേ ഞാന്‍ പറഞ്ഞുള്ളൂ, ജീവിതത്തില്‍ എന്തെങ്കിലുമൊരു ലക്ഷ്യബോധം വേണം. അതിന് വേണ്ടി പരിശ്രമിക്കണം. സ്വന്തം കാലില്‍ നില്‍ക്കണം. 

anu sithara
Photo Credit: Anu Sithara

എല്ലാവര്‍ക്കും ഡോക്ടറും എഞ്ചിനീയറുമെല്ലാം ആകാന്‍ സാധിക്കില്ല. വിദ്യാഭ്യാസം എന്നാല്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളല്ല. ജോലി കിട്ടാന്‍ വേണ്ടി മാത്രമല്ല നമ്മള്‍ പഠിക്കേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ പിന്തുടര്‍ന്ന് പോരുന്ന ഒരു കീഴ്‌വഴക്കമുണ്ട്. അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. കലപരമായ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ വിരളമാണ്. കല മനുഷ്യരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കും, കാഴ്ചപ്പാട് വിശാലമാകാന്‍ സഹായിക്കും. എന്റെ രണ്ട് മക്കളോട് ഞാന്‍ അതു തന്നെയാണ് പറഞ്ഞിരുന്നത്. അനു സിത്താര മാത്രമല്ല ഇളയ മകളായ അനു സ്വനാരയ്ക്കും കലാവാസനകളുണ്ട്. അവര്‍ രണ്ടുപേരും ശാസ്ത്രീയ നൃത്തം ചെറുപ്പം മുതല്‍ തന്നെ അഭ്യസിച്ചിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്ക് പഠിച്ചത് പറഞ്ഞു കൊടുക്കുന്നു. ഒരിക്കല്‍ പോലും പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ഞാന്‍ അവരെ വഴക്കു പറഞ്ഞിട്ടില്ല. പരീക്ഷയില്‍ അല്ല, ജീവിതത്തില്‍ തോല്‍ക്കരുത് എന്നാണ് ഒരു പിതാവെന്ന നിലയില്‍ ഞാന്‍ പറയാറുള്ളത്. 

anu sithara
Photo Credit: Salaam

Content Highlights: Anu Sithara father, Salaam interview, Shubharathri, Captain movie,talks about wife Renuka family and daughters, Anu sonara