ചെറിയ വേഷങ്ങളില്‍ത്തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശക്തമായ വേഷങ്ങളുമായി വെള്ളിത്തിരയില്‍ കുതിച്ചുയര്‍ന്ന താരമാണ് അനു സിതാര. പൊട്ടാസ്‌ ബോംബ് എന്ന ചിത്രത്തിലെ ചെറിയ വേഷത്തില്‍ തുടങ്ങിയ ചലച്ചിത്ര ജീവിതം ഇന്ന് ക്യാപ്റ്റനും കടന്ന് മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുന്നു. ക്യാപ്റ്റനിലെ അനിതയെ കുറിച്ചും പുതിയ ചിത്രങ്ങളേക്കുറിച്ചും അനു സിത്താര മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറന്നപ്പോള്‍.

യഥാര്‍ഥ വ്യക്തിയെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചപ്പോള്‍

ആദ്യം അതിനേക്കുറിച്ച് ആലോചിച്ചപ്പോള്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു. യഥാര്‍ഥ വ്യക്തിയെ അവതരിപ്പിക്കുമ്പോള്‍ എന്തായാലും ബുദ്ധിമുട്ടുണ്ടാവും. എന്താണ്, എങ്ങനെയാണ് അവര്‍ നടക്കുന്നത്, ചിരിക്കുന്നത്, കോസ്റ്റ്യൂം എങ്ങനെയായിരിക്കും, ഹെയര്‍ സ്‌റ്റൈല്‍ എങ്ങനെയായിരിക്കും എന്നൊക്കെ നോക്കി പഠിക്കേണ്ടിവരും എന്നൊക്കെ ആലോചിച്ചിരുന്നു. നന്നായി ചെയ്യാന്‍ പറ്റുമോ എന്ന് ടെന്‍ഷനുണ്ടായിരുന്നു. 

അനിതാ സത്യനുമായുള്ള കൂടിക്കാഴ്ച

കഥ കേട്ടതിന് ശേഷം അനിതേച്ചിയെ (അനിതാ സത്യന്‍) പോയി കണ്ടിരുന്നു.  അനിതേച്ചി എങ്ങനെയാണ് സംസാരിക്കുന്നതെന്നൊക്കെ നോക്കി പഠിക്കാന്‍ ശ്രമിച്ചെങ്കിലും എങ്ങനെ കഥാപാത്രവുമായി കണക്റ്റ് ചെയ്യും എന്നതിന്റെ ഒരു ടെക്‌നിക്ക് പിടികിട്ടിയിരുന്നില്ല. അവസാനം അനിതേച്ചി തന്നെയാണ് അന്നത്തെ കാലത്തുണ്ടായിരുന്ന കോസ്റ്റ്യൂമിനെപ്പറ്റിയും  ഹെയര്‍സ്റ്റൈല്‍ എങ്ങനെയായിരുന്നെന്നും പറഞ്ഞു തന്നത്. പഴയ ചിത്രങ്ങള്‍ കാണിച്ചുതന്നു. പിന്നെ പ്രജേഷേട്ടനും ജയേട്ടനും ഒപ്പം അഭിനയിച്ച എല്ലാവരും സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ വേഷം നന്നായി ചെയ്യാന്‍ പറ്റി.

anu sithara
Photo Courtesy: facebook/anusithara

മാലിനിയും അനിതയും തമ്മിലുള്ള വ്യത്യാസം

രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയും ക്യാപ്റ്റനിലെ അനിതയും കുടുംബിനികളാണെങ്കിയും ഒരുപാട് വ്യത്യസ്തരാണ്. രണ്ടും രണ്ട് ടൈപ്പ് കഥാപാത്രങ്ങളാണ്. പക്ഷേ മാലിനി സാങ്കല്‍പിക കഥാപാത്രമാണെന്ന് പറയാനാവില്ല. സമൂഹത്തില്‍ അതുപോലുള്ള എത്രയോ സ്ത്രീകളുണ്ട്. രണ്ട് കഥാപാത്രങ്ങളും തമ്മില്‍ 'ക്ലാഷ്' ആകുന്ന അവസ്ഥയുണ്ടായിരുന്നില്ല.

പൊട്ടാസ് ബോംബിലെ അനു സിത്താരയും ക്യാപ്റ്റനിലെ അനു സിത്താരയും

വളരെ സന്തോഷമുണ്ട് ഇപ്പോള്‍. ആദ്യ ചിത്രമായ പൊട്ടാസ് ബോംബില്‍ വളരെ ചെറിയ കഥാപാത്രമായിരുന്നു. പുറത്തിറങ്ങിയാല്‍ നടിയാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പിന്നെ ഇന്ത്യന്‍ പ്രണയകഥ വന്നു. അപ്പോളൊക്കെ പറയുമ്പോള്‍ ആളുകള്‍ക്ക് മനസിലാവും. അനാര്‍ക്കലിയും അങ്ങനെതന്നെയായിരുന്നു.  പിന്നെ ഹാപ്പി വെഡ്ഡിങ് വന്നപ്പോഴാണ് തേപ്പുകാരി എന്ന പേരില്‍ ട്രോളുകള്‍ ഇറങ്ങിയത്. അതോടെയാണ് ഇങ്ങനെ ഒരാളുണ്ടെന്ന് എല്ലാവര്‍ക്കും മനസിലായത്. തട്ടമിട്ട കഥാപാത്രമായിരുന്നതിനാല്‍ പുറത്തിറങ്ങിയാലും ആര്‍ക്കും മനസിലാവില്ലായിരുന്നു. പിന്നെ അച്ചായന്‍സും കഴിഞ്ഞ് രാമന്റെ ഏദന്‍തോട്ടം വന്നപ്പോഴാണ് ആളുകള്‍ ശരിക്ക് തിരിച്ചറിയാന്‍ തുടങ്ങിയത്. 

ക്യാപ്റ്റന് ശേഷം

സിനിമ റിലീസായ ശേഷം ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. നല്ലൊരു ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഇനിയും ഇതുപോലെ നല്ല ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് വിചാരിക്കുന്നു. 

anu sithara
Photo Courtesy: facebook/anusithara

സോഷ്യല്‍ മീഡിയയിലെ വൈറല്‍ ഡാന്‍സ്

(ചിരിക്കുന്നു) 'ഒരു കുപ്രസിദ്ധ പയ്യ'ന്റെ സെറ്റില്‍ നടന്നതാണ്. നിമിഷയും (നിമിഷ സജയന്‍) എന്നോടൊപ്പമുണ്ടായിരുന്നു. ചുമ്മാ ഇരുന്നപ്പോള്‍ ചെയ്തുനോക്കിയതാണ്. വെറുതെ ഒരു ഫണ്‍ ടൈം. (വീണ്ടും ചിരി)

അനിതാ സത്യന്റെ പ്രതികരണം

ആദ്യദിവസം രാത്രിയാണ് ഞാന്‍ സിനിമ കണ്ടത്. പിറ്റേന്ന് അനിതേച്ചിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. അതെന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിരുന്നു. എനിക്ക് വിളികള്‍ വരുന്നതുപോലെ തന്നെ അനിതേച്ചിക്കും കോളുകള്‍ വരുന്നുണ്ടാവുമെന്ന് തോന്നി. പക്ഷേ രണ്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി തിരിച്ചുവിളിച്ചു. സിനിമ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് പറഞ്ഞപ്പോള്‍ എനിക്കും സന്തോഷമായി.

മമ്മൂക്ക വിളിച്ചിരുന്നോ

വിളിച്ചിട്ടില്ല. (ചിരി) ശരിക്ക് സത്യേട്ടന്റെ ജീവിതത്തിലുണ്ടായ സംഭവവും സംഭാഷണവുമാണ് ആ രംഗത്തിലുള്ളത്. അപ്പോള്‍ അതിനെക്കുറിച്ചെല്ലാം മമ്മൂക്ക സെറ്റില്‍ പറയാറുണ്ടായിരുന്നു. 

പുതിയ ചിത്രങ്ങള്‍

ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത് കുപ്രസിദ്ധ പയ്യനാണ്. മധുപാല്‍ സാറാണ് സംവിധാനം. ടൊവീനോയാണ് നായകന്‍. അതു കഴിഞ്ഞ് ബിജു ചേട്ടന്‍ (ബിജു മേനോന്‍) നായകനാവുന്ന പടയോട്ടം. അതിനുശേഷം സേതുച്ചേട്ടൻ സംവിധാനം ചെയ്യുന്ന കുട്ടനാടന്‍ ബ്ലോഗ്. മമ്മൂക്കയാണ് നായകന്‍. അതിനുശേഷം രഞ്ജിത് സാര്‍ സംവിധാനം ചെയ്യുന്ന ലാലേട്ടന്‍ ചിത്രം ബിലാത്തിക്കഥ.

Content Highlights: Anu Sithara Captain Movie Jayasurya PrajeshSen Malayalam Actress