മരണവെപ്രാളവുമായി ജീവിതത്തിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്ന പോത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട്. സിനിമയില്‍ പ്രധാന കഥാപാത്രം പോത്താണെങ്കിലും അതിനെ പിടിച്ചുകെട്ടിയ നായകനാണ് ആന്റണി വര്‍ഗീസ് അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രം. മനുഷ്യന്റെ അടങ്ങാത്ത പ്രാകൃതതൃഷ്ണയെ ഓര്‍മിപ്പിക്കുന്ന ചിത്രം പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി മുന്നേറുമ്പോള്‍ ആന്റണി സന്തോഷം പങ്കുവയ്ക്കുന്നു...''
'ആന്റണി ഇന്നുതന്നെ നിലംതൊടാതെ ഓടാന്‍ തയ്യാറായിക്കോളൂ, എന്റെ അടുത്ത ചിത്രത്തില്‍ നിനക്ക് ശക്തമായ കഥാപാത്രമുണ്ട്. നമുക്കത് പൊളിക്കണം.' അപ്രതീക്ഷിതമായാണ് ലിജോചേട്ടന് വിളിച്ചത്.
ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍തന്നെ ഞാന്‍ ത്രില്ലടിച്ചു. പിന്നെ എന്നും രാവിലെ മൂന്നാല് കിലോമീറ്റര്‍ ഓട്ടമായി. രാവും പകലും ഒരുപാട് കഷ്ടപ്പെട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. അത് തിയേറ്ററില്‍ എത്തിയപ്പോള്‍ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമായി എന്ന് കേള്‍ക്കുമ്പോള്‍ ഏറെ സന്തോഷം.
ചിത്രീകരണത്തിനിടയില്‍ ആന്റണിക്ക് വലിയ പരിക്കുപറ്റിയതായി കേട്ടു...?
എന്നും 'മുന്നില്‍ കുതിച്ചുപായുന്ന പോത്തിനെ സങ്കല്പിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നു. അതിനിടയില്‍ പോത്ത് ഗ്രാമത്തിലെ ബാങ്കില്‍ കയറി ഇടിച്ചുപൊളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ഞാന്‍ മുഖമടിച്ച് ബെഞ്ചില്‍ വീണ് ചുണ്ട് പൊട്ടി. ഉടന്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ കൊണ്ടുപോയി 15 തുന്നിട്ടു. അടുത്തദിവസം മുഖം വികൃതമായി. പിന്നീട് എറണാകുളത്ത് പോയി വീണ്ടും സ്റ്റിച്ച് മാറ്റിയിട്ടു. അങ്ങനെ പത്തുദിവസം കഴിഞ്ഞാണ് ഞാന്‍ വീണ്ടും അഭിനയിക്കാനെത്തിയത്.
ആന്റണിയും ലിജോ ജോസും ചേരുമ്പോള്‍ വിജയം ഉറപ്പാണല്ലേ?
സിനിമയിലെ എന്റെ ഗുരുവും വഴികാട്ടിയുമാണ് ലിജോചേട്ടന്. കഥാപാത്രത്തിലേക്ക് ഇറക്കിക്കൊണ്ടുവരാന് വലിയ മാജിക്കൊന്നും അദ്ദേഹം നടത്താറില്ല. അഭിനയിച്ച് തകര്‍ക്കണ്ട, നീ കൂട്ടുകാരോടും വീട്ടുകാരോടും സംസാരിക്കുന്നതുപോലെ ക്യാമറയ്ക്ക് മുന്നിലും ചെയ്താല്‍ മതി എന്നത് മാത്രമായിരുന്നു ഉപദേശം. സിനിമയ്ക്കുവേണ്ടി കഷ്ടപ്പെട്ടാല്‍ വിജയം ഉറപ്പാണെന്ന സത്യമാണ് അദ്ദേഹം പഠിപ്പിച്ചത്.
പുതിയ രൂപമാറ്റത്തിന്റെ രഹസ്യം?
ഒന്നുമില്ല, പുതിയ ചിത്രമായ 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' മലപ്പുറത്തെ ഫുട്ബോള്പ്രേമിയുടെ പ്രണയത്തിന്റെയും ഫാന്റസിയുടെയും കഥ പറയുന്ന ചിത്രമാണ്. അതിനുവേണ്ടിയാണീ രൂപമാറ്റം. അങ്കമാലി ഡയറീസില്‍ അങ്കമാലിഭാഷയും ജല്ലിക്കട്ടില്‍ കട്ടപ്പനഭാഷയും പുതിയ ചിത്രത്തില്‍ മലപ്പുറംഭാഷയും പ്രയോഗിക്കുകയാണ്. തുടക്കക്കാരനെന്നനിലയില്‍ ഇങ്ങനെ വ്യത്യസ്തതരം കഥാപാത്രങ്ങള്‍ കിട്ടുന്നതുതന്നെ ഭാഗ്യം. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ സംവിധാനം ചെയ്ത ടിനു പാപ്പച്ചന്റെ ചിത്രമാണ് അടുത്തത്.
അതിനിടയില്‍ വിജയ്യും വിജയ് സേതുപതിയും ഒന്നിക്കുന്ന തമിഴ് ചിത്രത്തില്‍ ആന്റണി അഭിനയിക്കുന്നതായി വാര്‍ത്ത കേട്ടിരുന്നു?
ശരിയാണ്, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍സ് ചിത്രത്തിലൂടെ അങ്ങനെയൊരവസരം വന്നിട്ടുണ്ട്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ കണ്ടാണ് എന്നെ അവര്‍ ആ സിനിമയിലേക്ക് വിളിച്ചത്. അതിനുവേണ്ടി രണ്ടുമൂന്ന് പ്രാവശ്യം ചെന്നെയില്‍ പോയി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇഷ്ടതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതിന്റെ സന്തോഷമുണ്ട്.
Content Highlights : Antony Vargheese Interview On Jallikkattu Movie by Lijo Jose Pellissery