- മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം ചെയ്യുന്ന കമ്പനി എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമുണ്ട്
- എമ്പുരാന് ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും
- എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൃഥ്വിരാജിനെപ്പോലെ ഇത്രയും ആത്മാര്‍ഥമായി വര്‍ക്ക് ചെയ്യുന്ന സംവിധായകനെ കണ്ടിട്ടില്ല
- ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന് സ്ഥാനം പിടിക്കും.
- ലൂസിഫറിന് മറിച്ചാണ് സംഭവിച്ചതെങ്കില്‍ മരക്കാറിന്റെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല,
- കളമറിഞ്ഞ് മുന്നോട്ടുപോയാല്‍ 50 കോടി രൂപ ധൈര്യമായി ഇറക്കാന്‍ പറ്റിയ മാര്‍ക്കറ്റാണ് നമ്മളുടേത്
ഇത് ആശീര്‍വാദ് സിനിമാസിന്റെ 25-ാമത്തെ ചിത്രമാണ്. മലയാള സിനിമാപ്രേക്ഷകര്‍ ലാല്‍സാറിനും പ്രിയന്‍ചേട്ടനും ആശീര്‍വാദ് സിനിമാസിനും സമ്മാനിച്ച സ്നേഹത്തിന്റെ പ്രതിഫലമാണ് ഈ ചിത്രം.''-ദേശത്തിന്റെ അതിരുകള്‍ മായ്ച്ച് മലയാളസിനിമക്ക് പുതിയ മുഖം നല്കിയ നിര്‍മാതാവ് ആന്റണിപെരുമ്പാവൂര്‍ പുതിയ സിനിമകളുടെ വിശേഷങ്ങള്‍ പങ്കുവക്കുന്നു.
നിര്‍മിച്ച ചിത്രങ്ങളില്‍ 95 ശതമാനവും വിജയത്തിലെത്തിക്കാന്‍ ആശീര്‍വാദ് സിനിമാസിന് കഴിഞ്ഞിട്ടുണ്ട്,എന്താണ് രഹസ്യം?
കേള്‍ക്കാന്‍ സന്തോഷമുള്ള കാര്യമാണിത്, പക്ഷേ, അത് പൂര്‍ണമായും ശരിയല്ല. എന്നാലും മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രം ചെയ്യുന്ന കമ്പനി എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് ഞങ്ങളോട് പ്രത്യേക സ്നേഹമുണ്ട്. അതുകൊണ്ടുതന്നെ നിര്‍മിച്ച ചിത്രങ്ങളില്‍ ഭൂരിഭാഗവും വിജയത്തിലേക്ക് എത്തിക്കാന്‍ അവര്‍ സഹായിച്ചു. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ലാല്‍സാറിന്റെ കഥാപാത്രങ്ങളുള്ള ചിത്രങ്ങളാണ് നിര്‍മിച്ചത്. അതുതന്നെയാണ് ഈ കമ്പനിയുടെ വിജയവും.
കോടികള്‍ മുതല്‍മുടക്കി മലയാളത്തില്‍ ഒരു സിനിമ നിര്‍മിക്കുക എന്നതിനു പിന്നില്‍ വലിയ ഉത്തരവാദിത്വമില്ലേ?
നിര്‍മാണത്തിന്റെ 20 വര്‍ഷം കഴിഞ്ഞെങ്കിലും, ഓരോ ചിത്രം നിര്‍മിക്കുമ്പോഴും ടെന്‍ഷനുണ്ട്. അന്നും ഇന്നും എന്റെ ധൈര്യം മോഹന്‍ലാല്‍സാര്‍ മാത്രമാണ്. എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റ് ആകണം എന്ന് ഞാന്‍ ആഗ്രഹിക്കാറില്ല. സിനിമയില്‍ അങ്ങനെ സംഭവിക്കാറുമില്ല. എന്നാലും അതില്‍ പലതും അപ്രതീക്ഷിതമായി സൂപ്പര്‍ഹിറ്റായി മാറുകയായിരുന്നു. പല ചിത്രങ്ങളുടെയും കാര്യം ആലോചിക്കുമ്പോള്‍ ഉറക്കംവരാത്ത രാത്രികള്‍ ഉണ്ടാകും. അതുകൊണ്ട് കാര്യമായി ഒന്നും ആലോചിക്കാറില്ല. ഒരുപാട് സ്വപ്നം കാണുന്നവര്‍ക്കാണ് ഏറെ ടെന്‍ഷന്‍ എന്ന് കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്രയും വലിയ സ്വപ്നങ്ങളൊന്നും ഞാന്‍ കാണാറില്ല.
എന്നിട്ടും മലയാളസിനിമയ്ക്ക് സ്വപ്നം കാണാന്‍പോലും കഴിയാത്ത ബജറ്റിലാണ് മരക്കാര്‍ നിര്‍മിച്ചത്?
ശരിയാണ്, ഒരാഴ്ച ആ സിനിമയുടെ ഷൂട്ടിങ്ങിനായി ചെലവഴിച്ച കാശുകൊണ്ട് മലയാളത്തില്‍ ഒരു സിനിമയെടുക്കാം. അങ്ങനെ എത്രയോ ദിവസങ്ങള്‍... ഈ ചിത്രത്തിന്റെ ഭാഗമായി ഇന്ത്യയിലെ അറിയപ്പെടുന്ന താരങ്ങളുടെയും ടെക്നീഷ്യന്മാരുടെയും സ്വപ്നങ്ങള്‍ക്കൊപ്പമാണ് ഞാന്‍ ചേര്‍ന്നുനിന്നത്. അപ്പോഴെല്ലാം എന്റെ പ്രതീക്ഷ ലൊക്കേഷന്‍ ആദ്യമെത്തുന്ന പ്രിയദര്‍ശന്‍സാറും കൈയും മെയ്യും മറന്ന് അഭിനയിക്കുന്ന ലാല്‍സാറും മാത്രമായിരുന്നു. അവരുടെ ആത്മാര്‍ഥമായ സമീപനത്തിന് മുന്പില് അവര്‍ക്കുവേണ്ടത് ചെയ്തുകൊടുക്കുക മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. ദൃശ്യം, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മലയാളസിനിമയുടെ മാര്‍ക്കറ്റ് വലുതായിട്ടുണ്ട്. കളമറിഞ്ഞ് മുന്നോട്ടുപോയാല്‍ 50 കോടി രൂപ ധൈര്യമായി ഇറക്കാന്‍ പറ്റിയ മാര്‍ക്കറ്റാണ് നമ്മളുടെത്.
കഴിഞ്ഞ ചിത്രമായ ലൂസിഫറും ബിഗ് ബജറ്റ് ചിത്രമായിരുന്നു, അത് ഇത്രയും സൂപ്പര്‍ഹിറ്റായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നോ?
ലാല്‍സാറിനെ നായകനാക്കി, പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാകും ലൂസിഫര്‍ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഞാന്‍ ആ ചിത്രത്തിന്റെ കഥ കേട്ടതും മനസ്സില്‍ കണ്ടതും പോലെയല്ല പൃഥ്വിരാജ് കേട്ടത്. അതിന്റെ വ്യത്യാസം ചിത്രത്തിന്റെ റിച്ച്നസിലുണ്ടായിട്ടുണ്ട്. എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പൃഥ്വിരാജിനെപ്പോലെ ഇത്രയും ആത്മാര്‍ഥമായി വര്‍ക്ക് ചെയ്യുന്ന സംവിധായകനെ കണ്ടിട്ടില്ല. ഊണിലും ഉറക്കിലും അദ്ദേഹത്തിന് സിനിമ മാത്രമാണ്.
ലാല്‍സാറിന്റെ രസകരമായ ചില മാനറിസങ്ങള്‍ കാണാന്‍ കൊതിക്കുന്ന പ്രേക്ഷകരുണ്ട്. അത്തരം കാര്യങ്ങള്‍ കൊടുത്താല്‍ പ്രേക്ഷകര്‍ എന്നും ഹാപ്പിയായിരിക്കും. അത് എത്ര കൊടുത്താലും പ്രേക്ഷകര്‍ സ്വീകരിക്കും, അത് കണ്ടുപിടിച്ച് സിനിമ ചെയ്യുക എന്നത് എഴുത്തുകാരന്റെയും സംവിധായകന്റെയും ജോലിയാണ്.അത്തരം ഒരു ജോലിയാണ് ലൂസിഫറിലൂടെ പൃഥ്വിരാജ് ചെയ്തത്. ഇത്തരം സിനിമകള്‍ ഉണ്ടാവണം, എന്നാല്‍ മാത്രമേ സിനിമയും ഇന്റസ്ട്രിയും നിലനില്‍ക്കൂ.
മലയാളത്തില്‍ 100 കോടി ബജറ്റ് സിനിമ എടുക്കുക എന്നത് കൈവിട്ട കളിയല്ലേ?
ഈ ചോദ്യം മരക്കാര്‍ എന്ന സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍തന്നെ പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഇത്രയും ബജറ്റ് വേണ്ടിവരുമെന്ന് ചിത്രത്തിന്റെ പ്രാഥമിക ചര്‍ച്ചയില്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായിരുന്നു. പക്ഷേ, അതെങ്ങനെ തിരിച്ചുപിടിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഒടിയന്, ലൂസിഫര്‍, മരക്കാര്‍ എന്നീ മൂന്ന് സിനിമകളാണ് അന്ന് ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നത്. അതില്‍ കുഞ്ഞാലിമരക്കാര്‍ അവസാനം വരും. അതില്‍ ആദ്യത്തെ രണ്ടില്‍ ഒരു അദ്ഭുതം സംഭവിക്കുമെന്ന് ഞങ്ങളുടെ മനസ്സ് പറഞ്ഞു. ദൈവകൃപയാല്‍ ലൂസിഫര്‍ വിചാരിച്ചതുപോലെ മെഗാഹിറ്റായി. അതുകൊണ്ടുതന്നെ വിചാരിച്ച ബജറ്റില്‍ അതിനുശേഷം വന്ന മരക്കാര്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ലൂസിഫറിന് മറിച്ചാണ് സംഭവിച്ചതെങ്കില്‍ മരക്കാറിന്റെ ഭാവി എന്താകുമെന്ന് പറയാന്‍ കഴിയില്ല, ഇതാണ് സിനിമയുടെ സ്ഥിതി.
ഇനി നമുക്ക് ഭയയ്ക്കാനില്ല. ലൂസിഫറിനുശേഷമാണ് മലയാളസിനിമയുടെ ചൈനീസ് മാര്‍ക്കറ്റ് തുറന്നത്. മലയാളത്തിലെ ദൃശ്യം അവിടെ റീമേക്ക് ചെയ്ത് സൂപ്പര്‍ഹിറ്റായി. ഇനിയും അവിടെ മലയാളസിനിമയുടെ സാധ്യത കൂടുതലാണ്. കാരണം മലയാളത്തെക്കാള്‍ അഞ്ചിരട്ടിയാണ് ചൈനയിലെ ഫിലിം മാര്‍ക്കറ്റ്. കുഞ്ഞാലി മരക്കാര്‍ ഹിന്ദി, ചൈനീസ് സബ്ടൈറ്റിലിലാണ് ചൈനയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
മോഹന്‍ലാല്‍ സംവിധായകനായി എത്തുന്ന ബറോസും ആശീര്‍വാദ് സിനിമാസാണല്ലോ നിര്‍മിക്കുന്നത്. അതും ബിഗ് ബജറ്റ് ചിത്രമാണോ?
രചനയിലും അവതരണത്തിലും ഏറെ പുതുമകളും വിസ്മയങ്ങളും തീര്‍ക്കുന്ന ചിത്രമായിരിക്കും ബറോസ്. എന്നാല്‍ അതിന്റെ ബജറ്റ് കുഞ്ഞാലിമരക്കാറിന് മുകളില്‍ പോകില്ല. ഏറെ ടെക്നിക്കല്‍ പെര്ഫെക്ഷന് ആവശ്യമുള്ള ചിത്രമാണത്. ജൂണ്‍ ആദ്യവാരം ഗോവയില്‍ ചിത്രീകരണം തുടങ്ങാനാണ് പരിപാടി. അണിയറപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ലൂസിഫര്‍ ടീം വീണ്ടും ഒന്നിക്കുന്ന എമ്പുരാന് എന്നുവരും?
എമ്പുരാന്റെ കഥ പൂര്‍ത്തിയായി. അടുത്തവര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍. സിനിമയില്‍ അസാധാരണമായി എന്തെങ്കിലും ചെയ്താലേ പ്രേക്ഷകര്‍ ഏറ്റെടുക്കുകയുള്ളൂ. അതിനുള്ള ഹോംവര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. ലൂസിഫറിന് മുന്‍പും പിന്‍പും ചേര്‍ന്ന് കഥകളുടെ സമാഹാരമായിരിക്കും എമ്പുരാന്. രാവും പകലും മനസ്സില്‍ ആ സിനിമയുമായാണ് പൃഥ്വിരാജ് സഞ്ചരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ സുപ്രിയ പറയുന്നത്. ആ സിനിമ ചെയ്യാന്‍ അഞ്ച് സിനിമയെങ്കിലും രാജുവിന് ഉപേക്ഷിക്കേണ്ടിവരും. അത്രയും ആത്മാര്‍ഥതയുള്ള സംവിധായകനെ കിട്ടാന്‍ പാടാണ്. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ് മേക്കറുടെ ആദ്യനിരയില്‍ വൈകാതെ പൃഥ്വിരാജ് എന്ന സംവിധായകന് സ്ഥാനം പിടിക്കും. ലൂസിഫര്‍ കണ്ട രജനികാന്തും ഷാരൂഖ്ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവര്‍ കൊണ്ടുപോകുന്നതിന് മുന്‍പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാന്‍.
Content Highlights : Antony Perumbavoor Interview on Marakkar Arabikkadalinte Simham Empuraan Mohanlal Prithviraj