ലയാളസിനിമയുടെ തേന്‍മാവിന്‍ കൊമ്പത്തിരിക്കുന്ന രണ്ടുപേര്‍. മലയാളിയോട് ചിരിയിലൂടെ തലയണമന്ത്രം പറഞ്ഞവര്‍. പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും. പൊട്ടിച്ചിരിയുടെ ബോക്‌സോഫീസില്‍ കോടികളുടെ കിലുക്കം സമ്മാനിച്ചയാളാണ് പ്രിയന്‍. സത്യനാകട്ടെ, ചിരിയിലൂടെ ചിന്തയുടെ സന്ദേശവും നല്‍കി. മകള്‍ കല്യാണി മലയാളസിനിമയില്‍ എത്തുകയാണെങ്കില്‍ അത് സത്യന്റെ ചിത്രത്തിലൂടെ വേണമെന്നാണ് പ്രിയദര്‍ശന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷേ, സത്യന്റെ മകന്‍ അനൂപ് സത്യനിലൂടെയാണ് അത് സംഭവിച്ചത്. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്ത് കുതിക്കുമ്പോള്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് 'ഈ ചെറുപ്പക്കാരെ നമുക്ക് ആവശ്യമുണ്ട്' എന്നായിരിക്കാം. കുഞ്ഞാലി മരയ്ക്കാറിന്റെ ഡബ്ബിങ് തിരക്കുകള്‍ക്കിടയില്‍ പ്രിയദര്‍ശന് ചിത്രം കാണാന്‍ കഴിഞ്ഞിട്ടില്ല.

സിനിമ റിലീസായതിനെത്തുടര്‍ന്ന് സുഹൃത്തുക്കളുടെ അഭിനന്ദനപ്രവാഹമായിരുന്നു പ്രിയന്റെ ഫോണിലേക്ക്. ഒടുവില്‍ അദ്ദേഹം മകള്‍ക്ക് ഒരു മെസേജ് അയച്ചു: 'നിന്നെക്കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അമ്മ ലിസി ഭയങ്കര സന്തോഷത്തിലാണ്.' സത്യന്‍ അന്തിക്കാട് മകനോട് പറഞ്ഞു: ''നീ എന്നെ സ്‌ക്രിപ്റ്റ് കാണിക്കാതിരുന്നത് നന്നായി. അല്ലെങ്കില്‍ എനിക്ക് ടെന്‍ഷനായേനെ'' കുടുംബസുഹൃത്തുക്കള്‍ കൂടിയായ അനൂപും കല്യാണിയും സംവിധായകനെയും നടിയെയും പോലെയല്ല പെരുമാറുന്നത്. ദീര്‍ഘകാല സുഹൃത്തുക്കളെപ്പോലെ ഒരു ഇഴയടുപ്പം കാണാം. ഫോട്ടോയെടുക്കാന്‍ വരുന്നവര്‍ക്കൊപ്പം ഒരു മടുപ്പുമില്ലാതെ രണ്ടുപേരും നിന്നു. സിനിമ ഹിറ്റായതിന്റെ സന്തോഷത്തില്‍ അനൂപും കല്യാണിയും 'മാതൃഭൂമി'യോട് സംസാരിക്കുന്നു.

ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍, കല്യാണി, ഉര്‍വശി... എങ്ങനെയാണ് ഇങ്ങനെയൊരു കാസ്റ്റിങ്ങിലേക്ക് വന്നത്? ശോഭനയും സുരേഷ് ഗോപിയും ദീര്‍ഘകാലമായി സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നല്ലോ

അനൂപ്: ആദ്യസിനിമയില്‍ ഒരു ഡ്രീം കാസ്റ്റിങ് ആരും ആഗ്രഹിക്കും. ഞാന്‍ ഇവര്‍ക്കുവേണ്ടി കാത്തിരിക്കാന്‍ തയ്യാറായിരുന്നു. ആ കാത്തിരിപ്പ് ഒന്നരവര്‍ഷം നീണ്ടു. ഒരു തിരിച്ചുവരവിനായി ശോഭന മാഡത്തിന് സിനിമ ഇഷ്ടമാക്കിയെടുക്കുക എന്ന കാര്യമാണ് ചെയ്തത്. ഡേറ്റ് ചോദിക്കുകയല്ലായിരുന്നു. ഇടയ്ക്കിടെ പോയി പുതിയ സീനുകള്‍ പറയും. ഒടുവില്‍ മാഡം പറഞ്ഞു: ''മൂന്നോ നാലോ തവണ കേട്ടിട്ടും എനിക്ക് ബോറടിച്ചില്ല. നമുക്കിത് ചെയ്യാം.'' സുരേഷ് സാറിന് ആദ്യമേ കഥ ഇഷ്ടമായിരുന്നു. തിരക്കുകള്‍ക്കിടയിലും അദ്ദേഹം ഇതിന് സമയം കണ്ടെത്തി. 65 ദിവസമായിരുന്നു ഷൂട്ടിങ്. ചെന്നൈയില്‍ ചെലവ് കൂടുതലായിരുന്നതിനാല്‍ ഞായറാഴ്ചതോറും ബ്രേക്കെടുത്തു.

കല്യാണിയിലേക്ക് എത്തിയതെങ്ങനെയാണ്

അനൂപ്: ആദ്യം നസ്രിയയെയാണ് ആലോചിച്ചത്. പക്ഷേ, അത് നീണ്ടുപോയി. അങ്ങനെ കല്യാണിയെ ആലോചിച്ചു. (കേട്ടിരുന്ന കല്യാണിയുടെ പ്രതികരണം: ''എന്റെ ഭാഗ്യം''). കല്യാണിയുടെ മലയാളത്തെക്കുറിച്ച് പലരും സംശയം പറഞ്ഞിരുന്നു. ബേസിക് മലയാളം അറിയാമല്ലോ. ബാക്കി നമുക്ക് ശരിയാക്കാമെന്ന് അവരോടെല്ലാം പറഞ്ഞു. കല്യാണിയുടെ റിയാക്ഷന്‍സ് എനിക്കിഷ്ടമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന ചിരി. സാധാരണമട്ടിലുള്ള പെരുമാറ്റം. ഒരു ഫ്രഷ്നസ് ഫീല്‍ ചെയ്തു. അത് പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തോന്നി. ആദ്യം ശോഭനയുടെയും കല്യാണിയുടെയും വോയ്സ് തന്നെ ഉപയോഗിക്കാന്‍ ആലോചിച്ചു. എന്നാല്‍, ചെന്നൈയില്‍ വന്നിട്ട് മൂന്ന് മാസം മാത്രമായ കുടുംബത്തിന്റെ കഥയായതിനാല്‍ മലയാളം നന്നായി പറയണമായിരുന്നു. അതുകൊണ്ട് ഡബ്ബിങ് തന്നെ ഉപയോഗിച്ചു. ഉര്‍വശി, കെ.പി.എ.സി.ലളിത തുടങ്ങിയ താരങ്ങളെയും കാത്തിരുന്ന് കിട്ടിയതാണ്. പുതിയ ആളുകളെ ഓഡിഷന്‍ നടത്തി കണ്ടെത്താന്‍ എളുപ്പമാണ്. പക്ഷേ, ഇവരൊക്കെ അസല്‍ ആക്ടേഴ്സാണ്. അവരെ കഥ ബോധ്യപ്പെടുത്തിയാല്‍ മതി. എല്ലാവരോടും മുഴുവന്‍ കഥ പറഞ്ഞിരുന്നു.

രണ്ട് ഇമോഷണല്‍ സീനുകളാണ് ഇതില്‍ പ്രധാനമായുള്ളത്. ഒട്ടും മെലോഡ്രാമയിലേക്ക് പോകാതെ കൃത്യമായ സ്‌കെയിലില്‍ അത് നിര്‍ത്തി. അച്ഛന്റെ ഉപദേശം തേടിയിരുന്നോ

ഇല്ല. അച്ഛന്‍ ഫസ്റ്റ് ഹാഫിന്റെ സ്‌ക്രിപ്റ്റ് മാത്രമേ വായിച്ചിട്ടുള്ളൂ. അച്ഛന് സംശയങ്ങളുണ്ടായിരുന്നു. ബാക്കി തരാമെന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയില്‍ പോയി. പിന്നെ അച്ഛന്‍ സിനിമയാണ് കണ്ടത്. തന്നെ സ്‌ക്രിപ്റ്റ് കാണിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ടെന്‍ഷനടിച്ചേനെയെന്നുമാണ് അച്ഛന്‍ പറഞ്ഞത്. ഉര്‍വശിയും കല്യാണിയും വേര്‍പിരിയുന്ന സീനാണ് പലരും എടുത്തുപറയുന്നത്. ഇതെടുത്തപ്പോള്‍ സെറ്റില്‍ പത്തുപേരെങ്കിലും കരഞ്ഞിട്ടുണ്ടാകും. ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുമെന്ന് കല്യാണി ഉര്‍വശിയോട് പറയുന്നുണ്ട്. അത് ഇതുപോലൊരു പെണ്‍കുട്ടിയുടെ ആംഗിളിലുള്ള ഡയലോഗാണ്.

മധ്യവയസ്‌കരുടെ പ്രണയം അവതരിപ്പിക്കുമ്പോള്‍ അത് എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് ഭയന്നിരുന്നോ?

ഒരു സ്ത്രീ ഒരു ചോയ്സ് എടുക്കുന്ന ശക്തമായ മെസേജ് കൊടുക്കാനാണ് ആഗ്രഹിച്ചത്. എല്ലാവരും കുടുംബചിത്രമെന്ന് പറഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഈയൊരു സ്റ്റേറ്റ്മെന്റ് കൂടി അറിയാതെ കൊണ്ടുപോകുന്നുണ്ട്. ഒരുതരം ഒളിച്ചുകടത്തലെന്ന് പറയാം. സുരക്ഷിതമായ അകലത്തിലാണ് അവരുടെ പ്രണയം. അയ്യേ എന്ന് തോന്നിക്കുന്ന ഒരു സീനും ഇല്ല. കാണുന്നവര്‍ക്ക് അത് കംഫര്‍ട്ടബിളാണ്.

സിനിമയിലെ സുരേഷ് ഗോപി-ശോഭന, ദുല്‍ഖര്‍-കല്യാണി പ്രണയങ്ങളില്‍ അത് നേരിട്ടുപറയുന്നതായി കാണിക്കുന്നില്ല. എന്നാല്‍, പ്രണയത്തിന്റെ ഒരു അന്തര്‍ധാര അവര്‍ക്കിടയില്‍ സജീവമാണ്.

നന്നായെന്ന് അച്ഛന്‍ പറഞ്ഞ ഒരു കാര്യമാണത്. ദുല്‍ഖര്‍-കല്യാണി സീക്വന്‍സില്‍ ഒരു ഡയലോഗില്‍ ഇഷ്ടത്തിന്റെ ചെറിയ സൂചന നല്‍കുന്നുണ്ട്. പക്ഷേ, പ്രേമം പറയുന്നില്ല. എന്നാല്‍, പരസ്പരം ഇഷ്ടം അറിയാം. മേജറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറയുന്നില്ലെന്നാണ് ശോഭന മകളോട് വളരെ കാഷ്വലായി പറയുന്നത് (ആ സീനുകള്‍ വളരെ ഡിഫറന്റായിരുന്നെന്ന് കല്യാണിയുടെ സര്‍ട്ടിഫിക്കറ്റ്).

ഈ സിനിമ എങ്ങനെയാണ് കല്യാണിയെ കണ്‍വിന്‍സ് ചെയ്യിച്ചത്

(ആദ്യം മറുപടി പറഞ്ഞത് കല്യാണിയാണ്: ''ഏയ് അങ്ങനെ കണ്‍വിന്‍സ് ചെയ്യേണ്ട കാര്യമൊന്നുമില്ലായിരുന്നു.) (അനൂപ് തുടരുന്നു). എന്റെയോ ദുല്‍ഖറിന്റെയോ പശ്ചാത്തലം കണ്ട് ചുമ്മാ കേറി അഭിനയിച്ചതല്ല കല്യാണി. എല്ലാ സീക്വന്‍സുകളിലും അത് എന്തുകൊണ്ടാണ്, ഇത് എങ്ങനെയാണ് തുടങ്ങിയ സംശയങ്ങള്‍ ചോദിച്ചിരുന്നു. അത് ഒരു ഫിലിംമേക്കറുടെ മകളായതുകൊണ്ടാണ്.

(വീണ്ടും കല്യാണി): ''ഞാനും ശോഭന മാഡവുമായുള്ള ഒരു സീനില്‍ ചില ഡയലോഗ് സിനിമാറ്റിക് ആയപോലെ തോന്നി. ഷൂട്ട് ചെയ്തപ്പോള്‍ അത് മാറി.''

Read More : അവര്‍ക്കായി കാത്തിരുന്നത് ഒന്നര വര്‍ഷം, സുഹൃത്തുക്കളുടെ മക്കള്‍ കണ്ടുമുട്ടിയത് സെറ്റില്‍

അനൂപ്: ഡ്രാമ വേണ്ട. ജീവിതം മതിയെന്ന് തീരുമാനിച്ചിരുന്നു. ഷൂട്ട് ചെയ്യുകയാണെന്ന കാര്യം മറന്ന് ഇവര്‍ ശരിക്കും അങ്ങനെ ചെയ്യുമോ എന്നാണ് ഞാന്‍ നോക്കിയത്. എന്റെ ഒരു സുഹൃത്ത് അവന്റെ ഉമ്മ മരിച്ചത് വളരെ കാഷ്വലായാണ് പറഞ്ഞത്. അങ്ങനെയുള്ള സിറ്റ്വേഷന്‍സുമുണ്ട്. മെലോഡ്രാമ വേണ്ട, എന്നാല്‍ ആ വേദന തോന്നിപ്പിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്.

കല്യാണി: അച്ഛന്‍ സിനിമയുടെ കഥ കേട്ടിരുന്നില്ല. അനൂപേട്ടനെ പരിചയവുമില്ല. പക്ഷേ, ഒരു വിശ്വാസമുണ്ടായിരുന്നു. സത്യന്‍ അങ്കിളിലുള്ള വിശ്വാസമാണത്.

(ചോദ്യം കല്യാണിയോട്): ഏതെങ്കിലും ഡയലോഗ് പറഞ്ഞപ്പോള്‍ വേദന തോന്നിയോ

കൂടെ അഭിനയിച്ചവര്‍ എന്നെ അഭിനയിക്കാന്‍ സമ്മതിച്ചില്ലെന്ന് പറയുന്നതാണ് ശരി. നിത്യജീവിതത്തില്‍ എങ്ങനെ പ്രതികരിക്കുമെന്ന പോലെ ചെയ്യാനാണ് പറഞ്ഞത്. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നമ്മുടെ ഗ്രാഫും ഉയരും. ഷൂട്ടിങ്ങിനിടെ വീട്ടില്‍ ചെന്നപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്, അച്ഛാ ശോഭന മാഡം ശരിക്കും എന്റെ അമ്മയെപ്പോലെയെന്ന്. അമ്മയും ഞാനും ഒരു കാര്യവുമില്ലാതെ വീട്ടില്‍ തല്ലുകൂടിയിട്ടുണ്ട്. അത്തരം രംഗങ്ങളൊക്കെ ഇതിലുണ്ട്. ഉര്‍വശിച്ചേച്ചിയൊന്നിച്ചുള്ള ഇമോഷണല്‍ സീനില്‍ അവരല്ലായിരുന്നെങ്കില്‍ ഞാന്‍ എന്ത് ചെയ്‌തേനെയെന്ന് എനിക്കറിയില്ല.

നാല് ഫ്‌ളാറ്റുകളിലാണ് സിനിമ കൂടുതല്‍ സമയവും. ഇതൊരു വെല്ലുവിളിയായിരുന്നില്ലേ

അനൂപ്: ഫ്‌ളാറ്റുകളുടെ കളര്‍ എന്താവണമെന്ന് നേരത്തേ തീരുമാനിച്ചിരുന്നു. അതുവഴി ചേഞ്ചുണ്ടാക്കി. കാണുമ്പോള്‍ത്തന്നെ ആളുകള്‍ക്ക് ഫ്‌ളാറ്റ് ഏതാണെന്ന് മനസ്സിലാകണം. സുരേഷ് ഗോപിയുടെ ചില സീനുകള്‍തന്നെ ഹ്യൂമറാണ്. ദുല്‍ഖറിന്റെ ബിബീഷ് എന്ന പേരും ചിരിയുണ്ടാക്കി. നിഖിത എന്ന പേരും ആലോചിച്ചിട്ടതാണ്. ദുല്‍ഖര്‍ ആദ്യം പ്രൊഡ്യൂസര്‍ മാത്രമായിരുന്നു. അദ്ദേഹം അഭിനയിക്കാമെന്ന് പറഞ്ഞപ്പോള്‍ സ്‌ക്രിപ്റ്റില്‍ ചില മാറ്റങ്ങള്‍ വരുത്തിയതും ഗുണമായി. ലാല്‍ ജോസ് സാറിന്റെ 'വിക്രമാദിത്യന്‍' മുതലാണ് ദുല്‍ഖറിനെ പരിചയം. നേരത്തേ മറ്റൊരു പ്രോജക്ട് ഞങ്ങള്‍ ആലോചിച്ചിരുന്നു. അത് നടന്നില്ല.

ജോണി ആന്റണി വലിയ പ്ലസ് പോയന്റാണല്ലോ

ലാല്‍ ജോസ് സാറിന്റെ തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന സിനിമയുടെ അസോസിയേറ്റായിരുന്നു ഞാന്‍. ആദ്യമായി അപ്പോഴാണ് ജോണിച്ചേട്ടനെ കണ്ടത്. അസാധ്യമായ ഹ്യൂമര്‍ ടൈമിങ്ങുണ്ട് അദ്ദേഹത്തിന്. ചില ഡയലോഗൊക്കെ കൈയില്‍നിന്നിടും. അന്നേ അദ്ദേഹത്തെ നോട്ടുചെയ്തു. തടി കുറയ്ക്കുന്ന ക്ലിനിക്കിലെ ഡോക്ടര്‍ ഒരു ഫുട്ബോള്‍ പോലെയിരിക്കണമെന്ന് തീരുമാനിച്ചു. അങ്ങനെ ജോണിച്ചേട്ടനിലെത്തി. തന്നെ ആസ്ഥാന നടനാക്കിയെന്നാണ് റിലീസിനുശേഷം അദ്ദേഹം പറഞ്ഞത്.

ഗംഗേ... ഞാനിതിങ്ങെടുക്കുവാ... തുടങ്ങിയ സുരേഷ് ഗോപി ഡയലോഗുകളും കമ്മിഷണറിലെ പശ്ചാത്തലസംഗീതവും ഉപയോഗിച്ചിട്ടുണ്ടല്ലോ.

എഴുതി മടുക്കുമ്പോള്‍ തോന്നുന്ന ചില ബ്രേക്കുകളാണത്. പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെട്ടെന്ന് തോന്നുന്നു. കമ്മിഷണറില്‍ സ്ഥിരം കേള്‍ക്കുന്ന പശ്ചാത്തലസംഗീതത്തിന്റെ തൊട്ടുമുമ്പുള്ള ഭാഗമാണ് ഉപയോഗിച്ചത്. അതും ചെയ്ഞ്ചായി.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ എന്ന ലേബല്‍ അനൂപിന് ടെന്‍ഷനുണ്ടാക്കിയോ?

അഞ്ചുവര്‍ഷം മുമ്പ് ക്ലാപ്പ് ബോയി ആയി നില്‍ക്കുമ്പോഴായിരുന്നു ടെന്‍ഷന്‍. ഞാന്‍ ക്ലാപ്പ് തെറ്റിക്കും. അപ്പോള്‍ ആളുകള്‍ അടക്കം പറയും. 'സത്യേട്ടന്റെ മകനാ.' പിന്നെ ലാല്‍ ജോസ് സാറിന്റെ കൂടെയായിരുന്നു. അപ്പോള്‍ നില്‍ക്കാന്‍ നേരമില്ല, ഓടിക്കൊണ്ടിരിക്കും. ഇപ്പോള്‍ ടെന്‍ഷനൊന്നുമില്ല. ഇതുകണ്ടിട്ട് സത്യന്‍ അന്തിക്കാട് സിനിമ പോലെയെന്ന് ചിലര്‍ പറയുന്നുണ്ട്. അത് ഞങ്ങള്‍ ഒരു വീട്ടിലായിരുന്നതിന്റെ ഗുണമായിരിക്കും.

കല്യാണി മലയാളത്തില്‍ തുടരുമോ?

തുടരണമെന്നാണ് ആഗ്രഹം. വിനീത് ശ്രീനിവാസന്റെ 'ഹൃദയം' എന്ന ചിത്രത്തില്‍ അപ്പു(പ്രണവ് മോഹന്‍ലാല്‍)വിനൊപ്പം അഭിനയിക്കുകയാണ്. കുഞ്ഞാലി മരയ്ക്കാറില്‍ ചെറിയ റോളേയുള്ളൂ. (ഇടയ്ക്കുകയറി അനൂപ്): ''കല്യാണിയുടെ ഡേറ്റ് കിട്ടുമോയെന്ന് ചോദിച്ച് എന്നെ കുറെപ്പേര്‍ വിളിക്കുന്നുണ്ട്. നേരിട്ട് ചോദിക്കാന്‍ പറഞ്ഞു.''(ഇരുവരും പൊട്ടിച്ചിരിക്കുന്നു).

എന്താണ് അനൂപിന്റെ അടുത്ത പ്രോജക്ട്?

ഒന്നും ആലോചിച്ചിട്ടില്ല. ഒരു ഡോക്യുമെന്ററി ചെയ്യാനുണ്ട്. അതുകഴിഞ്ഞ് കഥ വന്നാല്‍ നോക്കാം. ഒരു പടത്തിനുശേഷം ഒരു ബ്രേക്ക് കഴിഞ്ഞ് അടുത്തത് എന്നാണ് അച്ഛന്റെ ശീലം. അതാണ് എനിക്കും ഇഷ്ടം.

Content Highlights : Anoop Sathyan and Kalyani Priyadarshan Interview Varane Avashyamund Dulquer Suresh gopi Sobhana