സ്നേഹവാത്സല്യങ്ങൾ നൽകി കുട്ടികളെ വളർത്തിവലുതാക്കുക എന്നത് ഉത്തരവാദിത്വമുള്ള ഒരു ജോലിയാണ്, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ പ്രവർത്തനത്തിന് കഴിയുമെന്നുറപ്പില്ലാത്തവർ കുട്ടികൾക്ക് ജന്മംനൽകാൻ മുതിരരുത് -‘സാറാസ്’ സിനിമ മുന്നോട്ടുവെച്ച ആശയം സോഷ്യൽ മീഡിയ ചർച്ചയ്ക്കെടുത്ത വേളയിലാണ്  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അന്നാബെന്നുമായി മുഖാമുഖം ഇരിക്കുന്നത്. സ്വന്തം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്ന സ്ത്രീയുടെ ചിന്തയും സ്വപ്നങ്ങളും അവയ്ക്കുമേൽ സമൂഹം ഉയർത്തുന്ന ചോദ്യവും സംശയങ്ങളുമെല്ലാമാണ് ജൂഡ് ആന്റണിയുടെ പുതിയ ചിത്രം സാറാസ് പങ്കുവെക്കുന്നത്. ചുറ്റുപാടുകളുടെ സമ്മർദംകൊണ്ട് താത്പര്യങ്ങൾ ബലികഴിക്കേണ്ടിവരുന്ന ഒരുപാടുപേരുടെ മാനസിക സംഘർഷങ്ങളിലേക്ക് ചിത്രം ചേർന്നുനിൽക്കുന്നു. ശരാശരി മലയാളിയുടെ ചെറുസന്തോഷങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും ഒപ്പം സഞ്ചരിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അന്നാ ബെൻ 

? ആമസോൺ പ്രൈമിലൂടെ സാറാസ് പ്രേക്ഷകരിലേക്കെത്തി. ചിത്രത്തിനും പ്രത്യേകിച്ച് അന്നയുടെ കഥാപാത്രത്തിനും ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങാം...

Anna Ben Interview Saras Movie Jude Antony Joseph sunny wayne

= സിനിമയും മുന്നോട്ടുവെച്ച ആശയവും പ്രേക്ഷകർക്കിഷ്ടമായി എന്ന അഭിപ്രായമാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. കുടുംബക്കാരും സുഹൃത്തുക്കളും അപരിചിതരായ ഒരുപാടുപേരും ഫോണിലേക്ക് വിളിക്കുന്നു. എല്ലാവരും പോസിറ്റീവായ കമന്റുകളാണ് പറയുന്നത്. സാറയുടെ ജീവിതാനുഭവങ്ങളും സിനിമയിലെ ചില രംഗങ്ങളുമെല്ലാം സ്വന്തം ജീവിതവുമായി ചേർന്നുനിൽക്കുന്നു എന്നാണ് കൂടുതൽ പേരും പറഞ്ഞത്. കല്യാണം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോഴേക്കും വിശേഷമായില്ലേ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നെല്ലാമുള്ള ചോദ്യങ്ങൾ നേരിട്ടവരും വിവാഹംകഴിഞ്ഞ് വർഷങ്ങളോളം കുട്ടികളേ വേണ്ട എന്ന് തീരുമാനിച്ചവരും വിളിച്ച് സിനിമയെക്കുറിച്ച് സംസാരിക്കുന്നു.

Anna Ben Interview Saras Movie Jude Antony Joseph sunny wayneAnna Ben Interview Saras Movie Jude Ant

? കുട്ടികളെ ഇഷ്ടമില്ലാത്ത, പ്രസവിക്കാൻ പറ്റില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന നായിക... ഇത്തരമൊരു കഥയും കഥാപാത്രവും എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് സംശയിച്ചില്ലേ...

= സംവിധായകൻ ജൂഡ്‌ചേട്ടനിൽനിന്നാണ് കഥ കേട്ടത്. കുട്ടികളോട് താത്പര്യമില്ലാത്ത, അമ്മയാകാൻ ഇഷ്ടപ്പെടാത്ത സാറയെന്ന പെൺകുട്ടിയെ ആദ്യ കേൾവിയിൽത്തന്നെ ഇഷ്ടപ്പെട്ടു. ചെറിയ ചില സംശയങ്ങളൊക്കെ തുടക്കത്തിലുണ്ടായിരുന്നു. എന്നാൽ സിനിമയുടെ ഓരോ രംഗത്തെക്കുറിച്ചും സംവിധായകന് കൃത്യമായ ധാരണ ഉണ്ടായിരുന്നു. അദ്ദേഹം ഉദ്ദേശിച്ച തലത്തിൽതന്നെ അവയെല്ലാം സ്വീകരിക്കപ്പെട്ടു. കുട്ടികളെ ഇഷ്ടപ്പെടാത്ത സാറയുടെ കഥയല്ല ഇത്, സിനിമ സംസാരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. സാറയ്ക്ക് അവളുടെ ജീവിതത്തെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടുണ്ട്, അവൾ അവളുടെ ജീവിതം അവൾക്കിഷ്ടപ്പെടുന്ന രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു. അവിടെ മറ്റുള്ളവരുടെയോ സമൂഹത്തിന്റെയോ കാഴ്ചപ്പാടുകൾക്ക് പ്രസക്തി നൽകുന്നില്ല. താത്പര്യങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ ശരികൾക്കനുസരിച്ചല്ല  ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ടതെന്ന്  സാറ ഓർമിപ്പിക്കുകയാണ്.

? പപ്പയും അന്നയും സിനിമയിൽ അച്ഛനുംമകളുമായിത്തന്നെ അഭിനയിച്ചു, അച്ഛനൊപ്പം ക്യാമറയ്ക്കുമുന്നിൽ ഒന്നിച്ച അഭിനയനിമിഷങ്ങളെക്കുറിച്ച്...

Anna Ben Interview Saras Movie Jude Antony Joseph sunny wayne

= കഥാപാത്രത്തെ ഉൾക്കൊള്ളാനും അഭിനയിച്ച് ഫലിപ്പിക്കാനും ഞങ്ങൾ ഇരുവർക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നില്ല. കാരണം, ജീവിതത്തിലും ഞങ്ങളേതാണ്ട് അത്തരത്തിലൊക്കെത്തന്നെ പെരുമാറുന്നവരാണ്. എന്റെ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം പപ്പ എന്നുമെനിക്ക് വിട്ടുതരാറുണ്ട്. അഭിനയത്തിലേക്കിറങ്ങാനും എന്റെ കരിയർ തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു. ഏതെങ്കിലും അവസരത്തിൽ തീരുമാനമെടുക്കാൻ പ്രയാസപ്പെടുമ്പോൾ സാറയെപ്പോലെ ഞാനും പപ്പയുടെനേരേ ചായും. എന്റെ മകൾ ഞങ്ങൾ പറയുന്നതുപോലെയാണ് ജീവിക്കേണ്ടത് എന്ന് പപ്പയും അമ്മയും ഒരിക്കലും എന്നോട് പറഞ്ഞിട്ടില്ല. അവർ നൽകിയ സ്വാതന്ത്ര്യമാണ് സ്വന്തമായി തീരുമാനമെടുക്കാൻ എന്നെ പ്രാപ്തയാക്കിയത് എന്ന് തോന്നാറുണ്ട്. വീട്ടിൽ ഒരാളും മറ്റൊരാളെ ഒരുകാര്യത്തിനും നിർബന്ധിക്കാറില്ല. എന്നാൽ സ്വന്തം അഭിപ്രായങ്ങൾ എല്ലാവരും തുറന്നുപറയാറുണ്ട്. കഥാപാത്രത്തോട് ചേർന്നുനിൽക്കുന്ന ഇത്തരം സമാനതകൾ ക്യാമറയ്ക്കുമുന്നിൽ ഞങ്ങൾ ആസ്വദിക്കുകയായിരുന്നു.

? കോവിഡ്കാലത്ത് നടത്തിയ ചിത്രീകരണം എത്രത്തോളം വെല്ലുവിളി ഉയർത്തിയതായിരുന്നു

= ആദ്യ ലോക്ഡൗണിനുശേഷം നിർമിച്ച സിനിമയാണ് സാറാസ്, കോവിഡ് ഭീതി ശക്തമായി നിൽക്കുന്നതുകൊണ്ടുതന്നെ ഏറെ മുൻകരുതലുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാണ് ചിത്രീകരണം മുന്നോട്ടുപോയത്. ആവശ്യമായ ടീം മാത്രമാണ് ഓരോ ദിവസവും സെറ്റിലുണ്ടായിരുന്നത്. തിയേറ്ററിലും ആശുപത്രിയിലും മെട്രോയിലുമെല്ലാം ചിത്രീകരണം നടന്നിട്ടുണ്ട്. സിനിമ കണ്ടാൽ കോവിഡ്കാലത്ത് എടുത്തതാണെന്ന് തോന്നില്ല. സെറ്റുകളിൽ കോവിഡ് സ്ഥിരീകരിച്ച് പല സിനിമകളുടേയും ചിത്രീകരണം നിർത്തിയ വാർത്തകളാണ് അന്ന് കേട്ടുകൊണ്ടിരുന്നത്. എന്നാൽ, ഞങ്ങൾക്ക് അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

Anna Ben Interview Saras Movie Jude Antony Joseph sunny wayne

? ഹെലൻ, കപ്പേള, സാറാസ്... ബോൾഡായ കഥാപാത്രങ്ങളെമാത്രം സ്വീകരിക്കുക എന്നതാണോ നിലപാട്

= സിനിമകൾ യാദൃച്ഛികമായി സംഭവിക്കുന്നതാണ്. ഇഷ്ടപ്പെട്ട കഥകൾക്കൊപ്പം സഞ്ചരിക്കുന്നു എന്നുമാത്രം. പ്രേക്ഷകർക്കവ ഇഷ്ടമായി, അവർ സ്വീകരിച്ചു എന്നറിയുമ്പോൾ സന്തോഷം.

Content Highlights: Anna Ben Interview Sara's Movie Jude Anthany Joseph sunny wayne