രാം സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരമ്പിലെ നായിക അഞ്ജലി അമീര്‍ തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
പേരമ്പിലെത്തിയത് ....
ടെലിവിഷന്‍ ഷോകളും മോഡലിങ്ങിലും ഞാന്‍ സജീവമായിരുന്നു. അതിനിടയില്‍ മലയാളത്തിലെ ഒരു ചാനലില്‍ ഷോ ചെയ്യാന്‍ അവസരം ലഭിച്ചു. എന്റെ ജെന്റര്‍ ഐഡന്റിറ്റി തുറന്നു പറഞ്ഞിട്ടാണ് ഞാന്‍ ഷോയില്‍ പങ്കെടുക്കാന്‍ പോയത്. എന്നാല്‍, അതിന്റെ പ്രധാന സംഘാടകന്‍ അതു മറച്ചുവച്ചു. പിന്നീട് കുറച്ചു അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ സംഭവത്തെക്കുറിച്ച് ഞാന്‍ ഒരു ന്യൂസ് ചാനലില്‍ സംസാരിച്ചു. അങ്ങനെയാണ് മമ്മൂക്ക എന്നെ ശ്രദ്ധിക്കുന്നത്. പേരമ്പില്‍ നായികയാകാന്‍ അദ്ദേഹം എന്നെ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അഭിനയം ആയിരുന്നു സ്വപ്നം
കുട്ടിക്കാലം മുതൽ തന്നെ നൃത്തത്തോടും സംഗീതത്തോടും കടുത്ത അഭിനിവേശമുണ്ട്. സ്കൂള്‍ കലോത്സവത്തിലെല്ലാം പങ്കെടുത്തിരുന്നു. അഭിനയത്തോട് ഏറെ ഇഷ്ടമുണ്ടായിരുന്നതിനാല്‍ സിനിമ തന്നെ ആയിരുന്നു എന്റെ സ്വപ്നം. വലുതായപ്പോള്‍ ഒരുപാട് പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു. മോഡലിങ്ങും ചെയ്തു.
പേരമ്പിലെ കഥാപാത്രം
പേരമ്പ് ഒരു നല്ല ചിത്രമാണ്. പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. കൂടുതലൊന്നും ഇപ്പോള്‍ പറയാനാവില്ല.
സഹപ്രവര്‍ത്തകരുടെ പിന്തുണ
ഷൂട്ടിങ്ങിലുടനീളം സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ എനിക്കുണ്ടായിരുന്നു. സംവിധായകന് രാം വളരെ നല്ല വ്യക്തിയാണ്. തൈറ്റുകള് തിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ തന്നു കൊണ്ടേയിരുന്നു. മമ്മൂക്കയും അങ്ങിനെ തന്നെ. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിച്ചു. അഭിനയിക്കാന്‍ ധൈര്യം തന്നത് മമ്മൂക്കയാണ്. ആദ്യസിനിമ മമ്മൂക്കയ്ക്കൊപ്പമായത് ഏറ്റവും വലിയ ഭാഗ്യമാണ്.
കുടുംബവും കൂട്ടുകാരും
കൊയമ്പത്തൂരാണ് ഞാന്‍ ഇപ്പോള്‍ താമസിക്കുന്നത്. ഒരു മനുഷ്യാവകാശ സംഘടനയില്‍ കുറച്ചുകാലം ജോലി ചെയ്യുന്നതിന്റെ ഭാഗമായാണ് അവിടെ എത്തിയത്. കോഴിക്കോട് താമരശ്ശേരിയാണ് എന്റെ സ്വദേശം. ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ഉപ്പയും ഉമ്മയും മരിച്ചു പോയി. സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ഉണ്ട്. ഇപ്പോള്‍ കുടുംബത്തിലെ പുതിയ തലമുറയില്‍പ്പെട്ടവരെല്ലാം എന്നെ അംഗീകരിക്കുന്നു. അവിടെ ഇടയ്ക്കിടെ പോകാറുണ്ട്. കസിന്‍സിന്റെ പൂര്‍ണ പിന്തുണ എനിക്കുണ്ട്. കുടുംബം തന്നെയാണ് എന്റെ ബലം. അതുപോലെ തന്നെ സുഹൃത്തുക്കളും. എനിക്ക് ലഭിച്ച അംഗീകാരങ്ങളും ഭാഗ്യവുമെല്ലാം അവര്‍ക്കു കൂടി അവകാശപ്പെട്ടതാണ്.
സിനിമാ സ്വപ്നങ്ങള്‍
പേരമ്പില്‍ അഭിനയിച്ചു കഴിഞ്ഞപ്പോള്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ എനിക്കിഷ്ടം മലയാള സിനിമയോടാണ്. മലയാളത്തില്‍ ശക്തമായി വേഷങ്ങള്‍ ചെയ്യണമെന്നതാണ് എന്റെ ആഗ്രഹം.