നശ്വരയുടെ സ്വപ്‌നങ്ങളിൽ ഒരുനാൾവരെ സിനിമയ്ക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. എന്നാൽ കരിവെള്ളൂർ എന്ന കൊച്ചുഗ്രാമത്തിലേക്ക് ഉദാഹരണം സുജാത എന്ന സിനിമ വന്ന് വിളിച്ചപ്പോൾ അനശ്വര കൂടെ പോന്നു. ഇപ്പോൾ അനശ്വര എന്ന യുവതാരത്തിന്റെ സ്വപ്‌നത്തിലും ജീവിതത്തിലും എല്ലാം നിറയുന്നത് സിനിമ മാത്രമാണ്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ 2019- ൽ തരംഗമായി മാറിയ നടിയ്ക്ക്  ഇന്ന് ആരാധകരും ഏറെ. തമിഴ്, തെലുഗ് തുടങ്ങി അന്യഭാഷകളിലും സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്ന ഈ പ്ലസ് വൺ വിദ്യാർഥിനിയുടെ ശക്തി കൂടെ തണലായി നിൽക്കുന്ന കുടുംബംതന്നെയാണ്. അച്ഛൻ രാജനും അമ്മ ഉഷയും ചേച്ചി ഐശ്വര്യയുമടങ്ങുന്ന തന്റെ ചെറിയ കുടംബത്തിന്റെ വലിയ വിശേഷങ്ങൾ അനശ്വര രാജൻ പങ്കുവയ്ക്കുന്നു.
 
ചേച്ചിയാണ് ലക്കി സ്റ്റാർ

ഒരു കഥ വന്നാൽ ഞാൻ ആദ്യം വിളിക്കുന്നത് ചേച്ചിയെയാണ്. അവൾ കഥ കേട്ട് അഭിപ്രായം പറഞ്ഞാൽ മാത്രമേ ഞാൻ തീരുമാനമെടുക്കാറുള്ളൂ. അവളുടെ സെലക്ഷനായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. സമയമുണ്ടെങ്കിൽ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നാണ് കഥ കേൾക്കുന്നത്. അല്ലെങ്കിൽ ആദ്യം ഞാൻ കഥ കേട്ടശേഷം വീട്ടിൽ എല്ലാവരോടും ചർച്ചചെയ്യും. എല്ലാവർക്കും ഇഷ്ടപ്പെട്ടാൽ മാത്രമേ സിനിമ ചെയ്യാറുള്ളൂ. എന്റെ ഇഷ്ടത്തിനുതന്നെയാണ് എല്ലാവരും മുൻഗണന നൽകുന്നത്.

സിനിമയിൽ വന്നശേഷം കുടുംബവുമൊത്ത് ചെലവഴിക്കാനുള്ള സമയം കുറഞ്ഞു എന്നതുതന്നെയാണ് പ്രധാന മാറ്റം. ചേച്ചിക്ക് പഠനസംബന്ധമായ തിരക്കുകളാണ്. അച്ഛന് ജോലിസംബന്ധവും. അതിനാൽതന്നെ ഷൂട്ടിങ് ഇടവേളകളിൽ ഞാൻ വീട്ടിലെത്തിയാലും എല്ലാവരും ഒന്നിച്ച് കൂടണമെന്നില്ല. പക്ഷേ, ഒരുമിച്ചുകൂടാൻ ചിലപ്പോഴെങ്കിലും എല്ലാവരുംകൂടി സമയം കണ്ടെത്താറുണ്ട്.


ബോൾഡാണ് ചിന്തകൾ

സിനിമയിൽ വന്നതിനുശേഷം അല്പംകൂടി ബോൾഡ് ആയിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുന്നേവരെ ഞാൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കുപോലും പെട്ടെന്ന് സങ്കടം വരും. പക്ഷേ, പുറത്ത് കാണിക്കാറില്ല. അതുപോലെ എക്സൈറ്റഡ് ആണെങ്കിൽ അത് ഓവറായിരിക്കും. ഇപ്പോൾ എന്റെ ഇമോഷൻസിനെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. ഒഴിവാക്കേണ്ട കാര്യങ്ങളെ ഇപ്പോൾ നിസ്സാരമായി ഒഴിവാക്കാനാകുന്നു. പക്ഷേ, എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും എന്റെ മനസ്സിലുള്ളത് മുഖത്ത് പ്രകടമാകും.


സ്വപ്‌നയാത്ര

ആദ്യ തമിഴ് ചിത്രമായ റാംഗിയാണ് ഏറ്റവും പുതിയ ചിത്രം. എം. ശരവണൻ സാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തൃഷച്ചേച്ചിയാണ് കേന്ദ്രകഥാപാത്രമാകുന്നത്. തൃഷച്ചേച്ചിയുടെ കൂടെ അഭിനയിക്കുന്നതിന്റെയും ഒപ്പം മറ്റൊരു ഭാഷയിൽ അഭിനയിക്കുന്നതിന്റെയും ത്രില്ലിലാണ് റാംഗിയുടെ സെറ്റിലേക്ക് പോയത്. ആദ്യമായാണ് ഇത്ര വലിയൊരു ടീമിന്റെകൂടെ വർക്ക് ചെയ്യുന്നത്. എല്ലാവരും എന്നെ വളരെയേറെ സഹായിക്കുകയും സന്തോഷത്തോടെ ഷൂട്ട് ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്തു. അടുത്തതായി അഭിനയിക്കുന്നത് തെലുഗ് സിനിമയിലാണ്. ദിൽരാജു പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ഇതിനുശേഷം വീണ്ടും ഒരു തമിഴ് സിനിമ.

ജാഡയാണോ മോളൂസേ...!

സിനിമ നടിയായതിന് ശേഷം വിചാരിക്കാത്ത കാര്യങ്ങൾക്ക് പഴികേൾക്കേണ്ടി വന്നിട്ടുണ്ട്.  അതുകൊണ്ട് വിവാഹച്ചടങ്ങുകളും മറ്റും ഭൂരിഭാഗവും ഒഴിവാക്കുകയാണ് ചെയ്യുന്നത്. കാരണം അത്തരം ഇടങ്ങളിൽ പോയി വന്നുകഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും പിന്നാലെ കോളുകൾ വരും മോൾക്ക് ഭയങ്കര ജാഡയാണല്ലേ, ഞങ്ങളോട് സംസാരിച്ചില്ല, ഇങ്ങനെ പെരുമാറിയില്ല എന്നൊക്കെ പറഞ്ഞിട്ട്. അത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്.

ഉദാഹരണം സുജാത ഇറങ്ങിയ സമയത്ത് അച്ഛന്റെ അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി. പൊതുവേ വിവാഹഫോട്ടോകളിൽ നിൽക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് ഞാൻ. അടുത്ത ബന്ധുവായതിനാൽ പെണ്ണിനെ കൊണ്ടുവിടുന്ന ചടങ്ങിനും പോകേണ്ടിവന്നു. അങ്ങനെ ഞങ്ങളെല്ലാംകൂടി വിവാഹവീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ പയ്യന്റെകൂടെ ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ എല്ലാവരെയും വിളിച്ചു. അയ്യോ ഞാനില്ല നിങ്ങളെടുക്കെന്ന് പറഞ്ഞ് ഞാൻ മാറിക്കളഞ്ഞു. അതൊക്കെ കഴിഞ്ഞ് പിറ്റേദിവസം ഒരു സുഹൃത്ത് എനിക്കൊരു ഫെയ്സ്ബുക്ക് പോസ്റ്റ് അയച്ചുതന്നു. തലേന്നാൾ കണ്ട ഫോട്ടോഗ്രാഫറുടെതായിരുന്നു ആ പോസ്റ്റ്.

anaswara
സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം

അതിങ്ങനെയായിരുന്നു: 'കഴിഞ്ഞ ദിവസം ഒരു വിവാഹത്തിന്റെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അടുത്തിടെ ഇറങ്ങിയ ഒരു സിനിമയിൽ അഭിനയിച്ച കുട്ടിയെ കണ്ടു. പത്ത് സിനിമയിൽ അഭിനയിച്ച അഹങ്കാരഭാവത്തോടെ മുഖം വക്രിച്ച് എന്റെ ക്യാമറയ്ക്ക് മുന്നിൽനിന്ന് ആ കുട്ടി തിരിഞ്ഞുനടന്നു. കുട്ടിയുടെ മനസ്സിൽ അഹങ്കാരം കുത്തിവെച്ചത് സ്വപ്‌നലോകത്ത് നിൽക്കുന്ന മാതാപിതാക്കളാണ്.' ഇതായിരുന്നു ആ പോസ്റ്റിന്റെ ഉള്ളടക്കം. അതെനിക്കും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കി. മനസ്സിൽപോലും അങ്ങനെയൊന്നും ഞാനോ മാതാപിതാക്കളോ ചിന്തിച്ചിട്ടില്ല. സത്യം പറഞ്ഞാൽ അപ്പോഴാണ് ഞാനൊരു സെലിബ്രിറ്റി ആയെന്ന കാര്യം മനസ്സിലായത്. ഇങ്ങനെയൊരു നെഗറ്റീവ് വശംകൂടി സെലിബ്രിറ്റി സ്റ്റാറ്റസിനുണ്ടെന്നും മനസ്സിലായി. അതിനുശേഷം കുറച്ചുകൂടി ശ്രദ്ധയോടെ സന്ദർഭങ്ങളെ  കൈകാര്യംചെയ്യാൻ പഠിച്ചു.

ഉദാഹരണം സന്തോഷം

ഉദാഹരണം സുജാത റിലീസ് ആയ ദിവസമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്. കാരണം ജീവിതത്തിലെ വഴിത്തിരിവായിരുന്നു അന്ന്. സുജാതയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിവസവും അതുപോലെത്തന്നെ എന്നും ഓർമയിൽ നിൽക്കുന്നതാണ്. അഭിനയിക്കാൻ പോകുന്നതിന് മുൻപേ വലിയ മുന്നൊരുക്കങ്ങളൊന്നും നടത്താത്ത ഒരാളാണ് ഞാൻ. സിനിമ റിലീസ് ചെയ്താൽ എന്റെ അഭിനയത്തിലെ നല്ല വശങ്ങളും അതുപോലെ മോശം വശങ്ങളുമെല്ലാം വീട്ടിലെല്ലാവരും ചൂണ്ടിക്കാണിക്കും. ഞാൻ അഭിനയിക്കുന്ന സിനിമകളെല്ലാം അവരുടെകൂടി ഇഷ്ടങ്ങളാണ്. എന്റെ തിരഞ്ഞെടുപ്പുകളുടെ കൂടെ എന്നും അവരെല്ലാവരുമുണ്ട്. ഏത് സിനിമയിലായാലും ഞാൻ ഏറ്റവും നന്നായി അഭിനയിക്കണമെന്നതാണ് മാതാപിതാക്കളുടെ ആഗ്രഹം.

ബാലതാരം, നായിക രണ്ട് ടാഗ് ലൈനുകളും എനിക്കിഷ്ടമാണ്. ബോൾഡായിട്ടുള്ള ഒരുകഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്. വലുതായാലും ചെറുതായാലും ആൾക്കാരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് ശ്രമിക്കുന്നത്.

സ്റ്റാർ ആൻഡ് സ്റ്റൈൽ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

Content Highlights : Anaswara Rajan Interview Thanneermathan Dinangal Star And Style