രൊറ്റ സീന്‍. ഒരൊറ്റ ഡയലോഗ്. ഇരിങ്ങാലക്കുടയ്ക്കപ്പുറത്ത് ഏറെയൊന്നും അറിയപ്പെടാതിരുന്ന ആളൂര്‍ എല്‍സി ഒരു സൂപ്പര്‍ ഹിറ്റാവാന്‍ അതു തന്നെ ധാരാളം. 'ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ' എന്ന ആ ഒരൊറ്റ ഡയലോഗ് കൊണ്ട് മോഹന്‍ലാലും ശ്രീനിവാസനും ദാസനും വിജയനുമായി മത്സരിച്ച് അഭിനയിച്ച പട്ടണപ്രവേശനത്തിലെ മറ്റ് സീനുകളെയത്രയും നിഷ്പ്രഭമാക്കിക്കളഞ്ഞു വെറും നാലു സീനില്‍ വന്നുപോകുന്ന എല്‍സിയെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അന്ന് തിയ്യറ്ററിലും ഇന്ന് ചാനലുകളിലും ഉയരുന്ന നിലയ്ക്കാത്ത ചിരിയും അതുകഴിഞ്ഞ് പുതിയ കാലത്തെ ട്രോള്‍, മീം പുനരവതാരങ്ങളും തന്നെ അതിന് സാക്ഷ്യം.

ക്യാമറയ്ക്ക് മുന്നിലെത്തുന്നതുവരെ ജീവിതത്തില്‍ ഒരൊറ്റ സിനിമ മാത്രം കണ്ട താന്‍ ആ ഒരൊറ്റ സീന്‍ കൊണ്ട് ഒരു വലിയ സംഭവമായ കഥയൊന്നും പക്ഷേ, എല്‍സി അറിഞ്ഞില്ല. ട്രോളുകളൊന്നും കണ്ടതുമില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനുമെല്ലാമൊപ്പം പല തവണ സ്‌ക്രീനില്‍ വന്നുപോയിട്ടും പ്രേക്ഷകര്‍ തന്നെ ഓര്‍ക്കുന്നത് ഈയൊരൊറ്റ വേഷം കൊണ്ടാണെന്ന കാര്യം അറിയാതെ എല്‍സി പിന്നെയും ചെറിയ ചെറിയ വേഷങ്ങള്‍ കൊണ്ട് സെറ്റുകള്‍ കയറിയിറങ്ങിക്കൊണ്ടിരുന്നു. പേരുള്ളതും ഇല്ലാത്തതുമായ ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. ഒരുനാള്‍ പെട്ടന്ന് സിനിമയില്‍ നിന്ന് അവധിയെടുത്തതോടെ ആളൂര്‍ എല്‍സിയെ പതുക്കെ സിനിമ മറന്നു. ശ്രീനിവാസനോട് വേലക്കാരി പറഞ്ഞ ആ ഡയലോഗ് മാത്രം ബാക്കിയായി. തന്നെ മറന്ന സിനിമയെ തേടി വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും എല്‍സി എത്തിയപ്പോഴും വരവേറ്റത്ത് ആ വേലക്കാരി ബാക്കിവച്ച ചിരിയുടെ ഓര്‍മകള്‍ തന്നെ. ഈയൊരു മേല്‍വിലാസം തന്നെയാണ് 'ക' എന്ന നീരജ് മാധവ് ചിത്രത്തിലേയ്ക്ക് എല്‍സിക്ക് ഇപ്പോള്‍ വഴിതുറന്നുകൊടുത്തതും.

പട്ടണപ്രവേശനത്തിലെ ആ സീനിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ സ്‌ക്രീനില്‍ കണ്ടതിനേക്കാള്‍ രസകരമായ കുറേ കഥകളുണ്ട് എല്‍സിക്ക് പറയാന്‍. സിനിമ കാണാതെ അഭിനയിക്കാന്‍ പോയതിന്റെ. സിനിമ കാണാനാവാതെ കരഞ്ഞുറങ്ങേണ്ടിവന്ന രാത്രികളുടെ. അങ്ങനെ കുറേ കഥകള്‍.

Aloor Elsy
ആളൂർ എൽസി. ഫോട്ടോ: എം. പ്രവീൺ​ദാസ്

അടിയുടെ ചൂടുള്ള സിനിമ 

മറ്റു പലരെയും പോലെ നാടകത്തിലൂടെ തന്നെയായിരുന്നു എന്റെയും സിനിമാ പ്രവേശനം. പക്ഷേ, ഒരു വ്യത്യാസം മാത്രം. കല്ല്യാണത്തിനുശേഷമാണ് ഞാന്‍ നാടകത്തിലും സിനിമയിലുമെല്ലാം അഭിനയിച്ചുതുടങ്ങിയത്. സിനിമ എന്നു കേട്ടാല്‍ നല്ല ചുട്ട അടിയായിരുന്നു പണ്ട് വീട്ടില്‍. ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല. ആദ്യത്തെ സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് ഒരൊറ്റ സിനിമ മാത്രമാണ് ഞാന്‍ കണ്ടത്. സിനിമാതാരങ്ങളില്‍ ഭൂരിഭാഗം പേരെയും അറിയുക പോലുമില്ല. പട്ടാളക്കാരനായിരുന്നു അപ്പന്‍. വലിയ ഈശ്വരവിശ്വാസി. പള്ളിക്കാര്യങ്ങളില്‍ എന്നും മുന്നിലുണ്ടാകും. കര്‍ക്കശസ്വഭാവക്കാരന്‍. മക്കള്‍ സിനിമയൊന്നും കാണുന്നത് ഇഷ്ടമുണ്ടായിരുന്നില്ല. എല്ലാവരും വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം. സിനിമ കാണണമെന്ന് പറഞ്ഞാല്‍ പിന്നെ അടിയാണ്. പക്ഷേ, സ്‌കൂളില്‍ ഞാന്‍ ഡാന്‍സും നാടകവുമൊക്കെ കളിക്കുമായിരുന്നു.

സിനിമയ്ക്കുവേണ്ടി പൊട്ടിച്ച കുടുക്ക

സിനിമ കാണണമെന്ന് പറയുമ്പോഴെല്ലാം വഴക്കായിരുന്നു അപ്പന്റെ വക. എന്നാല്‍, ഒരു ദിവസം ഒരു സംഭവമുണ്ടായി. റെഡിയാവൂ, നമുക്കൊരു സിനിമയ്ക്ക് പോകാമെന്ന് അപ്പന്‍ വന്നു പറഞ്ഞപ്പോള്‍ എല്ലാവരും ശരിക്കും ഞെട്ടി. അങ്ങനെ ഒരു പതിവ് അന്നേവരെ വീട്ടില്‍ ഉണ്ടായിട്ടില്ല. അപ്പന് ഇതെന്തു പറ്റിയെന്ന് പരസ്പരം ചോദിച്ച് ഞങ്ങള്‍ വേഗം ചെന്നൊരുങ്ങി വന്നു. സിനിമ കാണാന്‍ നിങ്ങളുടെ കൈയില്‍ പൈസയുണ്ടോ എന്നായി അപ്പന്‍. സിനിമ കാണണമെങ്കില്‍ എല്ലാവരും പോയി പൈസ ഇട്ടുവയ്ക്കുന്ന കുടുക്ക എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. ഞങ്ങള്‍ മക്കളും അമ്മച്ചിയും കുടുക്കയൊക്കെ പൊട്ടിച്ച് പൈസ കൊണ്ടുവന്ന് കടലാസില്‍ പൊതിഞ്ഞു കൊടുത്തു. കുടുക്കയും പൈസയും പോയെങ്കിലും സിനിമ കാണാമല്ലോ എന്നായരുന്നു ആശ്വാസം. എല്ലാവരും ഒരുങ്ങിവന്നപ്പോള്‍ അപ്പന്റെ സ്വഭാവം മാറി. എവിടേയ്ക്കാണ് പോകുന്നത്. സിനിമയ്‌ക്കോ. എല്ലാവരും അടങ്ങിയൊതുങ്ങി പോയിരുന്നോ എന്ന് അട്ടഹസിച്ച് ഞങ്ങളുടെ പൈസയുമായി അപ്പന്‍ പോയി. അന്ന് കരഞ്ഞു തളര്‍ന്നാണ് ഞങ്ങള്‍ ഉറങ്ങിയത്.

ആദ്യ വേഷം, ആദ്യ അവാര്‍ഡ്

സിനിമാ മോഹമൊക്കെ മനസ്സില്‍ ഒതുക്കി ജീവിക്കുമ്പോഴാണ് കല്ല്യാണം കഴിയുന്നത്. ഭര്‍ത്താവ് ഒരു കലാകാരനായിരുന്നു. പള്ളി ക്വയറിലൊക്കെ പാടും. സിനിമയും നാടകവുമൊന്നും കാണാറില്ലെങ്കിലും ഞാന്‍ അഭിനയിക്കുന്നതിനോട് വലിയ എതിര്‍പ്പ് ഉണ്ടായിരുന്നില്ല. അങ്ങനെ രണ്ടാമത്തെ കുട്ടിയായപ്പോഴാണ് ഞാന്‍ ആദ്യമായി അഭിനയരംഗത്തേയ്ക്ക് ഇറങ്ങുന്നത്. ഹിരണ്യഗര്‍ഭം എന്നൊരു നാടകത്തിലായിരുന്നു ആദ്യവേഷം. പറയിപെറ്റ പന്തീരുകുലത്തിലെ കാരയ്ക്കലമ്മയുടെ വേഷമായിരുന്നു. തൃപ്രയാറിനടുത്ത് കീഴ്പ്പുള്ളിക്കരയിലായിരുന്നു ആദ്യ കളി. പിന്നെ കുന്ദംകുളത്ത് നാടകമത്സരത്തിനും പോയി. അന്ന് കാരയ്ക്കലമ്മയുടെ വേഷത്തിന് മികച്ച നടിക്കുള്ള ജില്ലാതല അവാര്‍ഡും ലഭിച്ചു. പതിനാല് നാടകങ്ങളോട് മത്സരിച്ചാണ് അവാര്‍ഡ് കിട്ടിയത്.

ഒറ്റ രാത്രി, ഒരു നാടകം, മൂന്ന് കളി

പിന്നെയാണ് പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുന്നത്. കെ.എസ്. നമ്പൂതിരിയുടെ സമസ്യ, സമാവര്‍ത്തനം, പിന്നെ മുടിയനായ പുത്രന്‍ തുടങ്ങിയ നാടകങ്ങളില്‍ വേഷമിട്ടു. ഒരു ശിവരാത്രി ദിവസം കണ്ണൂരില്‍ ഒറ്റ രാത്രി തന്നെ മൂന്ന് വേദികളില്‍ സമസ്യ കളിച്ച ചരിത്രം വരെയുണ്ട്. ആളുകള്‍ ഉറങ്ങാതിരിക്കാന്‍ ഞങ്ങള്‍ ഒരു സ്‌റ്റേജില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് ഓടിനടന്ന് ഉറങ്ങാതെ അഭിനയിച്ചു. അതുകഴിഞ്ഞ് ജോസ് ചിറമ്മലിന്റെ സൂര്യവേട്ട. സൂര്യവേട്ടയില്‍ മഹാറാണിയായി നിരവധി സ്‌റ്റേജുകള്‍ കളിച്ചു.

വെട്ടിയൊട്ടിച്ച ജയന്റെ പടങ്ങൾ

സിനിമ കാണാറില്ലെങ്കിലും ജയനോട് വല്ലാത്തൊരു ആരാധന ഉണ്ടായിരുന്നു പണ്ട്. പോസ്റ്ററുകളൊക്കെ ശ്രദ്ധിക്കും. എവിടുന്നെങ്കിലും ചിത്രങ്ങള്‍ കിട്ടിയാല്‍ വെട്ടിയെടുത്ത് ആരും കാണാതെ പുസ്തകത്തില്‍ ഒട്ടിച്ചുവയ്ക്കും. എന്നെങ്കിലും കാണാന്‍ പറ്റുമോ എന്ന ചിന്തയായിരുന്നു അന്ന്. ഏതെങ്കിലും കാലത്ത് സിനിമയിലെത്തിയാല്‍ നേരിട്ട് കണ്ട് സംസാരിക്കാലോ എന്നൊക്കെ വിചാരിക്കും. ആഗ്രഹിച്ചപോലെ സിനിമയിലെത്തിയെങ്കിലും ജയനെ കാണാനായില്ല. അപ്പോഴേയ്ക്കും മരിച്ചുപോയില്ലെ.

Ponmuttayidunna Tharavu
പൊൻമുട്ടയിടുന്ന താറാവിലെ നിന്ന്

മോഹന്‍ലാല്‍ ചിത്രത്തില്‍ അരങ്ങേറ്റം

അങ്ങനെയിരിക്കെയാണ് ഐ.വി.ശശിയുടെ ഒരു ചിത്രത്തിന്റെ ഷൂട്ടിങ് അങ്കമാലിയില്‍ ആരംഭിക്കുന്നത്. മോഹന്‍ലാല്‍ നായകനായ അനുരാഗി. ഒരു ദിവസം ഒരു പ്രൊഡക്ഷന്‍ മാനേജര്‍ വീട്ടില്‍ വന്ന് പറയുകയായിരുന്നു. ഒരു ചെറിയ വേഷമുണ്ട്. താത്പര്യമുണ്ടെങ്കില്‍ വരാമെന്ന്. ചേട്ടന്‍ എന്തായാലും ചേച്ചിയെ പറഞ്ഞയക്കണമെന്ന് ഭര്‍ത്താവിനോടും പറഞ്ഞു. ഭര്‍ത്താവിന് വലിയ എതിര്‍പ്പുണ്ടായില്ല. അടുത്തല്ലെ പോയി നോക്കൂ എന്നു പറഞ്ഞ് അദ്ദേഹം അനുമതി നല്‍കി. സരിതയുടെയും മുകേഷിന്റെയും വീട്ടിലെ ജോലിക്കാരിയുടെ വേഷമായിരുന്നു. രണ്ട് ദിവസത്തെ വര്‍ക്ക് മാത്രമായിരുന്നു ഉണ്ടായിരുന്നത്. സത്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയുമൊന്നും എന്നോട് മിണ്ടില്ലെന്നായിരുന്നു ഞാന്‍ അതുവരെ വിചാരിച്ചിരുന്നത്. പക്ഷേ, എത്ര സ്‌നേഹത്തോടെയാണ് മോഹന്‍ലാലൊക്കെ സെറ്റില്‍ പെരുമാറിയത്. സ്‌ക്രീനില്‍ രണ്ടുപേരോടും ഡയലോഗ് പറയാനുള്ള ഭാഗ്യം എനിക്കുണ്ടായി.

നാടകം വിട്ടതിന്റെ സങ്കടം 

സിനിമ ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നിയെങ്കിലും നാടകത്തില്‍ നിന്ന് മാറിയപ്പോള്‍ വലിയ വിഷമമായിരുന്നു. സിനിമ കാണാനും സിനിമയില്‍ എന്നെ കാണാനുമെല്ലാം വലിയ ഇഷ്ടവും ത്രില്ലുമൊക്കെയാണെങ്കിലും നാടകം എനിക്ക് എന്റെ വീട് പോലെയായിരുന്നു. റിഹേഴ്‌സലുകളും യാത്രകളുമെല്ലാമായി ഒരിക്കലും നമുക്ക് ബോറടിക്കില്ല. ഒരു കുടുംബത്തെ പോലെയാണ് ഞങ്ങള്‍ യാത്രയൊക്കെ ചെയ്യുക.

പത്മരാജന്റെ വക ഡബിള്‍ റോള്‍

അനുരാഗിക്കുശേഷം പത്മരാജന്‍ സാറിന്റെ അപരനിലേയ്ക്ക് വിളിച്ചു. ഇരട്ടവേഷമായിരുന്നു. മദര്‍ സുപ്പീരിയറിന്റെയും ഓഫീസിലെ ടൈപ്പിസ്റ്റിന്റെയും. മദര്‍ സുപ്പീരിയര്‍ മുഖമൊക്കെ മറച്ചുകൊണ്ടായിരുന്നു. ടൈപ്പിസ്റ്റിന്റേത് അത്ര ശ്രദ്ധിക്കുന്നതായിരുന്നില്ല. അങ്ങനെ വലിയ നടന്മാര്‍ ചെയ്യുന്ന പോലെ പേരിന് ഒരു ഡബിള്‍ റോള്‍ ചെയ്യാനും എനിക്കായി. അപരന്‍ ചെയ്യുമ്പോഴായിരുന്നു എനിക്ക് സത്യന്‍ അന്തിക്കാടിന്റെ പട്ടണപ്രവേശനത്തിലേയ്ക്ക് വിളി വരുന്നത്. ആ വേലക്കാരിയുടെ വേഷം.

ഒരേയൊരു സിനിമ

സിനിമയില്‍ എത്തുന്നതിന് മുന്‍പ് ആകെ കണ്ടത് ഒരു സിനിമയാണ്. ദൈവത്തിന്റെ പുത്രന്‍ എന്നോ മറ്റോ പേരുള്ള സിനിമ. യേശുവിന്റെ കഥയൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ദൈവത്തിന്റെ കഥയാണ് നമുക്ക് പോയി കാണാം എന്നൊക്കെ പറഞ്ഞാണ് അപ്പന്‍ ഞങ്ങളെ കല്ലേറ്റിന്‍കര ബാബു തിയ്യറ്ററില്‍ കൊണ്ടുപോയത്. ആ തിയ്യറ്റര്‍ ഇന്നില്ല. കല്ല്യാണത്തിനുശേഷവും സിനിമയൊന്നും കണ്ടിട്ടില്ല. അഭിനയിക്കാന്‍ വിടുമെങ്കിലും സിനിമ കാണുന്നതിനോട് ഭര്‍ത്താവിനും വലിയ താത്പര്യമുണ്ടായിരുന്നില്ല.

Aloor Elsy
പട്ടണപ്രവേശനത്തിലെ രംഗം

വിറകുവെട്ടുകാരനായ ശ്രീനിവാസന്‍

ഒരു സിനിമ പോലും കാണാത്തത് കൊണ്ട് എനിക്ക് നടന്മാരെയോ നടികളെയോ ഒന്നും അറിയുമായിരുന്നില്ല. ജയനെയും മോഹന്‍ലാലിനെയും മമ്മൂട്ടിയെയുമെല്ലാം പോസ്റ്ററില്‍ കണ്ട പരിചയം ഉണ്ടെന്നു മാത്രം. പട്ടണപ്രവേശനത്തില്‍ അഭിനയിക്കുമ്പോള്‍ രസകരമായ ഒരു സംഭവമുണ്ടായി. ഞാനും ശ്രീനിവാസനും കൂടിയുള്ള ആ സീനായിരുന്നു. ശ്രീനിവാസന്‍ അഭിനയിക്കാനായി നില്‍ക്കുന്നു. അടുത്തു തന്നെ ഞാനുമുണ്ട്. പക്ഷേ, അത് ശ്രീനിവാസനാണെന്നൊന്നും എനിക്കറിയില്ല. അടുത്തുനിന്ന പ്രൊഡക്ഷന്‍ മാനേജരോട് ഞാന്‍ ചോദിച്ചു എന്റെ കൂടെ അഭിനയിക്കുന്നത് ആരാണെന്ന്. ശ്രീനിവാസന്‍ തൊട്ടടുത്തുണ്ട്. അതുവരെ എന്റെ ധാരണ അത് ആ വീട്ടിലെ വേലക്കാരനാണെന്നായിരുന്നു. എറണാകുളത്തെ വലിയൊരു വീടായിരുന്നു അത്. അവിടെ വിറക് കീറാന്‍ വന്ന ആളാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. വലിയ ഗൗരവത്തോടെയായിരുന്നു ശ്രീനിവാസന്റെ നില്‍പ്. അത് കണ്ട് ഞാന്‍ ചിരിക്കുകയൊക്കെ ചെയ്തിരുന്നു. അപ്പോഴാണ് പ്രൊഡക്ഷന്‍ മാനേജര്‍ പറയുന്നത് ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ പോകുന്ന ആളാണ് ആ നില്‍ക്കുന്നതെന്ന്. പറ്റിയ അമളി ഓര്‍ത്ത് എനിക്ക് ചിരി അടക്കാനായില്ല. സത്യന്‍ അന്തിക്കാട് സര്‍ സീനൊക്കെ അഭിനയിച്ചു കാണിക്കുമ്പോള്‍ ഉള്ളില്‍ ചിരി അടക്കാന്‍ പാടുപെടുകയായിരുന്നു ഞാന്‍. ചേട്ടന് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ എന്ന് ഞാന്‍ ശ്രീനിവാസനോട് ചോദിക്കുന്ന രംഗമായിരുന്നു അത്. ഉള്ളിലെ ചിരി പിടിച്ചുവെച്ചാണ് സത്യത്തില്‍ ഞാന്‍ ആ രംഗം അഭിനയിച്ചത്. സിനിമ വരുമ്പോള്‍ ആള്‍ക്കാര്‍ എന്നെ കാണുമല്ലോ എന്ന സന്തോഷവുമുണ്ടായിരുന്നു മനസ്സ് നിറയെ. അധികം ടേക്കുകളൊന്നുമില്ലാതെ തന്നെ ആ രംഗം ഷൂട്ട് ചെയ്തു. പിന്നെയും രണ്ട് മൂന്ന് സീനുകള്‍ ഉണ്ടായിരുന്നു. ഒറ്റ ദിവസം മാത്രമായിരുന്നു ഷൂട്ടിങ് ഉണ്ടായത്. ഇന്നും ആ രംഗം കാണുമ്പോള്‍ അന്ന് പറ്റിയ ആ അമളിയാണ് ഓര്‍മ വരിക. പൊന്‍മുട്ടയിടുന്ന താറാവിലൊക്കെ ഞങ്ങള്‍ ഒന്നിച്ചെങ്കിലും അക്കാര്യം ഞാന്‍ സത്യേട്ടനോടോ ശ്രീനിവാസനോടോ പറഞ്ഞില്ല. സത്യത്തില്‍ ഇപ്പോഴും ആളുകള്‍ എന്നെ ഓര്‍ക്കുന്നത് ഈ വേഷത്തിന്റെ പേരില്‍ തന്നെയാണ്.

neelagiri
നീലഗിരിയിൽ മമ്മൂട്ടിക്കും പപ്പുവിനുമൊപ്പം

മമ്മൂട്ടിക്കൊപ്പം

പിന്നെ കുറേ ചെറിയ വേഷങ്ങള്‍ ലഭിച്ചു. കമലിന്റെ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ശശിയേട്ടന്റെ നീലഗിരി. പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ വേലക്കാരിയായിരുന്നു. പാര്‍വതി എന്നെ വഴക്കു പറയുന്നതായിരുന്നു സീന്‍. ഒരു ദിവസത്തെ ഷൂട്ടിങ്ങേ അന്നുണ്ടായിരുന്നുള്ളൂ. നീലഗിരിയില്‍ പപ്പുവിന്റെ ഭാര്യയായിരുന്നു. അതിലാണ് ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. അതില്‍ എനിക്ക് മമ്മൂട്ടിക്കൊപ്പം സീനുണ്ടായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ചാരായം വാങ്ങാന്‍ വരുമ്പോള്‍ ഞാനാണ് വീട്ടിലുണ്ടായിരുന്നത്. ആളിവിടില്ല, ചാരായം കടം തരാന്‍ കഴിയില്ല എന്ന ഡയലോഗും ഉണ്ടായിരുന്നു എനിക്ക്.

എനിക്ക് വലിയ ഇഷ്ടമായിരുന്നു മമ്മൂട്ടിയെ. വലിയ ബഹുമാനമായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. ഒരു വലിയ നടനാണെന്ന ചിന്തയൊന്നുമില്ലാതെയാണ് എന്നോട് സംസാരിച്ചത്. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. സിനിമകളൊന്നും കണ്ടിട്ടില്ലെങ്കിലും സാറിന്റെ സിനിമകളൊക്കെ കാണാറുണ്ടെന്ന് വെറുതെ പറഞ്ഞു. പിന്നെ ഞങ്ങള്‍ മൃഗയയിലും മഹായാനത്തിലുമൊക്കെ ഒന്നിച്ച് അഭിനയിച്ചു. പിന്നെ അമ്മയുടെ യോഗത്തിനൊക്കെ കാണുമ്പോള്‍ എന്റെ തലവേദന എങ്ങനെയുണ്ടെന്നൊക്കെ ചോദിക്കും. മമ്മൂട്ടിക്കൊപ്പം ചെയ്ത കറുത്ത പക്ഷികളായിരുന്നു ബ്രേക്കിന് മുന്നിലുള്ള എന്റെ അവസാന ചിത്രം. അതില്‍ ആശുപത്രിയിലെ ഹെഡ് നെഴ്‌സിന്റെ വേഷമായിരുന്നു എനിക്ക്. നല്ല കഥാപാത്രമായിരുന്നു.

Aloor Elsy
പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ പാർവതിക്കൊപ്പം

വടക്കന്‍ വീരഗാഥയുടെ നഷ്ടം

മമ്മൂട്ടിയുടെ തന്നെ വടക്കന്‍ വീരഗാഥയിലും ഒരു ചെറിയ വേഷമുണ്ടായിരുന്നു. എന്നാല്‍, അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടമാവും. ആദ്യം നല്ല വേഷമായിരുന്നു. കുട്ടികളെ പത്താം വയസ്സില്‍ കല്ല്യാണത്തിന് ഇരുത്തുന്നത് ഞാനും സുകുമാരിച്ചേച്ചിയും ചേര്‍ന്നായിരുന്നു. ശ്രദ്ധിക്കപ്പെടുന്ന വേഷം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലായിരുന്നു ആദ്യം ഷൂട്ടിങ്. അതനുസരിച്ച് ഞാന്‍ അവിടെ പോയി. എന്നാല്‍, നാട്ടുകാരിയായ എന്നെ കണ്ടതോടെ ആളുകള്‍ ബഹളംവച്ചു. എല്‍സിച്ചേച്ചീ എന്നു വിളിച്ച് ചിലര്‍ ചെരിപ്പൊക്കെയിട്ട് ക്ഷേത്രത്തില്‍ കയറി. ആകെ ബഹളമായി. പിന്നെ ക്ഷേത്രം ഷൂട്ടിങ്ങിന് കൊടുക്കുന്നതിനെതിരേ ആരോ പരാതി കൊടുത്തു. അങ്ങനെ അവിടുത്തെ ഷൂട്ടിങ് വേണ്ടെന്നുവച്ചു. ലൊക്കേഷന്‍ മാറിയതോടെ സിനിമയിലെ എന്റെ വേഷവും മാറി. പിന്നെ ഒട്ടും ശ്രദ്ധിക്കപ്പെടാത്തൊരു വേഷമാണ് കിട്ടിയത്. കാണുന്നുപോലുമുണ്ടായിരുന്നില്ല എന്നെ.

പുറപ്പാടും പൊന്മുട്ടയിടുന്ന താറാവും

പിന്നെ കിട്ടിയ ജേസിയുടെ പുറപ്പാടില്‍ ഒരു മുഴുനീള വേഷമായിരുന്നു. ജഗതിയുടെ ഭാര്യ. വലിയ വേഷമായിരുന്നു. പതിനഞ്ച് ദിവസമുണ്ടായിരുന്നു ഷൂട്ടിങ്. ജഗതിയെ അന്നാണ് അടുത്തറിയുന്നത്. നല്ല മനുഷ്യന്‍. അഭിനയിക്കുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ വന്ന് സഹായിക്കും. തമാശകളുമൊക്കെയായി സമയം പോകുന്നത് അറിയില്ല. ജഗതിക്കൊപ്പം പിന്നെ ശ്രദ്ധിക്കപ്പെട്ടൊരു വേഷം ചെയ്തത് സത്യന്‍ അന്തിക്കാടിന്റെ പൊന്മുട്ടയിടുന്ന താറാവിലായിരുന്നു. വെളിച്ചപ്പാടായ ജഗതി അന്തിക്കൂട്ടിനെത്തുന്ന ദേവയാനി. അതില്‍ ജഗതിക്കൊപ്പം മുറിയിലിരിക്കുമ്പോള്‍ ശങ്കരാടി പരിപ്പുവടയുമായി വന്ന് ചമ്മുന്നതും  വെളിച്ചപ്പെടുമ്പോള്‍ ജഗതി അമ്പലത്തത്തില്‍ വച്ച് കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നതുമൊക്കെ ആളുകളെ നല്ലവണ്ണം ചിരിപ്പിച്ച സീനുകളാണ്. ഉര്‍വശിയുടെ കഥാപാത്രം പറ്റിച്ചശേഷം തട്ടാന്‍ ഭാസ്‌കരന്‍ ആശ്വാസം തേടിയെത്തുന്നത് എന്റെ കഥാപാത്രത്തിന്റെ അടുത്താണ്. ആ വേഷവും ശരിക്കും ശ്രദ്ധിക്കപ്പെട്ടു. പിന്നെ സുരേഷ് ഗോപിക്കൊപ്പം അക്ഷരത്തില്‍ നല്ല വേഷം കിട്ടി. പിന്നെ മറ്റൊരു സിനിമയില്‍ കണ്ടപ്പോള്‍ എനിക്ക് എങ്ങനെ അഭിനയിക്കണമെന്നൊക്കെ പറഞ്ഞുതരുമായിരുന്നു. പിന്നെ നെടുമുടി വേണുച്ചേട്ടന്റെ പൂരം. അതില്‍ വേണുച്ചേട്ടന്റെ കഥാപാത്രത്തിന്റെ കാമുകിയുടെ വേഷമായിരുന്നു. ലളിതച്ചേച്ചിയായിരുന്നു അതില്‍ വേണുച്ചേട്ടന്റെ ഭാര്യയുടെ വേഷം ചെയ്തത്. പോള്‍ ഞാറക്കലിന്റെ നാട്ടുവിശേഷത്തിലെ ആദിവാസി സ്ത്രീയുടെ വേഷവും നല്ലതായിരുന്നു.

Aloor Elsy
പുറപ്പാടിൽ ജഗതിക്കൊപ്പം

സിനിമാമോഹം ഉള്ളിലൊതുക്കിയ ബ്രേക്ക്

ഭര്‍ത്താവിന്റെ മരണവും മക്കളുടെ കല്ല്യാണവും പ്രസവവുമെല്ലാമായതോടെ എനിക്ക് ഷൂട്ടിങ്ങിന് പോവുന്നത് എളുപ്പമല്ലാതായി. അങ്ങനെയാണ് കറുത്ത പക്ഷികള്‍ക്കുശേഷം ഒരു ബ്രേക്ക് വേണ്ടിവന്നത്. ഒളരിയിലായിരുന്നു അതിന്റെ ഷൂട്ടിങ്. അഭിനയിക്കാതിരിക്കുമ്പോഴും മനസ്സില്‍ മുഴുവന്‍ സിനിമയായിരുന്നു. അഞ്ചാറ് പ്രാവശ്യമൊക്കെ എന്നെ ആളുകള്‍ വന്നു വിളിച്ചിരുന്നു. പക്ഷേ, പോകാന്‍ കഴിഞ്ഞില്ല. എനിക്ക് വയ്യാത്തതുകൊണ്ടാണ് അഭിനയിക്കാത്തത് എന്നൊക്കെയായിരുന്നു സിനിമാക്കാരുടെ വിചാരം. ക്രമേണ ആരും വിളിക്കാതായി. പക്ഷേ, അമ്മയുടെ കൈനീട്ടമൊക്കെ കിട്ടിയിരുന്നു. മകനും പൈസയൊക്കെ അയച്ചുതരും. പൈസയായിരുന്നില്ല പ്രശ്‌നം. അഭിനയിക്കാതിരിക്കുന്നത് ശ്വാസംമുട്ടല്‍ പോലെയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ഒന്നുകൂടി അഭിനയിക്കണം എന്നൊരു മോഹം മാത്രമായിരുന്നു മനസ്സില്‍. വല്ലാത്തൊരു വാശിയായിരുന്നു. പലപ്പോഴും ഇതോര്‍ത്ത് ഒറ്റയ്ക്കിരുന്ന് കരയും. നാട്ടുകാരൊക്കെ എന്നോട് വീണ്ടും അഭിനയിക്കാന്‍ പോവണമെന്ന് പറയും. ഇപ്പോള്‍ വേഷങ്ങളൊന്നുമില്ലേ, ആരും വിളിക്കാറില്ലേ വയസ്സായില്ലേ, എല്ലാവര്‍ക്കും വേണ്ടാതായോ എന്നൊക്കെ പരിഹസിക്കുന്നവരുമുണ്ടായിരുന്നു. കേള്‍ക്കുമ്പോള്‍ മനസ്സ് പിന്നെയും വിഷമിക്കും. ചില സിനിമകള്‍ കാണുമ്പോള്‍ തോന്നും, ഇതെനിക്ക് കിട്ടേണ്ടിയിരുന്ന വേഷമായിരുന്നല്ലോ, വല്ലാത്ത നഷ്ടമായിപ്പോയല്ലോ എന്നൊക്കെ.

Aloor Elsy
'ക' എന്ന സിനിമയുടെ സെറ്റിൽ നീരജ് മാധവിനൊപ്പം. Photo Courtesy:facebook/Neeraj Madhav

പൊങ്കാലയ്ക്ക് വിചാരിക്കാതെ കിട്ടിയ വേഷം

എങ്ങനെയെങ്കിലും സിനിമയില്‍ വീണ്ടും അഭനയിക്കണം എന്നു വിചാരിച്ചാണ് രണ്ട് മാസം മുന്‍പ് വീണ്ടും തിരുവനന്തപുരത്തെത്തിയത്. മനസ്സില്‍ വിഷമം തോന്നുമ്പോള്‍ ഇടയ്ക്ക് സെക്രട്ടേറിയറ്റിന് മുന്നിലുള്ള അരുള്‍ജ്യോതി ഹോട്ടലില്‍ പോയൊരു കാപ്പി കുടിക്കുന്ന ശീലമുണ്ട്. ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സമയത്ത് ഒരു ദിവസം ഇങ്ങനെ കാപ്പി കുടിച്ച് താമസിക്കുന്ന ഹോട്ടലിലേയ്ക്ക് മടങ്ങുമ്പോഴാണ് ചെങ്കല്‍ച്ചൂള ഭാഗത്ത് ഏതോ ഷൂട്ടിങ്ങിന്റെ വാഹനം കണ്ടത്. ഓട്ടോ നിര്‍ത്തി ചെന്ന് ചോദിച്ചപ്പോഴാണ് സിനിമ ഏതാണെന്ന് അറിയുന്നത്. പോയി ഒരു വേഷം ചോദിച്ചു. പട്ടണപ്രവേശനത്തിന്റെയൊക്കെ കാര്യം പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഞാന്‍ സിനിമാരംഗത്ത് തിരിച്ചെത്തി എന്ന് ആളുകളെ അറിയിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ വിളിക്കാം എന്നു പറഞ്ഞ് മടക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. വിളിക്കില്ലെന്ന്. അതാണല്ലോ സിനിമയിലെ പതിവ്. എന്നാല്‍, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍ വിളിച്ചു. കുടുംബശ്രീ അധ്യക്ഷയുടെ വേഷം. എനിക്കുവേണ്ടി എഴുതിച്ചേര്‍ത്തതായിരുന്നു അതെന്ന് പിന്നെയാണ് അറിഞ്ഞത്. രണ്ടാമതും ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ വല്ലാത്ത സന്തോഷം തോന്നി. ഇതിന് പുറമെ സണ്ണി വെയ്‌നിന്റെ നൃത്തം എന്ന ഒരു ചിത്രവും ചെയ്തു. ഒരു ഹെഡ് നെഴ്‌സിന്റെ വേഷം. ഒരു സീനേ ഉള്ളൂവെങ്കിലും നല്ല വേഷമായിരുന്നു. ഇതാണ് സത്യത്തില്‍ തിരിച്ചുവരവില്‍ ആദ്യം ചെയ്തത്. എന്നാല്‍, ആളുകള്‍ തിരിച്ചറിഞ്ഞത് 'ക'യില്‍ അഭിനയിച്ചപ്പോഴാണെന്നു മാത്രം.

സിനിമ സന്തോഷം മാത്രം

സിനിമാരംഗത്ത് നിന്ന് ഇതുവരെ സങ്കടകരമായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. വേഷങ്ങള്‍ കിട്ടാത്തതിന്റെ സങ്കടമേയുള്ളൂ. പലരും പലതും പറഞ്ഞുകേട്ടിട്ടുണ്ട്. വേഷം കിട്ടണമെങ്കില്‍ ഓരോ കാര്യങ്ങള്‍ ആവശ്യപ്പെടാറുണ്ടെന്നും രാത്രി വാതിലില്‍ മുട്ടുമെന്നുമൊക്കെ. പക്ഷേ, എനിക്ക് ഇതുവരെ  ആരില്‍ നിന്നും മോശമായ ഒരനുഭവമുണ്ടായിട്ടില്ല. ആരും ഒന്നും മോശമായി പറഞ്ഞിട്ടുമില്ല. കൂടുതല്‍ വേഷങ്ങള്‍ കിട്ടണമെന്ന ആഗ്രഹം മാത്രമേയുള്ളൂ അന്നും ഇന്നും.

Content Highlights: Aaloor Elsy Malayalam Actress Pattanapravesham Sreenivasan Mohanlal Mammootty PonmuttayidunnaTharavu