ഷെരീഫിക്ക പോയി. ഒരു മാസം മുമ്പാണ് എന്നെ അവസാനമായി വിളിച്ചത്. ആലപ്പുഴ ബ്യൂറോയില്‍ ജോലി നോക്കുന്ന കാലത്ത് തുടങ്ങിയ പരിചയമാണ്. പിന്നെ വളരെ അടുപ്പമായി. സിനിമയുടെ തിരക്കുകളില്‍ നി്ന്നകന്നു കഴിയുന്നതുകൊണ്ട് തന്നെ വായനയും എഴുത്തും മാത്രമായിരുന്നു ആ മനസ്സില്‍. ഇടയ്ക്ക് എന്നെ വിളിക്കും. അസുഖ വിവരം പറയും. സിനിമാകാര്യങ്ങളൊന്നും സംസാരിക്കാന്‍ പറ്റിയ കൂട്ടില്ലാത്തതിനെ പറ്റി പറയും. വെറുതെ ഒന്നു കാണണമെന്നു പറയും. ആലപ്പുഴ വഴി പോവുമ്പോ ഞാനവിടെ ഇറങ്ങും. അദ്ദേഹത്തിന്റെ വൃന്ദാവന്‍ റിസോര്‍ട്ടില്‍ താമസിക്കും. സിനിമാക്കഥകളും പഴയ പ്രണയവും ചില സിനിമകളുടെ പിന്നാംപുറക്കഥകളുമെല്ലാം പറയും. അവളുടെ രാവുകളിലെ യഥാര്‍ഥ നായികയെ പറ്റി പറഞ്ഞിരുന്നു. പിന്നീട് ചിത്രഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ ഒരു മുഖാമുഖം പ്രസിദ്ധീകരിച്ചു. വീണ്ടും ഈ അടുത്ത കാലത്ത് അവളുടെ രാവുകള്‍ വീണ്ടും സിനിമയാക്കാന്‍ ശ്രമിക്കുമ്പോള്‍ കാണണമെന്നു പറഞ്ഞു. അതിന്റെ കുറേ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് വിളിച്ചത്. പക്ഷെ അത് നടന്നില്ല. ഇനി നടക്കുമോ എന്നറിയില്ല. അന്ന ഒരു മുഖാമുഖം കൂടെ ചിത്രഭൂമിയില്‍ പ്രസിദ്ധീകരിച്ചു. അസ്തമിക്കാത്ത പകലുകള്‍ അദ്ദേഹം സംവിധാനം ചെയ്ത ഏക ചിത്രമാണ്. ഷെരീഫിക്കയുടെ രാവുകളും പകലുകളും അസ്തമിച്ചു.  ഇനി ആലപ്പുഴയില്‍ നിന്ന് ആ വിളി വരില്ല. പക്ഷെ ഓര്‍മ്മകളില്‍ ഒരിക്കലും അസ്തമിക്കാത്ത ആ സ്‌നേഹം നിറഞ്ഞു നില്‍ക്കും. പാര്‍ശ്വവത്കരിക്കപ്പെട്ട ജീവിതങ്ങളെ സിനിമയിലെ നായിക സ്ഥാനത്ത് പ്രതിഷ്ഠിച്ച, മഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലുന്ന ആ തൂലികയെ നമിച്ചുകൊണ്ട് അവസാനമായി നല്‍കിയ അഭിമുഖം ഇതാ....

അവളുടെ രാവുകള്‍ വീണ്ടും വരുമ്പോള്‍..

 ''നല്ല സുഖമില്ല, ഹൃദയവാല്‍വുകള്‍ക്ക് കുഴപ്പമുണ്ട്, ശാരീരികാവശതകളുള്ളതുകൊണ്ട് ഓപ്പറേഷനൊന്നും പറ്റില്ല. ഇടയ്‌ക്കൊരു സ്‌ട്രോക്കുമുണ്ടായി. വീണു തലയും പൊട്ടി. മൊത്തത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നാ തോന്നുന്നത്. ഇതുവഴി വരുമ്പോള്‍ ഒന്നു കാണണം '-ഷെരീഫിക്ക ഫോണില്‍ പറഞ്ഞപ്പോള്‍ അസുഖത്തിന്റെ അവശതയേക്കാള്‍ അതിനെയൊന്നും കൂസാത്ത ഒരു മനസാണ് മുന്നിലെത്തിയത്. ഷെരീഫിനെ മനസിലായി കാണും. കളിപ്പാവയില്‍ തുടങ്ങി അനുരാഗി വരെ എണ്‍പതോളം ചിത്രങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ച ആലപ്പുഴക്കാരന്‍. രജനികാന്ത്, കമല്‍ഹാസന്‍, പ്രേംനസീര്‍ മുതല്‍ മമ്മൂട്ടി മോഹന്‍ലാല്‍ വരെയുള്ള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച തിരക്കഥാകാരന്‍.
 കാണുമ്പോള്‍ ആലപ്പുഴ 'വൃന്ദാവന'ത്തിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു. മുന്നില്‍ രണ്ടുപേര്‍ ഇരിപ്പുണ്ടായിരുന്നു. 'അവളുടെരാവുകള്‍' റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാനെത്തിയതാണവര്‍. 37 വര്‍ഷത്തിനു ശേഷം ഇപ്പോഴും ചര്‍ച്ചാവിഷയമാവുന്നൊരു ചലചിത്രം. സാമൂഹിക പ്രസക്തിയുള്ള സിനിമ. അന്ന് സദാചാരവാദികള്‍ കല്ലെറിഞ്ഞെങ്കിലും തിയേറ്ററുകളില്‍ ജനം ഏറ്റെടുത്ത ചിത്രം. ഇന്നും പ്രസക്തമായൊരു കഥ. അതുപോലെ എത്രയോ ഹിറ്റുകള്‍ തൂലികയിലൂടെ സംവിധാനം ചെയ്ത എഴുത്തുകാരനാണ് മുന്നില്‍. ക്ഷേമാന്യേഷണത്തിനാണെത്തിയതെങ്കിലും അദ്ദേഹത്തിനിപ്പോഴും സിനിമയെ കുറിച്ചും എഴുത്തിനെ കുറിച്ചും സംസാരിക്കാനിഷ്ടം. വര്‍ത്തമാനം അവളുടെരാവുകളില്‍ നിന്നു തന്നെ തുടങ്ങി.

aleppy sheriff


നേരത്തെ ലിബര്‍ട്ടി ബഷീര്‍ ഇത് സിനിമയാക്കാനിരുന്നതല്ലേ പ്രിയാമണിയെ നായികയാക്കാനും തീരുമാനിച്ചിരുന്നല്ലോ?

 അത് നടന്നില്ല, ആ പ്രൊജക്ടിന്റെ കാലാവധി കഴിഞ്ഞു. ഇപ്പോള്‍ കുട്ടനാട്ടില്‍ നിന്നുള്ള ഒരു നിര്‍മ്മാതാവ് വന്നതാണ്. അവര്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒറ്റനാണയം സംവിധാനം ചെയ്ത സുരേഷ് കണ്ണനാണ് സംവിധാനം. സീമയുടെ വേഷം മേഘ്‌നാരാജായിരിക്കും. കണ്‍ഫോം ചെയ്തിട്ടില്ല.
ഈ ചിത്രം ഇറങ്ങിയ കാലത്ത് കാശുവാരി പടമായിരുന്നല്ലോ ഇപ്പോഴും കാശ് കിട്ടികൊണ്ടിരിക്കുകയാണല്ലേ ?
 ഇതിപ്പം ചര്‍ച്ച തുടങ്ങുന്നേയുള്ളൂ. കാശൊന്നും വാങ്ങിയിട്ടില്ല. ലിബര്‍ട്ടി ബഷീര്‍ 50000 രൂപ അഡ്വാന്‍സ് തന്നിരുന്നു. അത് തിരിച്ചുകൊടുക്കണം. ചിത്രം ഇറങ്ങിയ കാലത്ത് മലയാളത്തില്‍ മാത്രമല്ല എല്ലാഭാഷകളില്‍ നിന്നുമായി നിര്‍മ്മാതാക്കളും വിതരണക്കാരും നല്ല കാശ് വാരിയിരുന്നു. എനിക്കീ വീട് വാങ്ങാന്‍ കഴിഞ്ഞതും അവളുടെ രാവുകള്‍ തന്ന കാശാണ്.
 ഞാനതിനേക്കാള്‍ അതുപോലൊരു ചിത്രത്തിന്റെ രചയിതാവ് എന്ന നിലയില്‍ കിട്ടിയ അംഗീകാരങ്ങള്‍ തന്നെയാണ് വിലമതിക്കുന്നത്. എം ഗോവിന്ദനെ പോലുള്ള ചിന്തകര്‍ ഈ ചിത്രത്തിനു വേണ്ടി സംസാരിക്കാന്‍ വന്നതാണ് സന്തോഷിപ്പിച്ചത്. സീമ ഷര്‍ട്ടുമിട്ട് തുട കാണിക്കുന്ന പോസ്റ്റര്‍ കണ്ടാണ് പലര്‍ക്കും ഹാലിളകിയത്. അന്ന സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്ന സ്ത്രീ എന്നോടിതിനെ പറ്റി പറഞ്ഞപ്പോള്‍ മാഡം നിങ്ങള്‍ക്ക് ചെറുപ്പക്കാരികളുടെ തുട കാണുമ്പോള്‍ തോന്നുന്ന അസൂയയാണ്‌തെന്നാണ് ഞാന്‍ പറഞ്ഞത്. ആ ചിത്രത്തില്‍ ഒരു കിടപ്പറസീന്‍ പോലും ഇല്ല. ഒരു തെരുവ് വേശ്യയുടെ കഥ പറയുമ്പോള്‍ അങ്ങിനെയൊരു സീനില്ലാതെ കഥ പറയാമെന്നും, അതില്‍ ജീവിതമുണ്ടെന്നും കാണിച്ചുകൊടുക്കുകയാണ് ഞങ്ങള്‍ അതുകൊണ്ടാണ് എം ഗോവിന്ദന്‍ പറഞ്ഞത് ''നിങ്ങള്‍ ആ സിനിമയ്‌ക്കെതിരെ എഴുതുന്നത് കുറേ ശുംഭന്‍മാര്‍ ചേര്‍ന്നുണ്ടാ്ക്കിയ സദാചാര കമ്മിറ്റി പ്രസിഡണ്ടിനെ പോലെയാണ്. രാജി എന്ന പെണ്‍കുട്ടി നമ്മുടെ ജീവിതത്തില്‍ നിന്ന് കയറി വന്നതാണ് എന്ന്.''
ചിത്രം വീണ്ടുമെടുക്കുമ്പോള്‍ കാലത്തിനനുസരിച്ച മാറ്റങ്ങളെന്തെങ്കിലും ഉണ്ടാവുമോ
ഇല്ല. അത് ആ നിലയ്ക്ക് തന്നെ പൂര്‍ണമായൊരു സിനിമയാണ്. ലൊക്കേഷനും കഥാപാത്രങ്ങളും മാറുന്ന വ്യത്യാസമുണ്ടാവും. പാട്ടുകള്‍ പോലും അതു തന്നെയാണ് ഉപയോഗിക്കുന്നത്.
താങ്കളുടെ ചിത്രങ്ങളില്‍ സെക്‌സ് പലപ്പോഴും ഒരന്തര്‍ധാരയാണല്ലോ? ബോധപൂര്‍വ്വമാണോ?
 എന്റെ പടങ്ങളില്‍ സെക്‌സ് ഉണ്ടാവും. അതൊരിക്കലും വള്‍ഗറായിരി്ക്കില്ല. കുടുംബസമേതം ജനം കണ്ട ചിത്രങ്ങളാണ് അവയെല്ലാം. എങ്ങനെ എഴുതുന്നു, എങ്ങനെ കാണിക്കുന്നു എന്നതിലാണ് കാര്യം. സെക്‌സ് ഒരു യൂണിവേഴ്‌സല്‍ ട്രൂത്താണ്. ജീവനുള്ള എല്ലാത്തിന്റെയും ഉള്ളിലുള്ള വികാരം. ജീവിതത്തില്‍ ആകാമെങ്കില്‍ സിനിമയില്‍ അത് ഒഴിച്ചുനിര്‍ത്തേണ്ട കാര്യമില്ല. ആശീര്‍വാദം, ഉത്സവം പോലുള്ള സാമൂഹിക പ്രസക്തിയുള്ള കഥകളും ഞാനെഴുതിയിട്ടുണ്ടെന്ന കാര്യവും മറക്കരുത്. ഉത്സവം-വെള്ളത്തിനു നടുവില്‍ കുടിവെള്ളത്തിന് വേണ്ടി ദാഹിക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ എന്നു പറഞ്ഞപ്പോള്‍ എല്ലാവരും നെറ്റിചുളിച്ചതാണ്. കേരളത്തില്‍ കുടിവെള്ള ക്ഷാമം ഏശില്ലെന്നും പറഞ്ഞു. എന്നാല്‍ പടം ഹിറ്റായി. ഐ വി ശശി എന്ന സംവിധായകനേയും മലയാളത്തിന് കിട്ടി. അന്ന് പ്രേംനസീര്‍ കത്തി നില്‍ക്കുന്ന കാലത്ത് കെ പി ഉമ്മറിനെയാണ് നായകനാക്കിയതെന്നും ഓര്‍ക്കണം.
 എങ്ങിനെയാണ് എഴുത്തിന്റെ ലോകത്തെത്തുന്നത്.
 ഞാന്‍ ആറാം കഌസ്സില്‍ പടിക്കുമ്പോല്‍ മുക്കുമാല എന്നൊരു കഥ എഴുതി കേരളഭൂഷണത്തിന് അയച്ചു കൊടുത്തു. അത് പ്രസിദ്ധീകരിച്ചപ്പോള്‍ ഒരാത്മ വിശ്വാസം വന്നു. എന്റെ ബാപ്പ ഹമീദ് ബാവ നന്നായി വായിക്കുമായിരുന്നു. മാമന്‍ ഡോ മുഹമ്മദ് കവിത എഴുതുമായിരുന്നു. ഇവരാണെന്നെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോവുന്നത്. ആലപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഞാന്‍ ഇന്നു വരെ പള്ളിയില്‍ പോയിട്ടില്ല, ദൈവത്തിലും ആത്മാവിലുമൊന്നും എനിക്കു വിശ്വാസമില്ല. മനുഷ്യനിലാണെനിക്ക് വിശ്വാസം, ജീവിതത്തിലാണെന്റെ പ്രതീക്ഷ.

aleppy sheriff


സിനിമയിലേക്കെത്തിയത്
 ആനുകാലികളില്‍ കഥകളും നോവലുകളും എഴുതി എഴുത്തുകാരന്‍ എന്ന നിലയില്‍ മേല്‍വിലാസം കിട്ടിയ ശേഷം കുഞ്ചാക്കോ ഉമ്മ എന്ന ചിത്രത്തിനു വേണ്ടി വിളിച്ചു. കുറച്ച് എഴുതിയതുമാണ്. പക്ഷെ അവിടുത്തെ അന്തരീക്ഷമെനിക്ക് സുഖകരമായി തോന്നിയില്ല. നിര്‍മ്മാതാവിനെ മൊതലാളി എന്നു വിളിക്കാനുള്ള മനസ്സൊന്നും എനിക്കുണ്ടായിരുന്നില്ല. പിന്നെ ശാരംഗപാണിയാണത് എഴുതിയത്.
 അതിനു ശേഷം കോട്ടയം ചെല്ലപ്പനാണ് മദിരാശിയിലേക്ക് വിളിക്കുന്നത്. അന്ന് കൊല്ലം വരെ ബോട്ടില്‍ പോയി അവിടെ നിന്നും തീവണ്ടി മാര്‍ഗം വേണം മദിരാശിയിലെത്താന്‍. കരിവണ്ടിയാണ്. അവിടെയെത്തുമ്പോഴേക്കും കരിക്കട്ടയാവും. അങ്ങിനെ അവിടെ ചെന്ന് ആദ്യം കളിപ്പാവ എന്ന എന്റെ നോവലൈറ്റ് സിനിമയ്ക്ക് വേണ്ടി എഴുതി. സുഗതകുമാരിയും അവരുടെ ഭര്‍ത്താവുമായി ഞാന്‍ സൗഹൃദത്തിലായി. സുഗതകുമാരിയാണ് ചിത്രത്തിന് ഗാനമെഴുതിയത്. ആ ചിത്രം ആദ്യം മുടങ്ങിയെങ്കിലും പിന്നെ പുറത്തിറങ്ങി. ഹിറ്റാവുകയും ചെയ്തു. പാവയെ വെച്ച കളിക്കുന്ന യുവതി അതുമായി മാതൃബന്ധത്തിലാവുന്നതായിരുന്നു കഥ. ആ സൈക്കോളജിക്കല്‍ പ്രശ്‌നത്തെ ഒരു ഡോക്ടര്‍ സ്വയം ഡ്രഗ്ഗായി മാറി ചികിത്സിക്കുന്ന സങ്കീര്‍ണമായ കഥയായിരുന്നു. ഈ ചിത്രത്തിനിടയില്‍ ധാരാളം അവസരങ്ങള്‍ വന്നു. തിരക്കഥ മിനുക്കാനും മറ്റുമായി ഒട്ടേറെ പേര്‍ സമീപിച്ചു.
 മുട്ടത്തുവര്‍ക്കിയുടെ നാത്തൂന്‍ ഇതിനിടയിലാണ് വരുന്നത്. അദ്ദേഹം തന്നെ തിരക്കഥ എഴുതാന്‍ എന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. എനിക്ക് അന്നും അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. എല്ലാവരും പൈങ്കിളി എന്നു വിളിച്ചാക്ഷേപിക്കുമ്പോഴും, കേരളത്തിലെ സാമൂഹിക ജീവിതത്തെ കുറിച്ച് ഇത്രയും ധാരണയുള്ള ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല, നല്ല റൊമാന്റിക്കുമായിരുന്നു. മറ്റ് പലരും നാത്തൂന് തിരക്കഥ എഴുതിയെങ്കിലും അതി നാടകീയത കാരണം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അങ്ങിനെയാണ് ഞാനതേറ്റെടുക്കുന്നത്. അത് സൂപ്പര്‍ ഹിറ്റായതോടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പിന്നെ എനിക്കു തന്നെ മടുക്കുമ്പം എഴുത്തു നിര്‍ത്തി പോന്നിട്ടുണ്ട് ഇടയ്ക്ക്. ഇപ്പോ നോക്കുമ്പോ ഇത്ര തിരക്കഥയെഴുതി, അതിലിത്ര ഹിറ്റായി എന്നതിലൊന്നും വലിയ കാര്യമില്ലെന്നു തോന്നുന്നു.
 എത്ര കാലമാണ് നമ്മള്‍ ഈ ഭൂമിയില്‍ ജിവിക്കുന്നത് ഈ ഭൂമിയേയും അതിലെ മനുഷ്യരേയും ദൈവം സൃഷ്ടിച്ചതാണെങ്കിലും അല്ലെങ്കിലും ശരി അതനുഭവിക്കുന്നത് ഞാനായാലും നെപ്പോളിയനായാലും ശരി എന്തെല്ലാം മാറ്റങ്ങള്‍ ഇവിടെയുണ്ടാവുന്നത്. ഇനിയും എന്തെല്ലാം മാറ്റങ്ങള്‍ വരാന്‍ പോവുന്നു. ഭൂമിയുടെ ഒരായുസ്സ് വെച്ച് നോക്കുമ്പോള്‍ ഒരു ഫ്രാക്ഷന്‍ ഓഫ് സെക്കന്റ് പോലും നമ്മളിവിടെ ജീവിക്കുന്നില്ല. ഒരു ശവക്കുഴിയിലൊതുങ്ങുന്ന, അല്ലെങ്കില്‍ ചിതയില്‍ ഒതുങ്ങുന്ന ജന്‍മങ്ങളാണെല്ലാമെന്നറിയാം. എന്നിട്ടും ഇത്രയേറെ മതങ്ങളും ജാതികളും മത്‌സരിക്കുന്നതും പോരടിക്കുന്നതും എന്തിനാണെന്ന് മനസിലാവുന്നില്ല. ഞാനീ കാര്യമിങ്ങനെ ഇടയ്ക്കിടെ ആലോചിച്ചുകൊണ്ടിരിക്കാറുണ്ട്.
സംവിധാനം ഒരു ചിത്രത്തിലൊതുക്കിയതെന്താണ്
സിനിമയുടെ കൂടെ കൂടി അതിന്റെ സാങ്കേതിക വശങ്ങളെല്ലാം മനസിലാക്കിയാണ് ഞാന്‍ തിരക്കഥ എഴുതാന്‍ തുടങ്ങിയത്. ആദ്യ ചിത്രം കളിപ്പാവ ഏ.ബി.രാജിന്റെ പേരിലാണ് വന്നതെങ്കിലും അതിന്റെ കുറേ ഭാഗങ്ങള്‍ ഞാനും ഹരിഹരനുമാണ് ഷൂട്ട് ചെയ്തത്. പിന്നെ അസ്തമിക്കാത്ത പകലുകള്‍ എന്നൊരു ചിത്രം സംവിധാനം ചെയതു. അത് നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കിയില്ലെങ്കിലും സൂപ്പര്‍ഹിറ്റായില്ല. ഞാന്‍ കടലാസില്‍ എഴുതുമ്പോ തന്നെ മനസിലെ സിനിമ പൂര്‍ത്തിയാവുന്നു. അതൊരു സംവിധാനമാണ്. അതിലേക്ക് നടീനടന്‍മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഭാവന കൂടി കലരുമ്പോള്‍ ആ സൃഷ്ടിക്ക് മറ്റൊരു മാനം കൈവരും. അതാണ് നല്ലതെന്നെനിക്ക് തോന്നുന്നു.
മലയാളത്തില്‍ ആദ്യമായൊരു സ്രത്രീ സംവിധായിക ഉണ്ടാവുന്നത് കവിതയിലൂടെയാണല്ലോ. വിജയനിര്‍മ്മലയുടെ ആ ചിത്രത്തിന്റെ രചനയും താങ്കളായിരുന്നല്ലോ? അതിന്റെ പിറവിയെ പറ്റി പറയാമോ
 വിജയ നിര്‍മ്മലയും ഞാനുമായി വളരെ നല്ല അടുപ്പമായിരുന്നു. അവരുടെ തെലുങ്ക് ചിത്രങ്ങളുടെ തിരക്കഥയില്‍ സീനുകള്‍ പോളിഷ് ചെയ്തു കൊടുക്കാന്‍ വിളിക്കാറുണ്ടായിരുന്നു. അങ്ങിനെയിരിക്കെയാണ് കവിതയുടെ കഥ ഞാന്‍ പറഞ്ഞു. അവര്‍ക്കത് നന്നായി ഇഷ്ടമായി. ഭര്‍ത്താവിന്റെ അച്ഛനാല്‍ ഗര്‍ഭിണിയായ ഒരു സത്രീ ആ കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുകയും പുരുഷാധിപത്യത്തില്‍ എന്തുചെയ്താലും ചോദിക്കാനില്ലാത്ത അവസ്ഥയ്‌ക്കെതിരെ അവളെ കൊണ്ട് പോരാടും എന്നു തീരുമാനിക്കുകയും ചെയ്യുന്ന ഒരു പെണ്ണിന്റെ കഥയായിരുന്നു അത്. അവരതിന്റെ സംവിധാനചുമതലയും ഏറ്റെടുത്തു. ചിത്രം എല്ലാ ഭാഷകളിലും ഹിറ്റായി. പിന്നെയും പല സിനിമകളുടെയും ചര്‍ച്ചകള്‍ക്കു വിളിക്കും. കാശിന് ആവശ്യമുള്ളപ്പോല്‍ ധൈര്യമായി ചോദിക്കാം. അങ്ങിനെആരാധനയും സൗഹൃദവും കലര്‍ന്ന ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായി. അന്നവര്‍ ഭര്‍ത്താവ് ഉപേക്ഷിച്ച് ഒരു കുഞ്ഞുമായി കഴിയുകയാണ്. വേണമെങ്കില്‍ കല്യാണം കഴിക്കാം. പക്ഷെ എനിക്കങ്ങിനെ തോന്നിയില്ല. രണ്ടുപേരും രണ്ട് സംസ്‌കാരത്തില്‍ വളര്‍ന്നുവന്നവരാണ്. ഒന്നിച്ചാല്‍ മുന്നോട്ട പോകാന്‍ പ്രയാസമായിരിക്കുമെന്നെനിക്ക് തോന്നി.
 ഒരു ദിവസം അവരെന്നെ വിളിച്ചു. ഒരു തിരക്കഥയുടെ കാര്യം സംസാരിക്കാനായിരുന്നു. ''നിമ്മി ഞാനിന്ന് നാട്ടിലേക്ക് പോവുകയാണ്. കുറച്ചു ദിവസം കഴിഞ്ഞേ തിരിച്ചു വരൂ.'' ഞാനൊരു കള്ളം പറഞ്ഞു. ഞാനപ്പോള്‍ ശശിക്കുവേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ മദ്രാസില്‍ തന്നെയുണ്ടെന്ന വിവരം ആരോ വിജയനിര്‍മ്മലയെ അറിയിച്ചു. അവരൊരാളെ വിട്ട് അതന്യേഷിക്കുകയും ചെയ്തു. ''ഞാന്‍ എന്നേക്കാള്‍ വിശ്വസിച്ചൊരാളാണ് നിങ്ങള്‍. നിങ്ങളെന്നോട് കള്ളം പറയുമെന്നു കരുതിയില്ല'' അവര്‍ പറഞ്ഞു. അതെനിക്കും ഒരു ഷോക്കായി. പക്ഷെ കുറ്റസമ്മതം നടത്താനൊന്നും പോയില്ല. ആ ബന്ധം അങ്ങിനെ മുറിഞ്ഞു. അവരെ കാണാനൊരു സങ്കോചം ഇപ്പോഴും മനസിലുണ്ട്. ഈ ജീവിതസായാഹ്നത്തില്‍ അതൊക്കെ വെറുതെയിങ്ങനെ ഓര്‍ക്കാമെന്നു മാത്രം.

അസ്തമിക്കുന്ന പകലുകള്‍
താങ്കളുടെ എല്ലാ കഥകളിലും സ്ത്രീകഥാപാത്രങ്ങള്‍ക്ക് നല്ല പ്രാധാന്യമുണ്ടായിരുന്നു. വര്‍ത്തമാന മലയാള സിനിമയില്‍ അങ്ങിനെയില്ല. ഇത് ശ്രദ്ധിച്ചിട്ടുണ്ടോ?
 സ്ത്രീ പുരുഷബന്ധവും അതിലെ സംഘര്‍ഷങ്ങളുമൊക്കെ എനിക്കെന്നും പ്രിയപ്പെട്ട വിഷയമായിരുന്നു. വിവാഹം എന്ന എസ്റ്റാബ്ലിഷ്‌മെന്റിനോടൊന്നും എനിക്ക് താത്പര്യമില്ല. മറിച്ച രണ്ട് പേര്‍ ഒന്നിച്ചു ജീവിക്കുമ്പോഴുള്ള സത്യസന്ധതയാണ് പ്രധാനം. ഇത്തരം കഥകളും നായികാപ്രാധാന്യവുമൊക്കെ തിരിച്ചുവരും എന്നു തന്നെയാണെന്റെ വിശ്വാസം.
 എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ ഏതാണ്
എല്ലാ ചിത്രങ്ങളും ഇഷ്ടത്തോടെ ആസ്വദിച്ചാണ് എഴുതിയത്. പക്ഷെ അവളുടെ രാവുകളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. പിന്നെ ആശീര്‍വാദത്തോടും അന്ന് അതൊരു വെല്ലുവിളി ഉയര്‍ത്തിയ രചനയായിരുന്നു.കൂടുതല്‍ ഹിറ്റു ചിത്രങ്ങള്‍ ഐ വി ശശിയുമായി ചേര്‍ന്നായിരുന്നല്ലോ ശശിയുമായി പിരിയാന്‍ കാരണം
ഞാന്‍ മറ്റൊരാള്‍ക്ക് വേണ്ടി തിരക്കഥ എഴുതാന്‍ പോയത് ശശിക്ക് ഇഷ്ടപ്പെട്ടില്ല. ശശിയും അപ്പോഴേക്കും വളര്‍ന്നിരുന്നു. പി. ജി.വിശ്വംഭരന്റെ'ഇതാ ഒരു തീരത്തിന്' തിരക്കഥ എഴുതിയതാണ് പ്രശ്‌നം. ആ തിരക്കഥ ശശിക്ക് നല്‍കാന്‍ പറഞ്ഞു. ഞാന്‍ വിശ്വംഭരനോട് പറഞ്ഞ വാക്ക് പാലിച്ചു, അതിന്റെ നിര്‍മ്മാതാവും വിതരണക്കാരനും എന്നെ വിശ്വസിച്ചാണ് അങ്ങിനെയൊരു പ്രൊജക്ട് തുടങ്ങിയത്. അതൊരു സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ശശിയെ സംവിധായകനാക്കാന്‍ ഞാനും എന്റെ കയ്യിലുള്ള തലതിരിഞ്ഞ വിഷയങ്ങള്‍ സിനിമയാക്കാന്‍ ശശിയും പരസ്പരം നല്‍കിയ സംഭാവന ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ കൂട്ടുകെട്ടിലെ എല്ലാ ചിത്രങ്ങളും ഹിറ്റും സൂപ്പര്‍ഹിറ്റുമായത്. ശശി പിന്നെ ബിഗ്ബഡ്ജറ്റ് ചിത്രങ്ങള്‍ക്കൊപ്പമായി. ഞാനിപ്പോഴും നല്ല കഥയുള്ള ചിത്രങ്ങള്‍ ചെലവ് ചുരുക്കി നിര്‍മ്മിക്കണമെന്ന പക്ഷക്കാരനാണ്. മലയാളത്തിന്റെ അന്തരീക്ഷത്തില്‍ അത്തരം ചിത്രങ്ങള്‍ക്കാണ് പ്രസക്തിയും വിജയസാധ്യതയും. അല്ലാത്ത ചിത്രം കാണാന്‍ നമുക്ക് തമിഴും ഹിന്ദിയും ഹോളിവുഡുമെല്ലാം ഉണ്ടല്ലോ. അവരുടെ മാര്‍ക്കറ്റും വലുതാണ് അവര്‍ക്ക് കോടികള്‍ ഇറക്കാം. തിരിച്ചുപിടിക്കാം. നമുക്ക് കോടികള്‍ ഇറക്കി കുത്തുപാളയെടുക്കാം എന്നതാണ് അവസ്ഥ. ശശിയുടെ ആദ്യചിത്രം 'ഉത്സവം' അന്ന് മറ്റ് നിര്‍മ്മാണ കമ്പനികളില്‍ പോയി ബിറ്റ് ഫിലിമുകള്‍ വാങ്ങികൊണ്ടു വന്നാണ് ചിത്രീകരിച്ചത്.
അന്ന് തിരക്കഥയ്ക്ക് എത്ര പ്രതിഫലം വാങ്ങിയിരുന്നു.
 ഞാന്‍ ആദ്യചിത്രത്തിന് 1000 രൂപ വാങ്ങി. പിന്നെ 3000 ആയി. അവസാനകാലത്തും വലിയ വ്യത്യാസമൊന്നും വന്നിരുന്നില്ല. അതുകൊണ്ടല്ലേ ഇപ്പോ ഇങ്ങിനെയിരിക്കുന്നത്. അന്ന് നാത്തൂന്‍ സിനിമയാക്കാന്‍ ഒന്നരലക്ഷമായിരുന്നു ബഡ്ജററിട്ടത്. ശാരദയ്ക്കു പകരം റാണിചന്ദ്രയെ അഭിനയിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു. ചിത്രം 90000 രൂപകൊണ്ട് തീര്‍ന്നു.
ഇപ്പോള്‍ ചികിത്സാസഹായം വ്ല്ലതും കിട്ടുന്നുണ്ടോ? മാക്ടയോ ഫെഫ്കയോ സാസ്‌കാരികവകുപ്പോ വല്ലതും തന്നോ?
 സര്‍ക്കാര്‍ 1000 രൂപ പെന്‍ഷന്‍ തരുന്നുണ്ട്. ഹാര്‍ട്ടിന് പ്രശ്‌നമുള്ളതു കാരണം ചികിത്സ ചെലവേറിയതാണ്. ഗള്‍ഫിലുള്ള മകളാണ് നോക്കുന്നത്. പിന്നെ ഇവിടെ ഈ റിസോര്‍ട്ടില്‍ നിന്നുള്ള വരുമാനവും. മാക്ടയോടൊന്നും എനിക്ക് വേണ്ടി ആരും കാശ് പിരിക്കേണ്ടെന്നു പറഞ്ഞിട്ടുണ്ട്. അവര്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിരുന്നു. സിനിമകള്‍ കാശാക്കാമായിരുന്ന കാലത്ത് അതിനൊന്നും ശ്രമിച്ചില്ലെന്നത് നേരാണ്. അതിലൊന്നും കുറ്റബോധമില്ല. കുറേ തലതിരഞ്ഞ വിഷയങ്ങള്‍ ഇഷ്ടപ്പെട്ട സംവിധായകരെ കൊണ്ട് സിനിമയാക്കാന്‍ കഴിഞ്ഞു. അതെല്ലാം നിര്‍മ്മാതാക്കള്‍ക്ക് കാശ് തിരിച്ചുകൊടുത്തവയുമാണ്. എഴുതിയ 80 ചിത്രത്തില്‍ എഴുപത്തഞ്ചും ഹിറ്റായിരുന്നു എന്ന ചാരിതാര്‍ഥ്യം വലുതല്ലേ. പിന്നെ സ്‌നേഹവും സഹായവും ഹൃദയത്തില്‍ തൊട്ട് വരുന്നതാണെങ്കിലേ അത് യഥാര്‍ഥ സ്‌നേഹമാവൂ എന്നു വിശ്വസിക്കുന്നൊരാളാണ് ഞാന്‍.


 ഒന്നും നമ്മള്‍ വിചാരിക്കുന്നപോലൊന്നുമല്ലല്ലോ സംഭവിക്കുന്നത്. ജയന്റെ കാര്യം തന്നെ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇവിടെ ഇടയ്ക്കിടെ വരുമായിരുന്നു. എന്റെ ചില പടങ്ങളില്‍ ചെറിയ വേഷവും ചെയ്തിട്ടുണ്ട്. സ്റ്റാറായി കഴിഞ്ഞപ്പോ നമുക്കൊന്നിച്ച് നില്‍ക്കണമെന്നെക്കെ എന്നോട് പറഞ്ഞിരുന്നു. 'സ്‌ഫോടനം' ജയനെ വെച്ച് പഌന്‍ ചെയ്ത ചിത്രമായിരുന്നു. ഒടുക്കം ജയന്‍ പോയി. 'സ്‌ഫോടന'ത്തില്‍ ജയന് വെച്ച വേഷം സുകുമാരന്‍ ചെയ്തു. സുകുമാരന്റെ വേഷം മമ്മൂട്ടിയും ചെയ്തു. വേഷം മാറാന്‍ നിമിഷങ്ങള്‍ മതി. പിന്നെന്തിന് ഈ മത്സരങ്ങള്‍. ഇതൊന്നും ജീവിത സായാഹ്നത്തില്‍ തോന്നുന്ന ഫിലോസഫിയല്ല കേട്ടോ. പണ്ടേ ഇങ്ങിനെയൊക്കെ തന്നെയായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കാം, വിജയങ്ങള്‍ കാശാക്കാന്‍ മറന്നുപോയത്. ഏതായാലും അവളുടെ രാവുകള്‍ വീണ്ടും വരുമ്പോള്‍ സിനിമാലോകം എന്നെയോര്‍ക്കും. ഈറ്റയും ഇങ്ങിനെ റീമേക്ക് ചെയ്യണമെന്നാവശ്യപ്പെട്ട് ചിലര്‍ വന്നിരുന്നു. ഇനി ഈ റീമേക്ക് വന്നില്ലെങ്കിലും ഓര്‍ക്കും. കാരണം ആ ചിത്രങ്ങള്‍ക്ക് ഇന്നും നിലനില്‍പ്പുണ്ട് എന്നു തന്നെയാണെന്റെ വിശ്വാസം. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ അല്ലേ...
 സംസാരത്തിനിടയില്‍ ഭക്ഷണവും മരുന്നുകളുമായി ഭാര്യ നസീമ വന്നു. അധികം സംസാരിക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമെന്ന് ഓര്‍മ്മിപ്പിച്ചു. ശരിയാണ്, അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പല സിനിമകളിലായി പല താരങ്ങളും പറഞ്ഞുവെച്ചിട്ടുണ്ടല്ലോ..

ചിത്രങ്ങള്‍
പ്രതിധ്വനി
കളിപ്പാവ
കാറ്റുവിതച്ചവന്‍
കവിത
അലകള്‍
നാത്തൂന്‍
നിറമാല
ഉത്സവം
ഓടക്കുഴല്‍
മത്സരം
ആലിംഗനം
അഭിനന്ദനം
അയല്‍ക്കാരി
അനുഭവം
ഇന്നലെ ഇന്ന്
അകലെ ആകാശം
ആനന്ദം പരമാനന്ദം
അഞ്ജലി
അഭിനിവേശം
അന്തര്‍ദാഹം
ആ നിമിഷം
ആശീര്‍വാദം
ഊഞ്ഞാല്‍
അംഗീകാരം
ഇനിയും പുഴയൊഴുകും
അവളുടെ രാവുകള്‍
ഈറ്റ
ഇതാ ഒരു തീരം
രക്തമില്ലാത്ത മനുഷ്യന്‍
ഇവിടെ കാറ്റിനു സുഗന്ധം
അലാവുദ്ദീനും അത്ഭുതവിളക്കും
മനസാ വാചാ കര്‍മ്മണ
തുറമുഖം
രാജവീഥി
ഏഴാം കടലിനക്കരെ
ദൂരം അരികെ
പുഴ
കടല്‍ക്കാറ്റ്
സ്‌ഫോടനം
അസ്തമിക്കാത്ത പകലുകള്‍
എന്തിനോ പൂക്കുന്ന പൂക്കള്‍
വീട്
പാലം
തിരക്കില്‍ അല്‍പ്പ സമയം
പിരിയില്ല നാം
ഇതാ ഇന്നു മുതല്‍
ഒരു നാള്‍ ഇന്നൊരുനാള്‍
കണ്ണാരം പൊത്തി പൊത്തി
അനുരാഗി

ലിസ്റ്റ് അപൂര്‍ണ്ണം.