ത്രയ്ക്ക് ചീപ്പാണോ ആർട്ടിസ്റ്റ് ബേബി? ഈയൊരൊറ്റ ഡയലോഗ് മതി മഹേഷിന്റെ പ്രതികാരത്തിലെ ബേബിച്ചായൻ മനസ്സിലേക്കെത്താൻ. സ്വാഭാവികമായ അഭിനയത്തിലൂടെ ചിത്രത്തിൽ ആർട്ടിസ്റ്റ് ബേബിയായി വേഷമിട്ട അലൻസിയർ ലേ ലോപസ് ഇന്നും പ്രേക്ഷകർക്ക് ബേബിച്ചായനാണ്. ദീലീഷ് പോത്തന്റെ മറ്റൊരു ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയിലെ എ.എസ്.ഐ. ചന്ദ്രനെ അവതരിപ്പിച്ച് മികച്ച സ്വഭാവനടനുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് നേടിയപ്പോഴും ബേബിച്ചായന് അവാർഡ് എന്നാണ് ഏവരും പറയുന്നത്.
 
ചെറുപ്പം മുതൽക്കേ നാടകരംഗത്ത് സജീവമായിരുന്ന അലൻസിയർ സി.പി. കൃഷ്ണകുമാറിന്റെ നാടകസംഘത്തിലും കാവാലം നാരായണപ്പണിക്കരുടെ സോപാനത്തിലും കെ. രഘുവിന്റെ നാടകയോഗം നാടകസംഘത്തിലും പ്രവർത്തിച്ചശേഷമാണ് സിനിമയിലേക്കെത്തുന്നത്. 1998-ൽ ദയ എന്ന ചിത്രത്തിലൂടെയാണ് അലൻസിയർ സിനിമാലോകത്തെത്തിയതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2013-ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തിലെ ബഷീർ എന്ന കഥാപാത്രത്തിലൂടെയാണ്. ആദ്യമായി ലഭിച്ച സംസ്ഥാന അവാർഡിന്റെ മാധുര്യത്തിൽ അലൻസിയർ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എ.എസ്.ഐ. ചന്ദ്രന് ഒരു അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല
 
‘‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഷൂട്ടിങ് കഴിഞ്ഞപ്പോൾത്തന്നെ ഹിറ്റാകുമെന്ന് ഉറപ്പുണ്ടായിരുന്നു. എ.എസ്.ഐ. ചന്ദ്രന് ഒരു അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നീട് സിനിമ റിലീസ് ചെയ്തപ്പോൾ നവമാധ്യമ ഗ്രൂപ്പിന്റെ സി.പി.സി. അവാർഡ്, നോർത്ത് അമേരിക്കൻ ഫിലിം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു. തൊണ്ടിമുതൽ നിരവധി പുരസ്കാരങ്ങളാണ് നേടിയത്. കൂട്ടത്തിൽ എനിക്കും ചിലത് ലഭിച്ചു. അപ്പോൾ സംസ്ഥാന അവാർഡ് കിട്ടിയേക്കുമെന്ന പ്രതീക്ഷയുണ്ടായി. ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു. സിനിമ പ്രേക്ഷകർ സ്വീകരിച്ചതാണ് അതിനേക്കാളേറെ സന്തോഷം തരുന്ന കാര്യം.’’

നാടകത്തിലാണോ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നതാണോ കൂടുതലിഷ്ടം?

നാടകവും സിനിമയും എനിക്ക് ഒരുപോലെ ഇഷ്ടമാണ്. രണ്ടും രണ്ട് വ്യത്യസ്തമായ മേഖലകളാണ്. രണ്ടിലും വ്യത്യസ്തമായ അഭിനയമാണ് വേണ്ടത്. സിനിമയിൽ ലെൻസിന്റെ മുന്നിൽ പലതവണ ടേക്കുകളെടുത്ത് അഭിനയം മെച്ചപ്പെടുത്തുമ്പോൾ നേരത്തെ അഭിനയിച്ച് പരിശീലിച്ചാണ് നാടകത്തിനായൊരുങ്ങുന്നത്. വലിയൊരു ജനാരവത്തിനുമുന്നിലാണ് അഭിനയിക്കേണ്ടത്. സിനിമയിൽ സാങ്കേതികതയാണെങ്കിൽ നാടകം ജൈവികമാണ്. അവിടെ റീടേക്കുകൾക്ക് സ്ഥാനമില്ല. രണ്ടിലും ഒരുപോലെ അഭിനയിക്കാൻ സാധിക്കാറുണ്ട്.

സിനിമയിൽ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ മാത്രമാണോ സ്വീകരിക്കാറ്? അതോ ലഭിക്കുന്ന എല്ലാ അവസരങ്ങളും വിനിയോഗിക്കാറുണ്ടോ?

നിരവധി അവസരങ്ങൾ വരുന്നുണ്ടെങ്കിലും എനിക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ മാത്രമേ സ്വീകരിക്കാറുള്ളൂ. എന്റെ ചിന്തകൾക്കും കഴിവിനും നിലപാടുകൾക്കും അനുസരിച്ചുള്ള കഥാപാത്രമാണെങ്കിൽ, അതെനിക്ക് ബോധ്യപ്പെട്ടാൽ തീർച്ചയായും ആ കഥാപാത്രമായി മാറും. എന്നാൽ ചില കഥാപാത്രങ്ങളേ ചെയ്യൂ എന്ന പിടിവാശിയൊന്നുമില്ല. എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും കൈകാര്യം ചെയ്യുമ്പോഴേ ഒരാൾ മികച്ച നടനായി മാറൂ. 

അഭിനയിച്ച സിനിമകളിൽ ഹൃദയത്തെ തൊട്ട കഥാപാത്രമേതാണ്?

അത് കുഴപ്പിക്കുന്ന ചോദ്യമാണ്. ഒരു കഥാപാത്രത്തെ മാത്രമായി ഇഷ്ടപ്പെടാനെനിക്കാവില്ല. ഒരു കഥ കേൾക്കുമ്പോൾ എനിക്ക് പറ്റിയ റോളുണ്ടെങ്കിൽ മാത്രമേ ആ സിനിമയിൽ പ്രവർത്തിക്കാറുള്ളൂ. എല്ലാ കഥാപാത്രങ്ങളും ഏറെ താത്പര്യത്തോടെയാണ് ചെയ്യാറ്. അവയെല്ലാം എനിക്കിഷ്ടമാണ്. ഒരു സീനിൽ മാത്രമായി അഭിനയിച്ച കഥാപാത്രത്തെപ്പോലും ഞാനിഷ്ടപ്പെടുന്നു.

കന്യകാ ടാക്കീസ് അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നില്ലേ?

തീർച്ചയായും. ഒരു അഭിനേതാവ് എന്ന നിലയിൽ കന്യകാടാക്കീസ് എനിക്ക് വലിയൊരു ഇടമാണ് നൽകിയത്. വ്യത്യസ്തമായ സമീപനം തന്നെയായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്. അതിലെ യാക്കൂബ് എന്ന കഥാപാത്രം എന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ്. എന്നാൽ കഥാപാത്രത്തെക്കാൾ ആ സിനിമയാണ് എന്നെ ഏറെ സ്വാധീനിച്ചത്. ആ സിനിമ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതും ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചതുമെല്ലാം വലിയ നേട്ടങ്ങൾതന്നെയാണ്. ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഇപ്പോഴും അഭിമാനിക്കുന്നു.

സാമൂഹ്യപ്രശ്നങ്ങൾക്കെതിരേ ഏകാംഗ നാടകത്തിലൂടെ പ്രതിഷേധിക്കുന്നതിന്റെ കാരണം?

ഓർമവെച്ച കാലംമുതൽ നാടകത്തിൽ പ്രവർത്തിക്കുന്ന കലാകാരനാണ് ഞാൻ. അന്നുതൊട്ട് സാമൂഹികപ്രശ്നങ്ങൾക്കെതിരേ നാടകത്തിലൂടെ പ്രതിഷേധിക്കാറുണ്ട്. ഇന്ന് സിനിമാനടനായപ്പോൾ അത് തുടരുന്നു എന്നുമാത്രം. അന്ന് ആരും ശ്രദ്ധിക്കപ്പെടാതെ പോയ എന്റെ പ്രതിഷേധങ്ങൾ ഇന്ന് ചലച്ചിത്രതാരമായപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇനിയും അനീതികൾക്കെതിരേയുള്ള നാടകത്തിലൂടെയുള്ള പോരാട്ടം തുടരുകതന്നെചെയ്യും.

അഭിനയമാണ് ജീവിതമെന്ന് എപ്പോഴാണ് തിരിച്ചറിഞ്ഞത്?

ഞാൻ ജനിച്ചുവളർന്ന ചുറ്റുപാടുകളിൽ മുഴുവൻ നാടകമായിരുന്നു. വായനശാലകളിലും സ്കൂളുകളിലുമൊക്കെയായി നാടകത്തോട് അഭിനിവേശവുമായി നടന്ന ചെറുപ്പകാലംതന്നെയാണ് എന്നെ അഭിനയരംഗത്തേക്ക് അടുപ്പിച്ചത്. സ്കൂളുകളിലും മറ്റ് വേദികളിലും നാടകത്തിൽ വേഷമിട്ടുതുടങ്ങിയതോടെ ഇതാണ് എന്റെ ജീവിതമെന്ന് തിരിച്ചറിഞ്ഞു. അതിപ്പോഴും തുടരുന്നു. 

പുതിയ ചിത്രങ്ങൾ ഏതെല്ലാമാണ്?

മമ്മൂട്ടിയുടെ പരോൾ, ഒരു കുപ്രസിദ്ധ പയ്യൻ, ബി.ടെക്., ആഭാസം, എന്റെ മെഴുകുതിരി അത്താഴങ്ങൾ തുടങ്ങിയവയാണ് ഉടൻ റിലീസിനെത്തുന്ന എന്റെ സിനിമകൾ. 

Content Highlights: Alancier Thondimuthalum Driksakshiyum MaheshintePrathikaram ArtistBaby StateFilmAwards