‘മൂന്നുവർഷം മുന്നേ അപ്രതീക്ഷിതമായി വന്നൊരു ചിന്തയാണ് ഈ സിനിമ. പത്തുവർഷമായി ഞാൻ അച്ഛന്റെ കൂടെ സിനിമയിൽ വർക്ക് ചെയ്യുകയായിരുന്നുവല്ലോ. ഈ കഥയെ കുറിച്ച് ചിന്തിച്ചപ്പോൾ പിന്നെ എപ്പോഴെങ്കിലും ചെയ്യാം എന്ന് കരുതി മാറ്റിവെച്ചതായിരുന്നു. പക്ഷേ, ‘ഞാൻ പ്രകാശൻ’ കഴിഞ്ഞപ്പോൾ എനിക്ക് ആത്മവിശ്വാസം വന്നു. ഈ സിനിമ സ്ക്രീനിൽ കാണാൻ ഒരുകൊതി. ഇതൊരു കുഞ്ഞുകഥയാണ്. മിഡിൽ ക്ലാസ് ആയ ഹീറോയാണ്. പക്ഷേ, ഇത് കൈകാര്യംചെയ്യുന്ന വിഷയം വളരെ സീരിയസ്സാണ്. ഫഹദാണ് നായകനെങ്കിലും വ്യത്യസ്തപ്രായമുള്ള മൂന്ന് സ്ത്രീകളും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്’ പകപ്പില്ലാതെ, ആവേശം മുറ്റുന്ന തനി തൃശ്ശൂർ ശൈലിയിൽ അഖിൽ സംസാരിക്കുന്നു.
'ഞാൻ പ്രകാശൻ' ചിത്രീകരിക്കുന്നതിനിടയിൽ പെട്ടെന്ന് ഈ സിനിമയിലേക്ക് വന്നത് എങ്ങനെയാണ്
ഈ കഥ പണ്ടേ എന്റെ മനസ്സിലുണ്ട്. വ്യക്തിപരമായി എനിക്ക് ഫഹദിനെ അറിയാവുന്നതുകൊണ്ടും ‘ഞാൻ പ്രകാശനിലും’, ‘ഒരു ഇന്ത്യൻ പ്രണയകഥയി’ലുമൊക്കെ ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തതിനാലും ഞാൻ എന്ത് കഥ ആലോചിച്ചാലും അതിനകത്ത് ഫഹദിന്റെ മാനറിസം കടന്നുവരും. ഈ സിനിമയുടെ കഥ എഴുതിയപ്പോഴും ഞാൻ ആദ്യം ചിന്തിച്ചത് ആ കഥാപാത്രം ഫഹദ് അവതരിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു. ഇത് കൂടുതലും കേരളത്തിന് പുറത്തുനടക്കുന്നൊരു കഥയാണ്. ഗോവയാണ് സിനിമയിൽ അധികവും വരുന്നത്. കുറച്ച് റിയലിസ്റ്റിക്കായ ഗോവയെ കാണിക്കണം എന്ന് ആഗ്രഹമുണ്ട്. ഗോവ എനിക്ക് ഇഷ്ടമുള്ള സ്ഥലമാണ്. പലപ്പോഴും പോവാറുമുണ്ട്. പക്ഷേ, പല സിനിമകളിലും കാണുന്ന ഗോവയിൽ ബീച്ചും ബഹളവും ഹൈ-ഫൈ ലൈഫും മാത്രമേയുള്ളൂ. എന്നാൽ, അങ്ങനെയല്ലാത്തൊരു ഗോവയുണ്ട്. അങ്ങനെയൊരു ഫ്രഷ് ഗോവയെ എങ്ങനെ കാണിക്കാം എന്നാണ് ചിന്തിക്കുന്നത്.
ഈ സിനിമയുടെ തിരക്കഥ എഴുതി കാണിച്ചപ്പോൾ എന്തായിരുന്നു അച്ഛന്റെ പ്രതികരണം
അനൂപ് സിനിമ ചെയ്തപ്പോൾ (വരനെ ആവശ്യമുണ്ട്) അതിന്റെ കഥ അച്ഛനോട് പറഞ്ഞിരുന്നില്ല. ആ സിനിമ കാണുമ്പോഴാണ് അച്ഛനത് അറിയുന്നതുതന്നെ. ഞാനും സ്ക്രിപ്റ്റ് എഴുതി ബൈൻഡ് ചെയ്യുന്നതു വരെ അച്ഛനോട് കഥ പറഞ്ഞില്ല. പക്ഷേ, അനൂപിനെക്കാൾ കൂടുതൽ ഞാൻ അച്ഛന്റെ കൂടെ വർക്ക് ചെയ്തതുകൊണ്ട് അച്ഛന്റെ രീതികൾ എനിക്ക് നന്നായി അറിയാം. ഞാൻ കഥ മുഴുവനാക്കി ബൈൻഡ് ചെയ്ത് കൊടുത്തപ്പോൾ അച്ഛനത് സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വായിച്ച് ‘കുഴപ്പമില്ലെടാ, നന്നായിട്ടുണ്ടെന്ന്’ മാത്രമേ അച്ഛൻ പറഞ്ഞുള്ളൂ. പക്ഷേ, അമ്മ പറഞ്ഞു, അച്ഛനിത് ഒരുപാട് ഇഷ്ടമായെന്ന്. അച്ഛന്റെ ആ ഒരു അംഗീകാരം എനിക്ക് പാസ് ചെയ്ത് തന്നത് അമ്മയാണ്. അതെനിക്ക് നല്ല ധൈര്യം തന്നു. കാരണം അച്ഛൻ അംഗീകരിക്കുന്നു എന്നതിനപ്പുറം അത് സംവിധായകൻ സത്യൻ അന്തിക്കാടാണ് അംഗീകരിക്കുന്നത്.
എങ്ങനെയായിരുന്നു സിനിമയുടെ മുന്നൊരുക്കങ്ങൾ
ഞാൻ മുംബൈയിലൊക്കെ പരസ്യമേഖലയിൽ ജോലി ചെയ്തിട്ടുണ്ട്. അവിടത്തെ വർക്ക് കൾച്ചർ അറിയാം. അവിടെ ഒരു സിനിമയ്ക്ക് ടെക്നീഷ്യൻമാരെ തിരഞ്ഞെടുക്കുന്നതിലൊക്കെ നല്ല വ്യത്യാസമുണ്ട്. ഒരു പാൻ ഇന്ത്യൻ ക്രൂവിനെ ഈ സിനിമയ്ക്കുവേണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഭാഗ്യത്തിന് അത് നടന്നുകിട്ടി. ജസ്റ്റിൻ പ്രഭാകരനാണ് മ്യൂസിക്, അദ്ദേഹം ദക്ഷിണേന്ത്യയിലെ മുൻനിര സംഗീതജ്ഞനാണ്. ആർട്ട് ചെയ്യുന്നത് രാജീവനാണ്. നമ്മൾ കണ്ട ഒരുപാട് തമിഴ് സിനിമകളിൽ ആർട്ട് വർക്ക് ചെയ്തിട്ടുണ്ട് അദ്ദേഹം. കോസ്റ്റ്യൂം ഉത്തരമേനോനാണ്. ഗൗതം മേനോന്റെ സഹോദരി. അവർ അജിത്തിനൊക്കെ സ്റ്റൈൽ ചെയ്തിട്ടുണ്ട്. ഇവരുടെയൊക്കെ സഹായം സിനിമയെ സഹായിക്കും എന്നാണ് പ്രതീക്ഷ.
ആദ്യസിനിമയിൽ ഇങ്ങനെയൊരു സംഘം കൂടെ വേണം എന്ന് നിർബന്ധം പിടിച്ചതാണോ
ഞാൻ ഇതിലും വലിയ ക്രൂവിനെ നോക്കിപ്പോയതാണ്. പക്ഷേ, പലരുടെയും ഡേറ്റ് പ്രശ്നം വന്നു. ക്യാമറ ചെയ്യാൻ ആദ്യം കെ.യു. മോഹനനെയാണ് സമീപിച്ചത്. അദ്ദേഹത്തിന് കഥ ഇഷ്ടമായി. ക്യാമറ ചെയ്യാൻ തയ്യാറായി. പക്ഷേ ഡേറ്റ് പ്രശ്നം വന്നു. പക്ഷേ, മുംബൈ വരെ പോയി കഥപറഞ്ഞ് അദ്ദേഹത്തിന്റെ മതിപ്പ് നേടാൻ പറ്റി എന്നത് എനിക്ക് നല്ല ധൈര്യം തന്നു. പിന്നീട് ഞാൻ നേരെപോയത് ഷൈജുഖാലിദിന്റെയും സമീർ താഹിറിന്റെയും അടുത്തേക്കാണ്. മലയാളത്തിലെ ഏറ്റവും മികച്ച ആ രണ്ടുക്യാമറാമാൻമാരും ഒരുമിച്ച് നിർദേശിച്ച പേര് ശരൺ വേലായുധന്റേതാണ്. അമ്പിളി എന്ന സിനിമയുടെ ക്യാമറാമാൻ. അതുപോലെ സിങ്ക് സൗണ്ടാണ് ഈ പടത്തിൽ ഉപയോഗിക്കുന്നത്. ‘ഞാൻ പ്രകാശൻ’ കണ്ടപ്പോഴാണ് സിങ്ക് സൗണ്ടിന്റെ സാധ്യത എനിക്ക് മനസ്സിലാവുന്നത്. ഇത്രയും വർഷം വർക്ക് ചെയ്ത അച്ഛൻ പോലും ആ സിനിമ കഴിഞ്ഞപ്പോൾ സിങ്ക് സൗണ്ടിന്റെ ഫാൻ ആയിപ്പോയി. അതിന്റെ കാരണം അനിൽ രാധാകൃഷ്ണനാണ്. കഴിഞ്ഞതവണത്തെ സംസ്ഥാന അവാർഡ് ജേതാവ്. ഒരു ആർട്ടിസ്റ്റ് പെർഫോം ചെയ്യുമ്പോൾ ആ ശബ്ദം അതേപടി തിയേറ്ററിൽ കേൾക്കാൻ പറ്റുക എന്നത് വലിയ മാജിക്കാണ്. ഫഹദിനെപ്പോലൊരു നടന്റെ മാനറിസത്തിൽ അദ്ദേഹത്തിന്റെ ഒരു കുഞ്ഞ് ശ്വാസംപോലും നമുക്ക് തിയേറ്ററിൽ പുനഃസൃഷ്ടിക്കാൻ പറ്റുന്നു. അതെല്ലാം സിങ്ക് സൗണ്ടിന്റെ മാജിക്കാണ്. അതിനുവേണ്ടി അനിലും ഞങ്ങൾക്കൊപ്പം വർക്ക് ചെയ്യുന്നുണ്ട്. പിന്നെ അച്ഛന്റെ വർഷങ്ങളായുള്ള ചങ്ങാതി സേതു മണ്ണാർക്കാടാണ് നിർമാതാവ്.
പത്തുവർഷം അച്ഛന്റെ കൂടെ നടന്ന് സിനിമയെക്കുറിച്ച് എന്തൊക്കെ പഠിച്ചു
അച്ഛന്റെ കൂടെനിന്ന് സിനിമയുണ്ടാക്കുന്നതിൽ എന്തൊക്കെ പഠിച്ചു എന്നത് എനിക്കിപ്പോഴും അറിയില്ല. പലതും പഠിച്ചിട്ടുണ്ടാവും. പക്ഷേ, അച്ഛൻ ആളുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് ഞാൻ നന്നായി പഠിച്ചത്. അച്ഛന്റെ സെറ്റിൽ വരുന്ന എല്ലാവരും പിന്നെയും വരാൻ കൊതിക്കാറുണ്ട്. എന്തോ ഒരു ആനന്ദഘടകം അച്ഛന്റെ സെറ്റിലുണ്ട്. അത് എന്താണെന്ന് പഠിക്കാൻ പറ്റി. അച്ഛൻ ആരെയും പിണക്കാതെ ഓരോരുത്തരെയും കൈകാര്യം ചെയ്യും. അതേസമയം സിനിമയ്ക്കായി അവരുടെ ഏറ്റവും നല്ല പ്രകടനം ചോദിച്ചുവാങ്ങുകയും ചെയ്യുന്നു. ഒരു സംവിധായകന് അത്യാവശ്യമായി വേണ്ട സമീപനമാണിത്. അത് എന്നിലും സെറ്റ് ചെയ്ത് തന്നത് അച്ഛനാണ്. സെറ്റിലുള്ള എല്ലാവരും ഹാപ്പി ആയിട്ടിരുന്നാൽ അവിടെനിന്ന് ഏറ്റവും നല്ല ഔട്ട്പുട്ട് ഉണ്ടാവും എന്നത് ഉറപ്പാണ്. പിന്നെ ഇപ്പോൾ ഞാൻ ആക്ഷൻ എന്ന് പറയുമ്പോൾ ഇടയ്ക്ക് അച്ഛന്റെ ശബ്ദം പോലെ വരാറുണ്ടോ എന്നും സംശയമുണ്ട്. അച്ഛൻ പറയുന്ന ചില വാക്കുകൾ ഞാനും പറയുന്നുണ്ട് എന്ന് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. പക്ഷേ, ഈ പടത്തിൽ എന്റേതായൊരു എലമെന്റ് കൂടി ഉണ്ടാവണമെന്നുണ്ട്. അച്ഛന്റെ പടത്തിൽ കാണാത്ത വേറൊരു മിക്സ്.
മലയാളിയുടെ വിശ്വസനീയ സിനിമാബ്രാൻഡെന്ന് പേരെടുത്തയാളാണ് സത്യൻ അന്തിക്കാട്. അതിന്റെ പിൻമുറക്കാരൻ എന്നത് സമ്മർദമുണ്ടാക്കുന്നുണ്ടോ
അതിൽ ടെൻഷനടിച്ചിട്ട് ഒരു കാര്യവുമില്ല. നമ്മൾ ചെയ്യുന്ന ജോലി ആസ്വദിച്ച് ചെയ്യുക എന്നതാണ് പ്രധാനം. അച്ഛന്റെ തിയറിയും അതാണ്. നമ്മൾ ഒരു സിനിമയിൽ മനസ്സുറപ്പിച്ചു കഴിഞ്ഞാൽ വേറെ ചിന്തകൾക്കൊന്നും സ്ഥാനമില്ല. ഏറ്റവും നല്ല ഉത്പന്നം ഉണ്ടാക്കുക എന്നേ ആലോചിക്കാനുള്ളൂ.
എപ്പോഴാണ് അഖിലിനെയും അനൂപിനെയും സിനിമ ആവേശിച്ചത്
പ്ലസ് ടു കഴിഞ്ഞപ്പോഴേ ഞങ്ങൾ രണ്ടുപേർക്കും സംവിധാനം വലിയ ഇഷ്ടമായിരുന്നു. മണിരത്നത്തിന്റെ സിനിമയൊക്കെ കാണുമ്പോൾ വലിയ ആവേശം തോന്നും. അതിന്റെ കാരണം ചികഞ്ഞപ്പോഴാണ് അത് സിനിമയുണ്ടാക്കുന്ന രീതിതന്നെയാണെന്ന് മനസ്സിലായത്. ശൂന്യമായ ആലോചനയിൽനിന്ന് ഒരു സിനിമ ഉണ്ടാക്കുന്നതിന്റെ ത്രിൽ വലുതാണ്. പക്ഷേ, ആ സമയത്തൊക്കെ ഞങ്ങൾ സിനിമയിൽ വരണമെന്ന് പറയുമ്പോൾ അച്ഛന് വല്ലാത്ത ഉത്കണ്ഠയായിരുന്നു. ഏതൊരു രക്ഷിതാവിനെയുംപോലെ ഞങ്ങളെ സിനിമയിലേക്ക് തിരിയാൻ സമ്മതിച്ചതേയില്ല. ഞങ്ങൾ പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നു. ഡിഗ്രി പൂർത്തിയാക്കിയിട്ട് സിനിമയിൽ വരാം എന്നായിരുന്നു ചിന്ത. പക്ഷേ, അപ്പോഴും അച്ഛൻ സമ്മതിച്ചില്ല. തുടർന്ന് പി.ജി.ക്ക് ചേർന്നു. അതുകഴിഞ്ഞ് വന്നിട്ടും സമ്മതിച്ചില്ല. പിന്നെ രണ്ടുവർഷം ജോലിചെയ്തു. എന്നിട്ടും സിനിമാഭ്രാന്ത് പോവാതെ നിൽക്കുന്നത് കണ്ടപ്പോൾ അച്ഛന് മനസ്സിലായി, ഇവരുടെ ഉള്ളിലുള്ളത് സ്വാഭാവികമായ താത്പര്യം തന്നെയാണെന്ന്. അതിനിടെ അനൂപ് ജോലി രാജിവെച്ച് സിനിമ പഠിക്കാൻ പോയി. അതോടെ എനിക്കും നിൽക്കക്കള്ളിയില്ലാതായി. ഒടുവിൽ അച്ഛൻ കൂടെ വന്നോളാൻ പറഞ്ഞു. കുറച്ചുകാലം ഞാൻ പരസ്യമേഖലയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ ‘ദാറ്റ്സ് മൈ ബോയി’ എന്ന പേരിൽ ഒരു ഡോക്യുമെന്ററി എടുത്തു. അന്തിക്കാട്ടെ നമ്മുടെ വീട്ടിലെ മുറിയിൽ ഇരുന്ന് കുഞ്ഞ് ലാപ്ടോപിൽ ഉണ്ടാക്കിയ സാധനം പത്തൊമ്പത് രാജ്യങ്ങളിലെ ആളുകൾ കണ്ടു എന്നത് ആത്മവിശ്വാസം തന്നു. അത് നെറ്റ് ഫ്ളിക്സ് സ്ക്രീൻ ചെയ്തു. ഇതൊക്കെ സിനിമ എന്ന എന്റെ സ്വപ്നത്തിന് കൂടുതൽ ഇന്ധനം നിറച്ചു. അങ്ങനെയാണ് ഇതിലേക്ക് ഇറങ്ങുന്നത്.
പാച്ചുവും അദ്ഭുതവിളക്കും എന്ന സിനിമയുടെ കുറച്ച് ഭാഗം ഷൂട്ട് ചെയ്ത് കഴിഞ്ഞു. അതിനിടയിലാണ് കോവിഡ് വന്നത്. ബാക്കി ഷൂട്ടിങ് തുടങ്ങാൻ പോവുന്നു. ഇതിനിടയ്ക്ക് ഫഹദാണ് പറഞ്ഞത് നമുക്ക് പോസ്റ്റർ റിലീസ് ചെയ്യാമെന്ന്. പോസ്റ്റർ വന്നപ്പോൾ ഞങ്ങളുടെ സംഘം മൊത്തം സന്തോഷത്തിലായി. എനിക്കും വീണ്ടുമൊരു ഊർജം വന്നു.
അച്ഛന് മോഹൻലാൽ എന്ന പോലെയാണ് അഖിലിന് ഫഹദെന്ന് പറഞ്ഞിട്ടുണ്ടല്ലോ
അത് സത്യമാണ്. അച്ഛന് മോഹൻലാലിനോട് വല്ലാത്തൊരു ഭ്രമമുണ്ട്. അച്ഛന്റെ ആദ്യത്തെ പടങ്ങൾ എടുത്തുനോക്കിയാൽ മതി. തുടർച്ചയായി എല്ലാം മോഹൻലാൽ സിനിമകളാണ്. അച്ഛൻ എന്ത് കഥ ആലോചിച്ചാലും അതിൽ മോഹൻലാലിന്റെ മുഖം ഉണ്ടായിരിക്കും. അതുപോലെയാണ് ഇപ്പോൾ എന്റെ അവസ്ഥയും. ഒരു ഇന്ത്യൻ പ്രണയകഥമുതൽ ഫഹദിനെ അറിയാം എന്നതുകൊണ്ട് ഞാൻ എന്ത് കഥ ആലോചിച്ചാലും അതിൽ വരുന്ന ആദ്യത്തെ മുഖം ഫഹദിന്റേതാണ്. എനിക്ക് എളുപ്പത്തിൽ ഫഹദിനോട് ആശയവിനിമയം നടത്താൻ പറ്റും. തമാശകൾ പരസ്പരം പറയാനും ആസ്വദിക്കാനും മനസ്സിലാക്കാനും പറ്റുന്നുണ്ട്. ഈയൊരു ചേർച്ച ഈ സിനിമയിലും കാണും എന്നാണ് വിശ്വാസം.
ഞങ്ങൾ അങ്ങനെ തോളിൽ കൈയിട്ട് സൗഹൃദം സൂക്ഷിക്കുന്നവരല്ല. ഫോണിൽ പോലും അധികം സംസാരിക്കാറില്ല. പക്ഷേ, ഫഹദിന്റെ സാന്നിധ്യം കൊണ്ടുവരുന്നൊരു എനർജിയുണ്ട്. അതാണ് ഫഹദിന്റെകഴിവ്. അതൊരു ഫാസിൽ മാജിക്കാവാം. പിന്നെ ഫഹദിന്റെ ഉള്ളിലൊരു സംവിധായകനുണ്ട്. അതും വ്യക്തിപരമായി എനിക്ക് സഹായകരമാണ്.
അനൂപിന്റെ ‘വരനെ ആവശ്യമുണ്ട്’ കണ്ടപ്പോൾ എന്ത് തോന്നി
അനൂപ് പെട്ടെന്ന് കാര്യങ്ങൾ ചെയ്യാൻ പറ്റുന്നൊരാളാണ്. എനിക്കാണെങ്കിൽ എല്ലാത്തിനും കുറെ സമയം വേണം. ആലോചിച്ച് എഴുതി വരണം. അനൂപിന് പേപ്പറിൽ എഴുതിയില്ലെങ്കിലും സിനിമ ഷൂട്ട് ചെയ്യാൻ പറ്റും. ഞാൻ പക്ഷേ, അച്ഛൻ പോവുന്ന പോലെ തന്നെയാണ് പോവുന്നത്. പേപ്പറിൽ എഴുതിയിട്ടില്ലെങ്കിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാൻ പറ്റില്ല.
ഇപ്പോൾ വീട്ടിലെ മൂന്ന് സിനിമാക്കാർക്കിടയിൽനിന്ന് അമ്മ എന്താണ് പറയുന്നത്
അമ്മ ഇപ്പോഴും പത്രത്തിൽ വരുന്ന പി.എസ്.സി. വാർത്തകൾ ഞങ്ങൾക്ക് വേണ്ടി മുറിച്ചുവെക്കുന്ന ആളാണ്. ഞങ്ങളെ എങ്ങനെ എങ്കിലും സർക്കാർ ജോലിയിൽ കയറ്റണം എന്നു മാത്രമാണ് ചിന്ത. അമ്മയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ മക്കൾ രണ്ടുപേരും ഉള്ള ജോലിയും കളഞ്ഞ് സിനിമ സിനിമ എന്ന് പറഞ്ഞു നടക്കുകയാണല്ലോ. സിനിമയിൽ രക്ഷപ്പെട്ട് കാണിച്ച് അമ്മയെ ഹാപ്പിയാക്കണം എന്നത് മാത്രമാണ് ഇപ്പോൾ എന്റെ അജൻഡ.
സത്യൻ-ശ്രീനി-ലാൽ. സിനിമയിലെ ആ കൂട്ടുകെട്ട് അടുത്ത് കണ്ട ചെറുപ്പകാലം ഓർമയിൽ ഇല്ലേ
അതിനൊപ്പമായിരുന്നു ഞങ്ങളുടെ ബാല്യം. അന്നത്തെ സിനിമകളുടെ വീഡിയോ കാസറ്റിനൊപ്പമാണ് ഞങ്ങളും വളർന്നത്. നാടോടിക്കാറ്റും വരവേൽപ്പുമൊക്കെ തുടർച്ചയായി പ്ലേ ചെയ്തുകൊണ്ടിരുന്ന കാലം. ആ സമയത്തുള്ള അച്ഛന്റെയും പ്രിയദർശന്റെയുമൊക്കെ സിനിമകൾ കാണാൻ വളരെ ഈസിയായിരുന്നു. വീണ്ടുംവീണ്ടും കാണാൻതോന്നും. അതൊരു ടെക്നിക്കാണ്. നമ്മളുമായി ഏറ്റവും എളുപ്പത്തിൽ സംവദിക്കുന്ന സിനിമകളാണ് അവർ ഉണ്ടാക്കിയിരുന്നത്. സിനിമയിൽ പല സ്റ്റൈലുകൾ വന്നുപോവും. പക്ഷേ, അതിന് അടിസ്ഥാനപരമായി ഒറ്റ വ്യാകരണമേയുള്ളൂ. അതാണ് അച്ഛൻ പിന്തുടരുന്നത്. ആ പഴയ സ്കൂളിന്റെ വഴിയിൽത്തന്നെയാണ് ഞാനും സഞ്ചരിക്കാൻ ശ്രമിക്കുന്നത്.
Content Highlights: Akhil son sathyan Anthikkad Interview about Pachuvum albudha vilakkum, Fadhadh Faasil