കൊച്ചി: അറബിക്കടലിന്റെ നീലിമയിൽ ചിതറിക്കിടക്കുകയാണ് ‘ ലക്ഷദ്വീപ്’ എന്ന ഭൂമിത്തുണ്ടുകൾ. ഓരോ ദ്വീപും മനസ്സുകൊണ്ടു പരസ്പരം ചേർത്തുപിടിച്ചിരിക്കുന്നു.

ദ്വീപിലെ മനുഷ്യരുടെ ആ ഒരുമയുടെ കഥയാണു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആയിഷ സുൽത്താനയെന്ന സംവിധായികയുടെ ആദ്യ ചിത്രമായ ‘ ഫ്ലഷി’ ന്റെ പിന്നണിയിലുമുള്ളത്. ദ്വീപുകാരായ രണ്ടു സ്ത്രീകളുടെ സ്വപ്നങ്ങളുടെ ഒത്തുചേരൽ.

ആയിഷയ്ക്കെതിരേ രാജ്യദ്രോഹത്തിനു പരാതി നൽകിയത് ദ്വീപിലെ ബി.ജെ.പി. നേതൃത്വമായിരുന്നു. ആയിഷയെ ഏറ്റവും അധികം വിമർശിച്ചതും ബി.ജെ.പിയാണ്. ആയിഷ പരോക്ഷമായി വിമർശിച്ചതും ബി.ജെ.പിയെ തന്നെ. പക്ഷെ ‘ ഫ്ലഷ്’ എന്ന സിനിമയിലേക്കെത്തുമ്പോൾ കഥ മാറുന്നു. ആയിഷ സ്വതന്ത്ര സംവിധായികയാവുന്ന ആദ്യ സിനിമ നിർമിക്കുന്നതു ദ്വീപിലെ ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഭാര്യ ബീന കാസിമാണ്. രാഷ്ട്രീയത്തിനപ്പുറം ആയിഷയും ബീനയും ഒന്നിച്ചപ്പോൾ ‘ ഫ്ലഷ്’ ഒരുമയുടെ കയ്യൊപ്പായി.

ലാൽ ജോസിന്റെ ശിഷ്യയാണ്. ആസിഫ് അലി അഭിനയിച്ച ‘ കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിലെ സഹസംവിധായികയായിരുന്നു ആയിഷ. ലാൽജോസിന്റെ വെളിപാടിന്റെ പുസ്തകം സിനിമയിലും പങ്കാളിയായിരുന്നു.

ഫ്ലഷിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. അതോടെ മറ്റൊന്നു കൂടി ‘ ഇറങ്ങി’ ! അതിങ്ങനെയാണ്, ‘ രാജ്യദ്രോഹത്തിന്റെ പേരിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ ആയിഷ സിനിമയിലൂടെ പറയുന്നു.’ - ഓൺലൈൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത് ഇതാണ്.

പക്ഷേ ഇതല്ല സത്യമെന്ന് ആയിഷ സുൽത്താന കാക്കനാട്ടെ ഫ്ലാറ്റിലിരുന്ന് പറയുന്നു

രാജ്യദ്രോഹമാണോ ചിത്രത്തിന്റെ കഥ..?

അയ്യോ അല്ല, ഇപ്പോഴത്തെ പ്രശ്നവുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ല. അത്തരമൊരു സിനിമയെക്കുറിച്ചു ഞാൻ ആലോചിക്കുന്നതേയുള്ളു. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്നാണു സിനിമ പറയുന്നത്. പ്രത്യേകിച്ചു പെൺകുട്ടികളോട്. ഒന്നാം ലോക്ഡൗണിൽ ഒരുപാട് ആത്മഹത്യകൾ നടന്നിരുന്നു. അതിലൊന്നിൽ നിന്നാണു കഥ രൂപപ്പെട്ടത്.

മൂന്ന് സ്ത്രീകളുടെ കഥയാണിത്. കുടുംബം മാത്രം നോക്കി ജീവിക്കുന്ന ദ്വീപിലെ ഒരു പെൺകുട്ടി, ജീവിതത്തിനൊരു ലക്ഷ്യമുണ്ടെന്ന് തിരച്ചറിഞ്ഞ് അതിനുവേണ്ടി പൊരുതുന്ന ഒരു ദ്വീപുകാരി. കേരളത്തിൽ അധ്യാപികയായി വരുന്ന പെൺകുട്ടി. അവരിലൂടെ കഥപറഞ്ഞു പോകുന്നു.

ബി.ജെ.പി. ജനറൽ സെക്രട്ടറിയുടെ ഭാര്യ എങ്ങനെ നിർമാതാവായി..?

സിനിമ സ്വപ്നമാക്കിയ ദ്വീപുകാരി എന്ന നിലയിൽ എന്നെ ബീനാത്തയ്ക്ക് അറിയാമായിരുന്നു. എന്നോടുള്ള സ്നേഹമാണു ബീനാത്തയെ ഇതിലേക്ക് എത്തിച്ചത്. ഞാനൊരു സംവിധായികയായി കാണണമെന്ന് അവർക്കുണ്ട്. രാജ്യദ്രോഹക്കേസുകളൊന്നും സിനിമയെ ബാധിച്ചതേയില്ല. ഞങ്ങൾ അത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്തതേയില്ല.

പുറമേ നിന്ന് സമ്മർദ്ദമുണ്ടായിരുന്നോ..?

ഒരിക്കലുമില്ല. രാഷ്ട്രീയത്തിനെല്ലാം അപ്പുറം ഞങ്ങൾ ദ്വീപുകാർ ഒറ്റക്കെട്ടാണ്. കല എന്നതുമാത്രമാണ് സിനിമയിൽ ദ്വീപുജനത കാണുന്നത്.

ദ്വീപിലെ ഷൂട്ടിങ്ങിന് ബുദ്ധിമുട്ടുണ്ടായോ..?

ദ്വീപിൽ ഒരു സിനിമയെടുക്കുന്നതിന്റെ പരിമിതികളിൽ നിന്നായിരുന്നു ഷൂട്ട്. അഭിനയിക്കുന്നവരടക്കം 41 പേരെയുള്ളു ഈ സിനിമയ്ക്ക് പിന്നിലും മുന്നിലും. അഗത്തിയിലും ബംഗാരത്തുമായിരുന്നു ഷൂട്ട്. 18 ദിവസമാണു ഷൂട്ടിനു വേണ്ടി വന്നത്. പിന്നെ ക്വാറന്റീനും പോക്കുംവരവുമായി എല്ലാം കൂടി 30 ദിവസം. ദ്വീപിൽ 144 പ്രഖ്യാപിച്ചപ്പോൾ ചെറിയ ബുദ്ധിമുട്ടുകളുണ്ടായി. അതൊഴിച്ചാൽ മറ്റുപ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഒന്നരമണിക്കൂറാണ് സിനിമ.

ലക്ഷദ്വീപിലിരുന്ന് ബീന കാസിമിനും ചിത്രത്തെക്കുറിച്ച് പറയാനുണ്ട്.

movies
ചിത്രത്തിന്റെ നിർമാതാവ് ബീന കാസിമും അയിഷയും

എന്തുകൊണ്ടാണ് ഈ സിനിമയുടെ നിർമാതാവാകാം എന്ന് ഉറപ്പിച്ചത്..?

ദ്വീപിന്റെ കുട്ടിയായ ആയിഷ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ എന്നതായിരുന്നു പ്രധാനം. അവളെ പ്രോത്സാഹിപ്പിക്കേണ്ടതു കടമയായിട്ടാണ് തോന്നിയത്. പിന്നെ ദ്വീപിനെക്കുറിച്ചുള്ള കഥയാണ്. ഷൂട്ട് ചെയ്തതെല്ലാം ലക്ഷദ്വീപിലും. അതും ഒരു കാരണമാണ്.

’ ദ്വീപിലെ ബി.ജെ.പി. നേതാവിന്റെ ഭാര്യ ആയിഷയ്ക്കൊപ്പം...’ ആ ഒരു പ്രചാരണം ഉണ്ടായിരുന്നോ ?

ഒരിക്കലുമില്ല, ദ്വീപുകാർക്കു രാഷ്ട്രീയ വേർതിരിവുകളില്ല. എല്ലാവർക്കും എല്ലാവരേയും അടുത്തറിയാം.

എന്താണ് ബീനയുടെ രാഷ്ട്രീയം..?

പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. നല്ല ഭരണം ആരു കാഴ്ചവെച്ചാലും പിന്തുണയ്ക്കും. കലയും രാഷ്ട്രീയവുമായി ഒരിക്കലും ബന്ധപ്പെടുത്തിയിട്ടില്ല.

ആയിഷ ഫ്ലഷിന്റെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളിലാണ്. ബീനയാകട്ടെ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു കൊച്ചിക്ക് വരാനുള്ള തിരക്കിലും.

content highlights :Aisha Sultana About her directorial debut Flush Controversies