ജനിച്ചത് പെണ്ണാണെന്ന് അറിഞ്ഞപ്പോൾ കഷ്ടമായിപ്പോയി എന്ന് പറഞ്ഞ സ്ത്രീ ജന്മങ്ങൾ, തൊടിയിൽ ഓടിക്കളിച്ചപ്പോൾ, മരത്തിൽ കയറിയപ്പോൾ വഴക്ക് പറഞ്ഞ അമ്മയും അച്ഛനും, വൈകി വന്നതിന് ശകാരിക്കുന്ന അച്ഛൻ, നിയന്ത്രിക്കുന്ന ഭർത്താവ്, വയസ്സായപ്പോൾ അടങ്ങിയൊതുങ്ങി നടക്കണമെന്ന് പറഞ്ഞ മക്കൾ, ഒടുവിൽ വെള്ള പുതപ്പിച്ച് കിടത്തിയപ്പോൾ ചുറ്റും നിന്ന് പിറുപിറുത്ത സ്ത്രീ ജന്മങ്ങൾ... പറഞ്ഞത് ഇങ്ങനെയായിരുന്നു, ''ഭാഗ്യം ചെയ്ത ജന്മം''.
വെറും ഒരു മിനിറ്റുകൊണ്ടാണ് ആദിത്യ പട്ടേൽ എന്ന 19-കാരൻ ഇത്രയുമേറെ കാര്യങ്ങൾ പറഞ്ഞു വയ്ക്കുന്നത്. അതും പാദങ്ങളെ മാത്രം കഥാപാത്രങ്ങളാക്കി വേറിട്ടൊരു പരീക്ഷണം. സെൻട്രിഫ്യൂഗൽ എന്ന ഈ കൊച്ചു ചിത്രം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
കോളേജിൽ ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ഹ്രസ്വചിത്രം ആദിത്യ ചെയ്യുന്നത്. അമ്മ ഹേന ചന്ദ്രന്റേതാണ് കഥയും തിരക്കഥയും സംഭാഷണവുമെല്ലാം. ഒരു പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത ചിത്രം ഇത്രയേറെ സ്വീകരിക്കപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് ആദിത്യ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സംവിധായകൻ പങ്കുവയ്ക്കുന്നു.
''ബെംഗളൂരു ജെയിൻ യൂണിവേഴ്സിറ്റിയിലാണ് ഞാനിപ്പോൾ പഠിക്കുന്നത്. ബി.എസ്.എസി ഡിജിറ്റൽ ഫിലിം മേക്കിങ്ങിൽ മൂന്നാംവർഷ വിദ്യാർഥിയാണ്. കോളേജിലെ പ്രൊജക്ടിന്റെ ഭാഗമായി ഷോർട്ട് ഫിലിം എടുക്കണമായിരുന്നു. ഗ്രൂപ്പ് വർക്കല്ലായിരുന്നു. എല്ലാവരും വെവ്വേറെ ചെയ്യണം. മൂന്ന് കാറ്റഗറിയാണ് ഞങ്ങൾക്ക് തന്നത്. ആദ്യത്തേത് അഞ്ച് മിനിറ്റ് ദെെർഘ്യമുള്ള ചിത്രം, രണ്ടാമത്തേത് കോവിഡിനെ ആസ്പദമാക്കി അഞ്ച് മിനിറ്റ് ദെെർഘ്യമുള്ള ചിത്രം, മൂന്നാമത്തേത് ഒരു മിനിറ്റ് ദെെർഘ്യമുള്ള ചിത്രം. അതിൽ നിന്ന് ഞാൻ ഒരു മിനിറ്റ് കാറ്റഗറി തിരഞ്ഞെടുക്കുകയായിരുന്നു''.
മൂന്ന് ദിവസം കൊണ്ടെഴുതിയ സ്ക്രിപ്റ്റ് ...

സിനിമയെക്കുറിച്ച് അമ്മയോടാണ് ഞാനാദ്യം വിശദമായി സംസാരിച്ചത്. കാരണം അമ്മ നന്നായി വായിക്കുകയും എഴുതുകയും ചെയ്യുന്ന ഒരാളാണ്. അതുകൊണ്ടു തന്നെ എന്തെങ്കിലും ഒരു കൺസപ്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിരുന്നു. 12 ദിവസത്തിനുള്ളിൽ ഷൂട്ട് ചെയ്തു തീർക്കണമായിരുന്നു. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. മൂന്ന് ദിവസം കൊണ്ട് അമ്മ സക്രിപ്റ്റ് എഴുതി എനിക്ക് തന്നു. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളൊക്കെ വരുത്തി. പിന്നീട് എങ്ങനെ എടുക്കണം, എവിടെ എടുക്കണം എന്ന ചിന്തയായി. അധികം സമയമില്ലാത്തതിനാൽ ഞങ്ങളുടെ വീട്ടിലും തൊട്ടടുത്ത ബന്ധുവീടുകളിലുമൊക്കെയായാണ് ചിത്രീകരിച്ചത്. അഭിനയിച്ചവരെല്ലാം എന്റെ വീട്ടിലുള്ളവരും ബന്ധുക്കളുമൊക്കെയാണ്. മരിച്ചു കിടക്കുന്ന സീനിൽ അഭിനയിച്ചത് എന്റെ തന്നെ മുത്തശ്ശിയാണ്. അമ്മായിയും അച്ഛനും അമ്മാവന്റെ മകനുമെല്ലാം അഭിനയിച്ചു. എന്റെ ഫോണിൽ തന്നെ ഷൂട്ട് ചെയ്ത് ഞാൻ തന്നെ എഡിറ്റ് ചെയ്യുകയായിരുന്നു. എന്റെ പിരിമിതമായ അറിവ് വച്ച് ചെയ്തതാണ്.
കാലുകൾ സംസാരിക്കുമ്പോൾ....
കാലുകൾ മാത്രം മതി എന്ന ആശയത്തിന് പിറകിലും അമ്മയായിരുന്നു. അമ്മ അത് പറഞ്ഞപ്പോൾ കൊള്ളാമെന്ന് എനിക്കും തോന്നി. പിന്നെ മറ്റൊരു ഗുണം കൂടി ഉണ്ടായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ മുഖം കാണിക്കുമ്പോൾ ചിലർക്ക് പരുങ്ങൽ ഉണ്ടാകാം. ഇവിടെ അങ്ങനെയൊരു പ്രശ്നം ഇല്ലല്ലോ. കാലുകൾ മാത്രം കാണിച്ചത് കൊണ്ടു കൂടിയാണ് ചിത്രം വളരെ വ്യത്യസ്തമായി വന്നതും ചർച്ചയായതും. ലിംഗ അസമത്വം എന്നത് ഒരു ആഗോള പ്രശ്നമാണ്. അതേക്കുറിച്ച് സംസാരിക്കാൻ മുഖങ്ങളുടെ ആവശ്യമുണ്ടെന്നും തോന്നിയില്ല.
പിന്തുണയ്ക്ക് ഒരുപാട് നന്ദി....
ഒരു മിനിറ്റിൽ ഒതുക്കുക എന്നത് തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അമ്മ എഴുതിയതനുസരിച്ച് മൂന്ന് മിനിറ്റോളം ദെെർഘ്യമുണ്ടായിരുന്നു. സംഭാഷണങ്ങളൊക്കെ വെട്ടിച്ചുരുക്കി. പല രംഗങ്ങളും കട്ട് ചെയ്തു. യൂട്യൂബിൽ ഒരു മിനിറ്റ് വിഭാഗത്തിൽ വരണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. വൺ മിനിറ്റ് കാറ്റഗറിക്ക് പ്രത്യേക പ്രേക്ഷകരുണ്ട്. എഡിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ നന്നായി വന്നുവെന്ന് തോന്നി. സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നല്ല അഭിപ്രായം പറഞ്ഞതോടെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും റിലീസ് ചെയ്യുകയായിരുന്നു. അമ്മ അംഗമായ സിനിമാപ്രേമികളുടെ കൂട്ടായ്മയുടെ യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. സംസാരിക്കുന്ന വിഷയം അത്രമാത്രം തീക്ഷ്ണമായത് കൊണ്ടായിരിക്കണം, പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം ഞങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തി. ഒരുപാട് പേർ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തു. മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വളരെയേറെ സന്തോഷം തോന്നുന്നുണ്ട്.
കുടുംബം
ഇരിഞ്ഞാലക്കുട ക്രെസ്റ്റ് കോളേജിലെ അധ്യാപകനായ അരവിന്ദ് ബി.പിയാണ് ആദിത്യയുടെ പിതാവ്. സഹോദരി ആതിര പട്ടേൽ അങ്കമാലി ഡയറീസ്, ആട് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ്.
Content Highlights: Adithya Patel Centrifugal One Minute Short Film Interview Hena Chandran son mother short film