പാട്ടുകാരിയാവാനും അത്ലറ്റാവാനും ആ​ഗ്രഹിച്ച ഒരു പതിനെട്ടുകാരി ഒട്ടും ആ​ഗ്രഹിക്കാതെ സിനിമയിൽ എത്തിപ്പെടുന്നു. ആദ്യചിത്രത്തിലെ നായകൻ അടൂർ ഭാസിയാണെന്നും കൈകാര്യം ചെയ്യേണ്ടത് ഹാസ്യമാണെന്നും അറിയുന്നതോടെ കരച്ചിലും ബഹളവുമായി ആ സിനിമ ഉപേക്ഷിക്കുന്നു. പിന്നീട് ഇതേ പെൺകുട്ടി സിനിമയിലേക്ക് തന്നെ തിരിച്ചെത്തി. അടൂർ ഭാസിക്കൊപ്പം തന്നെ കട്ടയ്ക്ക് ഹാസ്യം കൈകാര്യം ചെയ്ത് ഇരുവരും മലയാളത്തിലെ മികച്ച ഹാസ്യജോഡികളായി മാറി. ശ്രീലത നമ്പൂതിരി എന്ന അഭിനേത്രിക്ക് അതിലുപരി ​സംഗീതജ്ഞയ്ക്ക്‌ ആമുഖത്തിന്റെ ആവശ്യമില്ല.

അനശ്വര നടൻ സത്യന്റെ മകളായി വേഷമിട്ടുകൊണ്ടായിരുന്നു ശ്രീലതയുടെ സിനിമാ അരങ്ങേറ്റം. ആശാചക്രമെന്ന ആ ചിത്രം ഒരുപക്ഷേ കൃത്യസമയത്ത് തന്നെ റിലീസ് ചെയ്തിരുന്നുവെങ്കിൽ സിനിമയിൽ ഹാസ്യ വേഷങ്ങൾ മാത്രം തനിക്ക് കൈകാര്യം ചെയ്യേണ്ടി വരില്ലായിരുന്നുവെന്ന് പറയുന്നു ശ്രീലത. എന്നാൽ ഇന്നും തന്നെ സിനിമയിൽ സജീവമായി നിർത്തുന്നതിന് കാരണവും ഇതേ വേഷങ്ങൾ തന്നെയാണെന്ന് ശ്രീലത സമ്മതിക്കുന്നു.

മാറിയ സിനിമാ ലോകത്തെക്കുറിച്ചും, ജീവിതത്തിൽ ബാക്കിയായ ആ​ഗ്ര​ഹത്തെക്കുറിച്ചും ശ്രീലത നമ്പൂതിരി സംസാരിക്കുന്നു.

ആ​ഗ്രഹിക്കാതെ വന്ന സിനിമയും കോമഡി വേഷവും

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കെപിഎസിയിൽ എന്നെ പാടാൻ വിളിക്കുന്നത്. പിന്നെ സിനിമയിൽ എത്തി. അതോടെ പഠനം തന്നെ നിന്നു. അച്ഛന്റെ സഹോദരിയാണ് സിനിമയിലേക്ക് എന്നെ കൊണ്ടു പോകുന്നത്, 68-ൽ. അവർ അറിയപ്പെടുന്ന നായികയായിരുന്നു അന്ന്. കുമാരി തങ്കം എന്നാണ് പേര്. അമ്മയുടെ നിർബന്ധത്തിൽ മനസില്ലാ മനസോടെയാണ് പോകുന്നത്. ചെന്നപ്പോഴാണ് അറിയുന്നത് അടൂർ ഭാസിയാണ് നായകനെന്ന്. കോമഡി പരിപാടി എന്നെക്കൊണ്ട് പറ്റില്ലെന്ന് കരച്ചിലും പിഴിച്ചിലുമായി അതിൽ അഭിനയിക്കാതെ ഞാൻ തിരിച്ചു പോന്നു,

അങ്ങനെ ആദ്യമായി ഞാൻ സിനിമയിലെത്തുന്നത് ആശാചക്രം (1973) എന്ന ചിത്രത്തിൽ സത്യൻ സാറിന്റെ മകളായി വേഷമിട്ടാണ്. എന്നാലത് പകുതിയ്ക്ക് നിന്ന് പോയി. സത്യൻ സാറിന്റെ മരണ ശേഷം 75 ലാണ് പിന്നീട് ചിത്രം റിലീസാവുന്നത്. അത് എടുത്ത സമയം തന്നെ റിലീസായിരുന്നുവെങ്കിൽ എനിക്ക് ഒരുപാട് കോമഡി സിനിമളിൽ അഭിനയിക്കേണ്ടി വരില്ലായിരുന്നു. അക്കാര്യം ആലോചിക്കുമ്പോൾ ഒരു വിഷമം ഉണ്ടായിരുന്നു പിൽക്കാലത്ത്. പത്ത് ഇരുനൂറ് സിനിമയിൽ അഭിനയിച്ചിട്ടും നമ്മൾക്കിഷ്ടപ്പെടുന്ന ഒരു കഥാപാത്രം വളരെ അപൂർവമായേ ഒന്നോ രണ്ടോ സിനിമകളിൽ കിട്ടിയിട്ടുള്ളൂ. അന്ന് കുറേ പേർ എന്നോട് പറഞ്ഞിട്ടുണ്ട് ആശാചക്രം ആദ്യം റിലീസ് ആയിരുന്നുവെങ്കിൽ കോമഡി വേഷങ്ങളല്ലാത്ത നല്ല കുറേ കഥാപാത്രങ്ങൾ കിട്ടുമായിരുന്നല്ലോ എന്ന്.

പക്ഷേ ഒന്ന് ആലോചിക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഇന്ന് മലയാള സിനിമയിലെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാം. അടൂർ ഭാസിച്ചേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് നിങ്ങളൊരു നായികയായി അഭിനയിച്ചിരുന്നുവെങ്കിൽ ഒരു നാലഞ്ച് ചിത്രങ്ങൾ പൊട്ടി പോകുന്നതോടെ ഫീൽഡിൽ നിന്നേ പോയെനെ എന്ന്. അത് ശരിയാണ് കോമഡി ട്രാക്കിലേക്ക് മാറിയത് കൊണ്ട് മാത്രമാണ് ഇത്രയധികം സിനിമകൾ അഭിനയിക്കാൻ എനിക്ക് സാധിച്ചത്, ഇന്നും സജീവമായി നിൽക്കാൻ സാധിക്കുന്നത്.

പ്രേം നസീറെന്ന വലിയ മനുഷ്യൻ

എന്റെ ജീവിതത്തിൽ എനിക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് പ്രേം നസീർ.. ഒരുപാട് സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട്. ഭയങ്കര പിന്തുണ തന്നിട്ടുള്ള മനുഷ്യനാണ്. എന്ത് സാഹചര്യവുമായും അദ്ദേഹം പൊരുത്തപ്പെടും, ഒരു നിർബന്ധങ്ങളുമില്ല. മുഷിഞ്ഞ വസ്ത്രമായാലും ചേരാത്ത വി​ഗ് ആയാലും അത് ധരിച്ച് അഭിനയിച്ചോളും.നിർമാതാവിന് ബു​ദ്ധിമുട്ടുണ്ടാക്കരുത് എന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. പുലർച്ച വരെയും ഒരു പരാതിയുമില്ലാതെ ഷൂട്ടിങ്ങ് തീരാൻ കാത്തു നിൽക്കും. ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഒരു കയ്യ് നൽകുന്നത് മറു കൈ അറിയരുതെന്ന് പറയുന്ന പോലെ അതൊന്നും ആരും അറിഞ്ഞിട്ടില്ല.

സം​ഗീതവും സ്പോർട്സും

അഭിനയത്തോട് ഒരു താത്‌പര്യവുമില്ലാത്ത വ്യക്തിയാണ്. ഞാൻ ഇതിൽ പെട്ട് പോയതാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് കെപിഎസിയിൽ എന്നെ പാടാൻ വിളിക്കുന്നത്. സം​ഗീതവും സ്പോർട്സുമായിരുന്നു എനിക്ക് ഏറെ ഇഷ്മുള്ള സം​ഗതി. അതായിരുന്നു ഞാൻ എത്തിപ്പിടിക്കണം എന്നാ​ഗ്രഹിച്ച ഫീൽഡ്. സംസ്ഥാന തലത്തിൽ ലളിത സം​ഗീതത്തിനും ലോങ് ജംപിനും ഒന്നാം സ്ഥാനത്ത് എത്തിയിട്ടുള്ള ആളാണ്. എല്ലാ സിനിമകളും കാണുമായിരുന്നു. പാട്ടുകളാണ് പ്രധാന ആകർഷണം. കോളാമ്പി മൈക്കിലൂടെ പാട്ട് വെക്കുമ്പോൾ അതിന്റെ ചുവട്ടിൽ പോയി നിൽക്കും പാട്ട് കേട്ട് വരികൾ പഠിക്കാൻ. പാട്ട് പുസ്തകങ്ങളായിരുന്നു മറ്റൊരു പ്രധാന സം​ഗതി. എന്റെ അമ്മ പാട്ടു ടീച്ചറായിരുന്നുവെങ്കിലും ചെറുപ്പത്തിൽ ഞാൻ പാട്ടു പഠിച്ചിട്ടില്ല. പിന്നീട് മദ്രാസിലൊക്കെ എത്തിയ ശേഷമാണ് സം​ഗീത പഠനം നടക്കുന്നത്. സം​ഗീതത്തിൽ ഒരു വിധം അറിയപ്പെടുന്ന ​ഗായികയായി. ഞാൻ അഭിനയിച്ച പത്ത് പന്ത്രണ്ട് ചിത്രങ്ങളിൽ ഞാൻ പാടിയിട്ടുണ്ട്. ശ്രീവിദ്യ, റാണി ചന്ദ്ര എന്നിവർക്ക് വേണ്ടി പാടിയിട്ടുണ്ട്. ഒരുപാട് കച്ചേരികൾ നടത്തി, 23 വർഷത്തിന് ശേഷം 2006 ൽ വീണ്ടും കച്ചേരികളിൽ സജീവമായി. അതിപ്പോഴും തുടരുന്നു.

ബാക്കിയായ ആ​ഗ്രഹം

പക്ഷേ സ്പോർട്സിൽ എന്തെങ്കിലും ആയിത്തീരണം എന്ന ആ ആ​ഗ്രഹം മാത്രം ബാക്കിയായി. പലരും ഓടുകയും ചാടുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ എന്തോ പോലെയാണ്. പി.ടി ഉഷയുടെയും കാൾ ലൂയിസിന്റെയും വലിയ ആരാധികയാണ്. ഞാൻ സ്വന്തമായി കഷ്ടപ്പെട്ടാണ് സ്പോർട്സിന് വേണ്ട പരിശീലനം എടുത്തിരുന്നത്. കോച്ച് ഒന്നും ഇല്ലല്ലോ. ലോങ് ജംപ് ഒക്കെ സ്വയം പരീശീലിക്കുകയായിരുന്നു. രാവിലെയും വൈകീട്ടുമൊക്കെ പരിശീലിക്കും. പക്ഷേ എനിക്കാത്മവിശ്വാസം ഉണ്ടായിരുന്നു. അത് തന്നെയാണ് പാട്ടിലായാലും എന്തെങ്കിലും നേടാൻ എന്നെ സഹായിച്ചത്. ഇന്നിനി സ്പോർട്സിലൊക്കെ പങ്കെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഈ താത്‌പര്യം ഉള്ളത് കൊണ്ട് തന്നെ വ്യായാമം ചെയ്യാൻ ഇന്നും നല്ല ഇഷ്ടമാണ്. ആരോ​ഗ്യം കാത്തു സൂക്ഷിക്കേണ്ട കാര്യത്തിൽ അതിപ്പോൾ ​ഗുണമായി. അന്ന് ആ പ്രാക്ടീസൊക്കെ തുടരാൻ സാധിച്ചിരുന്നുവെങ്കിൽ ഇന്ന് ഞാൻ സ്പോർട്സിൽ എന്തെങ്കിലും ആയിരുന്നേനെ.

മാറിയ സിനിമയും സൗഹൃദവും

Actress Sreelatha Namboothiri interview Adoor Bhasi Prem Nazir Sathyan Kaladi Namboothiri
 ശ്രീലത

നിഴലിലാണ് ഒടുവിൽ ഒരു ചെറിയ വേഷത്തിൽ എത്തിയത്. ചാക്കോച്ചന്റെ അമ്മ വേഷമായിരുന്നു. ഇന്നത്തെ സിനിമകളിൽ അമ്മ വേഷം വളരെ കുറവാണ്. ഈ കാലഘട്ടത്തിൽ അച്ഛനേയും അമ്മയേയുമൊന്നും ആർക്കും വേണ്ടായെന്ന് തോന്നുന്നു. വളരെ അപൂർവമായേ കുടുംബബന്ധങ്ങളുടെ കഥ വരുന്നുള്ളൂ. അങ്ങനെയുള്ള വേഷങ്ങൾക്ക് ഇന്ന് അവകാശികളും ഏറെയാണ്. അമ്മ സംഘടനയിൽ തന്നെ പത്തഞ്ഞൂറ് അം​ഗങ്ങളുണ്ട്. ഞങ്ങൾ അഭിനയിക്കുന്ന കാലത്ത് ആകെ അമ്പത് പേരെ കാണൂ. അന്ന് സിനിമ അഭിനയം എന്നത് മോശം സം​ഗതിയായാണ് എന്റെ കുടുംബക്കാർ വരെ കണ്ടിരുന്നത്. ഇന്ന് അങ്ങനെയല്ല. സിനിമയിലേക്ക് ഒരു തള്ളിക്കയറ്റമുണ്ട്. നായികമാർ തന്നെ കുറേ പേർ ഉള്ളത് കൊണ്ട് പലരെയും തിരിച്ചറിയാൻ തന്നെ പറ്റുന്നില്ലെന്നതാണ് സത്യം. അതൊക്കെയാണ് പ്രധാന വ്യത്യാസം.

അതുപോലെ അന്ന് വളരെക്കുറച്ച് ആർടിസ്റ്റുകളേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ എല്ലാവരെയും പലപ്പോഴും കാണാൻ സാധിച്ചിരുന്നു. ഇപ്പോൾ ആരെയും കാണാൻ അങ്ങനെയൊരു അവസരം ഇല്ല. ആകെ കാണാൻ പറ്റുന്നത് അമ്മയുടെ മീറ്റിങ്ങിനാണ്, അതാണ് ആകെ സന്തോഷം. സൗഹൃദങ്ങളുടെ കാര്യത്തിലുമുണ്ട് ആ വ്യത്യാസം. അന്ന് കാരവാനില്ലാത്തത് കൊണ്ട് എല്ലാവരും ഒന്നിച്ചിരിക്കും, ഒന്നിച്ച് ഭക്ഷണം കഴിക്കും, മൊബൈലുമില്ല. ആ ഒരടുപ്പം വലുതായിരുന്നു. ഇന്ന് എല്ലാവരും സ്വകാര്യത ഇഷ്ടപ്പെടുന്നവരാണ്. പക്ഷേ ആരെയും കുറ്റം പറയാനാവില്ല. മാറുന്ന സാഹചര്യത്തിന് അനുസരിച്ച് നമ്മളും മാറുമല്ലോ. എന്നാലും നമ്മളോടൊക്കം വലിയ കാര്യമായി തന്നെയാണ് പെരുമാറുന്നത്. പരിചയമില്ലാത്തവരോട് ഞാൻ അങ്ങോട്ട് പോയി പരിചയപ്പെടും സംസാരിക്കും. പുതിയ തലമുറ അഹങ്കാരികളാണെന്ന് പറയുന്നത്‌ വെറുതെയാണ്. ഒരു സീനിയർ ആർടിസ്റ്റ് അവരോട് സംസാരിക്കുമോ എന്ന ആശയക്കുഴപ്പമാണ്. പക്ഷേ നമ്മൾ അങ്ങോട്ട് ചെന്ന് സംസാരിച്ചാൽ ആ പ്രശ്നമങ്ങ് തീർന്നു. സെറ്റുകളിൽ എല്ലാവരോടും നന്നായി ഇടപെടാനാണ് ഞാൻ ശ്രമിക്കാറുള്ളത്. അവിടെ ‍‍ജാടയും പൊങ്ങച്ചവും കൊണ്ടു നടക്കേണ്ട കാര്യമില്ല. എല്ലാവരുടെയും ഉള്ളിൽ ഓടുന്നത് ഒരേ ചോര തന്നെയല്ലേ. എന്തിനാണ് അവിടെ ഈ വലിപ്പച്ചെറുപ്പമെല്ലാം.

ഡോക്ടർ പകർന്നു തന്ന ​ഗുണം

23 വർഷം വളരെ സന്തോഷമുള്ള ജീവിതമായിരുന്നു. കുന്നംകുളത്തെ വീടും ഓർമകളും. ഇപ്പോഴും ഞാൻ മിസ് ചെയ്യുന്നത് എന്റെ ഭർത്താവ് ഡോക്ടർ കാലടി നമ്പൂതിരിയെയാണ്. അദ്ദേഹത്തിൽ നിന്നാണ് കുറേ കാര്യങ്ങൾ ഞാൻ പഠിച്ചത്.എല്ലാവരെയും നന്നായി പ്രോത്സാഹിപ്പിക്കുന്ന, കലയെ സ്നേഹിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

ഈയടുത്ത് നമ്മെ വിട്ടു പിരിഞ്ഞ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെക്കുറിച്ച് ഒരു ഓർമയുണ്ട്. ഞാൻ അഭിനയിക്കുന്ന കാലത്ത് ഡെന്നിസ് ജോസഫ് സിനിമയിൽ ഇല്ല. 80 ലോ മറ്റോ ആണ് അദ്ദേഹം സിനിമയിൽ വരുന്നത്. കുന്നംകുളത്ത് താമസിക്കുന്ന സമയത്ത് ഞങ്ങൾ എല്ലാ സിനിമകളും കാണുമായിരുന്നു. അങ്ങനെയൊരിക്കൽ ആകാശദൂത് കാണാനിടയായി. നോക്കുമ്പോൾ നല്ല സിനിമ. പക്ഷേ ആളുകൾ നന്നേ കുറവ്. എന്താണങ്ങനെ പരസ്യം പോരാഞ്ഞിട്ടാണോ എന്നൊക്കെ ഞാനും ഭർത്താവും തമ്മിൽ സംസാരം വന്നു. അങ്ങനെ അദ്ദേഹം കഥാകൃത്തിനെ തിരഞ്ഞപ്പോൾ ഡെന്നിസ് ജോസഫ് ആണെന്നറിഞ്ഞു. അങ്ങനെ എറണാകുളത്ത് പോയസമയത്ത് സംവിധായകൻ ജോഷിയോട് ഡെന്നിസിന്റെ താമസസ്ഥലം ചോദിച്ച് ഞങ്ങൾ അവിടെ ചെന്നു. ഡെന്നിസിന് എന്നെ സിനിമാ താരം എന്ന നിലയിൽ അറിയാം. ഈ പടത്തിന് നല്ല പരസ്യം ചെയ്യമെന്നെല്ലാം ഡോക്ടർ ഡെന്നിസിനോട് അന്ന് പറഞ്ഞു. അപ്പോൾ ഡെന്നിസ് ഡോക്ടറോട് പറഞ്ഞു അദ്ദേഹത്തിന്റെ ഔദ്യോ​ഗിക ലെറ്റർ പാഡിൽ ചിത്രത്തെക്കുറിച്ച് ഒരു അഭിപ്രായം എഴുതി തരാൻ. ഡോക്ടർ ആകാശദൂതിനെക്കുറിച്ച് മികച്ചൊരു അഭിപ്രായം എഴുതുകയും മാതൃഭൂമിയിൽ തന്നെ അത് പരസ്യമായി വരികയും ചെയ്തു. അത് ക്ലിക്കായി ചിത്രം വിജയമായി. അതിനെക്കുറിച്ച് ഡെന്നിസ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്.

അതുപോലെ മധു ബാലകൃഷ്ണൻ.. മധവിന്റെ ​ഗാനമേളകൾ കണ്ട് ഡോക്ടർ മധുവിനോട് പറഞ്ഞിട്ടുണ്ട് താനൊരു വലിയ പാട്ടുകാരനാവുമെന്ന്. അതുപോലെ സംഭവിച്ചു. എം.ജയചന്ദ്രന്റെ തുടക്കക്കാലത്ത് ദൂരദർശനിൽ ഏതോ പരിപാടി കണ്ട് ഈ പയ്യന് നല്ല ഭാവിയുണ്ടെന്ന് പറഞ്ഞ് ദൂരദർശനിലേക്ക് ഡോക്ടർ കത്തയച്ചു. അതൊരിക്കൽ ജയചന്ദ്രൻ തന്നെ ഞാൻ പങ്കെടുത്ത പരിപാടിയിൽ പറയുകയും ചെയ്തിട്ടുണ്ട്. കഴിവുള്ള കലാകാരന്മാരെ അദ്ദേഹം അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും. ആ ​ഗുണം എനിക്കും കിട്ടിയിട്ടുണ്ട്. നല്ലൊരു ചിത്രം കണ്ടാൽ, അഭിനയം കണ്ടാൽ അവരെ എങ്ങനെയും ബന്ധപ്പെട്ട് അഭിപ്രായം അറിയിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്തുകൊണ്ടാണെന്നോ പണ്ടൊന്നും നമ്മളെ അഭിനന്ദിക്കാൻ ആരുമില്ലാതിരുന്ന വിഷമം മനസിലുണ്ട്. അറിയപ്പെടാതെ കിടക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്. അവർക്ക് നമ്മുടെ ഒരു പ്രശംസ എന്നത് വലിയ കാര്യമാണ്. അനുഭവത്തിൽ നിന്നാണല്ലോ നമ്മൾ എല്ലാം പഠിക്കുന്നത്.

Content Highlights :Actress Sreelatha Namboothiri interview Adoor Bhasi Prem Nazir Sathyan Kaladi Namboothiri