ബോള്‍ഡായ കഥാപാത്രങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ അഭിനേത്രിയാണ് ഷീലു എബ്രഹാം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് പോലുള്ള കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയതാരം. പ്രമുഖ നിര്‍മാതാവ് എബ്രഹാം മാത്യുവിന്റെ ഭാര്യകൂടിയാണ് ഷീലു. ദിലീപ് നായകനാകുന്ന ശുഭരാത്രി എന്ന ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായാണ് ഷീലു പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമയില്‍ അഭിനേത്രി എന്ന ഐഡന്റിറ്റി മാത്രം മതി തനിക്കെന്ന് തുറന്നുപറയുന്ന ഷീലു സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

ഡോക്ടര്‍ ഷീല

വളരെ നല്ലൊരു കുടുംബചിത്രം എന്ന ലേബലിലാണ് ശുഭരാത്രി പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നത്. ഒരുപാട് ബഹളമൊന്നുമില്ലാത്ത ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒരു വെജിറ്റേറിയന്‍ സിനിമ. ദിലീപേട്ടനും സിദ്ദിഖ് ഇക്കയുമാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ഡോക്ടര്‍ ഷീല എബ്രഹാം എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു കാര്‍ഡിയോളജിസ്റ്റാണ് ഷീല. കഥാവഴിയിലെ വളരെ നിര്‍ണായകമായൊരു കഥാപാത്രം എന്നുതന്നെ പറയാം. കഥാപാത്രത്തിന്റെയും എന്റെയും പേരിലെ സാമ്യത ആകസ്മികമാകാം. കഥാപാത്രത്തെക്കുറിച്ചുള്ള ആദ്യ വിവരണത്തില്‍തന്നെ എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായി. നന്നായിത്തന്നെ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനി വിധി പറയേണ്ടത് പ്രേക്ഷകരാണ്.

ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കുറഞ്ഞകാലംകൊണ്ട് സാധിച്ചുഎന്നതില്‍ സന്തോഷം. പുതിയ നിയമത്തിലെ ജീനഭായ് ഐപിഎസ് എന്ന കഥാപാത്രമാണ് അഭിനേത്രി എന്ന നിലയില്‍ ഐഡന്റിറ്റി ഉണ്ടാക്കിത്തന്നത്. ഇന്നും പലരും കാണുമ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് പറയാറുണ്ട്.

എല്ലാത്തിനും സമയമുണ്ട്

കുറച്ച് ഓര്‍ത്തഡോക്സായ ഒരു കുടുംബത്തില്‍ വളര്‍ന്നതുകൊണ്ടുതന്നെ അഭിനയമോഹമൊന്നും ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. കുട്ടിക്കാലംതൊട്ട് നൃത്തം പഠിച്ചിരുന്നു. അതിന് സ്‌കൂള്‍ കലോത്സവങ്ങളിലൊക്കെ സമ്മാനങ്ങള്‍ കിട്ടി. ഒരിക്കല്‍ ഒരു മലയാള മാസികയുടെ കവര്‍ച്ചിത്രമായി എന്റെ ഫോട്ടോ വന്നു. അതോടെ സീരിയലില്‍നിന്നും സിനിമയില്‍നിന്നും നിരവധി ക്ഷണങ്ങള്‍ വന്നു. അപ്പോഴാണ് അഭിനയത്തെക്കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. എന്നാല്‍ പഠനം പാതിവഴിയിലുപേക്ഷിച്ച് അഭിനയത്തിന് പോകാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ല. അതോടെ അഭിനയമോഹം വേരോടെ പിഴുതുകളഞ്ഞു. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു നഷ്ടബോധം ഉണ്ടായിരുന്നു.

വിവാഹശേഷം ആകസ്മികമായി വീണ്ടും സിനിമാ ഓഫര്‍ വന്നപ്പോള്‍ അത് വിട്ടുകളയാതെ ഉപയോഗിച്ചു. അഭിനേതാവാകാന്‍ കൊതിച്ച പത്താംക്ലാസ് വിദ്യാര്‍ഥിനി വീണ്ടും പിറവിയെടുത്തു. സിനിമയിലേക്ക് വരാന്‍ വൈകിപ്പോയി എന്ന് ആദ്യ സിനിമകള്‍ ചെയ്യുന്ന സമയത്ത് തോന്നിയിരുന്നു. എന്നാല്‍ എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞപോലെ കൃത്യമായ സമയത്താണ് അഭിനയം തേടിവന്നതെന്ന് ഇപ്പോള്‍ കരുതുന്നു. അതുകൊണ്ട് ഹാപ്പിയാണ്. പിന്നെ ചിലപ്പോള്‍ വിവാഹം ചെയ്യുന്നതിന് മുന്നേയൊക്കെ സിനിമയില്‍ വന്നിരുന്നുവെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഔട്ട് ആയി പോകുമായിരുന്നു. അതുകൊണ്ട് എല്ലാത്തിനെയും പോസിറ്റീവായി കാണുന്നു.

ഇമേജ് പൊളിക്കും

sheelu abraham
ഫോട്ടോ: പ്രദീപ് എന്‍.എം

ആടുപുലിയാട്ടത്തിനുശേഷം വീണ്ടും ഞാന്‍ ജയറാമേട്ടന്റെ നായികയാകുന്ന ചിത്രമാണ് പട്ടാഭിരാമന്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയും നായികാവേഷത്തിലുണ്ട്. പട്ടാഭിരാമന്‍ ഒരു ക്ലീന്‍ കോമഡി-ഫാമിലി എന്റര്‍ടെയ്നറാണ്. ആക്ഷനും കോമഡിക്കുമെല്ലാം ഒരുപോലെ പ്രാധാന്യം നല്‍കിയാണ് പട്ടാഭിരാമന്‍ ഒരുക്കുന്നത്. എന്നെ പതിവായി ബോള്‍ഡ് ടൈപ്പ് കഥാപാത്രങ്ങളാണ് തേടിവരുന്നത്. പൊലീസ്, ഡോക്ടര്‍ തുടങ്ങിയവ. ആ ചട്ടക്കൂട് പൊളിക്കുന്ന ഒരു കഥാപാത്രമായിരിക്കും പട്ടാഭിരാമനിലെത്. അമിഗോസ്, അല്‍ മല്ലു എന്നീ ചിത്രങ്ങളാണ് അഭിനയിച്ച് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍.

അഭിനേത്രി മാത്രം

ശുഭരാത്രി നിര്‍മിക്കുന്നത് എന്റെ ഭര്‍ത്താവായ എബ്രഹാം മാത്യു ആണ്. എന്നാല്‍ നിര്‍മാണത്തിന്റെ ടെന്‍ഷനൊന്നും അഭിനയത്തില്‍ എനിക്കുണ്ടാകാറില്ല. സെറ്റില്‍ ഞാന്‍ അഭിനേതാവും അദ്ദേഹം നിര്‍മാതാവുമാണ്. പിന്നെ അദ്ദേഹം നിര്‍മിക്കുന്ന സിനിമകളെക്കാള്‍ പുറത്തുള്ള സിനിമകള്‍ അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. കാരണം അദ്ദേഹം നിര്‍മിക്കുന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്നെ പലരും ബോസ് എന്ന നിലയ്ക്കാണ് കാണുന്നത്. അതില്‍ താത്പര്യമല്ല. ഞാനും എല്ലാവരെയുംപോലൊരു അഭിനേത്രി മാത്രമാണ്. ചിലപ്പോള്‍ ഭാവിയില്‍ ഞാനും നിര്‍മാണരംഗത്ത് സജീവമായി അദ്ദേഹത്തെ സഹായിക്കുമായിരിക്കാം. എന്നാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല.

Content Highlights: actress sheelu abraham interview on shubharathri movie