പ്രായഭേദമന്യേ ശബരിമലയില്‍ സ്തീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നടി രഞ്ജിനി രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിലെ പ്രതികരണത്തിലൂടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിലപാട് ഉറപ്പിച്ചു കൊണ്ട് സംസാരിക്കുകയാണ് രഞ്ജിനി. ലിംഗ സമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും തകര്‍ക്കുന്ന പ്രവണതയാണിതെന്നും വിശ്വാസികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും രഞ്ജിനി പറയുന്നു

'ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കൊച്ചു കുട്ടികള്‍ക്കും അന്‍പത് വയസ്സു പിന്നിട്ട സ്ത്രീകള്‍ക്കും അമ്പലത്തിലേക്ക് പോകാന്‍ യാതൊരു വിലക്കുമില്ല. ശബരിമലയിലെ പ്രതിഷ്ഠയനുസരിച്ച് അയ്യപ്പന്‍ ബ്രഹ്മചാരിയാണ്. അതുകൊണ്ടാണ് ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അവിടേക്ക് പ്രവേശനമില്ലാത്തത്. എന്തിനാണ് ആചാരങ്ങളെയും പ്രകൃതിയെയും തൊട്ടുകളിക്കുന്നത്. അതിന്റെ പ്രഖ്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. അതുകൊണ്ടു തന്നെയാണ് ഞാന്‍ ശക്തമായി എതിര്‍ക്കുന്നത്. 

ഞാനൊരു ക്രിസ്ത്യാനിയാണ്. പക്ഷേ എല്ലാ മതങ്ങളെയും ബഹുമാനത്തോടെ നോക്കി കാണുന്നു. എല്ലാ ആചാരങ്ങളെയും ഞാന്‍ വിലമതിക്കുന്നു. ശബരിമല വിഷയത്തില്‍ അതുകൊണ്ടു തന്നെയാണ് എനിക്ക് താല്‍പര്യം. നോക്കൂ, സ്ത്രീ സമത്വം എന്ന് പറഞ്ഞാല്‍ ഇതൊന്നുമല്ല. ശബരിമല വിഷയം സ്ത്രീ സമത്വവുമായി കൂട്ടിക്കെട്ടി കാണുമ്പോള്‍ എനിക്ക് പുച്ഛം തോന്നുന്നു. പീഡനങ്ങള്‍ ഏറ്റുവാങ്ങാതെ അടിച്ചമര്‍ത്തല്‍ ഇല്ലാതെ പുരുഷന്‍മാരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമ്പോഴാണ് സ്ത്രീസമത്വം ഉണ്ടാകുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ മറ്റൊന്തോ അജണ്ടകള്‍ ഉണ്ടെന്ന് തോന്നി പോകുന്നു.' 

മാതൃഭൂമി ഡോട്ട്‌കോമിനോട് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കി രഞ്ജിനി

ആര്‍ത്തവം വ്രതത്തിന് തടസ്സമാണ്

നാല്‍പത്തിയൊന്നു ദിവസത്തെ വ്രതമെടുത്താണ് ശബരിമലയിലേക്ക് പോകുന്നത്. സ്ത്രീകള്‍ക്ക് ഇരുപത്തിയെട്ടു ദിവസം കൂടുമ്പോള്‍ ആര്‍ത്തവം ഉണ്ടാകും. അപ്പോള്‍ വത്രം മുടങ്ങുകയില്ലേ? വ്രതമെടുക്കാതെ എങ്ങനെ ശബരിമലയില്‍ പോകും. ഇവിടെ ലിംഗസമത്വത്തിന്റ  പേരും പറഞ്ഞ് പാരമ്പര്യത്തേയും സംസ്‌ക്കാരത്തെയും നശിപ്പിക്കുകയാണ്. സ്ത്രീകള്‍ക്ക് പുരുഷന്‍മാര്‍ ചെയ്യുന്ന പോലെ എല്ലാം ചെയ്യാന്‍ സാധിക്കില്ല. പമ്പയില്‍ പോയി കുളിക്കുമ്പോളെല്ലാം ഇവര്‍ എക്‌സ്‌പോസ്ഡ് ആകില്ലേ. നമ്മുടെ ശരീരഘടന അങ്ങനെയാണ്. 

ഇതിന്റെ പേരില്‍ മുസ്ലീം പള്ളിയില്‍ സ്ത്രീകള്‍ കയറണം എന്ന പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. മതത്തിലെ നിയമങ്ങള്‍ നേരത്തേ എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളതാണ്. അത് അനുസരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ വേണ്ട. ആര്‍ക്കും നിര്‍ബന്ധമില്ല. നമുക്ക് ഒരു സിസ്റ്റത്തില്‍ തെറ്റ് തോന്നുകയാണെങ്കില്‍ പുറത്ത് പോകാന്‍ സാധിക്കും. ആരും തടയുകയില്ല. വിശ്വാസികളായ സ്ത്രീകള്‍ ഒരിക്കലും കോടതി വിധിയെ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. 

തമിഴരെ മലയാളികള്‍ മാതൃകയാക്കണം. 

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടിനെതിരേ വിധി വന്നപ്പോള്‍ ആളുകള്‍ എങ്ങിനെയാണ് പ്രതികരിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. അത്തരത്തിലുള്ള ഒരു ഐക്യം വിശ്വാസികള്‍ തമ്മിലുണ്ടാകണം എന്നാണ് എന്റെ അഭിപ്രായം. ജന പിന്തുണയുണ്ടെന്ന അവസ്ഥ വന്നാല്‍ ഈ വിധിയില്‍ ഭേതഗതിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തമിഴരെ മലയാളികള്‍ മാതൃകയാക്കണം. 

സര്‍ക്കാര്‍ നിലപാട് എടുക്കണം

ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നിലപാട് എടുക്കാത്തത് എന്നെ വേദനിപ്പിക്കുന്നു. കേരളത്തിലെ വിശ്വാസികളെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടാകുന്നു. സര്‍ക്കാറിനോട് ഒരു റെഫറാന്‍ഡം ഇനിയെങ്കിലും നടത്താന്‍ ഞാന്‍ അപേക്ഷിക്കുകയാണ്. നേരത്തേ തന്നെ റെഫറാന്‍ഡത്തിലേക്ക് പോയിരുന്നുവെങ്കില്‍ അത് സുപ്രീം കോടതിയില്‍ എത്തുകയില്ലായിരുന്നു. ശബരിമലയെയും അയ്യപ്പനെയും സ്‌നേഹിക്കുന്നവര്‍ തീരുമാനിക്കേണ്ട കാര്യമായിരുന്നു. സര്‍ക്കാറിന് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ശബരിമല വിഷയത്തിന്റെ പേരില്‍ ദേശീയ മാധ്യമങ്ങള്‍ തെന്നിന്ത്യയുടെ സംസ്‌കാരത്തെ കരിവാരിത്തേക്കുന്നുണ്ട്. ഇന്നലെ ഒരു ചാനലില്‍ ഒരു അവതാരക വളരെ മോശമായി സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ഇത്തരം വാദങ്ങളൊന്നും അയ്യപ്പ ഭക്തര്‍ ഒരിക്കലും സഹിക്കുകയില്ല.