ഫ്രഷ് ആയ കഥാപാത്രങ്ങൾ അവയ്ക്കായി അൽപം റിസ്ക്കിയായ മുന്നൊരുക്കങ്ങൾ, രജിഷ വിജയൻ മലയാളിക്ക് വിശ്വാസമർപ്പിക്കാവുന്ന നടിയായത് മികച്ച സിനിമ തെരഞ്ഞെടുപ്പുകൾ കൊണ്ടുതന്നെയാണ്. അനുരാഗ കരിക്കിൻ വെള്ളത്തിലെ എലിസബത്ത്, ജൂണിലെ ജൂൺ, ഫൈനൽസിലെ ആലീസ്, ലവിലെ ദീപ്തി.. അങ്ങനെ ഓരോന്നിലും കൃത്യമായ അടയാളപ്പെടുത്തലുകൾ. ഈ വിഷുക്കാലം രജിഷ് വിജയന് ഒത്തിരി സ്പെഷ്യലാണ്, മലയാളത്തിലും തമിഴിലുമായി കർണൻ, ഖോ ഖോ എന്നീ രണ്ടു റിലീസുകൾ. ധനുഷ്-മാരി ശെൽവരാജ് ടീമിനൊപ്പമുള്ള കർണൻ തമിഴിലേക്കുള്ള രജിഷയുടെ മികച്ച എൻട്രിയാകുമ്പോൾ, ദേശീയ പുരസ്കാര ജേതാവ് രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ഖോ ഖോയിൽ കോച്ചിന്റെ രൂപത്തിലാണ് രജിഷ എത്തുന്നത്. തിയേറ്ററുകളിൽ കർണൻ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോൾ നടി സംസാരിക്കുന്നു.

കർണൻ മികച്ച അഭിപ്രായം നേടുകയാണ്, ധനുഷ്-മാരി ശെൽവരാജ് ടീമിനൊപ്പമുള്ള തമിഴ് അരങ്ങേറ്റം സാധ്യമായത് എങ്ങനെയാണ്..?

ജൂൺ കണ്ടിട്ടാണ് എന്നെ കർണനിലേക്ക് മാരി ശെൽവരാജ് വിളിക്കുന്നത്. അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോൾ അധികം ചിന്തിക്കാനുണ്ടായിരുന്നില്ല. മാരി ശെൽവരാജ്- ധനുഷ് കോംമ്പേ തന്നെ ആരെയും ആകർഷിക്കുന്നതാണ്. വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നു. അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നന്നായി ചെയ്യാൻ പറ്റി എന്നാണ് വിശ്വാസം. ലാൽസാർ, ഗൗരി കിഷൻ തുടങ്ങി മലയാളത്തിൽ നിന്ന് വേറെയും താരങ്ങൾ ചിത്രത്തിലുണ്ട്. കർണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. അതിനാൽ ഇപ്പോൾ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാൽ അതുഗുണം ചെയ്യുമെന്ന് കരുതുന്നു.

ഫൈനൽസിന് ശേഷം വീണ്ടുമൊരു സ്പോർട്സ് ഡ്രാമ, വിഷുദിനത്തിൽ പ്രദർശനത്തിനെത്തുന്ന ഖോ ഖോയെ കുറിച്ച്...?

ഫൈനൽസുമായി യാതൊരു വിധത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത കഥാപശ്ചാത്തലമാണ് ഖോ ഖോയിൽ. മരിയ ഫ്രാൻസിസ് എന്ന കോച്ചിന്റെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. മരിയ കായികാധ്യാപികയായി ജോലി ലഭിച്ച് ഒരു തുരുത്തിലെ സ്കൂളിലേക്ക് വരുന്നതും പിന്നീട് അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. സ്പോർട്സാണ് പശ്ചാത്തലമെങ്കിലും അതിനൊപ്പം ഇമോഷണലായിട്ടുള്ള കുറച്ച് ബന്ധങ്ങളുടെ കഥ കൂടിയുണ്ട്.

ഖോ ഖോ എന്ന കളി മുമ്പേ പരിചയമുണ്ടായിരുന്നോ...?

സ്കൂളിൽ പഠിക്കുമ്പോൾ ഖോ ഖോയെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും വലിയ അറിവ് ഉണ്ടായിരുന്നില്ല. ഖോ ഖോ എന്താണെന്ന് മനസ്സിലായാത് ഈ സിനിമയ്ക്കായി നടത്തിയ മുന്നൊരുക്കത്തിനിടയിലാണ്. ഒരുപാട് എനർജിയും കായികക്ഷമതയുമെല്ലാം ആവശ്യപ്പെടുന്ന കായിക ഇനമാണിത്. കോച്ചിന്റെ റോളായതിനാൽ കളിയും കളിയുടെ നിയമങ്ങളും അതിന്റെ മുന്നൊരുക്കങ്ങളും സഹിതം എല്ലാം പഠിക്കേണ്ടി വന്നു. സിനിമയിൽ ഖോ ഖോ കളിക്കാരായി അഭിനയിച്ച 15 ൽ 14 ലും യഥാർഥ കായികതാരങ്ങൾ തന്നെയാണ്. സ്പോർട്സുമായി തീരെ ബന്ധമില്ലാത്ത ഒരാളായതിനാൽ കോച്ച് ആയിട്ട് അഭിനയിക്കുക എന്നത് ഏറെ വെല്ലുവിളിയുള്ള കാര്യമായിരുന്നു. കാരണം അത്ലറ്റുമാർ പെരുമാറുന്നത് പോലെയായിരിക്കില്ല കോച്ചിന്റെ പെരുമാറ്റം. അതുപോലെ പുതുമുഖ കോച്ച് ആകുമ്പോൾ പിന്നെയും സ്വഭാവത്തിൽ പ്രത്യേകതകൾ ഉണ്ടാകും.

ലോക്ക് ഡൗൺ കാലത്താണോ ഈ സിനിമയിലേക്ക് എത്തിയത്..?

എന്നെ മറ്റൊരു സിനിമ ചെയ്യുന്ന കാര്യം പറയാനാണ് ലോക്ക് ഡൗൺ സമയത്ത് സംവിധായകനായ രാഹുൽ വിളിച്ചത്. വലിയ ക്യാൻവാസിലുള്ള സിനിമയായതിനാലും കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആ സിനിമ പെട്ടെന്ന് ചെയ്യുക അസാധ്യമായിരുന്നു. ആ ചർച്ചകൾക്കിടെയാണ് ഖോ ഖോയുടെ കഥ രാഹുൽ എന്നോട് സൂചിപ്പിച്ചത്. 2018 ലെ ഇഫിയിൽ ഫിലിം ബസാറിൽ തെരഞ്ഞെടുക്കപ്പെട്ട തിരക്കഥയായിരുന്നു ഖോ ഖോയുടേത്. കഥ കേട്ടപ്പോൾ അതെനിക്ക് ഇഷ്ടപ്പെടുകയും പെട്ടെന്ന് തുടങ്ങാം എന്ന് രാഹുലോട് പറയുകയുമായിരുന്നു. അങ്ങനെ ഒരുമാസം കൊണ്ട് ഞങ്ങൾ ഷൂട്ട് പൂർത്തിയാക്കി.

അനുരാഗ കരിക്കിൻ വെള്ളം, ജൂൺ, ഫൈനൽസ്, ലവ്, കർണൻ... മികച്ച തെരഞ്ഞെടുപ്പുകൾ സാധ്യമാകുന്നത് എങ്ങനെയാണ്..?

പല കഥകളുമായി ഒരുപാട് പേർ സമീപിക്കുമ്പോൾ അതിൽ ഏറ്റവും നല്ലതെന്ന് തോന്നുന്നവ തെരഞ്ഞെടുക്കുന്നു എന്ന് മാത്രം. നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും എനിക്കില്ല. നല്ല തിരക്കഥകളുമായി ഒരുപാട് പേർ വരാറുണ്ട് പക്ഷേ പലതിലും ഞാൻ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂൺ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകൾ വന്നു. നമ്മളെ തന്നെ വീണ്ടും ആവർത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു. ഇത്തരം നോ പറയലുകൾക്ക് കൂടി കഴിയുന്നത് കൊണ്ടാകാം

ഓരോ സിനിമയിലെയും കഥാപാത്രങ്ങളിൽ ഒരു ഫ്രഷ്നെസ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധിക്കുന്നത്. അങ്ങനെ സിനിമകൾ തെരഞ്ഞെടുക്കാൻ പറ്റുന്നു എന്നത് ഭാഗ്യമായാണ് കാണുന്നത്. ഓരോ സിനിമയും എന്റെ ശരിയായ തെരഞ്ഞെടുപ്പുകൾ തന്നെയാണ്. പിന്നെ കഥാപാത്രങ്ങൾക്ക് വേണ്ടി അത്യാവശ്യം ഹോം വർക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഒരു സിനിമ ചെയ്യാൻ വാക്കുകൊടുത്താൽ ആ കഥാപാത്രത്തിന് ആവശ്യമായ എന്തും ചെയ്യാൻ തയ്യാറാണ്.

ലവ് വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചൊരു ഷൂട്ടിങ് വെല്ലുവിളിയായിരുന്നില്ലേ..?

ലോക്ക് ഡൗണിൽ വീട്ടിലിരുന്ന സമയത്ത് ഒരു സിനിമ ചെയ്യണം എന്നൊരു വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ആ സമയത്താണ് ലവ് എന്ന സിനിമ വരുന്നത്. ഒരു പരീക്ഷണ സിനിമ എന്ന നിലയിൽ എല്ലാവരും കൂടി ഒന്ന് ശ്രമിച്ചുനോക്കിയതാണ്. എല്ലാത്തരം പ്രേക്ഷകരിലേക്കും ഈ സിനിമ എത്താൻ സാധ്യതയില്ല എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു. അതുപോലെ ഒരുവിഭാഗത്തിന് സിനിമ നന്നായി ഇഷ്ടമാകുമെന്നും മറ്റൊരു വിഭാഗത്തിന് തീരെ ഇഷ്ടമാകില്ലെന്നും ഉറപ്പുണ്ടായിരുന്നു. പക്ഷേ ആ സിനിമ ചെയ്ത് കഴിഞ്ഞപ്പോൾ നല്ലൊരു സന്തോഷമുണ്ടായി. കാരണം സിനിമ നിരൂപകരടക്കം നല്ല അഭിപ്രായങ്ങൾ പറയുകയും അഭിനന്ദിക്കുകയും ചെയ്തു. പിന്നെ ഏറെ വ്യത്യസ്തമായ ദീപ്തി എന്ന കഥാപാത്രം ചെയ്യാൻ പറ്റി. കുറച്ച് സ്ക്രീൻ പ്രസൻസ് മാത്രമേ ദീപ്തിക്ക് സിനിമയിലുള്ളൂവെങ്കിലും ഉള്ള സീനുകളിൽ പെർഫോമൻസ് ചെയ്യാൻ നല്ല സ്പേസുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞ് തന്നെയാണ് ലവ് ചെയ്തത്.

ഫൈനൽസ് പോലുള്ള നല്ല സിനിമകൾക്ക് തിയേറ്ററിൽ വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടോ..?

നല്ല സിനിമകൾക്ക് ചിലപ്പോഴെക്കെ തിയേറ്ററിൽ പ്രേക്ഷകർ അർഹമായ പരിഗണന നൽകുന്നില്ല എന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് ഫൈനൽസിന് തിയേറ്ററിന് അത്തരത്തിലുള്ള പരിഗണന കിട്ടിയില്ല. എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും തിയേറ്ററിൽ അർഹിച്ച വിജയം ചിത്രത്തിന് നേടാനായില്ല. ചിലപ്പോൾ ഓണക്കാലത്ത് മറ്റ് വലിയ മൂന്ന് സിനിമകളുടെ കൂടെ റിലീസ് ചെയ്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്. എന്നാലും നല്ല സിനിമകളെ പ്രേക്ഷകർ തിയേറ്ററിൽ തന്നെ കണ്ട് വിജയിപ്പിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് പിറകെ വരുന്ന ഒരുപാടുപേർക്ക് പ്രചോദനമാവും.
kho kho poster

ഏതൊക്കെയാണ് മറ്റ് പുതിയ ചിത്രങ്ങൾ..?

രണ്ട് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു. അധികം വൈകാതെ തന്നെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. അനുരാഗകരിക്കിൻ വെള്ളത്തിന് ശേഷം ഞാനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്. കോമഡിയും പ്രണയവും സെന്റിമെന്റസും എല്ലാം അടങ്ങിയ ഒരു പക്കാ കൊമേഷ്യൽ എന്റർടെയ്നറാണ് ചിത്രം. സജിമോൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനാകുന്ന മലയൻ കുഞ്ഞ് എന്ന സിനിമയും ഷൂട്ട് ആരംഭിച്ചിട്ടുണ്ട്. മറ്റ് പുതിയ പ്രൊജക്ടുകൾ വൈകാതെ പ്രഖ്യാപിക്കും.

വീണ്ടുമൊരു വിഷുക്കാലം, ഓർമയിലെ വിഷു...?

അച്ഛൻ പട്ടാളത്തിലായത് കൊണ്ട് എന്റെ വിഷു കൂടുതലും കേരളത്തിന് വെളിയിലായിരുന്നു. ആ കാലത്താണ് ഞാൻ ഏറ്റവും നന്നായി വിഷു ആഘോഷിച്ചിട്ടുള്ളത്. അന്ന് അവിടെ കൊന്നപ്പൂവൊന്നും കിട്ടാൻ ഒരുവഴിയുമുണ്ടായിരുന്നില്ല. അപ്പോൾ നാട്ടിൽ നിന്ന് കൊന്നപ്പൂവും മറ്റ് സാധാനങ്ങളുമൊക്കെ കൊറിയർ ചെയ്യിപ്പിക്കും. അങ്ങനെയാണ് കണിയെല്ലാം ഒരുക്കുക. ദീപാവലിയുമായി ഏറെ സാമ്യതകളുള്ള ആഘോഷമാണല്ലേ വിഷു. ഞങ്ങൾ ഏപ്രിൽ 14 ന് വീട്ടുമുറ്റത്ത് പൂക്കുറ്റിയും കമ്പിത്തിരിയുമൊക്കെ കത്തിക്കുമ്പോൾ ചുറ്റും താമസിക്കുന്ന അന്യസംസ്ഥാനക്കാരായ അയൽവാസികൾ അത്ഭുതത്തോടെ നോക്കും. കാരണം അവർ ഇതൊക്കെ ചെയ്യുന്നത് ദീപാവലിക്കാണ്. അതാണെങ്കിൽ ഒക്ടോബർ, നവംബർ ടൈമിലുമാണ്. പക്ഷേ സംഭവം നമ്മൾ വിശദീകരിത്ത് കൊടുത്താൽ പിന്നെ അവരും ആഘോഷിക്കാൻ ഒപ്പം കൂടും. വിഷുദിനം വീട്ടിൽ വന്ന് ഒന്നിച്ച് സദ്യ കഴിക്കും. അതെല്ലാം തന്നെയാണ് എന്റെ ഏറ്റവും നല്ല വിഷുഓർമകൾ.

Content highlights :actress rajisha vijayan interview inkarnan and kho kho