ദിലീപ് നായകനായെത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലെ 'മഞ്ഞ മഞ്ഞ ബൾബുകൾ' എന്ന ​ഗാനരം​ഗത്തിലൂടെ മലയാളികൾ ശ്രദ്ധിച്ച താരമാണ് നേഹ അയ്യർ. ചടുലമായ നൃത്തരം​ഗം കൊണ്ടാണ് നേഹ ഏവരെയും കയ്യിലെടുത്തത്. എന്നാൽ പാട്ട് പോലെ നിറങ്ങൾ നിറങ്ങൾ നിറഞ്ഞ നേഹയുടെ ജീവിതത്തിലേക്ക് ഇരുൾ പടർന്നത് നിനച്ചിരിക്കാതെയാണ്. ആ ഇരുട്ടിനിടയിലൂടെ വെളിച്ചം വീണ്ടും നേഹയെ തിരഞ്ഞെത്തിയതും അതേ സമയം തന്നെ. 

പതിനഞ്ച് വർഷം തന്റെ കൂടെയുണ്ടായിരുന്ന ഉറ്റ ചങ്ങാതി, പിന്നീട് ജീവിത പങ്കാളിയായി മാറിയ അവിനാഷിനെ നേഹയ്ക്ക് നഷ്ടമായത് ഒന്നര വർഷം മുൻപാണ്. അതും കാത്തിരിപ്പിനൊടുവിൽ താനൊരു അച്ഛനാകാൻ പോകുന്നുവെന്നറിഞ്ഞതിന്റെ അഞ്ചാം നാളാണ് അവിനാഷ് ഈ ലോകം വിട്ടു പോയത്. അതിശയമെന്തെന്നാൽ അമ്മയ്ക്ക് കൂട്ടായി കുഞ്ഞ് അൻഷ് ഈ ഭൂമിയിൽ ജനിച്ച് വീണത് അവന്റെ അച്ഛന്റെ ജന്മദിനത്തിന്റെ അന്നാണ്. നേഹ പറയുന്ന പോലെ ദൈവം നൽകിയ സമ്മാനമെന്നോണം ഭൂമിയിലേക്ക് വന്നവൻ. വിഷാദത്തിലേക്ക് കൂപ്പ് കുത്തുമായിരുന്ന തന്നെ തിരികെ കൊണ്ടുവന്ന കുഞ്ഞിന് വേണ്ടിയുള്ള കരുതലാണ് സംസാ​രത്തിലുടനീളം നേഹയുടെ വാക്കുകളിൽ നിറഞ്ഞത്. അവിനാഷിനെക്കുറിച്ചും കുഞ്ഞ് അൻഷിനെക്കുറിച്ചും നേഹ മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു. 

ദൈവത്തിന്റെ സമ്മാനം, ഞങ്ങളുടെ ഒരു ഭാ​ഗം, ഇവൻ ഞങ്ങളുടെ അൻഷ്

എനിക്ക് ദൈവം നൽകിയ സമ്മാനമാണ് ഇവൻ, എന്റെ അൻഷ്. ഒരു ഭാഗം എന്നാണ് എന്നാണ് ആ പേരിനർഥം. എന്റെയും ഭർത്താവിന്റെയും ഒരു ഭാഗം.. മാത്രമല്ല ഞങ്ങളുടെ രണ്ട് പേരുടെയും ഇനീഷ്യലുകൾ കൂടിയാണത്. അവനിപ്പോൾ എട്ട് മാസമായി. എന്റെ  ഭർത്താവ് അവിനാഷും ഞാനും ഒരു കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഞാൻ ഗർഭിണിയായി. ആ സമയത്ത് യു.എസിൽ അവധിയാഘോഷിക്കുകയായിരുന്നു ഞങ്ങൾ. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിന്റെ തലേന്നാണ് ഈ സന്തോഷം ഞങ്ങൾ മനസിലാക്കുന്നത്. പക്ഷേ ആ സന്തോഷം അധികനാൾ നിന്നില്ല, അന്നേക്ക് അഞ്ചാം നാൾ അവിനാഷിനെ എനിക്ക് നഷ്ടപ്പെട്ടു. 

വല്ലാത്തൊരു അവസ്ഥയായിരുന്നു അത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും ഏറ്റവും വലിയ ദുഃഖവും ഒരേസമയം സംഭവിക്കുക. എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു തരം പകപ്പായിരുന്നു പിന്നീട്. എന്റെ കുഞ്ഞിനെ എനിക്ക് സംരക്ഷിക്കണമെന്ന് ഉള്ളിലിരുന്ന് എന്റെ മനസ് എന്നോട് പറയുന്നുണ്ട്. പക്ഷേ ഒന്നിനും സാധിക്കാത്ത അവസ്ഥ. ഗർഭവാസ്ഥയുടെ ആദ്യ നാളിലാണ് എനിക്കെന്റെ ഭർത്താവിനെ നഷ്ടമാകുന്നത്. എന്റെ മനസ് എന്റെ കൈവിട്ട് പോയ നിമിഷങ്ങൾ. വിഷാദ രോഗത്തിലേക്ക് വഴുതി വീഴുമായിരുന്ന ദിനങ്ങൾ.  കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ ഒരു സ്ത്രീ അമ്മയാകുന്നുവെന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ആ കുഞ്ഞിനായി എനിക്ക് തളരാതെ ജീവിച്ചേ മതിയാവൂ എന്ന തോന്നലെനിക്കുണ്ടായത്. പിന്നീടുള്ള എന്റെ ഗർഭകാലം ഏറ്റവും സന്തോഷം നിറഞ്ഞതാക്കാനാണ് ഞാൻ ശ്രമിച്ചത്. എന്റെ കുഞ്ഞിന് വേണ്ടി. എളുപ്പമായിരുന്നില്ല അത്. ഇപ്പോഴും എളുപ്പമല്ല. ഒന്നര വർഷമായി ഇപ്പോൾ അവിനാഷ് എന്നെ വിട്ട് പോയിട്ട്. ഇന്നും അവനില്ല എന്ന അവസ്ഥയെ നേരിടുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. 

പക്ഷേ പറഞ്ഞില്ലേ ഈ കുഞ്ഞ് എനിക്ക് ദൈവം നൽകിയ സമ്മാനമാണ്. ഏറ്റവും വലിയ അതിയശമെന്തെന്നാൽ അവിനാഷിന്റെ ജന്മദിനത്തിന്റെ അന്ന് തന്നെയാണ് അൻഷിന്റെയും ജനനം. ഇവന്റെ സന്തോഷമാണ് ഇനി എന്റെ മുന്നിലുള്ളത്. 

ആ പിന്തുണയാണ് പിടിച്ച് നിർത്തിയത്

ഗർഭകാലം എന്നത് മാനസികവും ശാരീരികവുമായ നിരവധി വെല്ലുവിളികൾ നിറഞ്ഞതാണ്. കുഞ്ഞ് ജനിച്ച് ആദ്യത്തെ മൂന്ന് മാസം വളരെ ബുദ്ധിമുട്ടേറിയത് തന്നെയാണ്. ഉറക്കവും വിശ്രമവും പാടെ മറന്ന് കളയേണ്ട സംഗതികളായി മാറും. കുഞ്ഞിന്റെ മൂഡനുസരിച്ചാവും നമ്മുടെ റുട്ടീൻ. ഇപ്പോൾ അവന് എട്ട് മാസമായി. എനിക്കും അവനും ഇന്ന് ഒരു റുട്ടീൻ  ഉണ്ടെന്ന് തന്നെ പറയാം. പക്ഷേ ഒരു കുഞ്ഞുണ്ടാകുന്നതോടെ ഇന്നതൊക്കെ മാറുമെന്നും ഇത്തരം കാര്യങ്ങൾക്ക് നേരത്തെ തന്നെ നമ്മൾ തയ്യാറാവുകയും ചെയ്താൽ കാര്യങ്ങൾ വളരെ എളുപ്പാണ്. ഞാൻ അതിന് തയ്യാറെടുത്തിരുന്നു. 

പിന്നെ മറ്റൊന്നുണ്ട്. ഈ സമയത്ത് നമുക്ക് ചുറ്റുമുള്ളവരുടെ സഹായം അത്യാവശ്യമാവുന്ന ഘട്ടമാണ്. ഒറ്റയ്ക്ക് നമ്മളെക്കൊണ്ട് സാധിക്കില്ല. ഞാനെന്റെ കുടുംബത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്റെ അച്ഛൻ എന്നോടൊപ്പമാണ് താമസം. തൊട്ട് താഴെയുള്ള ഫ്ലാറ്റിലാണ് എന്റെ ഭർത്താവിന്റെ അച്ഛനും അമ്മയും താമസിക്കുന്നത്. ഇവരാണ് എന്റെ ശക്തി. ഒരു സിംഗിൾ പാരന്റ് എന്നത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ അച്ഛനും അമ്മയും താമസിക്കുന്നതിന്റെ തൊട്ട് മുകളിലെ ഫ്ലാറ്റിലേക്ക് ഞാൻ താമസം മാറിയത്. മൂന്ന് വർഷം മുൻപാണ് എന്റെ അമ്മ മരിച്ചത്. ഒന്നര വർഷം മുൻ‍പ് ഭർത്താവും. എന്റെ ഏറ്റവും വലിയ പിന്തുണ, എന്റെ എല്ലാമെല്ലാമായ രണ്ട് പേരെയാണ് എനിക്ക് നഷ്ടമായത്. അതുകൊണ്ട് തന്നെ ഇവരോടൊന്നിച്ച് താമസം മാറാമെന്നുള്ള എന്റെ തീരുമാനം ഏറ്റവും മികച്ചതായിരുന്നു. ഇന്ന് ഞങ്ങൾ ഒന്നിച്ച് ഒരു സ്ഥലത്ത് കഴിയുന്നു. വളരെ അധികം മനസമാധാനം നൽകുന്ന ഒന്നാണത്. 

വിഷാദരോ​ഗത്തിന് ഞാൻ പിടികൊടുത്തില്ല

പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഏറ്റവും  ഭീകരമായ അവസ്ഥയിലൂടെ കടന്നുപോയ ആളാണ് എന്റെ അമ്മ. ഇരുപത്തിയൊന്ന് വയസാണ് അമ്മയ്ക്ക് ആ സമയത്ത്, ചെറുപ്പമാണ്. അമ്മയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞു കൊടുക്കാൻ അന്ന് ആരുമുണ്ടായിരുന്നില്ല. ആരും അതിനെ കുറിച്ച് ബോധവാന്മാരായിരുന്നില്ല എന്നതാണ് സത്യം. പക്ഷേ അമ്മയുടെ അവസ്ഥ കണ്ടറിഞ്ഞിട്ടുള്ളത് കൊണ്ട് ഇതെന്താണെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ അത്തരമൊരു അവസ്ഥയിലൂടെ കടന്നു പോകാൻ എന്നെ ഞാൻ അനുവദിച്ചില്ല. എന്റെ മാനസികാരോഗ്യം ഞാൻ ശ്രദ്ധിച്ചു. ഇപ്പോഴും തെറാപ്പികൾ ചെയ്യുന്നുണ്ട്, കൗൺസിലിംഗിന് പോകുന്നുണ്ട്. പക്ഷേ മാതൃത്വം എന്ന സംഗതി വളരെ മനോഹരമാണെന്നും ശക്തമാണെന്നും ഞാൻ മനസിലാക്കുന്നു. എന്റെ കുഞ്ഞിന്റെ മുഖം കാണുന്ന ഓരോ നിമിഷവും ഞാൻ കരുത്താർജിക്കുന്നു.

ഇവർ എന്റെ ജീവിതത്തിലെ കരുത്ത്

എന്റെ അമ്മ വളരെ കരുത്തയായിരുന്നു. പക്ഷേ വിഷാദരോഗം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. ഒരു മനുഷ്യന്റെ നല്ലതിനെയൊക്കെ അതില്ലാതാക്കും. അമ്മയുടെ അവസാന നാളുകളിൽ കടുത്ത വിഷാദരോഗം അമ്മയെ വേട്ടയാടിയിരുന്നു. എന്റെ അച്ഛൻ നാവവികസേനയിലായിരുന്നു ഗാലന്ററി അവാർഡ് ജേതാവായിരുന്നു. പക്ഷേ ഇടയ്ക്ക് വച്ച് മർച്ചന്റ് നേവിയിൽ അച്ഛൻ ചേർന്നതോടെ കുറേ നാൾ വീട്ടിൽ നിന്ന് വിട്ട് നിൽക്കേണ്ടതായി വന്നു.  അമ്മ ഒറ്റയ്ക്കാണ് എന്നെയും സഹോദരിയെയും വളർത്തിയത്. എന്റെ കരുത്തായിരുന്നു അമ്മ. എന്നെ ഒരുപാട് സ്വാതന്ത്രൃം തന്നാണ് അമ്മ വർത്തിയത്. എന്റെ എല്ലാ തീരുമാനങ്ങൾക്കും അമ്മയുടെ പിന്തുണയുണ്ടായിരുന്നു. അതിന് അമ്മയോട് ഒരുപാട് നന്ദിയുണ്ട്. 

അമ്മ മാത്രമല്ല അവിനാഷും അതുപോലെ  തന്നെയായിരുന്നു. പതിനഞ്ച് വർഷത്തെ പരിചയമാണ് അവിനാഷും ഞാനും തമ്മിൽ. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. എന്റെ ജീവിതത്തിന്റെ ഏറിയ പങ്കും ഞാൻ ചിലവഴിച്ചത് ഇവർ രണ്ട് പേർക്കുമൊപ്പമാണ്. 

രണ്ട് മക്കളെ നഷ്ടപ്പെട്ട ആ അമ്മയെ പിടിച്ചുനിർത്തുന്നത് എന്റെ കുഞ്ഞാണ്

അമ്മയെയും അവിനാഷിനെയും കുറിച്ച് പറയുമ്പോൾ ഒരിക്കലും വിട്ട് പോവാൻ പാടില്ലാത്ത ഒരു വ്യക്തി കൂടിയുണ്ട്. അവിനാഷിന്റെ അമ്മ. എന്റെ അമ്മായിഅമ്മ, അല്ല അമ്മ തന്നെ. അങ്ങനെ ഒരു അമ്മായിഅമ്മയെ ലഭിച്ച ഞാൻ എത്ര ഭാഗ്യം ചെയ്തതാണെന്ന് എനിക്ക് തോന്നാറുണ്ട്. എല്ലാംകൊണ്ടും വളരെ മികച്ചൊരു സ്ത്രീ.. എന്റെ അമ്മ ഇന്ന് എനിക്കൊപ്പമില്ല. പക്ഷേ ആ സ്ഥാനത്ത് ഇന്ന് അവിനാഷിന്റെ അമ്മയുണ്ടെനിക്ക്. ജീവിതത്തിൽ വലിയൊരു ദുരന്തം നടന്നെങ്കിലും ഈ അമ്മയെ ഞാൻ ഒരു അനുഗ്രഹമായാണ് കാണുന്നത്. 

വളരെ കരുത്തയായ സ്ത്രീയാണ് അവർ. രണ്ട് മക്കളെയാണ് രണ്ട് വർഷത്തിനുള്ളിൽ അമ്മയ്ക്ക് നഷ്ടമായത്. എന്റെ ഭർത്താവിന് ഇളയ സഹോദരനുണ്ടായിരുന്നു. രണ്ട് വർഷം മുൻപാണ് അവൻ ഞങ്ങളെ വിട്ട് പോയത്. ഇന്ന് എന്റെ കുഞ്ഞാണ് അമ്മയ്ക്കെല്ലാം. നഷ്ടപ്പെട്ടുപോയ രണ്ട് മക്കളെയും അമ്മ  കാണുന്നത് അവനിലാണ്. അവനാണ് അവരെയും  ജീവിതത്തിൽ പിടിച്ച് നിർത്തുന്നത്. എനിക്ക് തോന്നുന്നു എന്റെ ജീവിതത്തിൽ ഓരോ ഘട്ടത്തിലും ശക്തരായ സ്ത്രീകളുടെ, അമ്മമാരുടെ സ്വാധീനം ഉണ്ടായിട്ടുണ്ടെന്ന്. ഇന്ന് ഞാനും അഭിമാനത്തോടെ തന്നെ പറയും ഞാനും കരുത്തയായ ഒരമ്മയാണെന്ന്. അങ്ങനെ ആവാനല്ലാതെ മറ്റെന്ത് സാധിക്കും. നമ്മുടെ മുന്നിൽ രണ്ട് വഴിയേ ഉള്ളൂ. താഴേ നോക്കി എല്ലാം നഷ്ടമായി എന്ന് കരുതി ജീവിതം നശിപ്പിക്കുക. അല്ലെങ്കിൽ മുകളിൽ നോക്കി ഈ ജീവിതത്തിൽ ഇനി എന്ത് ചെയ്യാനാവുമെന്ന് ചിന്തിച്ച് അത് ചെയ്യുക. ഞാൻ ആ വഴിയാണ് തിരഞ്ഞെടുത്തത്. 

മലയാളികളുടെ സ്നേഹം 

കോടതി സമക്ഷം ബാലൻ വക്കീലിന് മുമ്പ് തരംഗം എന്ന സിനിമ ഞാൻ ചെയ്തിരുന്നു.  പക്ഷേ മലയാളികളുടെ സ്നേഹം മുഴുവൻ അറിഞ്ഞത് മഞ്ഞ മഞ്ഞ ഡാൻസിലൂടെയാണ്. മുംബൈയിൽ വച്ചാണ് ഈ ഡാൻസ് നമ്പറിനെക്കുറിച്ച് ഞാൻ അറിയുന്നത്. ഈ പ്രോജക്ട് എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചിരുന്നപ്പോൾ അവിനാഷാണ് നീ ഇത് ചെയ്യണം ഞാൻ കൂടെ വരാം എന്ന് പറഞ്ഞ് പിന്തുണ തന്നത്. ചിത്രീകരണത്തിന് അവിനാഷും വന്നിരുന്നു. ആ ലൊക്കേഷൻ ശ്രദ്ധിച്ചാലറിയാം നിറയെ പൊടിയും മറ്റും നിറഞ്ഞതാണ്. അന്ന് അവിനാഷിന് ഭീകരമായ അലർജി പിടിപെട്ടു ആ പൊടിയെല്ലാം അടിച്ച്. പക്ഷേ ആ  പാട്ട് ഏറെ ശ്രദ്ധ നേടി. ടിക് ടോക്കിലും മറ്റും അത് ഇന്നും വൈറലാണെന്ന് അറിഞ്ഞതിൽ സന്തോഷം. 

ലോകം ഇനി എന്താവുമെന്നറിയില്ല, കാത്തിരിക്കുന്നു, തിരിച്ചുവരണം

കോവിഡ് 19 എന്ന മഹാമാരി എല്ലാത്തിനെയും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്ന് നോക്കിക്കാണുകയാണ് ഞാനും . പുതിയ പ്രോജക്ടുകൾ എടുക്കാമെന്നുള്ള തീരുമാനത്തിൽ തന്നെയായിരുന്നു ഞാനും അതിനിടയിലാണല്ലോ കൊറോണയും ലോക്ക്ഡൗണും സംഭവിച്ചത്. വീട്ടിൽ വച്ച് തന്നെ ഇപ്പോൾ രണ്ട് പരസ്യങ്ങൾ ഷൂട്ട് ചെയ്ത് നൽകി. മാറ്റങ്ങളാണ് എല്ലായിടത്തും. തീർച്ചയായും എല്ലാം നേരെയായി സിനിമാ മേഖല പഴയ പോലെയാവുമ്പോൾ നല്ല പ്രോജക്ടുകളുടെ ഭാഗമാകണം എന്ന് തന്നെയാണ് ആഗ്രഹം. 

Content Highlights : Actress Neha Iyer Interview Kodathi samaksham balan vakkeel Manja Manja Song Neha On Motherhood