ദൃശ്യം വീണ്ടും വരികയാണ്. ഒപ്പം ജോർജ്കുട്ടിയും റാണിയും മക്കളും. ഒന്നാം ഭാഗം ബാക്കിവച്ച പ്രകമ്പനം ഇപ്പോഴും നിലച്ചിട്ടില്ല പ്രേക്ഷകമനസ്സിലും ബോക്സ്ഓഫീസിലും. എന്നാൽ, സസ്പെൻസ് മാത്രമല്ല, ഏഴു വർഷത്തിനുശേഷം വരുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രങ്ങളും ട്രെയിലറുമെല്ലാം കണ്ടവർ ചോദിച്ച മറ്റൊരു ചോദ്യം കൂടിയുണ്ട്. മക്കളെല്ലാം വലുതായി. അച്ഛനും അമ്മയും ഇപ്പോഴും ചെറുപ്പമാണല്ലോ. ഏഴല്ല, മുപ്പത്തിയേഴ് കൊല്ലമായിട്ടും മീനയുടെ ചെറുപ്പം മാറിയിട്ടില്ല മലയാളത്തിന്റെ മനസ്സിൽ നിന്ന്.

ഈ നിത്യഹരിത യൗവ്വനത്തിന്റെ രഹസ്യം മീനയോട് ചോദിച്ചപ്പോൾ അതിലും സുന്ദരമായൊരു പൊട്ടിച്ചിരിയായിരുന്നു  മറുപടി. മനംമയക്കുന്ന പുഞ്ചിരിയോടെ മീന പറഞ്ഞ് തുടങ്ങുന്നു ആ രഹസ്യം.. "രണ്ട് പേരും ആരോ​ഗ്യം ശ്രദ്ധിക്കുന്നവരാണ്. ഇത്രയും വർഷത്തിന് ശേഷം വരുന്ന ചിത്രമായത് കൊണ്ട് നന്നായി തന്നെ ഇരിക്കണമെന്ന് ഞങ്ങൾക്ക് ആ​ഗ്രഹമുണ്ടായിരുന്നു. അതല്ലാതെ രഹസ്യമൊന്നുമില്ല..."

എട്ട് വർഷത്തിന് ശേഷം ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും അടുത്തെത്തിയപ്പോൾ...

വളരെ സന്തോഷമായിരുന്നു. ഷൂട്ടിങ്ങ് ക്രൂ, ആ സ്ഥലം, വീട് അവിടെയെല്ലാം പോകുന്നത് വളരെ ​ഗൃഹാതുരത നിറഞ്ഞ കാര്യമായിരുന്നു. പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണ്. ഒരു എട്ട് വർഷത്തിന് ശേഷം ജോർജുകുട്ടിയും കുടുംബവും വീണ്ടും ഒന്നിക്കുന്നു. തിരിച്ചു ചെല്ലാനായത് മനോഹരമായ സം​ഗതിയാണ്. ഒരിക്കലും ഒരു രണ്ടാം ഭാ​ഗം പ്രതീക്ഷിച്ചിരുന്നില്ല, തെലുങ്ക് റീമേയ്ക്ക് ചെയ്തുകൊണ്ടിരുന്നപ്പോൾ പോലും അങ്ങനെ ചിന്തിച്ചിരുന്നില്ല. തെലുങ്ക് ദൃശ്യം ചെയ്യുന്ന സമയത്ത് അവർ ചോദിച്ചിരുന്നു രണ്ടാം ഭാ​ഗം ചെയ്യാനുള്ള പ്ലാൻ ഉണ്ടോയെന്ന്. അറിയില്ലെന്നായിരുന്നു എന്റെ മറുപടി. ഈ ലോക്ക്ഡൗൺ സമയത്ത് സംവിധായകനും നിർമാതാവും വിളിച്ച് രണ്ടാം ഭാ​ഗം ഒരുക്കുന്നുവെന്ന് പറ‍ഞ്ഞപ്പോൾ ഞാൻ വളരെ ആവേശത്തിലായി. തീർച്ചയായും ചെയ്യാം എന്ന് ഞാൻ പറഞ്ഞു. 

റാണിക്ക് സംഭവിച്ച മാറ്റം

ദൃശ്യത്തിൽ റാണി എന്ന കഥാപാത്രം വളരെ ഊർജസ്വലയായ, രസികയായ കഥാപാത്രമായിരുന്നു. എന്നാൽ രണ്ടാം ഭാ​ഗത്തിൽ അങ്ങനെയല്ല. കുറേ മാറ്റങ്ങൾ റാണിക്ക് സംഭവിച്ചിട്ടുണ്ട്. ഒരുപാട് പ്രശ്നങ്ങൾ അവളെ അലട്ടുന്നുണ്ട്. മകളുടെ കാര്യം, പിന്നെ ജോർജുകുട്ടി എവിടെയാണ് ആ മൃതദേഹം മറവ് ചെയ്തതെന്ന് അറിയാത്ത അവസ്ഥ അതൊക്കെ റാണിയെ അലട്ടുന്നുണ്ട്. അങ്ങനെ കുറേ ആശങ്കകളും പേടിയുമുള്ള കഥാപാത്രമാണ് രണ്ടാം ഭാ​ഗത്തിൽ..

ജോർജുകുട്ടിയുടെ പിശുക്ക് മാറിയോ?

ജോർജുകുട്ടി ഇപ്പോഴും പിശുക്കൻ തന്നെയാണ്. തീയേറ്റർ ഉടമയായി. സിനിമ ചെയ്യണമെന്ന ആ​ഗ്രഹത്തിന്റെ പുറത്ത് നടക്കുകയാണ്. എന്നിട്ടും പിശുക്ക് മാറിയിട്ടില്ല. വീട്ടിൽ സഹായത്തിനൊരാളെ വയ്ക്കണമെന്ന് പറ‍ഞ്ഞാൽ നിനക്കെന്താണ് പിന്നെ പണിയെന്ന് ചോദിക്കും. എങ്കിലും ചെറിയ ചെറിയ മാറ്റങ്ങളൊക്കെയുണ്ട് താനും. 

ലാൽ-മീന ഹിറ്റ് കൂട്ടുകെട്ടിന് പിന്നിൽ

Meena

എല്ലാവരും ചോദിക്കാറുണ്ട് ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രിയുടെ രഹസ്യം എന്താണെന്ന്. സത്യമായും എനിക്കറിഞ്ഞു കൂടാ. ഞങ്ങൾക്ക് ലഭിച്ച കഥാപാത്രങ്ങൾ അങ്ങനെയാണ്. അത് പ്രേക്ഷകർ ഇത്രമാത്രം സ്വീകരിച്ചത് എന്റെ ഭാ​ഗ്യവും അനു​ഗ്രഹവുമാണ്. അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടർ ആണ്. അങ്ങനെയൊരാളോടൊപ്പം ഒരു സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകരണത്തിന്റെ പകുതിയെങ്കിലും നമുക്ക് ലഭിക്കുന്നത് വളരെ മനോഹരമായ കാര്യമാണ്. 

എങ്കിലും വരുണിന്റെ മൃതദേഹം എവിടെയാണ് സത്യത്തിൽ കുഴിച്ചിട്ടിരിക്കുന്നത്....

വീണ്ടും അതേ പൊട്ടിച്ചിരിയോടെ മീന മറുപടി നൽകി... സത്യമായും എനിക്കറിയില്ല..നിങ്ങൾ ഫെബ്രുവരി 19 വരെ കാത്തിരുന്നേ മതിയാകൂ...

Content Highlights : Actress Meena Interview Drishyam 2 Mohanlal Jeethu Joseph Esther Ansiba