സ്‌നേഹ'ത്തിലെ അമ്മു മുതല്‍ 'കടാരം കൊണ്ടാനി'ലെ കല്‍പ്പന വരെയായി ഇരുപത് വര്‍ഷംകൊണ്ട് നൂറുചിത്രങ്ങള്‍. വലുതും ചെറുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ലെന സെഞ്ചുറിയിലെത്തി നില്‍ക്കുമ്പോഴും പുതിയ വിസ്മയങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലെനയുടെ ഭാഷയില്‍ പറഞ്ഞാല്‍ ''ഒന്നില്‍ തുടങ്ങി ഇപ്പോള്‍ നൂറിലെത്തി. ഇനി വീണ്ടും ഒന്നില്‍നിന്ന് തുടങ്ങുന്നതിന്റെ ത്രില്‍...'' മനോഹരിയായ നായികയായി തിളങ്ങിയപ്പോള്‍ തന്നെ കരുത്തുറ്റ സഹനടി കഥാപാത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്ന ലെന സെഞ്ചുറിയുടെ തിളക്കത്തില്‍ തന്റെ വിശേഷങ്ങളും പ്രതീക്ഷകളും ചിത്രഭൂമിയുമായി പങ്കുവെക്കുന്നു.

സിനിമയില്‍ വന്ന് 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ നൂറു കഥാപാത്രങ്ങള്‍ ലെനയെ തേടിയെത്തിയിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ എന്തുതോന്നുന്നു.

ഒന്നുമുതല്‍ നൂറുവരെ എണ്ണിക്കഴിയുമ്പോള്‍ പിന്നെയും ഒന്നുമുതല്‍ എണ്ണാന്‍ തോന്നില്ലേ. ഞാന്‍ ഇപ്പോള്‍ അത്തരമൊരു മാനസികാവസ്ഥയിലാണ്. നൂറ് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിനെക്കാള്‍ ഇനി വരാനിരിക്കുന്ന വ്യത്യസ്തമായ പുതിയ കഥാപാത്രങ്ങളെക്കുറിച്ചാണ് ഞാന്‍ ചിന്തിക്കുന്നത്. 

വര്‍ഷങ്ങള്‍ എത്ര പിന്നിട്ടാലും ലെന ചെറുപ്പക്കാരി തന്നെയായിരിക്കുന്നതിന്റെ രഹസ്യമെന്താണ്.? 

ഇപ്പോഴാണ് ഞാന്‍ ശരിക്കും ചെറുപ്പമായതെന്നാണ് തോന്നുന്നത്. 20 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്‌നേഹം എന്ന സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ എനിക്ക് 16 വയസ്സ് മാത്രമായിരുന്നു. പക്ഷേ, അന്ന് എന്നെ കണ്ടാല്‍ അതിനെക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു. അത്തരം പക്വതയും പ്രായവും തോന്നുന്ന കഥാപാത്രങ്ങളാണ് അഞ്ചുവര്‍ഷം മുന്‍പുവരെ ഞാന്‍ ചെയ്തിരുന്നത്. ഇപ്പോള്‍ ഞാന്‍ വീണ്ടും കൂടുതല്‍ ചെറുപ്പത്തിലേക്ക് വന്നിരിക്കുകയാണെന്ന് തോന്നുന്നു.

ചെറുപ്പം വിടാതെ തുടരുന്നതുകൊണ്ടാണ് ചിലര്‍ ലെനയെ ലേഡി മമ്മൂട്ടി എന്നുവിളിക്കുന്നത്. ആ വിളി എത്രമാത്രം ശരിയാണ്. ? 

അതൊരു ഇന്റര്‍നെറ്റ് തെറ്റിദ്ധാരണ മൂലമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതോ ഒരു സൈറ്റില്‍ എനിക്ക് 49 വയസ്സാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49 വയസ്സായിട്ടും എന്നെ കണ്ടാല്‍ അത്രയും പ്രായം തോന്നില്ലെന്നും അത് മമ്മൂട്ടിയെപ്പോലെയാണെന്നുമാണ് ചിലരൊക്കെ പറയുന്നത്. സത്യത്തില്‍ എനിക്ക് ഇപ്പോള്‍ 38 വയസ്സായിട്ടേയുള്ളൂ. 1981-ലാണ് ഞാന്‍ ജനിച്ചത്. ആ നിലയ്ക്ക് നോക്കിയാല്‍ ലേഡി മമ്മൂട്ടി എന്നൊക്കെ എന്നെ വിളിക്കേണ്ടതില്ലെന്നാണ് വിശ്വസിക്കുന്നത്. 

പോലീസ് വേഷങ്ങള്‍ ഏറെ തേടിയെത്തുകയും അതെല്ലാം മനോഹരമാക്കുകയും ചെയ്ത ഒരാളാണ് ലെന. പോലീസ് കഥാപാത്രമായ ലെനയെ എങ്ങനെ വിലയിരുത്തുന്നു. ? 

പോലീസ് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് വളരെ എളുപ്പമാണ്. ഞാന്‍ ഒറ്റയ്ക്കു ജീവിക്കുന്ന ഒരാളായതുകൊണ്ടാകാം വളരെ പരുഷമായ രീതികള്‍ എനിക്ക് പരിചിതമാണ്. എന്റെ ജീവിതരീതികളാകാം പോലീസ് വേഷങ്ങള്‍ എന്നില്‍ മനോഹരമാക്കിയത്. ഞാന്‍ പോലീസ് വേഷമിട്ടാല്‍ വളരെ എളുപ്പത്തില്‍ ആ ശരീരഭാഷയിലേക്ക് മാറാന്‍ കഴിയാറുണ്ട്. 

പോലീസ് വേഷങ്ങള്‍ പോലെ അമ്മവേഷങ്ങളും വളരെ മനോഹരമായി ലെന ചെയ്യുന്നത് എങ്ങനെയാണ്.? 

ഞാന്‍ ജീവിതത്തെ കുറെ കാലഘട്ടങ്ങളായാണ് കാണുന്നത്. എന്റെ ജീവിതത്തിലെ ഒരു കാലഘട്ടത്തിലായിരുന്നു അത്തരം അമ്മകഥാപാത്രങ്ങളെല്ലാം വന്നത്. ഇപ്പോള്‍ ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്താല്‍ ശരിയാകുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ എന്റെ രൂപവും ഭാവവും അമ്മവേഷങ്ങള്‍ക്ക് ചേരുമെന്ന് തോന്നുന്നില്ല. 

ഒരുപാട് യാത്രകള്‍ ചെയ്യുന്ന ആളാണ് ലെന. ഹിമാലയന്‍ യാത്രയൊക്കെ എങ്ങനെ സംഭവിച്ചതാണ്.? 

സിനിമയില്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ഇടവേള വേണമെന്ന് തോന്നി. അങ്ങനെയാണ് ഹിമാലയന്‍ യാത്ര നടത്താന്‍ തീരുമാനിച്ചത്. ഹിമാലയത്തില്‍ രണ്ടുമാസത്തോളം ചെലവഴിച്ചപ്പോള്‍ ശരിക്കും ജീവിതം മാറിയെന്ന് പറയാം. അതൊരു അനുഭവവും പുതുമയുമായിരുന്നു. ആ യാത്രയില്‍നിന്നാണ് ഞാന്‍ ഇപ്പോഴത്തെ പുതിയ ജീവിതം തുടങ്ങുന്നത്.

തല മൊട്ടയടിക്കാനുള്ള തീരുമാനം യാത്ര പോലെ വന്ന ഒന്നാണോ.? 

തല മൊട്ടയടിക്കണമെന്ന് കുട്ടിക്കാലം മുതലേ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ തല മൊട്ടയടിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ എന്നെ വിലക്കുകയായിരുന്നു. സാധിക്കാതെ കിടന്ന അന്നത്തെ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചത്. നേരത്തേ വിചാരിച്ചിട്ടും നടക്കാതെ പോയ വഴിപാട് നടത്താനായത് പോലെയാണ് മൊട്ടയടിച്ചപ്പോള്‍ എനിക്കുണ്ടായ സന്തോഷം. പഴനിയില്‍ ചെന്നാണ് ഞാന്‍ തല മൊട്ടയടിച്ചത്. 

ലെനയുടെ പുതിയ സിനിമകളും കഥാപാത്രങ്ങളും.? 

ഈ വര്‍ഷം ഇറങ്ങിയ 'അതിരനും' 'കടാരം കൊണ്ടാനും' മികച്ച കഥാപാത്രങ്ങള്‍ തന്ന ചിത്രങ്ങളായിരുന്നു. സാള്‍ട്ട് ആന്റ് പെപ്പറിന്റെ രണ്ടാം ഭാഗമായ 'ബ്ലാക്ക് കോഫി', ജയസൂര്യ ചിത്രമായ 'അന്വേഷണം' തുടങ്ങിയ ചിത്രങ്ങളാണ് ഇനി റിലീസാകാനുള്ളത്. 'ഒരു രാത്രി ഒരു പകല്‍' എന്ന ചിത്രവും അവസാനഘട്ടത്തിലാണ്. കഥാപാത്രത്തിന്റെ 78 വയസ്സുള്ള കാലഘട്ടമാണ് ആ ചിത്രത്തില്‍ ഇനി ചെയ്യാനുള്ളത്. 

Content Highlights : Actress Lena Interview