തീരുമാനം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് തിരിച്ചു വന്നിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. സിനിമയില്‍ നിന്ന് രണ്ട് വര്‍ഷം ഇടവേളയെടുത്തതിന് ശേഷമാണ് ലക്ഷ്മി പ്രിയയുടെ തിരിച്ചു വരവ്. തീരുമാനം എന്ന സിനിമ ഏറ്റെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് സമൂഹത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങളാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. മാതൃഭൂമി കപ്പ ടിവി ഐ പേഴ്‌സണലിയില്‍ സംസാരിക്കുകയായിരുന്നു നടി. ആര്‍ത്തവം, ആചാരം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലക്ഷ്മി പ്രിയ സംസാരിച്ചു.

തീരുമാനത്തിലേക്ക്

ഇപ്പോഴത്തെ കാലത്ത് സ്ത്രീകള്‍ ധാരാളം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഈയിടെ നമ്മുടെ നാട്ടില്‍ നടന്ന പല സംഭവങ്ങളും പരിശോധിച്ചു നോക്കിയാല്‍ അറിയാം. ഒരു സ്ത്രീയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അതേ സാഹചര്യത്തില്‍ അപമാനവും തോന്നുന്ന സംഭവങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. രണ്ട് വര്‍ഷം ഞാന്‍ സിനിമയില്‍ നിന്ന് മാറി നിന്നു. എനിക്കൊരു പെണ്‍കുഞ്ഞു പിറന്നു. കുഞ്ഞിന്റെ വളര്‍ച്ച കാണാന്‍ വേണ്ടി ഞാന്‍ ഒരു ഇടവേളയെടുത്തു. അങ്ങനെയിരിക്കെയാണ് തീരുമാനം എന്ന സിനിമ എന്നെ തേടിയെത്തിയത്. ഒരു നടി എന്ന നിലയില്‍ എനിക്ക് സമൂഹത്തിന് വേണ്ടി ഒരു നല്ല സന്ദേശം നല്‍കാന്‍ ഈ ചിത്രത്തിലൂടെ എനിക്ക് സാധിക്കുമെന്ന് തോന്നി. കഥ തുടങ്ങുന്നത് 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ്. പെണ്‍കുഞ്ഞുങ്ങളോട് സമൂഹം എങ്ങനെ പെരുമാറണം എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ഞങ്ങള്‍ നല്‍കുന്നത്. ഒരു പെണ്‍കുട്ടിയുടെ അമ്മ എന്ന നിലയില്‍ അത് അനിവാര്യമാണെന്ന് തോന്നുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മകള്‍ക്കൊപ്പം നടക്കാന്‍ പോയപ്പോള്‍ ആയുഷ് ശര്‍മ എന്ന വ്യക്തിയെ പരിചയപ്പെട്ടു. അദ്ദേഹം കുട്ടികളെ ഭിക്ഷാടനത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള ക്യാമ്പയിനുമായി 17000 കിലോ മീറ്ററോളം കാല്‍നടയായി യാത്ര ചെയ്യുകയാണ്. അദ്ദേഹം മകളെ കണ്ടപ്പോള്‍ എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. നമ്മുടെ രാജ്യത്ത് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തെപ്പോലുള്ളവര്‍ ഇത്രയും വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മളും എന്തെങ്കിലും ചെയ്യേണ്ടതല്ലേ?

ഈ സിനിമയില്‍ എന്റെ കഥാപാത്രം നെഗറ്റീവ് ആണ്. സംഗീത നായര്‍ എന്നാണ് പേര്. എന്റെ കഥാപാത്രത്തിനെക്കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല. കാരണം നമ്മുടെ സമൂഹത്തില്‍ അതിന് സമാനമായ പേരുള്ള ഒരാളുണ്ട്. പക്ഷേ ഈ സിനിമയില്‍ ഈ കഥാപാത്രത്തെ മറ്റൊരു തലത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ആര്‍ട്ടിസ്റ്റുകള്‍ക്ക് ടാഗ് നല്‍കരുത്

ഇത്രയും കാലം ഒരുപാട് കോമഡി റോള്‍ ചെയ്തു. പക്ഷേ അതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രമാണ് തീരുമാനത്തിലേത്. കോമഡി ചെയ്തപ്പോള്‍ എല്ലാവരും ഹാസ്യതാരം മാത്രമായി ടാഗ് ചെയ്തു. എനിക്ക് എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണം. വ്യത്യസ്തമായ സിനിമകളും ചെയ്യണം. 

സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമകള്‍ വരുന്നില്ല

സ്ത്രീപക്ഷ സിനിമകള്‍ ഇവിടെ കുറവാണ്. കുടുംബ ജീവിതത്തിലും സാമൂഹിക അന്തരീക്ഷത്തിലും സ്ത്രീകളെ മാറ്റി നിര്‍ത്തുന്നില്ല. എന്നാല്‍ സിനിമയില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു. ഒരു വലിയ സിനിമയാണെങ്കില്‍ പോലും ആകെ അഞ്ചോ ആറോ ദിവസം മാത്രമേ ഷൂട്ട് ഉണ്ടാകാറുള്ളൂ. കല്‍പ്പന ചേച്ചി, ഉര്‍വശി ചേച്ചി എന്നിവര്‍ക്കെല്ലാം ശക്തമായ കഥാപാത്രങ്ങള്‍ അന്നത്തെ സംവിധായകര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ സംഭവിക്കുന്നില്ല. അത് ദുഖകരമായ ഒരു സത്യമാണ്. സിനിമ ഇന്ന് ഞാനും നീയും എന്ന അവസ്ഥയിലേക്ക് ഒതുങ്ങി. ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ സംവിധായകരാണ് ഇന്ന് നമുക്ക് പ്രതീക്ഷ നല്‍കുന്നത്. 

മീ ടൂ.... 

ഒരു സംഭവം ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നാണ് എന്റെ അഭിപ്രായം. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അതെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. ആ നിമിഷം പ്രതികരിക്കണം. എന്റെ ഒരു അധ്യാപിക എന്നോട് പറഞ്ഞിട്ടുണ്ട്,' ന്യായമായ കാര്യങ്ങള്‍ക്കു വേണ്ടി നമ്മള്‍ പ്രതികരിക്കുമ്പോള്‍ ഉണ്ടാകുന്നതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് നമ്മളല്ല. അതിന്റെ തലവേദന അനുഭവിക്കേണ്ടത് നമ്മുടെ എതിരാളിയാണ്'. തെറ്റ് ചെയ്യുന്നവര്‍ സമൂഹത്തില്‍ നാണം കെടണം.

ആര്‍ത്തവം, ആചാരം

എല്ലാ സ്ത്രീകള്‍ക്കും ആര്‍ത്തവമുണ്ട്. ആദിമകാലത്തെ ഹവ്വ മുതല്‍ എല്ലാവര്‍ക്കും. അത് ഇത്രമാത്രം കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ഇവിടെ ആര്‍ത്തവ അശുദ്ധിയില്ല, അത് ഉണ്ടെന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. ആചാരപരമായ കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ജോലി ചെയ്യുന്നതിനോ വാഹനം ഓടിക്കുന്നതിനോ പുറം ലോകവുമായി ഇടപഴകുന്നതിനോ കേരളത്തില്‍ അശുദ്ധിയില്ല. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെ മാറ്റി നിര്‍ത്തപ്പെടുന്നു എന്ന് കേട്ടിട്ടുണ്ട്. അത് അവര്‍ അവിടെ ചര്‍ച്ച ചെയ്യട്ടേ. എന്നാല്‍ കേരളത്തില്‍ ആ സ്ഥിതിവിശേഷമില്ല. 

ആര്‍ത്തവവുമായി ബന്ധപ്പെട്ട് നമ്മള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത്, സാനിറ്ററി നാപ്കിന്‍ നമ്മള്‍ എങ്ങനെ സംസ്‌കരിക്കുന്നു എന്നതാണ്. അതുമായി ബന്ധപ്പെട്ട ആരോഗ്യപരമായ കാര്യങ്ങളാണ്. റോഡില്‍ നാപ്കിന്‍ വലിച്ചെറിയുന്ന സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അത് വൃത്തിയാക്കുന്നത് പാവപ്പെട്ട ശുചീകരണ തൊഴിലാളികളാണ്. അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുന്നില്ല. 

Conetnt Highlights: actress Lakshmi Priya interview i personally kappa tv