ന്യൂമറോളജി പ്രകാരമാണ് ശ്രീസങ്ഖ്യയെന്ന പേര് തിരഞ്ഞെടുത്തത്. അമ്മയാണ് (കല്പനയുടെ അമ്മ) പേരിട്ടത്. ഒരേ ജന്മത്തില്‍ രണ്ട് തവണ പേരീടല്‍ നടത്തിയെന്നത് തന്നെ നല്ലതല്ലേ. സൂര്യന്റെ ഭാര്യയാണ് സങ്ഖ്യ, സൂര്യന്റെ പ്രഭാവലയത്തില്‍ പ്രകാശപൂരിതയായി നില്ക്കുന്ന സ്ത്രീ. എവിടെയും തളരാതെ സൂര്യനൊപ്പം തന്നെ ശക്തിയില്‍ ജ്വലിച്ച് നില്ക്കുന്നവളാണ് സങ്ഖ്യ. പേര് മാറിയെങ്കിലും കൂട്ടുകാരെ ഇത് കാര്യമായി ബാധിക്കാന്‍ പോകുന്നില്ലല്ലേ... അവര്‍ക്ക് ഞാന്‍ എന്നും 'ശ്രീ' അല്ലേ...  കൽപനയുടെ മകൾ ശ്രീമയി എന്ന ശ്രീസങ്ഖ്യയ്ക്ക് ഇങ്ങനെ പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. കലയുടെ വീട്ടിൽ നിന്ന് അമ്മയുടെയും വല്ല്യമ്മയുടെയും  ചെറിയമ്മയുടെയും പാതയിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോൾ ഈ വിശേഷങ്ങളൊക്കെ മാതൃഭൂമി ഡോട്ട് കോമുമായി പങ്കിടുകയാണ് ശ്രീ...

പഠനം

ചെന്നൈ എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ ബി.എ. വിഷ്വല്‍ മീഡിയ ഒന്നാം വര്‍ഷം പഠിക്കുകയാണ്. പഠിത്തം പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമയില്‍ സജീവമാകാനാണ് ഇഷ്ടം. കൊച്ചി ചോയ്സ് സ്‌കൂളിലാണ് പ്ലസ് ടൂ വരെ പഠിച്ചത്. ക്ലാസ്മേറ്റും ഉറ്റസുഹൃത്തുമായിരുന്ന കുഞ്ഞാറ്റയെ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. അവള്‍ ബെംഗളൂരു ക്രൈസ്റ്റില്‍ മള്‍ട്ടി മീഡിയ കോഴ്സ് പഠിക്കുകയാണ്. ക്രിസ്മസ് അവധിക്ക് അവളുടെ വരവിനായി കാത്തിരിക്കുകയാണ്. കുടുംബത്തിലെ ഈ തലമുറയിലുള്ള എല്ലാവരും സിനിമാ സംബന്ധമായ കോഴ്സുകളാണ് പഠിക്കുന്നത്.

അഭിനയം

അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെന്ന പറയുന്നതിലും ഭംഗി അഭിനയം രക്തത്തിലുള്ളതാണെന്നതാണ്. മിനുവിനെ (കല്പന) പോലെയൊരു അഭിനേത്രിയാവുകയല്ല ആഗ്രഹം. അവര്‍ക്ക് പകരമാവാന്‍ എനിക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്ചവയ്ക്കാനാണ് എനിക്ക് താത്പര്യം. മിനു തിരിഞ്ഞെടുത്തതു പോലെയുള്ള ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നൊരു ധൈര്യം ഇതുവരെയും വന്നിട്ടില്ല. സിനിമകളില്‍ ചെറിയ ഹ്യൂമര്‍ സീക്വൻസ് വന്നാല്‍ ഒരുപക്ഷേ ചെയ്യാന്‍ സാധിക്കുമായിരിക്കും. എനിക്ക് പിന്നാലെ കുഞ്ഞാറ്റയും കാര്‍ത്തുവിന്റെ (കലാരഞ്ജിനി) മകന്‍ അമ്പോറ്റിയും അമ്മാവന്റെ മകന്‍ അമ്പാടിയും സിനിമയിലേക്ക് തന്നെ വരും. രണ്ട് -മൂന്ന് വര്‍ഷങ്ങള്‍ക്കകം തന്നെ ഞങ്ങളെ എല്ലാവരെയും സിനിമയില്‍ കാണാന്‍ സാധിക്കും. 

സിനിമ

ആബ്ര ഫിലിംസിന്റെ ബാനറില്‍ സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രമാണ് ആദ്യമായി ചെയ്യാന്‍ പോകുന്നത്. ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. കുഞ്ചിയമ്മ എന്ന ലീഡ് റോളിലാണ് അരങ്ങേറ്റം കുറിക്കുന്നത്. ഗാന്ധിബസാറിന്റെ പരിസരത്ത് താമസിക്കുന്ന 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയും അവരേക്കാൾ ഇരുപത് വയസ്സ് മൂത്ത അഞ്ച് വളർത്തുമക്കളും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ കഥ. സിനിമ വിഷുവിന് ശേഷം റീലിസ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പഠനത്തിനൊപ്പം സിനിമ കൊണ്ട് പോകാന്‍ സാധിക്കുന്ന തരത്തിലുള്ളവ മാത്രമാണ് സ്വീകരിക്കുന്നത്. നല്ല കഥയും കഥാപാത്രങ്ങളും വരികയാണെങ്കില്‍ ഉറപ്പായും സ്വീകരിക്കും.

Content Highlights : Actress Kalpana Daughter Sreemayi Interview