ലയാളികളുടെ നൊസ്റ്റാള്‍ജിയുടെ ഭാഗമായ ക്ലാസിക് ചിത്രങ്ങള്‍ എടുത്താല്‍ ജലജ എന്ന അഭിനേത്രിയുടെ പേര് ഒഴിവാക്കാനാകില്ല. ഉള്‍ക്കടല്‍, യവനിക, ശാലിനി എന്റെ കൂട്ടുകാരി, പടയോട്ടം എന്നിങ്ങനെ പോകുന്നു ജലജ അവിസ്മരണീയമാക്കിയ ചിത്രങ്ങള്‍. പതിനഞ്ച് വര്‍ഷങ്ങള്‍ മാത്രമേ ജലജയുടെ സിനിമാജീവിതം നീണ്ടുനിന്നുള്ളൂ. അതിനിടെ പ്രവര്‍ത്തിച്ചത് ഒട്ടേറെ മഹാരഥന്‍മാരായ സംവിധായകര്‍ക്കൊപ്പം. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം മഹേഷ് നാരായണണ്‍ സംവിധാനം ചെയ്ത 'മാലിക്കി'ലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഈ അഭിനേത്രി. അതും മകള്‍ ദേവിയ്‌ക്കൊപ്പം. ജലജയുടെ മകള്‍ ദേവി അമ്മയുടെ കഥാപാത്രത്തിന്റെ ഭൂതകാലം അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്

മാലിക്കിലേക്ക്

വിവാഹത്തിന് ശേഷം കുറച്ച് കാലം വിദേശത്തായിരുന്നു. പിന്നീട് നാട്ടിലേക്ക് തിരികെ വന്നു. തിരുവന്തപുരം ചലച്ചിത്രമേളയില്‍ വച്ചാണ് മഹേഷ് നാരായണനെ കാണുന്നത്. അഭിനയത്തിലേക്ക് തിരിച്ചുവരണമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. ഒരിക്കല്‍ മഹേഷ് എന്നെ ഫോണില്‍ വിളിച്ച് ചോദിക്കുകയായിരുന്നു. മകള്‍ ദേവിക്ക് വേണ്ടിയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ദേവിക്കല്ല, ചേച്ചിയ്ക്കാണ് വേഷം എന്ന് മഹേഷ് പറഞ്ഞു. എനിക്ക് ആദ്യം വിശ്വസിക്കാനായില്ല. മഹേഷ് നേരിട്ട് എന്നെ കാണാന്‍ വരികയും വിവരിക്കുകയും തിരക്കഥ നല്‍കുകയും ചെയ്തു. ഒരു പാട് സംശയങ്ങള്‍ മനസ്സിലുണ്ടായിരുന്നു. എല്ലാവരും ആത്മവിശ്വാസം നല്‍കിയപ്പോള്‍ ചെയ്യാമെന്ന് ഉറപ്പിച്ചു. 

ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം കാണിക്കുന്നുണ്ട്. അതവതരിപ്പിക്കാന്‍ ദേവിയെ തിരഞ്ഞെടുത്തു. എന്റെ മടങ്ങിവരവിനോടൊപ്പം മകളും അരങ്ങേറ്റം കുറിച്ചതില്‍ അതിയായ സന്തോഷം. ചെറുതാണെങ്കില്‍ ഇത്രയും നല്ല ഒരു സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദേവി.

Actress Jalaja Interview about Malik Movie daughter devi debut Mahesh Narayanan Fahadh Faasil
ദേവിക്കൊപ്പം ജലജ | ഫോട്ടോ: വിവേക് ആര്‍. നായര്‍

'ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്ത്....'

സിനിമ വല്ലാതെ മാറി. ഞാന്‍ പഴയ ആളല്ലേ... പുതിയ കുട്ടികള്‍ക്കൊപ്പം ഓടിയെത്താന്‍ സാധിക്കുമോ എന്നൊക്കെ ഞാന്‍ വിചാരിച്ചു. പക്ഷേ, സെറ്റിലെത്തിയപ്പോള്‍ എന്റെ ആശങ്കകള്‍ അകന്നു. ഫഹദിന്റെ കഥാപാത്രത്തിന്റെ അമ്മ വേഷമാണ്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമായിരുന്നു ജമീല ടീച്ചര്‍. എനിക്ക് പരിചിതമല്ലാത്ത സാമൂഹ്യപശ്ചാത്തലവും ഭാഷയും. പക്ഷേ മഹേഷും മറ്റുള്ളവരും നല്‍കിയ പിന്തുണകൊണ്ട് നന്നായി ചെയ്യാന്‍ സാധിച്ചുവെന്ന് തോന്നുന്നു. 

കാത്തിരുന്നത് ശക്തമായ വേഷം

നാട്ടിലെത്തിയതിന് ശേഷം എനിക്ക് സിനിമയില്‍നിന്ന് നേരത്തേയും അവസരങ്ങള്‍ വന്നിരുന്നു. പക്ഷേ, ഒന്നും ചെയ്യാന്‍ തോന്നിയില്ല. തിരിച്ചുവരികയാണെങ്കില്‍ ശക്തമായ ഒരു വേഷം ചെയ്യണം അല്ലെങ്കില്‍ വേണ്ട എന്നാണ് ഞാന്‍ കരുതിയത്. മാലിക്കിന്റെ കഥ കേട്ടപ്പോള്‍ ഇതാണ് പറ്റിയ സമയമെന്ന് തോന്നി. മഹേഷിനായിരുന്നു എന്നെ തിരികെ കൊണ്ടുവരാനുള്ള നിയോഗം.

'യവനിക'യിലെ രോഹിണി

ഞാന്‍ ചെയ്ത കഥാപാത്രങ്ങളെ പ്രത്യേകിച്ചും, 'യവനിക'യിലെ രോഹിണിയെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. 'മാലിക്കി'ല്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍, നിമിഷ സജയന്‍ എന്നോട് ആദ്യം പറഞ്ഞത് രോഹിണിയെക്കുറിച്ചാണ്. എന്റെ പല സിനിമകളും പുറത്തിറങ്ങിയ കാലത്ത് ഈ കുട്ടികളൊന്നും ജനിച്ചിട്ടു കൂടിയില്ല. പക്ഷേ, അവര്‍ അത് കാണുകയും ആസ്വദിക്കുകയും ചെയ്യുന്നു എന്നറിയുമ്പോള്‍ വലിയ അഭിമാനമാണ് തോന്നുന്നത്.

ഞാന്‍ ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. വൈകുന്നേരങ്ങളില്‍ അവിടെ താമസിക്കുന്ന സുഹൃത്തുക്കള്‍പ്പൊപ്പം നടക്കാനും സംസാരിക്കാനുമൊക്കെ പോകും. ആ ചര്‍ച്ചകളിലും 'യവനിക'യും 'ഉള്‍ക്കടലു'മൊക്കെ എങ്ങനെയോ കടന്നുവരും. എന്നെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യങ്ങളാണവ.

Content Highlights: Actor Jalaja Interview about Malik Movie daughter devi debut, Mahesh Narayanan, Fahadh Faasil, Malik Review