താരങ്ങള്‍ എന്നതിനേക്കാള്‍ ചേരുന്നൊരു വിശേഷണം വേറെയില്ല നടീനടന്മാര്‍ക്ക്. മാനത്ത് മിന്നിത്തിളങ്ങുകയും അടുത്തക്ഷണം മണ്ണില്‍ കത്തിയമരുകയും പിന്നെ മാഞ്ഞുപോവുകയും ചെയ്യുന്നവരെ വേറെ എന്തു വിശേഷിപ്പിക്കും. ഒരുകാലത്ത് കണ്ട് കൊതിക്കുകയും കൈയടിച്ചാരാധിക്കുകയും ചെയ്ത വെള്ളിത്തിരയിലെ താരങ്ങളില്‍ പലരും ഇന്നു കാണാമറയത്താണ്. വെറുമൊരു ഓര്‍മ മാത്രമാണ്. കണ്ടാലും പറഞ്ഞാലും തിരിച്ചറിയാന്‍ പറ്റാത്തവണ്ണം അവര്‍ ചെന്നൈയിലെയും കോടമ്പാക്കത്തെയുമെല്ലാം മറവിയുടെ ഇരുളില്‍ മറഞ്ഞുകഴിഞ്ഞിരുന്നു. എന്നാല്‍, ചിലരുടെയെങ്കിലും മനസ്സില്‍ അപ്പോഴും പ്രതീക്ഷയുടെ ഒരു കുഞ്ഞ് നാളം കെടാതെ നിന്നു. ആര്‍ക്ക്​ലൈറ്റുകളുടെയും മേക്കപ്പുകളുടെയും പകിട്ടുള്ള ലോകത്ത് നിന്നുള്ള ഒരു വിളിക്കായി കാത്തുനിന്നു. അങ്ങനെ ഒരു വിളി കേട്ട് ഇരുളില്‍ നിന്ന് പതുക്കെ പുറത്തേയ്ക്ക് വരുന്നൊരു ആളുണ്ട് ചെന്നൈയില്‍. പഴയകാല നടി ഭാഗ്യശ്രീ എന്ന ഭാഗ്യലക്ഷ്മി.

bhagya
ഭാഗ്യശ്രീ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പെട്ടന്ന് പറഞ്ഞാല്‍ പുതുതലമുറയ്ക്ക് അറിയണമെന്നില്ല. എണ്‍പതുകളില്‍ കൊട്ടകകള്‍ കയറിയിറങ്ങിയവര്‍ എളുപ്പത്തില്‍ വലിയ കണ്ണുകളുള്ള ഭാഗ്യശ്രീയെ മറക്കാന്‍ വഴിയില്ല. ഭാഗ്യലക്ഷ്മിയെന്നും വിളിച്ചിരുന്ന ഭാഗ്യശ്രീയെ ഓര്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം ഓര്‍മ വരുന്നത് റഹ്മാനൊപ്പം അഭിനയിച്ച പൊന്‍പുലരൊളി പൂവിതറിയ എന്ന ഗാനമാണ്. റഹ്മാനൊപ്പം മാത്രമല്ല, മമ്മൂട്ടിക്കൊപ്പം ഇത്തരിപ്പൂവേ ചുവന്ന പൂവേയിലും ആളൊരുങ്ങി അരങ്ങൊരുങ്ങിയിലും  മനസ്സറിയാതെ, എങ്ങനെ നീ മറക്കും, ഉയരും ഞാന്‍ നാടാകെ എന്നിവയില്‍ മോഹന്‍ലാലിനൊപ്പവും ഇടനിലങ്ങളിലും അസ്ത്രത്തിലും ഇരുവര്‍ക്കുമൊപ്പവും നമ്മള്‍ ഭാഗ്യലക്ഷ്മിയെ കണ്ടു. പിന്നെ തമിഴില്‍ രജനിക്കും കാര്‍ത്തിക്കിനും പ്രഭുവിനും തെലുങ്കില്‍ നാഗേശ്വര്‍ റാവുവിനും ജഗപതി ബാബുവിനും ബാലകൃഷ്ണയ്ക്കുമെല്ലാമൊപ്പം നമ്മള്‍ ഭാഗ്യശ്രീയെ കണ്ടു. പിന്നെ രാധാസ് സോപ്പിന്റെ പരസ്യത്തിലും.

പിന്നെ ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ, വെള്ളിത്തിരയിലെ അനേകം താരങ്ങളെപ്പോലെ ഒരു നാള്‍ ഭാഗ്യശ്രീയും അപ്രത്യക്ഷയായി. വര്‍ഷങ്ങളോളം ഒന്നും കേള്‍ക്കാതെയുമായി. പിന്നെയൊരുനാള്‍ ഭാഗ്യശ്രീയ്ക്കൊരു മോഹം. പഴയതുപോലെ മുഖത്ത് ചായം തേയ്ക്കണം. സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ടിന് കാതോര്‍ക്കണം. ആര്‍ക്ക് ലൈറ്റുകള്‍ക്ക് മുന്നില്‍ നില്‍ക്കണം. പെട്ടിയില്‍ നാളിതുവരെ പൂട്ടിവച്ച ഈ മോഹങ്ങളുമായി ചെന്നൈയിലെ ഇരുളില്‍ നിന്ന്  വീണ്ടും വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേയ്ക്ക് വരാന്‍ ഒരുങ്ങുകയാണ് ഭാഗ്യശ്രീ. ഏതാനും അവസരങ്ങള്‍ വന്നു വിളിക്കുന്നുണ്ട്. തിരിച്ചുവരവില്‍ തന്റെ പഴയ സിനിമയില്ലാത്ത ജീവിതത്തെക്കുറിച്ചും അതിലും പഴയ സിനിമാജീവിതത്തെക്കുറിച്ചും പുതിയ സ്വപ്നങ്ങളെക്കുറിച്ചും മനസ് തുറക്കുകയാണ് മാതൃഭൂമി ഡോട്ട് കോമിനോട് ഭാഗ്യശ്രീ.

ശ്രീദേവിയെ കണ്ട് സിനിമാക്കാരിയായി

ഞാന്‍ സിനിമയില്‍ വന്നത് സ്വന്തം താല്‍പര്യത്തിന് പുറത്താണ്. ശ്രീദേവിയുടെ ചിത്രങ്ങളാണ് എന്നെ സിനിമയിലേക്ക് ആകര്‍ഷിച്ചത്. അമ്മാവന്‍ എന്നെ മ്യൂസിക് ഡയറക്ടര്‍ ശങ്കര്‍ ഗണേഷിന് പരിചയപ്പെടുത്തി. അദ്ദേഹം വഴിയാണ് സിനിമയിലെത്തിയത്. പതിമൂന്നാം വയസ്സിലാണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്. ദേവിയിന്‍ തിരുവിളയാടലായിരുന്നു ആദ്യ ചിത്രം. തമിഴ് സിനിമാരംഗത്തെ മുടിചൂടാമന്നനായിരുന്ന സംവിധായകന്‍ കെ.എസ് ഗോപാലകൃഷ്ണന്റെ ദേവിയിന്‍ തിരുവിളയാടല്‍ എന്ന സിനിമയിലൂടെ ആയിരുന്നു എന്റെ അരങ്ങേറ്റം. കെ.ആര്‍ വിജയ ആന്റി എല്ലാം അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് നായികയായത്. ദേവിയിന്‍ തിരുവിളയാടലില്‍ ശ്രീദേവി മാഡവും അംബിക മാഡവുമുണ്ട്. അതൊരു വലിയ ഭാഗ്യമായിരുന്നു.

പണ്ട് മദ്രാസ് ആയിരുന്നല്ലോ സിനിമയുടെ തലസ്ഥാനം. എല്ലാവരും അവിടെ വരും. ഞാന്‍ അവിടെ താമസിച്ചത് കൊണ്ട് അവസരങ്ങള്‍ക്കായി ശ്രമിച്ച് നോക്കാന്‍ എളുപ്പമായി. എന്റെ ചിത്രം പല മാഗസിനുകളിലും അച്ചടിച്ച് വന്നിരുന്നു. അങ്ങനെയും ചാന്‍സ് വന്നിട്ടുണ്ട്.

മലയാളത്തിലേയ്ക്കുള്ള 'അസ്ത്രം'

അസ്ത്രം എന്ന ചിത്രത്തിലാണ് ഞാന്‍ മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. പി.എന്‍ മേനോന്‍ സാറാണ് ചിത്രം സംവിധാനം ചെയ്തത്. ഭരതന്‍ സാറിന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എങ്ങനെ നീ മറക്കും, ഞാന്‍ പിറന്ന നാട്ടില്‍, പറന്നു പറന്നു പറന്ന്, ഇടനിലങ്ങള്‍, പാവം ക്രൂരന്‍ എന്നിങ്ങനെ പതിനാലോളം മലയാള സിനിമകളില്‍ അഭിനയിച്ചു. തെലുങ്കിലും തമിഴിലും  കന്നടയിലും അഭിനയിച്ചു. രജനികാന്ത്, മോഹന്‍, പ്രഭു, കാര്‍ത്തിക്, മോഹന്‍, പ്രഭു, ജഗപതി ബാബു, ബാലകൃഷ്ണ, ആനന്ദ് ബാബു, മുരളി, നാഗേശ്വര്‍ റാവു എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ആര്യന്‍ എന്ന മലയാള സിനിമ തെലുങ്കില്‍ ബ്രിന്ദാവന എന്ന പേരില്‍ റീമേക്ക് ചെയ്തപ്പോള്‍ മോനിഷ മലയാളത്തില്‍ ചെയ്ത വേഷവും സി.ബി.ഐ ഡയറിക്കുറിപ്പിന്റെ തെലുങ്ക് റീമേക്കായ ന്യായം കോസത്തില്‍ ലിസി മലയാളത്തില്‍ ചെയ്ത വേഷവും ചെയ്യാന്‍ സാധിച്ചു. പാലക്കാടാണ് അച്ഛന്‍ നാട്. ശിവറാം അയ്യര്‍ എന്നാണ് പേര്. അമ്മ രാജാമണി അമ്മാള്‍. കാരൈക്കുടിയാണ് അമ്മയുടെ നാട്. അപ്പ ഒരു സ്വകാര്യ കമ്പനിയില്‍ മാനേജരായിരുന്നു. ഞാന്‍ ജനിച്ചത് മദ്രാസിലാണ്. 

ഐ.വി ശശി, പദ്മരാജന്‍

ഐ.വി ശശി സാര്‍, പത്മരാജന്‍ സാര്‍, ഭരതന്‍ സാര്‍... ഇവരുടെയെല്ലാം സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഇവര്‍ക്കെല്ലാം വ്യത്യസ്ത ശൈലിയാണ്. എനിക്ക് അവരില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചു. ഇവരെല്ലാം റിയലിസ്റ്റിക് ചിത്രങ്ങള്‍ എടുക്കുന്നവരാണ്. സ്വാഭാവികമായി അഭിനയിക്കുന്നത് എങ്ങിനെയാണെന്ന് ഞാന്‍ പഠിച്ചത് ഇവരില്‍ നിന്നാണ്. ഐ.വി ശശി സാര്‍ മരിച്ചപ്പോള്‍ ഞാന്‍ പോയിരുന്നു. അന്നും ഇന്നും സീമച്ചേച്ചി എന്റെ അഭ്യുദയകാംക്ഷിയാണ്. സീമച്ചേച്ചിയുമായി നല്ല അടുപ്പമുണ്ട്.

വലിയ കണ്ണുള്ള പെണ്‍കുട്ടി

bhagasree
ഭാഗ്യശ്രീ. ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

പഴയകാലത്ത് താരങ്ങളോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും ആദരവും പറഞ്ഞറിയിക്കാന്‍ കഴിയില്ല. അന്ന് എല്ലാ ആര്‍ട്ടിസ്റ്റുകളും മദിരാശിയില്‍ ആയിരുന്നു താമസം. അതുകൊണ്ടുതന്നെ കേരളത്തില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ആരാധകര്‍ വന്നു പൊതിയും. കാരണം, അന്ന് ആര്‍ട്ടിസ്റ്റുകള്‍ കുറവായിരുന്നു, മാത്രമല്ല അക്കാലത്തു വാട്‌സ് ആപ്, ഫെയ്​സ്ബുക്ക്, മെഗാസീരിയലുകൾ ഒന്നുമില്ല. സിനിമയും ഉത്സവങ്ങളും മാത്രമായിരുന്നു ജനങ്ങളുടെ പ്രധാന വിനോദോപാധികള്‍. അതിനാല്‍ സിനിമാതാരങ്ങളെ ജനങ്ങള്‍ ഹൃദയത്തില്‍ ആയിരുന്നു പ്രതിഷ്ഠിച്ചിരുന്നത്. വിദേശങ്ങളില്‍ നിന്ന് വരെ എഴുത്തുകളും സമ്മാനങ്ങളും തപാലിലൂടെ എത്തുമായിരുന്നു. വലിയ കണ്ണുകളുള്ള പെണ്‍കുട്ടി എന്ന പേരിലായിരുന്നു ഞാന്‍ അറിയപ്പെട്ടിരുന്നത്. രാധാസ് സോപ്പിന്റെ പരസ്യത്തിലും മലയാളം വീക്കിലികളിലും മുഖചിത്രമായി വന്നിരുന്നതിനാല്‍ എന്നെ ജനങ്ങള്‍ തിരിച്ചറിയുമായിരുന്നു. 

മമ്മൂട്ടി, മോഹന്‍ലാല്‍

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ പേടിയായിരുന്നു. കാരണം എനിക്ക് മലയാളം സംസാരിക്കാന്‍ നന്നായി അറിയില്ലായിരുന്നു. ഭയം ഉണ്ടായിരുന്നെങ്കിലും എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ അവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവരുടെ സഹപ്രവര്‍ത്തകയായി എന്നെ അംഗീകരിക്കുകയും ചെയ്തത് ഭാഗ്യമായി കരുതുന്നു.

കാരവന്‍ സംസ്‌കാരത്തിന്റെ കാലമല്ലല്ലോ അന്ന്. അതുകൊണ്ട് എല്ലാവരും കൂടിയിരുന്ന് വര്‍ത്തമാനം പറയും. സുകുമാരി ആന്റിക്ക് വലിയ സ്നേഹമായിരുന്നു എന്നോട്. അതൊക്കെ രസകരമായിരുന്നു. ഞാന്‍ അന്ന് ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ ചെയ്തിരുന്നു. വ്യത്യസ്ത ഭാഷകളിലായി. അന്നൊക്കെ ലാലേട്ടന്‍ ഷെഡ്യൂള്‍ എനിക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്. അവരൊക്കെ കുറേ സഹായിച്ചു. അവരോടൊക്കെ നന്ദിയുണ്ട്. രജനിസാറിനൊപ്പം അഭിനയിച്ചത് ഭാരതി രാജയുടെ ചിത്രത്തിലാണ്. രജനിസാറിനൊപ്പം അഭിനയിക്കുമ്പോള്‍ പേടിയായിരുന്നു. ആദ്യം ചെയ്തത് ഒരു സോങ് സീക്വന്‍സ് ആയിരുന്നു. രജനിസാര്‍ നല്ല ഒരു വ്യക്തിയാണ്. എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജീവിതത്തിലെ മനോഹരമായ കാലമായിരുന്നു അതെല്ലാം. ഷൂട്ടിങ്ങിനായി കേരളത്തിലേക്ക് മദ്രാസില്‍ നിന്നും ഞങ്ങള്‍ അഭിനേതാക്കള്‍ എല്ലാവരും ഒരേ ട്രെയിനില്‍ ആയിരിക്കും പോവുക തിരിച്ച്  മദ്രാസിലേക്കും അങ്ങിനെ തന്നെ. ആ യാത്രകള്‍ എല്ലാം വിനോദയാത്രപോലെ ആഹ്ളാദകരമായിരുന്നു. മലയാളം സിനിമ മദ്രാസില്‍ നിന്നും പോയതോടെ ആ കൂട്ടായ്മകളും പോയി. എന്നാല്‍ ഞങ്ങള്‍ പഴയകാല അഭിനേതാക്കള്‍ ഇന്നും കണ്ടുമുട്ടിയാല്‍ ആ സ്‌നേഹത്തിനും കരുതലിനും ഒരു കുറവുമില്ല. ഇന്നത്തെ തലമുറയ്ക്ക് അങ്ങിനെയുള്ള മധുരസ്മരണകള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല.

അഭിനയത്തിന് കല്ല്യാണത്തിന്റെ കട്ട്

കല്യണം കഴിഞ്ഞ് ഗുജറാത്തിലേക്ക് പോയി. കോട്ടയം സ്വദേശിയായ വാസുദേവനാണ് എന്റെ ഭര്‍ത്താവ്. അദ്ദേഹത്തിന് ഗാർമെന്റ് ബിസിനസ്സാണ്. പിന്നെ പതുക്കെ കുടുംബ ജീവിതവുമായി മുന്‍പോട്ട് പോയി. ഭര്‍ത്താവിന് അന്നു ചെറിയ വിഷമമുണ്ടായിരുന്നു ഞാന്‍ അഭിനയം നിര്‍ത്തിയതിൽ. ഗുജറാത്തിലെ മലയാളികള്‍ ചോദിക്കാറുണ്ടായിരുന്നു. അഭിനയം നിര്‍ത്തിയത് എന്തിനാണെന്നൊക്കെ. അതൊക്കെ എനിക്കും ഓര്‍മയുണ്ട്. ഇപ്പോള്‍ മകന്‍ വലുതായി. പത്താം ക്ലാസിലാണ് പഠിക്കുന്നത്. വിശ്വജിത്ത് എന്നാണ് പേര്. ഞങ്ങളിപ്പോള്‍ ചെന്നൈയിലാണ്. ഇനി നല്ല ക്യാരക്ടര്‍ റോള്‍സ് ചെയ്യാമെന്നൊരു ആഗ്രഹമുണ്ട്. ദൈവം സഹായിച്ച് കുടുംബം നല്ല സപ്പോര്‍ട്ടാണ്. ഭര്‍ത്താവും മകനും സഹോദരനുമെല്ലാം.

ഇഷ്ടം എന്നും മലയാളം തന്നെ

ഞാന്‍ മുന്‍പ് അഭിനയിച്ച സിനിമകളും പുതിയ സിനിമകളുമൊക്കെ കാണുമ്പോള്‍ ചെറിയ സങ്കടം തോന്നാറുണ്ട്. ഇതൊക്ക വിട്ടു വന്നല്ലോ എന്നോര്‍ത്ത്. കാരണം മലയാള സിനിമ എനിക്ക് നല്ല കഥാപാത്രങ്ങളാണ് തന്നത്. ഗുജറാത്തിലായിരുന്നപ്പോഴും മലയാള സിനിമകളാണ് കാണാറ്. സിനിമ നന്നായി മാറി. ടെക്നിക്കലി ഒരുപാട് പുരോഗമിച്ചു. ഇന്ന് സിനിമയില്‍ കോമ്പറ്റീഷന്‍ കൂടുതലാണെന്ന് തോന്നുന്നു. മലയാളം ആണ് എനിക്ക് ഏറ്റവും ഇഷ്ടം. 

ടെന്‍ഷനുണ്ട്

മടങ്ങി വരുമ്പോള്‍ ടെന്‍ഷനുണ്ട്. പണ്ട് കുട്ടിക്കളിയായിരുന്നു. സിനിമയുടെ സീരീയസ്നെസ് അറിയില്ല. ഇന്ന് ഇന്‍ഡസ്ട്രി ആകെ മാറിയിരിക്കുന്നു. പുതിയ ആളുകളാണ്. എല്ലാം ഒന്നുമുതല്‍ തുടങ്ങണമല്ലോ. ഈ വര്‍ഷം  നവംബര്‍ മാസം അവസാനം യു.എ.യിലെ തമിഴ് സംഘടനകളുടെ ക്ഷണപ്രകാരം ഞാന്‍ ദുബായിലേയ്ക്ക് പോവുകയാണ്. ഡിസംബര്‍ മധ്യത്തോടെ തിരിച്ചു വരും. ദുബായ് യാത്ര കഴിഞ്ഞു വരുന്നതോടെ പഴയപോലെ സിനിമാരംഗത്ത് സജീവമാകണമെന്നാണ് എന്റെ ആഗ്രഹം. എന്റെ പ്രാര്‍ഥന ഈശ്വരന്‍ തള്ളിക്കളയില്ലെന്ന് പ്രതീക്ഷിക്കുന്നു. തിരിച്ചുവരണം പൂര്‍വാധികം ഊര്‍ജസ്വലതയോടെ.